കോവളം > ആകാശക്കാഴ്ചയിൽ കാടും മേടും സുന്ദരമാണ്. അതിനേക്കാൾ മനോഹരമാണ് കടൽക്കാഴ്ച. അതിന്റെ ആനന്ദമാണ് കോവളത്തിനെ സഞ്ചാരികളുടെ പ്രിയതാവളമാക്കുന്നതും. ലൈറ്റ്ഹൗസ് ബീച്ച്, ഇടയ്ക്കൽ പാറക്കൂട്ടം, ഹവ്വാ ബീച്ചിനടുത്തായി പാറകൾക്ക് മുകളിലെ കെട്ടിടസമുച്ചയങ്ങൾ, വിഴിഞ്ഞം തുറമുഖത്ത് നിർമാണം പുരോഗമിക്കുന്ന പുലിമുട്ട്… അങ്ങനെയങ്ങനെ വിഴിഞ്ഞം ലൈറ്റ് ഹൗസിനുമുകളിൽ കാത്തിരിക്കുന്നത് കണ്ണിനു കണിയാകും കാഴ്ചകൾ.
അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ കോവളത്ത് എത്തുന്നവരുടെയും വിഴിഞ്ഞം ലൈറ്റ്ഹൗസ് സന്ദർശിക്കുന്നവരുടെയും എണ്ണം ദിവസംതോറും കൂടുകയാണ്. കോവിഡ് കാലത്തെ അടച്ചിടലിനുശേഷം തുറന്നപ്പോൾ ഇവിടേക്ക് വൻ സന്ദർശക തിരക്കാണ്. മാസം ശരാശരി രണ്ട് ലക്ഷത്തിനും മൂന്നിനും മധ്യേ കലക്ഷൻ ഉള്ളതായി അധികൃതർ പറയുന്നു.
ലൈറ്റ് ഹൗസിനു മുകളിൽനിന്ന് കോവളത്തിന്റെ വിശാലമായ കാഴ്ച മനോഹരമാണ്. വിശാല വളപ്പും തീരക്കാഴ്ചയും ഒന്നുകണ്ടാൽ പിന്നെ മറക്കില്ല.
1972 മേയിൽ പണി പൂർത്തിയാക്കി ജൂണിൽ പ്രവർത്തനമാരംഭിച്ച ലൈറ്റ് ഹൗസിന് പ്രായം 50 കഴിഞ്ഞു. മറ്റ് ജില്ലകളിലെ ലൈറ്റ് ഹൗസിനേക്കാൾ ഇതിന് ഉയരക്കൂടുതലുണ്ട്, 36 മീറ്റർ. മുകളിലെത്താൻ 114 പടിയും. പടികൾ കയറാൻ പ്രയാസമുള്ളവർക്കായി ലിഫ്റ്റും ഉണ്ട്. രാജ്യാന്തര മറൈൻ ട്രാക്കറായ മറൈൻ ട്രാഫിക് പുറത്തിറക്കിയ ലോകത്തെ അഞ്ച് മികച്ച ലൈറ്റ് ഹൗസിന്റെ ചിത്രങ്ങളിൽ വിഴിഞ്ഞം ലൈറ്റ് ഹൗസ് ഇടംനേടിയിട്ടുണ്ട്. മെറ്റൽ അലൈഡ് ലൈറ്റിങ്ങും ഒപ്റ്റിക്കൽ ലെൻസും ഉപയോഗിച്ചാണ് ലൈറ്റ്ഹൗസ് പ്രകാശിപ്പിക്കുന്നത്.
ടൂറിസം വികസന സാധ്യത മുൻനിർത്തി വിഴിഞ്ഞം ലൈറ്റ് ഹൗസിൽ കൂടുതൽ വികസന പദ്ധതികൾ വരും നാളുകളിൽ യാഥാർഥ്യമാകുമെന്ന് അധികൃതർ പറഞ്ഞു. തിങ്കൾ ഒഴികെ രാവിലെ 10 മുതൽ 12.30 വരെയും ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചു വരെയുമാണ് പ്രവേശനം. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന നിരക്ക്. സീനിയർ സിറ്റിസണിന് 10 രൂപ. പാർക്കിങ്, ക്യാമറാ എന്നിവയ്ക്ക് പ്രത്യേക ഫീസുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..