മനാമ > അരങ്ങിന്റെ അനന്ത സാധ്യതകള്‍ തേടി ബഹ്റൈന്‍ പ്രതിഭ ഏകദിന നാടക മേള ഈ മാസം 13ന് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ അരങ്ങേറും. രാവിലെ 10 മുതല്‍ രണ്ട് മണിക്കൂര്‍ ഇടവേളയില്‍ ഒറ്റ ദിവസം നാലു നാടകങ്ങള്‍ വേദിയിലെത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രതിഭയുടെ വിവിധ മേഖല കമ്മിറ്റികള്‍ സുഗന്ധ, ഹലിയോഹലി …ഹുലാലോ, പ്രിയ ചെ, അയന കാണ്ഡം എന്നീ നാടകങ്ങളാണ് അരങ്ങിലെത്തിക്കുക. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തമായ അനുഭവമായിരിക്കും ഈ നാല് നാടകങ്ങളെന്നും അവര്‍ പറഞ്ഞു.
രാത്രി 10 വരെ നീളുന്ന നാടക മേളയിലെ നാലു നാടകങ്ങളുടെയും രചനയും സംവിധാനവും ഡിസൈനിംഗ്, ലൈറ്റിംഗ്, മ്യൂസിക് എന്നിവയും നിര്‍വ്വഹിച്ചത് ഇന്ത്യയിലെ അറിയപ്പെടുന്ന നാടക പ്രവര്‍ത്തകനായ ഡോ. സാംകുട്ടി പട്ടംകരിയാണ്. ഒരാള്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന നാലു നാടകങ്ങള്‍ ഒരു ദിവസം തുടര്‍ച്ചയായി വേദിയില്‍ എത്തുന്നത് ജിസിസയിലും ഒരു പക്ഷേ ഏഷ്യയിലും ആദ്യമായിട്ടായിരിക്കുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.
മുഹറഖ് മേഖല അവതരിപ്പിക്കുന്ന നാടകമാണ് സുഗന്ധ. വിശ്രുത മലയാള ചിത്രകാരന് രാജാ രവിവര്‍മ്മയുടെ കലാജീവിതം ആസ്പദമാക്കിയ ഈ നാടകം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് മോഡലായ സുഗന്ദയുടെ ജീവിതം അനാവരണം ചെയ്യുകയാണ്.
വൈക്കം മുഹമ്മദ് ബഷീറിന്റെ സര്‍റിയലിസ്റ്റിക് കഥാപാത്രങ്ങളുടെ അരങ്ങേറ്റമാണ് മനാമ മേഖല അവതരിപ്പിക്കുന്ന ‘ഹലിയോഹലി ……ഹുലാലോ’. കേശവന് നായര്‍, സാറാമ്മ, സൈനബ, കൃഷ്ണകുമാരി, മണ്ടന്‍ മുത്താപ്പ, പൊന്‍ കുരിശ് തോമ, ഒറ്റക്കണ്ണന്‍ പോക്കര്, എട്ടുകാലി മമ്മൂഞ്ഞ് തുടങ്ങി ബഷീര്‍ സൃഷ്ടിച്ച മുഴുവന്‍ കഥാപാത്രങ്ങളും അരങ്ങിലെത്തും.
സല്‍മാബാദ് മേഖല അവതരിപ്പിക്കുന്ന ‘പ്രിയ ചെ’ ബോളീവിയന്‍ വിപ്ലവത്തിന്റെ അവസാന കാലത്തെ ചെ ഗുവേരയുടെ ജീവിതം അനാവരണം ചെയ്യുന്നതാണ്. അമേരിക്കന്‍ പട്ടാളം ഇല്ലാതാക്കി കളഞ്ഞ ആ ധീര വിപ്ലവകാരിയുടെ ജീവിതവും സ്വപ്നങ്ങളും യാഥാര്‍ത്ഥ്യവും ഇതില്‍ അവതരിപ്പിക്കുന്നു.
മഹാഭാരത കഥ ഇതിവൃത്തമാക്കിയ നാടകമാണ് റിഫ മേഖല അവതരിപ്പിക്കുന്ന ‘അയന കാണ്ഡം’. പാണ്ഡവരുടെ യാത്രയില്‍ ഒടുക്കത്തിലാവുകയും വീണു പോവുകയും ചെയ്യുന്ന ദ്രൗപദിക്കരികിലേക്ക് തന്റെ മാത്രം മോക്ഷം എന്ന കേവല മര്‍ത്യ സ്വാര്‍ത്ഥത വെടിഞ്ഞ് തിരികെ നടക്കുന്ന ഭീമസേനനെ ഇതില്‍ കാണാം.
