കണ്ണൂർ > തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേള മത്സരവിഭാഗത്തിൽ പുരസ്കാരം നേടിയ ചിത്രങ്ങൾ തളിപ്പറമ്പ് ഹാപ്പിനെസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലും പ്രദർശിപ്പിക്കും. സുവർണ ചകോരം നേടിയ ‘ഉതമ’, രജത ചകോരം നേടിയ ‘ആലം’, മികച്ച സിനിമയ്ക്കുള്ള നെറ്റ്പാക്ക് – ഫിപ്രസി പുരസ്കാരങ്ങൾ നേടിയ ‘അവർ ഹോം’, മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക്ക് പുരസ്കാരം കരസ്ഥമാക്കിയ ‘അറിയിപ്പ്’, നവാഗത സംവിധായകനുള്ള ഫിപ്രസി കരസ്ഥമാക്കിയ ‘19(1)A’ ചിത്രങ്ങളാണ് മേളയിലുളളത്.
ഇതോടൊപ്പം മത്സര വിഭാഗത്തിൽ ഉണ്ടായിരുന്ന ലോക സിനിമകളും പ്രദർശിപ്പിക്കുന്നു. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കുന്ന ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം 2022 കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായ ‘ട്രയാങ്കിൾ ഓഫ് സാഡ്നെസാ’ണ്. മലയാളം ടുഡേ വിഭാഗത്തിൽ ‘പട’, ‘ധബാരി കുരുവി’, ‘ആണ്’ (യെസ്), ‘ആയിരത്തൊന്ന് നുണകൾ’, ‘ബാക്കിവന്നവർ’, ‘നോർമൽ’ ചിത്രങ്ങളും പ്രദർശിപ്പിക്കും.
മേള തിങ്കളാഴ്ച വൈകിട്ട് നാലിന് മൊട്ടമ്മൽ മാളിൽ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് മുഖ്യാതിഥിയാകും. എം വി ഗോവിന്ദൻ എംഎൽഎ അധ്യക്ഷനാകും. മലയാളത്തിലെ ആദ്യ സൂപ്പർ സ്റ്റാറായ തളിപ്പറമ്പ് രാഘവനെ ചടങ്ങിൽ ആദരിക്കും. തളിപ്പറമ്പ ആലിങ്കീൽ, ക്ലാസിക് ക്രൗൺ, മൊട്ടമ്മൽ മാൾ തിയറ്ററുകളിലാണ് സിനിമാ പ്രദർശനം. ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് registration.iffk .in ഡെലിഗേറ്റ് സെല്ലിൽ ഓഫ് ലൈനായും രജിസ്റ്റർ ചെയ്യാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..