ഒരു പഠന യാത്രയുടെ ഭാഗമായി 8 ദിവസം ഗുജറാത്തിൽ സഞ്ചരിച്ച ഡോ.കെ ടി ജലീൽ എഴുതുന്ന യാത്രാക്കുറിപ്പുകളുടെ രണ്ടാംഭാഗം വായിക്കാം. ‘‘അഹമ്മദാബാദും, ഗാന്ധിനഗറും ഗാന്ധിധാമും കച്ചും പോർബന്തറും രാജ്കോട്ടും ജുനഗഡും സന്ദർശിച്ചു. 1500 കിലോമീറ്റർ റോഡ് മാർഗ്ഗമുള്ള സഞ്ചാരം. കാഴ്ചകൾ ഒപ്പിയെടുത്തു. അനുഭവങ്ങൾ കുറിച്ചു. ദുഃഖവും സന്തോഷവും പകർന്ന യാത്രയുടെ ഓർമ്മകൾ ആറുഭാഗമായി പങ്കുവെക്കുന്നു.’’‐ജലീൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.
മടക്കയാത്രക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. പത്ത് ദിവസം പോയതറിഞ്ഞില്ല. ഒരിക്കൽ പോലും വിരസത തോന്നാത്ത സഞ്ചാരം. നാട് കാണലിനപ്പുറം പഠനവും ഇഴ ചേർന്നതിനാൽ മനസ്സിൽ പതിച്ചും മൊബൈലിൽ കുറിച്ചും മുന്നോട്ട് നീങ്ങിയതത് ഓരോ നിമിഷത്തെയും ജീവസ്സുറ്റതാക്കി. ഇന്ത്യയെ ഇന്ത്യയാക്കുന്നത് ബഹുസ്വരതയാണ്. വൈവിധ്യം നഷ്ടമായാൽ രാജ്യത്തിന് കൈമോശം വരുന്നത് സ്വന്തം ആത്മാവിനെയാകും. ഭാരതമെന്ന ദേഹത്തിലെ ദേഹിയാണ് മതനിരപേക്ഷത. ഹിന്ദുക്കളും മുസ്ലിങ്ങളും മറ്റുമതസ്ഥരും വിശ്വാസികളും അവിശ്വാസികളും ഗോത്ര വർഗ്ഗങ്ങളും ഹിന്ദുസ്ഥാന്റെ ഓരോരോ അഭിവാജ്യ അവയവങ്ങളാണ്. ഏതെങ്കിലും ഒരവയവത്തിന് കേടു പറ്റിയാൽ അതിന്റെ കുറവ് മറ്റൊന്നു കൊണ്ടും പരിഹരിക്കാനാവില്ല. അംഗബലത്തിന്റെ അടിസ്ഥാനത്തിലുള്ള ഭൂരിപക്ഷ-ന്യൂനപക്ഷ വേർതിരിവും വിവേചനവും ആധുനിക ജനായത്ത സമ്പ്രദായത്തിന് ഒട്ടും ചേർന്നതല്ല.
മത വിഭാഗീയതയും ജാതി അസമത്വങ്ങളും സ്വാതന്ത്ര്യാനന്തരം മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇന്ത്യയിൽ നിലനിൽക്കുന്നു എന്നത് അങ്ങേയറ്റം വേദനാജനകമാണ്. തൊഴിൽ വിഭജനത്തിന്റെ അടിസ്ഥാനത്തിൽ പിറവി എടുക്കുകയും ജൻമത്തെ ആധാരമാക്കി പരിണമിക്കുകയും ചെയ്ത ചാതുർവർണ്യ വ്യവസ്ഥ ഇന്നും നാടിന്റെ തീരാശാപമാണ്. കാർക്കശ്യതയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും എല്ലാ മതസമുദായങ്ങളിലും ജാതിബോധം പലവിധത്തിൽ നിലനിൽക്കുന്നു. അവിടെയാണ് കേരളം വേറിട്ട മാതൃകയാകുന്നത്. ഇന്ത്യയിൽ ജാതിയുടെ പരിമിതി ഏറ്റവും കുറഞ്ഞ് നിലനിൽക്കുന്ന സംസ്ഥാനം മലയാള നാടാണ്. മത നിരപേക്ഷതയിലും പ്രഥമ സ്ഥാനം കൈരളിക്കാണ്. പൊതു വിദ്യാഭ്യാസ- ആരോഗ്യ കാര്യങ്ങളിലും സാക്ഷരതയിലും സാമൂഹ്യബോധത്തിലും ശുചിത്വത്തിലുമെല്ലാം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ബഹുദൂരം മുന്നിലാണ്. ആളോഹരി വരുമാനത്തിലും തൊഴിലാളികൾക്കുള്ള കൂലിയിലും സ്ത്രീ വിദ്യാഭ്യാസത്തിലും നമ്മുടെ അടുത്തെത്താൻ ഗുജറാത്ത് ഉൾപ്പടെ മറ്റു സംസ്ഥാനങ്ങൾക്ക് പതിറ്റാണ്ടുകൾ യാത്ര ചെയ്യേണ്ടി വരും.
