പ്രതികളെ സഹായിച്ചെന്ന ആരോപണം നേരിട്ട പാര്‍ടി അംഗത്തെ പുറത്താക്കി
ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്ന ആര്‍ക്കും സംരക്ഷണമോ സഹായമോ കിട്ടില്ല
തിരുവനന്തപുരം: ക്വട്ടേഷന്‍ സംഘങ്ങളെ അഥവാ പണത്തിനുവേണ്ടി ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നവരെ സിപിഐ എം ഉപയോഗിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുവെന്നത് കളളപ്രചരണമെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്.
രാമനാട്ടുകര സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രതിസ്ഥാനത്തുവന്ന ഒന്നോ രണ്ടോ ചെറുപ്പക്കാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടതുപക്ഷത്തിനുവേണ്ടി പ്രചാരണം നടത്തുന്നവരാണ് എന്നതിന്റെമാത്രം പേരിലാണ് ആരോപണങ്ങള്‍. ഇതു സംബന്ധിച്ച വസ്തുതകളും നിലപാടും പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് വ്യക്തമാക്കിയതാണ്. ഇതില്‍ ഉള്‍പ്പെട്ടവരാരും പാര്‍ട്ടിയുടെ പ്രവര്‍ത്തകരോ അംഗങ്ങളോ അല്ല. പ്രതികളെ സഹായിച്ചെന്ന ആരോപണം നേരിട്ട പാര്‍ടി അംഗത്തെ പുറത്താക്കി. ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്ന ആര്‍ക്കും പാര്‍ട്ടിയുടെ സംരക്ഷണമോ സഹായമോ കിട്ടില്ല. മാത്രമല്ല, ഇത്തരക്കാര്‍ക്ക് നിയമപരമായ ശിക്ഷ ഉറപ്പാക്കുന്നതിനായിരിക്കും പാര്‍ടി നിലകൊള്ളുയെന്നും എ വിജയരാഘവന് ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ പറയുന്നു.
പാര്‍ടി അംഗങ്ങളുടെ വ്യക്തിജീവിതവും സംശുദ്ധമായിരിക്കണമെന്ന് നിര്‍ബന്ധമുള്ള പ്രസ്ഥാനമാണ് സിപിഐ എം. ജനങ്ങള്‍ക്കിടയില്‍ സ്വാര്‍ഥതാല്‍പ്പര്യങ്ങളില്ലാതെ ത്യാഗപൂര്‍വം പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിനു പ്രവര്‍ത്തകരാണ് പാര്‍ടിയുടെ കരുത്ത്. കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ വ്യക്തിജീവിതത്തില്‍ പുലര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ അത് പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് വലിയ കളങ്കമുണ്ടാക്കുമെന്ന് വ്യക്തമായി തിരിച്ചറിഞ്ഞ പാര്‍ട്ടിയാണ് സിപിഐ എം. അതുകൊണ്ടാണ് അംഗങ്ങളുടെ തെറ്റായ പ്രവണതകള്‍ക്കെതിരെ പാര്‍ട്ടി നിരന്തരം പോരാടുന്നത്.
പാര്‍ട്ടിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്ന അപവാദ പ്രചാരണം യാദൃച്ഛികമല്ല. ഇതിനൊരു പശ്ചാത്തലമുണ്ട്. എല്ലാ നുണപ്രചാരണങ്ങളെയും വര്‍ഗീയശക്തികളുമായുള്ള യുഡിഎഫിന്റെ കൂട്ടുകെട്ടിനെയും തകര്‍ത്താണ് എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നത്. നയതന്ത്ര ബാഗേജ് വഴി നടന്ന കള്ളക്കടത്തിന്റെ പേരില്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം പൊളിഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്രബാഗേജ് വഴിയുള്ള കള്ളക്കടത്ത് പിടിച്ചിട്ട് ഒരുവര്‍ഷം കഴിഞ്ഞു.
30 കിലോ സ്വര്‍ണം കൊണ്ടുവന്നെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. ഒരു പൊടി സ്വര്‍ണം കണ്ടെത്തിയിട്ടില്ല. പ്രധാനപ്രതികള്‍ ഇപ്പോഴും വിദേശത്ത് കഴിയുന്നു. ബിജെപിയുടെ പ്രമുഖ നേതാക്കള്‍ക്ക് കൊടകര കുഴല്‍പ്പണക്കേസുമായുള്ള ബന്ധം പുറത്തുവന്നതാണ് മറ്റൊരുകാര്യം. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ബിജെപി നേതാക്കള്‍ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം കൈകാര്യം ചെയ്തെന്നും വ്യക്തമായി. ഈ നാണക്കേടില്‍നിന്ന് ബിജെപിയെ കരകയറ്റുകയെന്ന ലക്ഷ്യവും സിപിഐ എമ്മിനെതിരെ ഇപ്പോള്‍ നടത്തുന്ന പ്രചാരണത്തിനു പിന്നിലുണ്ടെന്നും ലേഖനം പറയുന്നു.