ഓരോ നാടകവും കഴിഞ്ഞാല്‍ ഒരു മണിക്കൂര്‍ ഇടവേളയുണ്ട്. വെള്ളിയാഴ്ച രാവിലെ ഒരു നാടകവും ഉച്ചഭക്ഷണശേഷം മറ്റു മൂന്ന് നാടകങ്ങളും വേദിയില്‍ എത്തും. 150 കഥാപാത്രങ്ങള്‍ നാടകങ്ങളില്‍ വേഷമിടുന്നു. 150 ഓളം പേര് പിന്നണിയിലും പ്രവര്‍ത്തിക്കുന്നു. അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നത് പൂര്‍ണമായും പ്രതിഭ പ്രവര്‍ത്തകരാണ്.
നാടക വിദ്യാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പൊതു സമൂഹത്തിനും എറെ പഠിക്കാനും ആസ്വദിക്കാനും കഴിയുന്നതായിരിക്കും നാടക മേള. നാല് നാടകങ്ങളും കാണാന്‍ നാടാക ആസ്വാദകരായ മുഴുവന്‍ പേരെയും പ്രതിഭ ക്ഷണിച്ചു. പ്രവേശനം സൗജന്യം. രാവിലെ 10 മുതല്‍ 11 വരെ ഓഡിറ്റോറിയത്തില്‍ എത്തുന്നവര്‍ക്ക് സൗജന്യമായി ഉച്ച ഭക്ഷണം നല്‍കും. 2,000 കാണികളെയാണ് നാടകം കാണാന്‍ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ സെപ്തംബറില്‍ പ്രഖ്യാപിച്ച വിവിധ പരിപാടികളുടെ കൊട്ടിക്കലാശമാണ് വെള്ളിയാഴ്ച നടക്കുന്ന നാടക മേളയെന്ന് അവര്‍ പറഞ്ഞു. കേരള-അറബ് കലാ സാംസ്ക്കാരിക വിനിമയം എന്ന ആശയത്തില്‍ ഊന്നി പാലം ദി ബ്രിഡ്ജ് നവംബര്‍ മൂന്നിന് സമാജത്തല് സംഘടിപ്പിച്ചു. മന്ത്രി എംബി രാജേഷ് ആണ് ഉദ്ഘാദടനം ചെയ്തത്. ഇതിന്റെ തുടര്‍ച്ചയായി ബഹ്റൈന്‍ ദേശീയ ദിനത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഡിസംബര്‍ 16 മുതല്‍ 18 വരെ രക്തദാനവും സാഹിത്യ ക്യാമ്പും നടത്തി. പ്രശസ്ത സാഹത്യകാരന്‍മാരായ എസ്.ഹരീഷ്, രാജേന്ദ്രന് എടത്തുംകര, ഡോ. പി.പി.പ്രകാശന് ,ഡോ: ഖദീജ മുംതാസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
പ്രവാസികളായ കലാ പ്രേമികളെ ഒത്തൊരുമിപ്പിക്കുക എന്ന മഹത്തായ സന്ദേശമാണ് പ്രതിഭ ഓരോ നാടക അവതരത്തിലൂടെയും പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നത്. 1986 മുതലാണ് പ്രതിഭ നാടക സംരഭം ആരംഭിച്ചത്. ‘പതനം’ എന്ന ആദ്യ നാടകം മുതല്‍ ഇതുവരെ 15 നാടകങ്ങള്‍ രംഗത്ത് അവതരിപ്പിച്ചു. 2014 ല്‍ ഡോ. സാംകുട്ടിയുടെ നേതൃത്വത്ത്തില്‍ 48 ദിവസം നീണ്ട നാടകക്യാമ്പ് നടത്തി. 2017 ജനുവരിയില്‍ പ്രതിഭ ഏകദിന നാടക മേളയില്‍ മേഖലകളുടെ ആറ് നാടകങ്ങള്‍ അരങ്ങിലെത്തി. 2021 ല്‍ കോവിഡ് മഹാമാരിക്കാലത്ത് കൂട്ടം തെറ്റി നിന്ന മനുഷ്യരെ ഒന്നിപ്പിക്കുക എന്ന ദൗത്യത്തോടെ രണ്ട് ദിവത്തെ നാടക മേളയില്‍ പ്രതിഭ യൂനിറ്റുകള്‍ അവതരിപ്പിച്ച 19 നാടകങ്ങള്‍ അരങ്ങേറി. 2021 ല്‍ അന്തര്‍ദേശീയ പ്രതിഭ നാടക രചനാ അവാര്‍ഡും ഏര്‍പ്പെടുത്തി.
വാര്‍ത്താ സമ്മേളനത്തില്‍ നാടക സംഘാടക സമിതി ചെയര്മാന് പി. ശ്രീജിത്, ജനറല്‍ കണ്‍വീനര്‍ ഷെറീഫ് കോഴിക്കോട്, പ്രതിഭ പ്രസിഡണ്ട് അഡ്വ. ജോയ് വെട്ടിയാടന്‍. ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി, മീഡിയ ആന്റ് പബ്ലിസിറ്റി കണ്‍വീനര്‍ എവി അശോകന്, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ മഹേഷ് യോഗി ദാസ് എന്നിവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..