കൊച്ചി: ചാരിറ്റി പണപ്പിരിവിൽ സർക്കാർ നിയന്ത്രണം വേണമെന്ന് ഹൈക്കോടതി. ആർക്കും പണംപിരിക്കാവുന്ന അവസ്ഥ പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു. ചാരിറ്റി യുട്യൂബർമാർ എന്തിനാണ് സ്വന്തം അക്കൗണ്ടിൽ പണം വാങ്ങുന്നതെന്നും കോടതി ചോദിച്ചു. കോഴിക്കോട് സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ചുളള കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്ന വേളയിലാണ് ഹൈക്കോടതി ഇത്തരത്തിൽ പരാമർശം നടത്തിയത്.
ചാരിറ്റി ധനസഹായത്തിന്റെ മറവിൽ ചിലർ സാമ്പത്തിക ലാഭമുണ്ടാക്കുന്നു എന്ന സംശയം കോടതിക്ക് ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം പണപ്പിരിവുകളിൽ സർക്കാർ നിയന്ത്രണം വേണമെന്ന് കോടതി വാക്കാൽ നിർദേശിച്ചത്. എന്നാൽ സർക്കാർ നടപടികൾ ഇത്തരത്തിലുളള സഹായം അർഹതപ്പെട്ടവർക്ക് ലഭിക്കുന്നതിന് തടസ്സമാകരുതെന്നും കോടതി നിർദേശിച്ചു.
ചാരിറ്റി യുട്യൂബർമാരും ഇത്തരത്തിൽ സഹായം തേടുന്നവരും എന്തിനാണ് സ്വന്തം അക്കൗണ്ടിലേക്ക് പണം അയയ്ക്കണമെന്ന് നിർബന്ധിക്കുന്നത്. ഇപ്രകാരം ചെയ്യുന്നതിലൂടെ പണം ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ ഇക്കാര്യങ്ങളിൽ നിയന്ത്രണം വേണമെന്ന നിർദേശമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
കോടതിയുടെ ഉത്തരവ് വരുമ്പോൾ വിധിന്യായത്തിൽ സർക്കാരിന് ഇക്കാര്യം സംബന്ധിച്ച് നിർദേശമുണ്ടാകുമോ എന്ന് വ്യക്തമല്ല. എന്നാൽ ഇക്കാര്യം സംബന്ധിച്ചുളള കോടതിയുടെ നിലപാട് കോടതി വ്യക്തമാക്കിയിരിക്കുകയാണ്.
Content Highlights:Govt should observe charity fundraising says Kerala HC