കൊച്ചി : ചലച്ചിത്ര സാംസ്കാരിക സംഘടനായ മാക്ടയും FCC 1983യും ചേർന്ന് സംഘടിപ്പിക്കുന്ന ഏകദിന ഐ.വി.ശശി ചലച്ചിത്രോത്സവം (മെഡിമിക്സ് ഉത്സവം 2022)ഡിസംബർ 22 ന് വ്യാഴാഴ്ച എറണാകുളം സെൻട്രൽ സ്ക്വയർ മാളിലെ സിനിപോളിസ് തിയ്യേറ്റർ കോംപ്ലക്സിൽ രാവിലെ 9 മണിക്ക് ചലച്ചിത്ര താരം സീമ ശശി ഉൽഘാടനം ചെയ്യും. ഐ വി ശശി സംവിധാനം ചെയ്ത മികച്ച അഞ്ച് സിനിമകൾ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും. മാളിലെ ഗ്രൗണ്ട് ഫ്ലോറിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ രാവിലെ 11 മണിക്ക് ഐ.വി. ശശി ചിത്രങ്ങളിലെ അനശ്വര ഗാനങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറിൽ വിദ്യാധരൻ മാസ്റ്റർ ബേണി ഇഗ്നേഷ്യസ് ഷിബു ചക്രവർത്തിബി കെ ഹരിനാരായണൻ എന്നിവർ പങ്കെടുക്കും.
ഉച്ചക്ക് രണ്ട് മണിക്ക് ഐ.വി.ശശി ചിത്രങ്ങളുടെ സമകാലീന പ്രസക്തി ‘ എന്ന വിഷയത്തിൽ ഓപ്പൺ ഫോറം ഉണ്ടാകും. പ്രശസ്ത തിരക്കഥാകൃത്ത് എസ് എൻ സ്വാമി, നടൻ രാമു, ചലച്ചിത്ര നിരൂപകൻ ഡോക്ടർ അജു കെ നാരായണൻ മാധ്യമ പ്രവർത്തകൻ മനീഷ് നാരായണൻ എന്നിവർ സംബന്ധിക്കും. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം കൊച്ചിൻ കോർപ്പറേഷൻ മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്യും. മാക്ട ചെയർമാൻ മെക്കാർട്ടിൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചലച്ചിത്രകാരനും മുഖ്യാതിഥിയുമായ ശ്രീകുമാരൻ തമ്പി അനുസ്മരണ പ്രഭാഷണം നടത്തും. ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനവേദിയിൽ ഐ വി ശശിയുടെ ഭാര്യയും അഭിനേത്രിയുമായ സീമ, നിർമ്മാതാക്കളായ പി വി ഗംഗാധരൻ എൻ ജി ജോൺ ,ലിബർട്ടി ബഷീർ ,സെഞ്ചുറി കൊച്ചുമോൻ, വി ബി കെ മേനോൻ തിരക്കഥാകൃത്തുക്കളായ രഞ്ജിത്ത്, ബാബു ജനാർദ്ദനൻ ഐ വി ശശിയുടെ ശിഷ്യരും പ്രശസ്ത സംവിധായകരുമായ അനിൽ, റഷീദ് കാരാപ്പുഴ ഷാജൂൺ കാര്യാൽ എം എ വേണു വിനു ആനന്ദ് പത്മകുമാർ എന്നിവരെ ആദരിക്കും.
ഇതേ വേദിയിൽ വെച്ച് മാക്ട ഈ വർഷം സംഘടിപ്പിച്ച ഇൻറർനാഷണൽ ഷോർട്ട് മുവി ഫെസ്റ്റിവൽ “MISMF2022″ലെ മത്സര വിജയികൾക്കുള്ള പുരസ്കാര വിതരണം ജൂറി ചെയർമാനും സംവിധായകനുമായ കമൽ നിർവഹിക്കും. തുടർന്ന് ഐ.വി.ശശി ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കിയുള്ള ചലച്ചിത്ര ഗാനാഞ്ജലി അരങ്ങേറുമെന്ന് കൊച്ചിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ മാക്ട ചെയർമാനും സംവിധായകനുമായ മെക്കാർട്ടിൻ പറഞ്ഞു. സംവിധായകരായ പത്മകുമാർ , സോഹൻ സീനു ലാൽ, പ്രോഗ്രാം ജനറൽ കൺവീനർ സുധീർ സി എ , വിപിൻ അമേയ, കോളിൻസ് ലിയോഫിൽ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..