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും മുഖമുദ്രയാക്കിയ ജാതിബോധം ഹൈന്ദവ സമൂഹത്തെ ഇന്നും ഒഴിയാബാധയായി പിന്തുടരുന്നു. അസ്പൃശ്യതയില്ലെങ്കിലും കാഠിന്യത്തിൽ അയവുള്ള ഒരുതരം ജാതിത്തട്ടുകൾ ഉത്തരേന്ത്യയിലെ മുസ്ലിങ്ങളിലും കാണാനാകും. ഓരോ ജാതി വിഭാഗത്തിനും പ്രത്യേകം തൊഴിലുകൾ പരമ്പരാഗതമായി കൽപിച്ചു നൽകിയിട്ടുണ്ട്. പൊതുവെ വിവാഹങ്ങളും ജാതി ശ്രേണികളിൽ പരിമിതമാണ്. ആരാധനാലയങ്ങളിലോ മറ്റു പൊതു ഇടങ്ങളിലോ ജാതി ബോധം ഇല്ലതാനും. ഇന്ത്യയിൽ എല്ലാ മതവിഭാഗങ്ങളിലും ജാതി സമ്പ്രദായത്തിന്റെ വിവിധ തലങ്ങൾ ഏറിയും കുറഞ്ഞും നിലവിലുണ്ട്. ഹിന്ദുമതത്തിൽ നിന്ന് മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്തപ്പോൾ ജാതി ചിന്തയേയും അവർ കൂടെക്കൂട്ടി. ഗുജറാത്തിലെ മുസ്ലിങ്ങൾക്കിടയിൽ വിവിധ ജാതി വിഭാഗങ്ങളെ കാണാം. മേമൻ (വൻ ബിസിനസുകാർ, വിദ്യാഭ്യാസമ്പന്നർ), സിന്ധി (ഭൂ ഉടമകൾ, കച്ചവടക്കാർ), ഖാൻഞ്ചി (കർഷകർ, വസ്ത്ര വ്യാപാരികൾ, ഹോട്ടൽ ബിസിനസുകാർ) സിപ്പായി (സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗം) സുംറ (സാധാരണ കർഷകർ, ഡ്രൈവർമാർ), പിഞ്ചാറ (ഓട്ടോറിക്ഷക്കാർ, മണ്ണെണ്ണ കച്ചവടക്കാർ, ലോറി ഡ്രൈവർമാർ), മീർ (പെയ്ൻ്റിംഗ് തൊഴിലാളികൾ, സംഗീത മേഖലയിൽ പണിയെടുക്കുന്നവർ), ഫക്കീർ (കൂലിത്തൊഴിലാളികൾ, വീട്ടുജോലിക്കാർ, അലക്കുകാർ).
പാവപ്പെട്ട ഹിന്ദുക്കളും മുസ്ലിങ്ങളും പ്രത്യേകം പ്രത്യേകം ഗല്ലികളിലാണ് താമസിക്കുന്നത്. എന്നാൽ സമ്പന്നരായ ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ ഇടകലർന്ന് ജീവിച്ചിരുന്നു. ദൗർഭാഗ്യവശാൽ കലാപാനന്തരം സുരക്ഷിതത്വമില്ലായ്മ ഭയന്ന് മുസ്ലിം സമ്പന്നർ മുസ്ലിം മേഖലകളിലേക്ക് താമസം മാറ്റുന്ന പ്രവണത കൂടിവരുന്നതായി പലരും സൂചിപ്പിച്ചു. സാധാരണക്കാരായ ഹിന്ദു-മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ അകൽച്ചയും അസൂയയും കുറവാണ്. എന്നാൽ സമ്പന്ന ഹിന്ദു-മുസ്ലിം വിഭാഗങ്ങൾക്കിടയിലാണ് കിടമൽസരവും കുശുമ്പും നിലനിൽക്കുന്നത്. മതത്തോടെന്നതിനെക്കാൾ കച്ചവട-വ്യാപാര താൽപര്യങ്ങളോട് ഇതിന് ബന്ധം. പട്ടേലുമാരുടെ കച്ചവട വ്യാപാര സ്ഥാപനങ്ങളിൽ പൊതുവെ മുസ്ലിങ്ങളെ ജോലിക്കെടുക്കാറില്ലത്രെ. ആത്മാർത്ഥമായി ഒരു മുസ്ലിമും ബി.ജെ.പിയെ പിന്തുണക്കുന്നില്ല. ഗത്യന്തരമില്ലാതെ വിരലിലെണ്ണാവുന്നവർ ബി.ജെ.പിയോട് തൊലിപ്പുറത്ത് അനുഭാവം പ്രകടിപ്പിക്കുന്നുണ്ട്. അവരാകട്ടെ അധികാര-വ്യവസായ താൽപര്യക്കാരാണ്.
