തിരുവനന്തപുരം
വനിതാസംവിധായകരെ പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതിയിൽപ്പെടുത്തി നിർമിച്ച ‘ഡിവോഴ്സ്’ 24ന് തിയറ്ററിൽ. മിനി ഐ ജിയാണ് കഥയും തിരക്കഥയും സംവിധാനവും . ചലച്ചിത്ര വികസന കോർപറേഷൻ പദ്ധതി പ്രകാരം നിർമിച്ച ചിത്രം വിവാഹമോചനത്തിലൂടെ കടന്നുപോകുന്ന ആറ് സ്ത്രീകളുടെയും അവരുടെ അതിജീവനത്തിന്റെയും കഥ പറയുന്നു. നാടകകൃത്തും നടിയുമായ മിനിയുടെ ആദ്യ ചിത്രമാണ്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മന്ത്രി സജി ചെറിയാൻ പുറത്തുവിട്ടു. പൂജപ്പുര സ്വദേശിയായ മിനി ലാൽ ജോസ്, പി ബാലചന്ദ്രൻ എന്നിവരുടെ അസിസ്റ്റന്റായിരുന്നു. അഭിനയിച്ച രണ്ടുചിത്രം പുറത്തിറങ്ങാനുണ്ട്.
പദ്ധതി പ്രകാരം നിർമിച്ച ആദ്യചിത്രം ‘നിഷിദ്ധോ’ സംസ്ഥാനസർക്കാർ പുരസ്കാരം ഉൾപ്പെടെ നേടിയിരുന്നു. രണ്ട് വനിതാസംവിധായകർ, എസ്സി, എസ്ടി വിഭാഗത്തിൽ രണ്ടുപേർ എന്നിങ്ങനെ വർഷം നാലുപേർക്കാണ് സിനിമ നിർമിക്കാൻ ഒന്നരക്കോടി വീതം നൽകുന്നത്. നവാഗത സംവിധായികയ്ക്ക് പ്രതിഫലമായി എട്ടുലക്ഷം രൂപയും നൽകും.
ചിത്രം ആളുകളിലേക്ക് എത്തിക്കാനും പ്രത്യേക ശ്രദ്ധ നൽകുന്നു. ഒടിടിയിലുമുണ്ടാകും. ഇനിമുതൽ ചിത്രങ്ങൾക്ക് 1.10 കോടി രൂപയാണ് നൽകുക. 40 ലക്ഷം പ്രദർശന ചെലവിനായി നീക്കിവയ്ക്കും. ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ചലച്ചിത്ര വികസന കോർപറേഷന്റെ സംവിധാനങ്ങൾ ഉപയോഗിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..