കൗ ഹഗ് ഡേ ആഘോഷാഹ്വാനവും അത്തെത്തുടർന്നുണ്ടായ രാഷ്ട്രീയ വാദപ്രതിവാദങ്ങളും അവസാനിച്ചു കഴിഞ്ഞു. ഹഗ് ഡേ ആഹ്വാനം കേന്ദ്ര സർക്കാരിന് പിൻവലിക്കേണ്ടി വന്നു. അത് വേണ്ടത്ര സ്വീകാര്യത നേടുന്നില്ലെന്നത് തിരിച്ചറിഞ്ഞാകാം പിന്തിരിച്ചിലുണ്ടായത്. പശു എന്ന ബിംബത്തിന്റെ രാഷ്ട്രീയ ദുരുപയോഗത്തിന് അവസാനമെത്തിയോ എന്ന് തോന്നിക്കുമാറ് ശിവസേനയുടെ മുഖപത്രമായ സാമന, പ്രധാനമന്ത്രി നരേന്ദ്ര മോദി കുത്തകഭീമനായ അദാനിയെ വിശുദ്ധ പശുവായാണ് കാണുന്നതെന്ന് മുഖപ്രസംഗഴുതി. ബിജെപിക്ക് വലിയ തലവേദനയായി അത്.
പശുവിന്റെയും മറ്റും പേരിലുള്ള വിവാദങ്ങള്‍ സാധാരണ യഥാര്‍ഥ പ്രശ്നത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള മാര്‍ഗമായാണ് ഉപയോഗിക്കപ്പെട്ടിരുന്നതെങ്കിലും ഇത്തവണ പ്രതീക്ഷിച്ച ഫലമല്ല ഉണ്ടാക്കിയത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശമാറ്റാന്‍ ത്രാണിയുള്ള പശു രാഷ്ട്രീയത്തിന് ഇപ്പോള്‍ രാജ്യത്ത് സ്വാധീനം കുറഞ്ഞുവരുന്നു എന്നാണോ ഇത് അര്‍ഥമാക്കുന്നത്? അതോ ബിജെപിയും ദേശീയതലത്തില്‍ മതനിരപേക്ഷതയുടെ കാര്യത്തില്‍ കുറച്ചുകൂടി തുറന്ന സമീപനത്തിലേക്കും, പശു-ബീഫ്-ഹിന്ദിവാദം സംസ്ഥാനതലത്തില്‍ മാത്രം മതിയെന്ന തീരുമാനത്തിലേക്കും എത്തിയോ? പെട്ടെന്നൊരു മറുപടി അത്ര എളുപ്പമല്ല. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ അത്രയധികം വേരാഴ്ത്തിയ പശുരാഷ്ട്രീയം ഭാവിയിലും വോട്ട് ബാങ്ക് തന്നെയാണെന്നേ ഇപ്പോൾ കരുതാനാകൂ.
പശു രാഷ്ട്രീയ ബിംബമാകുന്നു
ആദിമകാലം മുതലേ പശു നല്കുന്ന സാമ്പത്തിക മൂല്യവും മതത്തില്‍ അതിന്റെ പ്രാധാന്യവും തിരിച്ചറിയപ്പെട്ടിട്ടുള്ളതാണ്. ഭാരതത്തില്‍ പ്രാചീന കാലം മുതലേ പക്ഷിമൃഗാദികളെ വിവിധ ആരാധാനാമൂര്ത്തികളുടെ പ്രതിബിംബങ്ങളായി കണ്ട് ദൈവികപദവി നല്കി ആരാധിച്ചിരുന്നു. പശുവിനെ ആരാധിക്കാന്‍ തുടങ്ങുന്നതും ഗോവധം പാപമായി കണക്കാക്കുന്നതും ആര്യന്മാരുടെ വരവോടെ വേദകാലഘട്ടതോടെയായിരിക്കണമെന്ന് ചരിത്രകാരന്മാര് കരുതുന്നു. അതിനു മുമ്പ് ഇന്ത്യയില്‍ കന്നുകാലികളെ വിശ്വാസത്തിന്റെ ഭാഗമായി ബലി അര്‍പ്പിക്കുന്ന രീതിയുണ്ടായിരുന്നു. ബ്രാഹ്മണിസം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തി പ്രാപിച്ചു തുടങ്ങിയത് മുതല്‍ ‘വെജിറ്റേറിയനിസത്തിനും’ പശുവിനെ ഗോമാതാവായി ആരാധിക്കുന്നതിനും വ്യാപക പ്രചാരം കിട്ടിത്തുടങ്ങി. പല പ്രബല ഹിന്ദു വിഭാഗങ്ങളും ഇവ പിന്തുടരാന് തുടങ്ങി. അതോടെ പശുക്കള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തങ്ങളുടെ മത-പാരമ്പര്യ-രാഷ്ട്രീയതയിലേക്കുള്ള കടന്നുകയറ്റമായി ഹൈന്ദവര്‍ കരുതി.