പാവപ്പെട്ട മുസ്ലിങ്ങൾക്ക് ബാങ്കുകൾ ലോൺ കൊടുക്കാൻ വിസമ്മതിക്കുന്നതായി ഒരാൾ പറഞ്ഞു. അതിന് ബാങ്കുകൾ കാരണം പറയുന്നത് അവരുടെ താഴ്ന്ന ജീവിതാവസ്ഥയാണ്. തിരിച്ചടക്കാൻ മുസ്ലിങ്ങൾക്കാവില്ലെന്ന ന്യായമാണത്രെ പറയുന്നത്. ഇതിനെതിരെ സംസ്ഥാന സർക്കാരും അർത്ഥഗർഭമായ മൗനം അവലംബിക്കുന്നതായും പരാതി പറഞ്ഞവരുണ്ട്.ഇഡി, ഇൻകം ടാക്സ്, എൻഐഎ, കസ്റ്റംസ്, പോലീസ് എന്നീ സംവിധാനങ്ങളെ ഭയന്നാണ് എതിർ രാഷ്ട്രീയക്കാർ പൊതുവിലും മുസ്ലിങ്ങൾ പ്രത്യേകിച്ചും ജീവിക്കുന്നത്. മുസ്ലിം സമ്പന്നരെ ഭരണകൂടം ഭയപ്പെടുത്തി കീഴ്പ്പെടുത്തിയ പോലെയാണ് തോന്നിയത്.
മുസ്ലിങ്ങളിൽ 85% വും സാധാരണക്കാരും ദരിദ്രരരുമാണ്. ഉന്നത ശ്രേണിയിലുള്ള മുസ്ലിങ്ങളുടെ അടുത്തെത്താൻ അവർക്ക് കഴിയാറില്ല. ഓരോ വിഭാഗവും അവരവരുടെ വിഭാഗത്തിൽ പെടുന്നവരെയാണ് സഹായിക്കാറ്. സർക്കാർ ഉദ്യോഗസ്ഥരും ഭരണക്കാരും മുസ്ലിങ്ങളോട് രണ്ടിട്ട് കാണുന്നത് പതിവാണത്രെ. പാവപ്പെട്ട മുസ്ലിങ്ങൾ വിദ്യാഭ്യാസപരമായി ഏറെ പിന്നിലാണ്. അതിനാൽ തന്നെ മെച്ചപ്പെട്ട ജോലികളിൽ അവരെ കാണില്ല. പരമ്പരാഗത തൊഴിലാണ് ഇക്കൂട്ടരുടെ ഉപജീവന മാർഗ്ഗം. സാമൂഹ്യ ഉന്നതിയും വിദ്യാഭ്യാസ പുരോഗതിയും ആത്മവിശ്വാസവും പകർന്ന് താഴേകിടയിലുള്ളവരെ മുഖ്യധാരയിൽ എത്തിക്കാനാണ് ബഷീർ നിസാമിയെപ്പോലുള്ള ചെറുപ്പക്കാരുടെ ശ്രമം. ഗുജറാത്തിൽ തന്നെയുള്ള സമ്പന്നരുടെ സഹായമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. പരസ്പരം ഇടപഴകാൻ കഴിയാതിരുന്ന ജനവിഭാങ്ങൾക്കിടയിൽ ഒരു പാലമായി വർത്തിക്കാൻ കഴിയുന്നു എന്നത് മഹത്തരമാണ്.
