തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വോട്ടര്‍പ്പട്ടിക ചോര്‍ന്നുവെന്ന് ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്കി. ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍പ്പട്ടിക ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലെത്തി ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിരേഖപ്പെടുത്തിയത്.
വോട്ടര്‍പ്പട്ടിക ചോര്‍ന്നതാണെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് ഉദ്യോഗസ്ഥര്‍. മുന്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തല പുറത്തുവിട്ടത് വെബ്സൈറ്റിലെ പരസ്യ രേഖയല്ല. ഔദ്യോഗിക ഫോര്‍മാറ്റിലെ രേഖയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ മൊഴി നല്കി. ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അടക്കമുള്ളവരുടെ മൊഴിയാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥരുടെ മൊഴി അനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലെ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്ന രേഖയാണ് ചോര്‍ന്നത്. ഇത് രഹസ്യസ്വഭാവത്തോടെ പാസ് വേര്‍ഡ് അടക്കം ഉപയോഗിച്ച് സംരക്ഷിക്കുന്ന ഒരു വോട്ടര്‍പട്ടികയാണ്. ഇതാണ് ചോര്‍ന്നതെന്നാണ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയത്.
തിരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലെ ആറ് കംമ്പ്യൂട്ടറുകളും മൂന്ന് ലാപ്പ്ടോപ്പുകളും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ടിക്കാറാം മീണയില്‍ നിന്നും ക്രൈം ബ്രാഞ്ച് വിവരശേഖരണം നടത്തിയിട്ടുണ്ട്.
കസ്റ്റഡിയിലെടുത്ത കമ്പ്യൂട്ടറും ലാപ്ടോപ്പും ക്രൈംബ്രാഞ്ച് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. രമേശ് ചെന്നിത്തല നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പ്പട്ടികയിലെ ഇരട്ടവോട്ടുകള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.
എന്നാല്‍ കമ്മീഷന്റെ വാദം ശരിയല്ലെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല രംഗത്തെത്തി. വോട്ടര്‍ പട്ടിക പൊതുരേഖയാണ്. ഇത് ആര് ചോര്ത്തികൊണ്ടുപോകാനാണ്. തിരഞ്ഞെടുപ്പ് സുതാര്യമായി നടത്താനായി പട്ടിക ശുദ്ധീകരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ചെയ്യേണ്ടതെന്നും ചെന്നിത്തല വ്യക്തമാക്കി.
Content Highlight: Crime Branch begins probe into voters list leak