കൊച്ചി > സിനിമാ അഭിനയരംഗത്ത് പതിനൊന്നു വർഷങ്ങൾ പൂർത്തീകരിച്ച പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ വൻ ബജറ്റ് ചിത്രം കിംഗ് ഓഫ് കൊത്തയിലെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി. സെക്കന്റ് ഷോ റിലീസ് ചെയ്തു പതിനൊന്നു വർഷങ്ങൾ പിന്നിടുമ്പോൾ സെക്കന്റ് ലുക്കിൽ വേറിട്ട ഗെറ്റപ്പിലാണ് കൊത്തയിലെ രാജാവ്. സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ഹൈ ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് തമിഴ്നാട്ടിൽ കാരൈക്കുടിയിൽ പുരോഗമിക്കുകയാണ്.
സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആണ് സംവിധാനം. മലയാളം, തമിഴ്, ഹിന്ദി , തെലുങ്ക് സിനിമകളിലെ നായകനായി വാണിജ്യപരമായും വിജയവും നിരൂപകശ്രദ്ധയും നേടി പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറായ് മാറിയ ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ പ്രകടനത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. “വളരെക്കാലമായി ഞാൻ ചെയ്തതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമാണ് കിംഗ് ഓഫ് കൊത്തയെന്ന്… ” ദുൽഖർ അഭിപ്രായപ്പെട്ടിരുന്നു. ശാരീരിക വെല്ലുവിളികൾ നിറഞ്ഞ ഒരു സിനിമയാണെന്നും ദുൽഖർ ട്വിറ്ററിൽ ആരാധകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു.
രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ഛായാഗ്രഹണം നിമീഷ് രവി, സ്ക്രിപ്റ്റ് അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ ശ്യാം ശശിധരൻ, മേക്കപ്പ് റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, സ്റ്റിൽ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. കിംഗ് ഓഫ് കൊത്തയിൽ സംഗീതം ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ നിർവഹിക്കുന്നു.
ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്. പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, സീതാറാം, ചുപ്പ് എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്ത തിയേറ്ററുകളിൽ വൻ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്നു ചലച്ചിത്ര ലോകം. ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ,വിഷ്ണു സുഗതൻ, പി ആർ ഒ : പ്രതീഷ് ശേഖർ തുടങ്ങിയവരാണ് അണിയറപ്രവർത്തകർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..