യാത്രക്കിടയിൽ പല തരത്തിലുള്ള കച്ചവട വ്യാപാര സ്ഥാപനങ്ങളും ഫാക്ടറികളും സന്ദർശിച്ചു. അക്കൂട്ടത്തിൽ ഒന്ന് “Used Cloth lmporting and Exporting Company“യാണ്. യൂറോപ്പ്, യുഎസ്എ, ചൈന, കൊറിയ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഉപയോഗിച്ച വസ്ത്രങ്ങൾ ശേഖരിച്ച് കണ്ടെയ്നറുകളിൽ എത്തിച്ച് ആഫ്രിക്കയിലെ വിവിധ രാഷ്ട്രങ്ങളിലേക്ക് കയറ്റി അയക്കുന്നു. അഫ്രിക്കൻ രാജ്യങ്ങളിലാണ് ഉപയോഗിച്ച വസ്ത്രങ്ങൾ വലിയ തോതിൽ വിറ്റ് പോകുന്നത്. വസ്ത്രങ്ങൾ കണ്ടാൽ പുത്തനാണെന്നേ ആരും പറയൂ. വിലക്കുറവിൽ ലഭിക്കുന്നത് കൊണ്ട് പാവപ്പെട്ടവർ വാങ്ങുന്നു. ഇന്ത്യയിൽ ഏറ്റവുമധികം ഇത്തരം തുണിത്തരങ്ങൾ വിൽപന നടക്കുന്നത് ഡജ, ബീഹാർ, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, കാശ്മീർ, മണിപ്പൂർ, നാഗാലാൻ്റ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ഏറ്റവും കുറഞ്ഞ വിൽപന കേരളത്തിലാണ്.
തണുപ്പ് കാലത്താണ് ഇതിന്റെ വലിയ വിപണനം നടക്കുന്നത്. രണ്ടും മൂന്നും ഷർട്ടുകളും പാൻ്റുകളും ഉപയോഗിക്കേണ്ടി വരുമ്പോഴാണ് ഇത്തരം വസ്ത്രങ്ങൾ ജനങ്ങൾ ഉപയോഗിക്കുക. എല്ലാം പുത്തൻ സാധനങ്ങൾ ഉപയോഗിക്കൽ ചെലവേറിയതാകും. ജാംനഗറിലാണ് ഇത്തരം വേർഹൗസുകൾ കണ്ടത്. കണ്ടലെ തുറമുഖത്തും ഇത്തരം വലിയ വേർഹൗസുകളുണ്ട്. ഇന്ത്യയിലേക്കുള്ള ചരക്കുകളാണ് ജാംനഗറിൽ എത്തിച്ച് സൂക്ഷിച്ചിരിക്കുന്നത്. ഇത്തരമൊരു സ്ഥാപന ഉടമ ഉപയോഗിച്ച വസ്ത്രങ്ങൾ വലിയ ഏജൻ്റ്മാരിൽ നിന്ന് എടുത്ത് ഉന്തുവണ്ടിയിൽ വിറ്റാണ് കച്ചവടം ആരംഭിച്ചത്. ഇദ്ദേഹത്തിന് പ്രാഥമിക വിദ്യാഭ്യാസമല്ലാതെ മറ്റൊന്നുമില്ല. ഇംഗ്ലീഷ് അറിയല്ല. ഇന്ന് അദ്ദേഹം മികച്ച ഒരു കമ്പനി നടത്തുന്നു. ഏറ്റവും ചുരുങ്ങിയത് 6 വിദേശ രാജ്യങ്ങളെങ്കിലും ഒരു മാസം ഇദ്ദേഹത്തിന് സന്ദർശിക്കേണ്ടി വരാറുണ്ടെന്നാണ് പറഞ്ഞത്. സമീപ പ്രദേശത്തുള്ള ഒരു കുതിരാലയവും സന്ദർശിച്ചു.
ഗുജറാത്ത് കത്തിയെരിഞ്ഞ കാലത്ത് ജാംനഗർ തീയും പുകയും ഇല്ലാതെയാണ് കടന്ന് പോയത്. അതിന് നാട്ടുകാർ സർട്ടിഫിക്കറ്റ് നൽകുന്നത് സതീശ് വർമ്മയെന്ന ജില്ലാ പോലീസ് സൂപ്രണ്ടിനാണ്. അക്രമങ്ങൾ നടത്താൻ ഒരു നിലക്കും അദ്ദേഹം അനുവദിച്ചില്ല. കർശന നിലപാട് സ്വീകരിച്ചു. സ്ഥലം എംഎൽഎ പരമാനന്ദ് ഗട്ടറെ വരച്ചവരയിൽ നിർത്തി. അക്കാരണത്താൽ വർമ്മക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നു. ഐഐടി ഗ്രാജ്വേറ്റായ ഐഎഎസ് ഓഫീസർ വർമ്മ റിട്ടയർമെൻ്റിന് ഒരു മാസം മുമ്പ് സർവീസിൽ നിന്ന് ഡിസ്മിസ് ചെയ്യപ്പെട്ടു. ഇശ്റത്ത് ജഹാൻ കേസ് അന്വേഷിച്ചവരുടെ കൂട്ടത്തിലും അദ്ദേഹമുണ്ടായിരുന്നു.
