കൊയിലാണ്ടി: കശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികന് ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയില്‍ സുബേദാര്‍ എം. ശ്രീജിത്തിന്റെ (42) മൃതദേഹം ഇന്ന് രാവിലെ സൈനിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്കരിക്കും. ചടങ്ങുകള്‍ തുടങ്ങി. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്കര ചടങ്ങ്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊതുദര്‍ശനം ഒഴിവാക്കി.
പൊതുജനങ്ങള്‍ സൈനികന്റെ വീട്ടിലേക്ക് വരാതിരിക്കാന്‍ വെള്ളിയാഴ്ച ഉച്ചമുതല്‍ പ്രദേശത്ത് കനത്തനിയന്ത്രണങ്ങള്‍ പോലീസിന്റെ സഹായത്തോടെ നടത്തിയിരുന്നു.
സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വനംമന്ത്രി എ.കെ. ശശീന്ദ്രന് ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. മന്ത്രി വെള്ളിയാഴ്ച വൈകീട്ട് ശ്രീജിത്തിന്റെ വീട്ടിലെത്തി അച്ഛന് വത്സന്, അമ്മ ശോഭന, ഭാര്യ ഷജിന, മക്കളായ അതുല്‍ജിത്ത്, തന്മയ ലക്ഷ്മി, സഹോദരന് അനൂപ് എന്നിവരെ ആശ്വസിപ്പിച്ചു.
കെ. മുരളീധരന് എം.പി., കാനത്തില്‍ ജമീല എം.എല്‍.എ., പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, ചേമഞ്ചേരി ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, തഹസില്‍ദാര്‍ സി.പി. മണി, കൊയിലാണ്ടി സി.ഐ. എന്‍. സുനില്‍കുമാര്‍ എന്നിവരും ശ്രീജിത്തിന്റെ വീട്ടിലെത്തിയിരുന്നു.
ഭാര്യ ഷജിനയെയും രണ്ട് മക്കളേയും വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് മരണവിവരം അറിയിച്ചത്. ജമ്മുകശ്മീരില്‍ രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്റ്ററില്‍ പാക്കിസ്താന് അതിര്‍ത്തിക്ക് സമീപം വ്യാഴാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് നായിബ് സുബേദാര്‍ എം. ശ്രീജിത്ത് അടക്കം രണ്ടുജവാന്മാര് വീരമൃത്യു വരിച്ചത്.
മന്ത്രിമാരായ എ.കെ. ശശീന്ദ്രന്, പി.എ. മുഹമ്മദ് റിയാസ്, കെ. മുരളീധരന് എം.പി., പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്, ഡി.സി.സി. പ്രസിഡന്റ് യു. രാജീവന്, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.കെ. സജീവന് എന്നിവര്‍ അനുശോചിച്ചു.
ശ്രീജിത്തിന്റെ മൃതദേഹം വാളയാര്‍ അതിര്‍ത്തിയില്‍ ഇന്നലെ രാത്രിയോടെയാണ് അധികൃതര്‍ ഏറ്റുവാങ്ങിയത്. ഔദ്യോഗിക നടപടിള്‍ക്ക് ശേഷം പുലര്‍ച്ചെ ഒരു മണിയോടെ വീട്ടിലെത്തി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി പാലക്കാട് ഡിവൈ.എസ്.പി. പി. ശശികുമാറും തഹസില്‍ദാര്‍ ടി. രാധാകൃഷ്ണനുമാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
കോയമ്പത്തൂര്‍ സൂലൂര്‍ വ്യോമസേന വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം റോഡുമാര്‍ഗമാണ് ജന്മനാട്ടിലേക്ക് കൊണ്ടുപോയത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് കേരള അതിര്‍ത്തിയായ പാലക്കാട് വാളയാറില്‍ എത്തിയത്.