പശുസംരക്ഷണം തങ്ങളുടെ മത-പാരമ്പര്യങ്ങളുടെ അടിസ്ഥാനമായാണ് ബ്രാഹ്മണർ കണക്കാക്കിയിരുന്നത്. ജൈന, സിഖ് പോലുള്ള മതവിഭാഗങ്ങളും ഇതേ കാഴ്ച്ചപ്പാട് പിന്തുടരുന്നവരാണ്. ബ്രിട്ടീഷുകാലത്തിനു മുമ്പ് ഇന്ത്യയില്‍ ഹിന്ദു-സിഖ് വിശ്വാസം പുലര്‍ത്തിയിരുന്ന രാജ്യങ്ങളില്‍ ഗോഹത്യ മരണശിക്ഷ ലഭിക്കുന്ന കുറ്റമായി. മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ തന്റെ രാജ്യത്ത് ഗോവധം നിരോധിക്കുക പോലുമുണ്ടായി. എന്നാല്‍ മറ്റു മുഗള്‍ രാജവംശങ്ങള്‍ക്ക് ഗോവധം യുദ്ധത്തിന്റെ ഭാഗമായിരുന്നു. ഇത് മുഗളന്മാരും അന്നത്തെ ഹിന്ദുരാജാക്കന്മാരും ജനങ്ങളും തമ്മിലുള്ള നിരന്തരസംഘര്‍ഷത്തിന് കാരണമായി. മുഗള്‍ ഭരണത്തില്‍ നിന്ന് ഇന്ത്യ പിടിച്ചടക്കിയ ബ്രിട്ടീഷുകാരുമായും ഇതേ വിഷയത്തെച്ചൊല്ലി സംഘര്‍ഷം തുടര്‍ന്നു.
1800-കളില്‍ ബ്രിട്ടീഷ് രാജിന്റെ കാലത്ത് സിഖ് മതത്തിലെ കുക വിഭാഗമായിരുന്നു പശുസംരക്ഷണം ആവശ്യപ്പെട്ട് ആദ്യമായി പൊതുവേദിയിലെത്തിയത്. രാജ്യത്തിന്റെ ധാര്‍മിക ചിഹ്നമാണ് പശുവെന്നായിരുന്നു അവരുടെ അവകാശവാദം. ഹിന്ദു നവോത്ഥാന പ്രസ്ഥാനങ്ങള്‍ വൈകാതെ ഈ ആശയം ഏറ്റെടുത്തു. പശു സംരക്ഷണം ദേശീയസ്വതന്ത്രസമര പ്രസ്ഥാനത്തിന്റെ ഭാഗമാക്കാന്‍ ‘ആര്യ സമാജം’ വഹിച്ച പങ്ക് ചെറുതല്ല. 1882-ല്‍ തന്നെ രാജ്യത്ത് ആദ്യത്തെ ഗോരക്ഷിണി സഭ നിലവില്‍ വന്നു.
പശുസംരക്ഷണം മുദ്രാവാക്യമായ ഇത്തരം പ്രസ്ഥാനങ്ങള്‍ വൈകാതെ മുസ്ലിം വിരുദ്ധ പ്രക്ഷോഭങ്ങളായി രൂപം പ്രാപിച്ചു. ഇതുമായി ബന്ധപ്പെട്ട് നടന്ന കലാപങ്ങളില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടു. 1857-ലെ ശിപായി ലഹളയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രക്ഷുബ്ദമാക്കിയത് 1893-ലെ പശുവിന്റെ പേരിലുള്ള കലാപമായിരുന്നു. ഇന്ത്യയെ തുടർന്നും ഭരിക്കുന്നതിന് ബ്രിട്ടന് കണ്ടെത്തിയ ന്യായീകരണങ്ങളിലൊന്ന് ഇതായിരുന്നു. സ്വതന്ത്ര സമരകാലത്ത് പശുവിന്റെ പേരിലുള്ള കലാപങ്ങളും കൊലപാതകങ്ങളും നിരവധിയുണ്ടായി. പശു അടക്കമുള്ള ബിംബങ്ങളെ മുൻനിർത്തി വിഭജിച്ചു ഭരിക്കുകയാണ് ബ്രിട്ടീഷുകാരെന്ന് അന്നും ചുരുക്കം ചിലർ മാത്രമേ തിരിച്ചറിഞ്ഞിരുന്നുള്ളൂ.