ജാംനഗറിലെ റിലയൻസിന്റെ റിഫൈനറിക്ക് മുന്നിലൂടെയാണ് ഞങ്ങൾ കടന്നു പോയത്. ഇന്ത്യൻ നിധിശേഖരത്തിന്റെ സൂക്ഷിപ്പുകാരും നടത്തിപ്പുകാരും ഗുജറാത്തികളായ രണ്ട് കോർപ്പറേറ്റ് ഭീമൻമാരാണല്ലോ. രാജ്യത്തെ പ്രത്യേകിച്ച് ഗുജറാത്തിലെ കൃഷിയും വ്യവസായവുമെല്ലാം അദാനിയുടെയും അംബാനിയുടെയും കൈപ്പിടിയിലാണ്. വമ്പൻ സമ്പന്നരുടെ പട്ടിയിൽ ഇപ്പോൾ മദ്ധ്യപൗരസ്ത്യ ദേശത്തെയും ലണ്ടനിലെയും രാജകുടുംബാംഗങ്ങളാണ്. ആ സ്ഥാനം അധികം വൈകാതെ ഇന്ത്യൻ കോർപ്പറേറ്റ് വൻ സ്രാവുകൾ സ്വന്തമാക്കിയാൽ അൽഭുതപ്പെടാനില്ല. അത്രയും ഹിമാലയൻ സൗകര്യങ്ങളാണ് രാജ്യത്തെ ഭരണകൂടം അവർക്ക് ചെയ്ത് കൊടുക്കുന്നത്. യാത്രാമദ്ധ്യെ അംബാനിയുടെ ജൻമഗ്രാമത്തിലൂടെയാണ് ഞങ്ങൾ കടന്ന് പോയത്. അവിടെ അദ്ദേഹതിന്റെ കുടുംബവീട് മ്യൂസിയമാക്കിയിട്ടുണ്ടെന്ന് സഹയാത്രികൻ പറഞ്ഞു. എങ്കിൽ അതൊന്ന് കാണാമെന്ന് നിശ്ചയിച്ചു. പ്രധാന റോഡിൽ നിന്ന് ചെമ്മൺപാത വഴി കഷ്ടി ഒന്നര കിലോമീറ്റർ ഉള്ളിലേക്ക് പോകണം. റോഡിനിരുവശവും പ്രയാസപൂർണ്ണമായ ജീവിത സൗകര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യരെയാണ് കണ്ടത്. കുടിലിന് പുറത്ത് പാത്രങ്ങൾ കഴുകിക്കൊണ്ടിരുന്ന സഹോദരിയോടാണ് വഴി ചോദിച്ചത്. താൻ ജനിച്ച വീടിന് തൊട്ടടുത്തുള്ള പാവങ്ങളുടെ നേർക്ക് പോലും കണ്ണ് തുറക്കാത്ത അംബാനിയെ കുറിച്ച് തീരെ മതിപ്പ് തോന്നിയില്ല. തന്റെ ജർമനാട്ടിലെ പാവങ്ങളെ മതവും ജാതിയും നോക്കാതെ സഹായിക്കുന്ന മലയാളി വിദേശ വ്യാപാര പ്രമുഖരായ എം.എ യൂസുഫലിയെയും കുറിച്ചും ഗൾഫാർ മുഹമ്മദലിയെയും രവിപിള്ളയേയും ഞാനോർത്തു. ഏതാണ്ട് ഒരു ഏക്കർ സ്ഥലത്ത് നിലകൊള്ളുന്ന ആ വീടിന്റെ സ്ഥാനത്ത് ഒരു ഫ്ലാറ്റ് സമുച്ഛയം പണിത് തന്റെ വീടിന് ചുറ്റുമുള്ള പാവപ്പെട്ടർക്ക് നൽകിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. അതിലെ ഏറ്റവും താഴത്തെ ഫ്ലാറ്റിൽ ഇപ്പോൾ അവിടെ പ്രദർശിപ്പിച്ച എല്ലാ ചിത്രങ്ങളും വിവരണങ്ങളും രേഖകളും സ്ഥാപിക്കുകയുമാകാം. അങ്ങിനെ ചെയ്തിരുന്നെങ്കിൽ അംബാനിയുടെ മുഖത്തിന് മറ്റൊരു ശോഭ കിട്ടുമായിരുന്നു.
