ദുബായ്> 2023 യുഎഇയെ എതിരേറ്റത് 6 ഗിന്നസ് റെക്കോർഡുകളോടെ. അബുദാബി അൽവത്ബയിൽ ഷേഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ 10 ലക്ഷത്തോളം പേരെ സാക്ഷിയാക്കി 40 മിനിറ്റിൽ കൂടുതൽ ഇടതടവല്ലാതെ നടത്തിയ കരിമരുന്ന് പ്രയോഗത്തിനും, ഡ്രോൺ ഷോയ്ക്കും മൊത്തം നാല് ഗിന്നസ് ലോക റെക്കോർഡുകൾ ലഭിച്ചു. കരിമരുന്ന് പ്രയോഗത്തിന് മൂന്ന് ലോക റെക്കോർഡുകളും, ഡ്രോൺ ഷോയ്ക്ക് ഒരെണ്ണവും.
കരിമരുന്നിന്റെ അളവ്, ആകാശത്തെ വ്യത്യസ്തവും വേറിട്ടതുമായ ദൃശ്യങ്ങളുടെ വിന്യാസം, സമയദൈർഘ്യം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് റെക്കോർഡുകൾ. ആകാശത്ത് ഏറ്റവും വലിയ ക്യു ആർ കോഡ് സൃഷ്ടിച്ചു എന്നതിനാണ് നാലാമത്തെ റെക്കോർഡ്. 3000ത്തിലേറെ ഡ്രോണുകൾ ഉപയോഗിച്ചാണ് ആകാശ വിസ്മയത്തിന് അബുദാബി നേതൃത്വം നൽകിയത്. ആകാശത്ത് സൃഷ്ടിച്ച ക്യു ആർ കോഡ് മൊബൈലിലൂടെ സ്കാൻ ചെയ്ത് പ്രവർത്തനക്ഷമമാണോ അല്ലയോ എന്ന് പരിശോധിക്കുന്നതിന് ഗിന്നസ് റെക്കോർഡ് നിരീക്ഷകർ സ്ഥലത്തെത്തിയിരുന്നു. പരിശോധനയിൽ ക്യു ആർ കോഡ് വിജയകരമായി നടപ്പിലാക്കിയതായി അവർ അറിയിച്ചു. ലോക റെക്കോർഡ് വിധികർത്താവായ അൽ വലീദ് ഉസ്മാനോടൊപ്പം മറ്റു സംഘാംഗങ്ങളും ചേർന്നിരുന്നു. പുതുവർഷ രാത്രി ആഘോഷപൂരിതമാക്കാൻ ഒട്ടേറെ സംഗീത പരിപാടികളും തനത് നൃത്തങ്ങളും മറ്റു കലാപരിപാടികളും ഷെയ്ക്ക് സായിദ് ഫെസ്റ്റിവൽ വേദിയിൽ ഒരുക്കിയിരുന്നു.
വിനോദസഞ്ചാരത്തിന് പ്രാമുഖ്യം നൽകി മുന്നോട്ടു കുതിക്കുന്ന എമിറേറ്റുകളിൽ ഒന്നായ റാസൽഖൈമയിൽ പുതുവർഷ ആഘോഷങ്ങളോട് അനുബന്ധിച്ച് നടത്തിയ കരിമരുന്ന് പ്രകടനത്തിൽ രണ്ട് ഗിന്നസ് റെക്കോർഡുകൾ ആണ് പിറന്നത്. അൽ മർജാൻ ഐലൻഡ് ഉൾപ്പെട്ട പ്രദേശത്തായിരുന്നു കരിമരുന്ന പ്രകടനം നടത്തിയത്. പൈറോ മ്യൂസിക്കൽ ഷോയിലൂടെ “Happy New year 2023” എന്ന് ഇംഗ്ലീഷിലും, ന്യൂ ഇയർ എന്ന അർത്ഥം വരുന്ന “راس السنه (RAS Al sanah) ” എന്ന് അറബിയിലും എഴുതിയ രണ്ട് ശീർഷകങ്ങൾ ആകാശത്ത് പ്രദർശിപ്പിച്ചാണ് 12 മിനിറ്റ് ദൈർഘ്യമേറിയ കരിമരുന്ന് വിരുന്നിലൂടെ റാസൽഖൈമ ഇരട്ട ഗിന്നസ് റെക്കോർഡ് നേടിയത്. 673 ഡ്രോണുകളുടെ സഹായത്തോടെയാണ് ഇത് കൈവരിച്ചത്. ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിച്ചുകൊണ്ട്, ഷോയിൽ അത്യാധുനിക ഡ്രോണുകൾ, നാനോ ലൈറ്റുകൾ, നിറങ്ങൾ, ആകൃതികൾ എന്നിവയെല്ലാം ഇലക്ട്രിക് ബീറ്റുകളിൽ നൃത്തം ചെയ്തു. 4.7 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഇത് 1,100 മീറ്റർ ഉയരത്തിലെത്തി, 458 ഡ്രോണുകളുടെ മുൻ റെക്കോർഡ് തകർത്താണ് പുതിയ നേട്ടം കൈവരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..