ഗോസംരക്ഷണം മഹാത്മാഗാന്ധിയുടെ രാഷ്ട്രീയനയങ്ങളിലൊന്നായിരുന്നു. ഗോസംരക്ഷണത്തെ കുറിച്ച് പലഘട്ടങ്ങളിലും അദ്ദേഹം തുറന്ന് പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഗോവധം നിയമം മൂലം നിരോധിക്കണമെന്ന് ആവശ്യം അദ്ദേഹം ഉന്നയിച്ചില്ല. പകരം ആളുകളുടെ മനോഭാവത്തില്‍ മാറ്റം വരുത്താനാണ് മഹാത്മാഗാന്ധി ശ്രമിച്ചത്. എന്നാല്‍ കോണ്‍ഗ്രസില്‍ ഹൈന്ദവ നയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ക്ക് അദ്ദേഹം വിധേയനായി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം പശുസംരക്ഷണം ഭരണഘടനയില്‍ മൗലിക അവകാശമാക്കണമെന്ന് ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യശില്പി ഡോ. ബി. ആര്. അംബേദ്കറുടെ നയപരമായ ഇടപെടലുകളില്‍ പശുസംരക്ഷണം നിർദ്ദേശക തത്ത്വത്തില്‍ (ഡയറക്ടീവ് പ്രിന്‍സിപ്പല്‍) ചേര്‍ക്കപ്പെട്ടു.
അതേസമയം ഹിന്ദുമതത്തിലെ പലവിഭാഗങ്ങളിലും പശുസംരക്ഷണമെന്നത് വൈകാരിക വിഷയംതന്നെയായി അവശേഷിച്ചു. 1962-ല്‍ മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് വേളയില്‍ ഭാരതീയ ജന്‍സംഘ് പുറത്തിറക്കിയ ലഘുലേഖകളില്‍ ജവഹര്‍ലാല്‍ നെഹ്റു പശുവിനെ വാളുകൊണ്ട് വെട്ടാനോങ്ങുന്നതായി ചിത്രീകരിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ബാലറ്റ് പെട്ടി തുറന്നപ്പോള്‍ മുന്മുഖ്യമന്ത്രിയായ കൈലാഷ്നാഥ് കഠ്ജു ജന്‍സംഘ് ടിക്കറ്റില്‍ മത്സരിച്ച ആര്‍എസ്എസ് അംഗം ലക്ഷ്മി നാരായണ്‍ പാണ്ഡേയോട് തോറ്റു. അത്രയ്ക്കുണ്ടായിരുന്നു അന്ന് പശുവിന് രാഷ്ട്രീയത്തിനുണ്ടായ സ്വാധീനം.
പാര്‍ലമെന്റിനെ വീഴ്ത്താന്‍ പോയ പശു
1964-ല്‍ ജവഹര്‍ ലാല്‍ നെഹ്റുവിന്റെ മരണത്തിന് ശേഷം ഒരുകൂട്ടം വ്യാപാര പ്രമുഖര്‍ രാഷ്ട്രീയപ്രചാരണങ്ങള്‍ക്ക് പശുവിന്റെ മേലുള്ള വികാരം വ്യാപകമായി ഉപയോഗിച്ച് തുടങ്ങി. ആര്.എസ്.എസ്., ഹിന്ദു മഹാസഭ, വിശ്വ ഹിന്ദു പരിക്ഷത്ത്, അഖില ഭാരതീയ രാമ രാജ്യപരിഷത്ത് തുടങ്ങിയ സംഘടനകള്‍ പിന്നീട് ഈ നീക്കത്തിന്റെ ഭാഗമായി. 1965-ല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ ഗോസംരക്ഷണം ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രചരണത്തിന് തുടക്കമിട്ടു. വിവിധ മതവിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രചരണത്തിന്റെ ഭാഗമായി പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ നേതാക്കള്‍ തീരുമാനിച്ചു. പുരിയിലെ ശങ്കരാചാര്യര്‍ ഗോവധം രാജ്യത്ത് നിരോധിച്ചില്ലെങ്കില്‍ മരണം വരെ ഉപവസിക്കാന്‍ തീരുമാനിച്ചു.