റിലയൻസ് പെട്രോളിയം റിഫൈനറി ലോകത്തിലെ ഏറ്റവും വലിയ റിഫൈനറിയാണ്. 7500 ഏക്കർ സ്ഥലമാണ് ഇതിനായി ഗവ: നൽകിയത്. ഇതിൽ 450 ഏക്കർ സ്ഥലത്ത് 2500 വീടുകളോട് കൂടിയ ടൗൺഷിപ്പാണ് പണിതത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ക്രൂഡ് ഓയിൽ കൊണ്ടുവന്ന് ശുദ്ധീകരിച്ച് പെട്രോളിയം, ഡീസൽ, മണ്ണെണ്ണ, ഗ്യാസ് തുടങ്ങിയവ ഇവിടെ ഉണ്ടാക്കുന്നു. ഏതാണ്ട് 2500 ജീവനക്കാരാണ് റിഫൈനറിയിൽ ജോലി ചെയ്യുന്നത്. ഇവർക്ക് താമസിക്കാനാണ് ടൗൺഷിപ്പ് ഒരുക്കിയിരിക്കുന്നത്.
ചെറിയ മെഷിനറി ഉണ്ടാക്കുന്ന കമ്പനി സന്ദർശിച്ചപ്പോൾ
രാജ്കോട്ടിൽ ലൊജിസ്റ്റിക് കമ്പനി നടത്തുന്ന തലശ്ശേരിക്കാരൻ പ്രമോദിന്റെ ക്ഷണം സ്വീകരിക്കാനായത് സന്തോഷം പകർന്നു. അദ്ദേഹത്തിന്റെ സഹോദരിയുടെ ഭർത്താവ് ഗോകുൽദാസിനെയും വീട്ടിൽ വെച്ച് പരിചയപ്പെട്ടു. അദ്ദേഹത്തിന് ഗുജറാത്ത് ഇലക്ട്രിസിറ്റി വകുപ്പിലായിരുന്നു ജോലി. ഭാര്യ എ.ജി ഓഫിസിൽ നിന്നാണ് റിട്ടയർ ചെയ്തത്. അവരുടെ ഇരട്ടകളായ പെൺകുട്ടികൾ അദ്ധ്യാപികമാരായി ജോലി ചെയ്യുന്നു. പ്രമോദിന്റെ ഭാര്യ ടീച്ചറാണ്. മകൾ ഡിഗ്രിക്ക് പഠിക്കുന്നു. ഇഴ പിരിക്കാനാകാത്ത സ്നേഹബന്ധത്തിന്റെ വശ്യതയിൽ ചിലവിട്ട സമയം അനർഘമായേ കാണാനാകൂ. തിരിച്ച് വരുമ്പോൾ മനോജ് നായർ മാനേജരായി പ്രവർത്തിക്കുന്ന ചെറിയ മെഷിനറി ഉണ്ടാക്കുന്ന കമ്പനിയിലും കയറി. വൈകുന്നേരം നഗരമദ്ധ്യത്തിലെ പൂന്തോട്ടത്തിൽ പോയി കുറച്ച് സമയം കാറ്റ് കൊണ്ടിരുന്നു.
