കോട്ടയം> സ്ഫടികം ഫോർകെയിൽ വീണ്ടും ഇറങ്ങുമ്പോൾ പാലാക്കാർ ചർച്ച ചെയ്യുന്ന ഒരു പേരുണ്ട് –- നോബിൾ. സ്ഫടികം നോബിളിന്റെ കഥയാണെന്നാണ് കാലങ്ങളായി പ്രചരിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളുണ്ട്. പാലായെ വിറപ്പിച്ച്, ഒടുവിൽ ഗുണ്ടകൾ വെട്ടിക്കൊന്ന നോബിളിനെക്കുറിച്ച് പഴമക്കാർ പറഞ്ഞുകേട്ട അറിവേ പാലാക്കാർക്കുള്ളൂ.
എന്നാൽ, നോബിളിനെ പൂർണമായി ഉൾക്കൊണ്ടല്ല ആട് തോമയുടെ സൃഷ്ടിയെന്ന് സംവിധായകൻ ഭദ്രൻ പറയുന്നു.
“സുഹൃത്തിന്റെ ഭാര്യാസഹോദരനായിരുന്നു നോബിൾ. അങ്ങനെയാണ് അയാളെക്കുറിച്ച് അധികവും കേൾക്കാനിടയായത്. അയാളുടെ ചില മുഷ്കും തന്റേടവുമെല്ലാം ആട് തോമയിൽ സന്നിവേശിപ്പിച്ചിട്ടുണ്ടെന്ന് മാത്രം. നോബിൾ കൊല്ലപ്പെടുകയായിരുന്നു. പക്ഷേ ആട് തോമ കൊല്ലപ്പെട്ടിട്ടില്ല’. സംവിധായകൻ പറയുന്നത് ഇതാണെങ്കിലും ആട് തോമയുമായി നോബിളിന്റെ ജീവിതത്തിന് അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നവർ നിരവധി.
ആരായിരുന്നു നോബിൾ
പതിറ്റാണ്ടുകൾ മുമ്പ് പാലായ്ക്കടുത്ത് പ്രമാണി കുടുംബത്തിലാണ് നോബിൾ ജനിച്ചത്. ചെറുപ്പത്തിൽ ശാന്തനായ യുവാവ്. പിന്നീടെപ്പോഴോ സമൂഹത്തിന്റെ ദുഷിപ്പുകളിൽ പെട്ട് റൗഡിയായി.
അസാമാന്യ ശാരീരികശേഷിയുണ്ടായിരുന്ന നോബിളിന് മൂന്നോ നാലോ പേർ എതിരെ വന്നാലും പ്രശ്നമായിരുന്നില്ലത്രേ. കള്ളുഷാപ്പുകളിൽ പതിവായി വരും. വന്നാൽ മറ്റുള്ളവർ എഴുന്നേറ്റ് പോകും. ഷാപ്പിൽ പ്രശ്നങ്ങൾ പതിവാക്കിയതോടെ സ്ഥലത്തെ അബ്കാരി പ്രമാണി നോബിളിനെ വകവരുത്താൻ ആളെ ഏർപ്പാടാക്കി.
ഒരിക്കൽ രാത്രി ഷാപ്പിൽ മദ്യപിച്ചിരിക്കെ പെട്ടന്ന് വൈദ്യുതി തടസ്സപ്പെട്ടു. അപകടം മണത്ത നോബിൾ കത്തി പുറത്തെടുത്തെങ്കിലും ഇരുട്ടത്തുള്ള ആക്രമണത്തിൽ വീണുപോയി. ഗുണ്ടകൾ നോബിളിനെ വെട്ടിനുറുക്കി. ശിവരാമൻപിള്ള എന്നയാളുടെ നേതൃത്വത്തിലായിരുന്നു കൊലയെന്നും പറയപ്പെടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..