കോട്ടയം: കോവിഡില്‍ തകര്‍ന്ന ടൂറിസം വിപണിയെ ചലിപ്പിക്കാന്‍ പുതിയ ആശയങ്ങള്‍ തേടി മന്ത്രി മുഹമ്മദ് റിയാസ് പൊതുസ്വീകാര്യരെ കാണുന്നു. പ്രാദേശിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അഭിപ്രായം സ്വരൂപിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ലോകസഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങരയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സാമൂഹികമാധ്യമങ്ങളിലും മറ്റ് പൊതുവേദികളിലും സ്വീകാര്യരായ പ്രമുഖരുമായി വരുംദിവസങ്ങളിലും അദ്ദേഹം ചര്‍ച്ചകള്‍ നടത്തും.
വിദേശസഞ്ചാരികള്‍ വന്ന് വലിയ മതില്‍ക്കെട്ടിനുള്ളിലെ റിസോര്‍ട്ടില്‍ താമസിച്ച് പോകുന്നതിനപ്പുറം, അവരെ നമ്മുടെ ജീവിതങ്ങളിലേക്ക് എങ്ങനെ ഇറക്കണമെന്നും അതിലൂടെ പ്രാദേശിക വിപണിയിലേക്ക് എങ്ങനെ പണമെത്തിക്കാമെന്നുമുള്ള വിഷയങ്ങളില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര മന്ത്രിയുമായി ആശയവിനിമയം നടത്തി. ലോകത്തേറ്റവും മുറികളുള്ള ഒരു റിസോര്‍ട്ട് എന്ന രീതിയിലേക്ക് കേരളത്തെ മാറ്റണമെന്ന വിശാലമായ കാഴ്ചപ്പാട് അദ്ദേഹം വിശദീകരിച്ചു. കോവളം കെ.ടി.ഡി.സി. ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ച ഒന്നരമണിക്കൂറോളം നീണ്ടു.
പൊതുസ്വീകാര്യരുടേയും സംഘടനകളുടെയും അഭിപ്രായങ്ങള്‍ പരമാവധി കേള്‍ക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ് മാതൃഭൂമിയോട് പറഞ്ഞു. അത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ വളരെയധികം പ്രയോജനം ചെയ്യുന്നുണ്ട്. തന്നെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറായത് വലിയ ഊര്‍ജ്ജം പകരുന്നുവെന്നും സര്‍ക്കാരിന് എല്ലാ സഹകരണവും വാദ്ഗാനം ചെയ്യുന്നുമെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ചായത്ത് കേന്ദ്രീകരിച്ച് ടൂറിസം കേന്ദ്രങ്ങള്‍
വിദൂരയാത്രകള്‍ സജീവമാകാന്‍ ഇനിയും വൈകുമെന്നതിനാല്‍ തൊട്ടടുത്തുള്ള വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുക എന്നതാണ് ലക്ഷ്യം. ഓരോ പഞ്ചായത്തും ഓരോ ടൂറിസ്റ്റ്കേന്ദ്രമാക്കുക എന്ന കാഴ്ചപ്പാടോടെ ഇതിനായി മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കാത്ത പ്രാദേശിക വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കണ്ടെത്താനായി സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് ഭരണാധികാരികളുമായി മന്ത്രി ആശയവിനിമയം നടത്തിവരികയാണ്. കോഴിക്കോട്, വയനാട് ജില്ലകളിലെ പഞ്ചായത്ത് പ്രസിഡന്റുമാരുമായി ഇതിനോടകം ചര്‍ച്ച നടത്തി. നാല് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. വയനാട്ടിലെ തിരുനെല്ലിയിലും കോഴിക്കോട് നഗരത്തിലും ബേപ്പൂരും പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കും. ഇന്ത്യയില്‍ ആദ്യമായി സാഹിത്യ സര്‍ക്യൂട്ട് എന്ന ആശയവും വിഭാവനം ചെയ്തിട്ടുണ്ട്.
ടൂറിസവുമായി ബന്ധപ്പെട്ട വിവിധ സംഘടനകളുമായി മന്ത്രി കഴിഞ്ഞദിവസങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. വിനോദസഞ്ചാര മേഖലകളിലെ സര്‍ക്കാരിന്റേത് ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ക്ക് ഏകീകൃത സ്വഭാവം കൊണ്ടുവരാനും സൗന്ദര്യവത്കരിക്കാനും വാസ്തുവിദഗ്ധരുടെയും അഭിപ്രായങ്ങള്‍ തേടിയിട്ടുണ്ട്.
Content Highlight: Muhammed Riyas Department of Tourism