കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ളവര്‍ക്ക് കുറഞ്ഞത് 8.5 മുതല്‍ 10 മൈക്രോഗ്രാം വരെ വിറ്റമിന്‍ ഡിയാണ് ശരീരത്തില്‍ അനിവാര്യമായിട്ടുള്ളത്. വിറ്റമിന്‍ ഡി നമ്മളുടെ ശരീരത്തില്‍ കുറഞ്ഞാല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്. ഇവ കുറയുമ്പോള്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
വിറ്റമിന്‍ ഡിയുടെ കുറവ് എങ്ങിനെ മനസ്സിലാക്കാം
സാധാരണ ഗതിയില്‍ രക്ത പരിശോധനയിലൂടെയാണ് നമ്മള് വിറ്റമിന്‍ ഡിയുടെ കുറവ് മനസ്സിലാക്കുന്നത്. എന്നാല്‍ ഇവ കൂടാതെ, ശരീരം കാണിച്ച് തരുന്ന ചില ലക്ഷണങ്ങള്‍ വെച്ചും നമുക്ക് ഇത് മനസസിലാക്കി എടുക്കാന്‍ സാധിക്കും.
നമ്മള് കൃത്യമായി ശ്രദ്ധ നല്‍കാതെ ഇതിന്റെ കുറവ് മനസ്സിലാക്കാതിരുന്നാല്‍ എല്ലുകളുടെ ആരോഗ്യത്തെ ഇത് കാര്യമായി ബാധിച്ചെന്ന് വരാം. ഇതുപോലെ, ശരീരത്തില്‍ വിറ്റമിന്‍ ഡി കുറയുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നോക്കാം.
ഹാര്‍വാര്‍ഡ് ടി എച്ച് ചാന് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് പറയുന്നത് പ്രകാരം, നമ്മളുടെ ശരീരത്തിലെ കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ വരെ വിറ്റമിന്‍ ഡി സഹായിക്കുന്നുണ്ട് എന്നാണ്. കൂടാതെ, വീക്കം കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട് എന്ന് പറയുന്നു.
മുറിവുകള്‍ ഉണങ്ങാന്‍ താമസം
നമ്മളുടെ ശരീരത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ വേഗത്തില്‍ ഉണങ്ങി കിട്ടുന്നതിന് വിറ്റമിന്‍ ഡി അനിവാര്യമാണ്. സാധാരണ ഗതിയില്‍ പ്രമേഹ രോഗികളിലാണ് മുറിവുകള്‍ വേഗത്തില്‍ ഉണങ്ങാതിരിക്കുന്നത്. ഇത്തരം രോഗികള്‍ക്ക് മുറിവ് ഉണങ്ങാന്‍ വിറ്റമിന്‍ ഡി സപ്ലിമെന്റ്സ് ആണ് പൊതുവില്‍ ഡോക്ടര്‍മാര്‍ നല്‍കാറുള്ളത്.
അതിനാല്‍ തന്നെ, നമ്മള്‍ക്ക് പ്രമേഹം ഇല്ലെങ്കില്‍ കൂടി, ശരീരത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ വേഗത്തില്‍ ഉണങ്ങുന്നില്ലെങ്കില്‍ നിങ്ങളുടെ വിറ്റമിന്‍ ഡി ലെവല്‍ പരിശോധിക്കേണ്ടത് അനിവാര്യം.
മാനസിക സമ്മര്‍ദ്ദം
നമ്മളുടെ മാനസികാരോഗ്യം നിലനിര്‍ത്തുന്നതില്‍ പോലും വിറ്റമിന്‍ ഡിക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. വിറ്റമിന്‍ ഡി ശരീരത്തില്‍ കുറഞ്ഞാല്‍ ഒരു വ്യക്തിയില്‍ പ്രകടമായി കാണുന്ന പ്രധാന ലക്ഷണമാണ് മാനസിക സമ്മര്‍ദ്ദം. വിറ്റമിന്‍ ഡി ഒരു വ്യക്തിയുടെ മൂഡിനെ സ്വാധീനിക്കുന്നുണ്ട് എന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്.
നമ്മളുടെ മൂഡിനെ നല്ലനിലയില്‍ നിലനിര്‍ത്തുന്നതിനും വറ്റമിന്‍ ഡി അനിവാര്യം തന്നെ. അതിനാല്‍, ചിലര്‍ വിറ്റമിന്‍ ഡി സപ്ലിമെന്റ്സ് മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ഉപയോഗിക്കുന്നതും കാണാം.
അതിനാല്‍, നിങ്ങള്‍ക്ക് അമിതമായി കാരണമില്ലാതെ മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ടെങ്കില്‍ വിറ്റമിന്‍ ഡി ലെവല്‍ പരിശോധിക്കുന്നത് നല്ലതാണ്.
ക്ഷീണം
വിറ്റമിന്‍ ഡി ശരീരത്തില്‍ കുറഞ്ഞാല്‍ അത് ഏറ്റവും അധികം ബാധിക്കുന്നത് നമ്മളുടെ എനര്‍ജി ലെവലിനെ തന്നെയാണ്. ശരീരത്തില്‍ നിന്നും എനര്‍ജി കുറയുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നത് അമിതമായി ക്ഷീണം അനുഭവിക്കുമ്പോഴാണ്. ഇത്തരത്തില്‍ ശരീരം ക്ഷീണിക്കുമ്പോള്‍ അത് തലവേദന, ഉറക്കക്കുറവ്, എല്ലുകള്‍ക്ക് വേദന എന്നീ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നു.
അതിനാല്‍, നിങ്ങള്‍ക്ക് പെട്ടെന്ന് നല്ല ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടാല്‍ വിറ്റമിന്‍ ഡിയുടെ അളവ് പരിശോധിക്കുന്നത് നല്ലതാണ്.
Also Read: Vitamin D കൂടാന്‍ ഇതാ 5 മാര്‍ഗ്ഗങ്ങള്‍
നടുവേദന
എല്ലുകളുടെ ആരോഗ്യത്തിന് വിറ്റമിന്‍ ഡി അനിവാര്യം തന്നെ. വിറ്റമിന്‍ ഡി കുറഞ്ഞാല്‍ അത് എല്ലിന്റെ ബലത്തേയും ബാധിക്കുന്നുണ്ട്. വിറ്റമിന്‍ ഡി ശരീരത്തില്‍ ഉണ്ടെങ്കില്‍ മാത്രമാണ് കാല്‍സ്യം ശരീരത്തിലേയ്ക്ക് കൃത്യമായി ആഗിരണം ചെയ്യപ്പെടൂ.
വിറ്റമിന്‍ ഡി ശരീരത്തില്‍ കുറയുമ്പോള്‍ നടുവിന് അമിതമായി വേദന അനുഭവപ്പെടുന്നത് പതിവാകുന്നു. അതുപോലെ, പേശികള്‍ക്ക് വേദനയും ഇവര്‍ക്ക് അനുഭവപ്പെടുന്നു. അതിനാല്‍, ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഡോക്ടറെ കാണിക്കേണ്ടത് അനിവാര്യം.