വലിയ ഫൈബർ തളികയിൽ നിന്ന് അഞ്ചുപേർ ഒരുമിച്ച് ചോറ് കഴിക്കുന്നു
വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ് ബഷീർ നിസാമിയുടെ സ്ഥാപനത്തിൽ പോയി അവിടുത്തെ അന്തേവാസികൾക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ചു. ഒരു വലിയ ഫൈബർ തളികയിൽ ചോറ് വിളമ്പി ഞങ്ങൾ അഞ്ചു പേർ അതിൽ നിന്ന് അവരവരുടെ ഭാഗത്തേക്ക് ചോറ് നീക്കിവെച്ച് കറി ഒഴിച്ച് കഴിച്ചു. പണ്ട് കാലത്ത് മലബാറിലെ മുസ്ലിം കൂട്ടുകുടുംബങ്ങളിൽ ഇങ്ങിനെയായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. വലിയ പാത്രത്തിന് പകരം സുപ്ര വിരിച്ച് അതിലായിരുന്നു അഞ്ചും പത്തും പേർക്ക് ചോറ് വിളമ്പിയിരുന്നത്. അതിന് ചുറ്റും ചമ്രംപടിഞ്ഞിരുന്ന് അവനവൻ ഇരിക്കുന്ന ദിശയിലേക്ക് ചോറ് നീക്കി അതിൽ കറി ഒഴിച്ച് കഴിക്കും. ഒരുമയുടെ ചിഹ്നവും കൂടിയായിരുന്നു അത്. നാലര പതിറ്റാണ്ടുകൾക്ക് അപ്പുറത്തേക്ക് എന്റെ ചിന്തകളെ പുതിയ അനുഭവം കൂട്ടിക്കൊണ്ടു പോയി. വൈകുന്നേരത്തോടെ സർക്യൂട്ട് ഹൗസിലെത്തി. രാത്രി പതിനൊന്ന് മണിക്കുള്ള ട്രൈയിൻ പിടിക്കാൻ 10 മണിക്ക് രഞ്ജിത്തിന്റെ പരിചയക്കാരന്റെ ഓട്ടോയിൽ റെയിൽവെ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. കൃത്യസമയത്ത് തന്നെ വണ്ടി സ്റ്റേഷൻ വിട്ടു. ഒരു പകലും രണ്ട് രാത്രികളും യാത്ര ചെയ്ത് കോഴിക്കോട്ടിറങ്ങി. വീട്ടിലെത്തിയപ്പോൾ പതിവു പോലെ കാണാൻ ആളുകൾ എത്തിയിട്ടുണ്ട്. അവരോടൊപ്പം വീണ്ടും തിരക്കിൽ അലിഞ്ഞ് ചേർന്നു.
ഗുജറാത്ത് യാത്രയിൽ ഒരുപാട് പേരെ കണ്ടു. സംസാരിച്ചു. ഓട്ടോ ഡ്രൈവർമാർ മുതൽ കൂലിവേലക്കാരടക്കം വിദ്യാസമ്പന്നരും ബിസിനസ്സുകാരും സാധാരണക്കാരും ഉൾപ്പടെ അക്കൂട്ടത്തിൽ പെടും. നാനാജാതി മതസ്ഥരോടും കാര്യങ്ങൾ തിരക്കി. പൊതുവെ ശാന്ത പ്രകൃതക്കാരാണ് ഗുജറാത്തികൾ. അവരുടെ മനസ്സിൽ വർഗീയതയുടെ വിഷബീജം കുത്തിവെച്ച സംഘ് പരിവാരങ്ങൾക്ക് കാലം മാപ്പ് നൽകില്ല. ഇന്ത്യയെന്ന് കേട്ടാൽ ലോകത്ത് ഏതൊരാളുടെ മനസ്സിലും തെളിയുന്ന മുഖം ഗാന്ധിജിയുടേതാണ്. ആ മഹാത്മാവിന്റെ രൂപം സർദാർ പട്ടേലിന്റെ ഉരുക്കു മുഷ്ടിയുടെ നിഴലിൽ കോടാനുകോടികൾ ചെലവിട്ട് പ്രതിമയുണ്ടാക്കി മറക്കാൻ നോക്കുന്ന ബി.ജെ.പിയുടെ കുടില തന്ത്രം തൽക്കാലം കുറച്ചു കാലത്തേക്ക് ഗുജറാത്തിൽ വിജയിപ്പിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ സത്യവും ധർമ്മവും യഥാർത്ഥ ചരിത്രവും ശാശ്വതമായി മൂടിവെക്കാൻ ഒരു ശക്തിക്കും കഴിയില്ല. എല്ലാ കീർത്തി മുദ്രകൾക്കുമപ്പുറം ഗുജറാത്തിന്റെ നെറ്റിയിൽ എന്നും സൂര്യതേജസ്സായി തിളങ്ങി നിൽക്കുക മോഹൻദാസ് കരംചന്ദിന്റെ രൂപമാകും. ഗുജറാത്തിൽ നിന്ന് മടങ്ങുമ്പോൾ അദാനിയുടെയും അംബാനിയുടെയും ബിസിനസ് സാമ്രാജ്യങ്ങളോ വാനിൽ ഉയർന്നു നിൽക്കുന്ന പുകക്കുഴലുകളോ അല്ല ഓർമ്മയുടെ തീരത്ത് ബാക്കി നിന്നത്. മോസസിന്റെ മാന്ത്രിക വടിയുമേന്തി ഇന്ത്യയുടെ ആത്മാവിലൂടെ തീർത്ഥയാത്ര നടത്തിയ അഹിംസയുടെ എക്കാലത്തെയും മഹാനായ പ്രവാചകന്റെ നീണ്ടു മെലിഞ്ഞ ശരീരവും വട്ടക്കണ്ണടയുമാണ്.
ബസ്സിലും ട്രെയ്നിലും കാറിലും ഓട്ടോയിലുമൊക്കെയുള്ള സഞ്ചാരത്തിനിടയിൽ പൗരപ്രമുഖരായ പലരേയും കാണാനായി. സമ്പത്തും ശേഷിയുമുള്ളവരോട് ഞാൻ പറഞ്ഞത് ഒരേയൊരു കാര്യമാണ്. നിങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കൂ. അത് കൊണ്ട് ഒരു കുട്ടിയെങ്കിലും പഠിച്ച് നന്നായാൽ അത്രത്തോളം വലിയ പുണ്യം മറ്റൊന്നുണ്ടാവില്ല. സ്കൂളോ കോളേജോ പോളിടെക്നിക്കോ സ്ഥാപിച്ച് നടത്തിപ്പ് കേരളത്തിൽ നിന്നുള്ള മിടുക്കൻമാരെ ഏൽപ്പിക്കുക. അവരത് ഭംഗിയായി നടത്തും. സ്ഥലവും സ്വത്തും എന്നും നിങ്ങളുടേതാകും. പുതിയ തലമുറയെ വിദ്യാഭ്യാസത്തിലൂടെ അല്ലാതെ രക്ഷപ്പെടുത്താനാവില്ല.
2002 ലെ കലാപം തീർത്ത അരക്ഷിത ബോധത്തിൽ നിന്ന് ഇരകൾ മുക്തരായി വരുന്നേയുള്ളു. ബഹുസ്വരതയെ പ്രണയിക്കാനും സ്വന്തം വിശ്വാസം പുലർത്താനും വിദ്യാഭ്യാസമുള്ള തലമുറക്കേ കഴിയൂ. മതപഠനം ഉപേക്ഷിക്കേണ്ട. അതോടൊപ്പം ഭൗതിക വിദ്യാഭ്യാസം നിർബന്ധമായും ആർജ്ജിക്കണം. ബൗദ്ധിക ഉന്നതി നേടിയാൽ ആർക്കും ആരെയും അവഗണിക്കാനോ തള്ളിക്കളയാനോ ആവില്ല. ഒരിക്കലും നടക്കാൻ പാടില്ലാത്ത നരമേധമാണ് ഗുജറാത്തിൽ രണ്ട് പതിറ്റാണ്ട് മുമ്പ് നടന്നത്. ബ്രിട്ടീഷ് ഗവൺമെൻ്റിന്റെ നിയന്ത്രണത്തിലുള്ള ബി.ബി.സിയുടെ ഏറ്റവും പുതിയ അന്വേഷണ റിപ്പോർട്ട് പ്രകാരം 1500 പേരാണ് അന്നത്തെ വംശഹത്യയിൽ കൊലചെയ്യപ്പെട്ടത്. 223 പേരെ കാണാതായി. അവർ ഇന്നോളം തിരിച്ചു വന്നിട്ടില്ല. ജീവിച്ചോ മരിച്ചോ? ആർക്കറിയാം. 2500 പേർക്കാണ് പരിക്കേറ്റത്. വെന്തെരിഞ്ഞ ഉറ്റവരെയോർത്ത് കണ്ണീരൊഴുക്കി കാലം കഴിക്കുകയല്ല വേണ്ടത്. അതിനെ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് അറിവ് നേടുക. വെറുപ്പും വിദ്വേഷവും വെടിയുക. പകയും പ്രതികാരവും ഒന്നിനും പരിഹാരമല്ല. വിജ്ഞാനത്തിന്റെ ചക്രവാളങ്ങൾ തേടി ഗുജറാത്തിലെ ന്യൂനപക്ഷ സമൂഹം പുതിയ യാത്ര ആരംഭിക്കട്ടെ. അതിന് കേരളത്തിലെ വിവിധ സംഘടനകൾക്ക് നിയമാനുസൃതം ചെയ്യാൻ പറ്റുന്നതെന്തോ അത് ചെയ്യുക. കണ്ണും മനസ്സും നിറച്ച യാത്രക്ക് തൽക്കാല വിരമം. അന്വേഷിയുടെ കൂർത്ത ചെവിയും തുറന്നുപിടിച്ച കണ്ണുകളുമായി പട്ടണങ്ങളും ഗ്രാമങ്ങളും തേടി വൈകാതെ ഇനിയുമിറങ്ങും. ലാൽസലാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..