കേന്ദ്ര മന്ത്രി ഗുല്‍സരി ലാല്നന്ദയുടെ വീട് പിക്കറ്റ് ചെയ്തുകൊണ്ട് 1966 ആഗസ്റ്റില്‍ ഗോസംരക്ഷണത്തിനുള്ള പ്രചാരണം തുടങ്ങി. ഒക്ടോബറില്‍ മഹാരാഷ്ട്രയില്‍ നടന്ന പ്രകടനം അക്രമാസക്തമാവുകയും പോലീസ് വെടിവെപ്പില്‍ പത്തോളം പേര് മരിക്കുകയും ചെയ്തു. സമരം ഇല്ലാതാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണങ്ങള്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. ഭാരതീയ ജന്‍ സംഘ് അവസാന നിമിഷമാണ് സമരത്തില്‍ പങ്കാളികളാകുന്നത്.
1966 നവംബര്‍ ഏഴിന് മഹാത്മാഗാന്ധിയുടെ അനുയായിയും സ്വതന്ത്ര സമരപോരാളിയുമായിരുന്ന പ്രഭുദത്ത് ബ്രഹ്മചാരി നേതൃത്വം നല്കിയ സര്വദളിയ ഗോരക്ഷാ മഹാഭിയാന്‍ സമിതി പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. ‘രക്തരൂഷിതമായ മതലഹള’ എന്നാണ് പിറ്റേന്നിറങ്ങിയ പത്രങ്ങള്‍ പ്രതിഷേധത്തെ വിശേഷിപ്പിച്ചത്. നാഗസാധുക്കള്‍ മുന്‍നിരയില്‍ നിന്ന് നയിച്ച സമരം കലാപമായി മാറിയതാണ് കാരണം. ഡല്‍ഹി നഗരം മുഴുവന്‍ പടര്‍ന്ന വ്യാപക ആക്രമണങ്ങളില്‍ വ്യാപകനാശനഷ്ടമുണ്ടായി, പോലീസ് വെടിവെപ്പില്‍ ആളുകള്‍ കൊല്ലപ്പെട്ടു, അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റു, നിരവധി പേരെ അറസ്റ്റു ചെയ്തു.
പാര്‍ലമെന്റ് സമുച്ചയത്തിലേക്ക് സാധുക്കള്‍ക്ക് പ്രവേശിക്കാന്‍ അനുവാദം നല്കിയ ഗുല്‍സരി ലാല്‍ നന്ദയ്ക്ക് രാജി വെക്കേണ്ടി വന്നു. ഗോവസംരക്ഷണത്തോട് എന്നും അനുഭാവനിലപാട് സ്വീകരിച്ച നന്ദയുടെ രാജി ഇന്ദിരാഗാന്ധിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നും പറയപ്പെടുന്നു. തീവ്ര ഹിന്ദുവാദികള്‍ പ്രതീക്ഷിച്ച പോലെ കലാപം രാജ്യവ്യാപകമായി ഗോവധം നിരോധിച്ചില്ല. എന്നാല്‍ കലാപം ഇന്ദിരാഗാന്ധിക്കും ജന്സംഘിനും നേട്ടമാണ് ഉണ്ടാക്കി കൊടുത്തത്. ഇന്ദിരാഗാന്ധിക്ക് ഒരുക്കുവനിത എന്ന പ്രതിഛായ ലഭിച്ചു. അവരുടെ രാഷ്ട്രീയമികവ് രാജ്യം തിരിച്ചറിയുന്നതിനുള്ള അവസരമായും കലാപം മാറി. കലാപം ജന്സംഘിന് തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സഹായിച്ചു. പശുവികാരവും സര്‍ക്കാരിന്റെ സമരം അടിച്ചമര്‍ത്തല്‍ നടപടിയും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാനും അത് വോട്ടാക്കാനും അവര്‍ക്ക് സാധിച്ചു. 1967-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 14-ല്‍ നിന്ന് 35 സീറ്റുകളായി ഉയര്‍ത്താന്‍ പശുവികാരം മാത്രം മതിയായിരുന്നു അവര്‍ക്ക്.
കോണ്‍ഗ്രസ് സര്‍ക്കാര്‍ ദേശീയതലത്തില്‍ പശുസംരക്ഷണത്തിന് നിയമങ്ങള്‍ കൊണ്ടുവന്നില്ലെങ്കിലും സംസ്ഥാനങ്ങളില്‍ നിയമങ്ങള്‍ കൊണ്ടുവരേണ്ടി വന്നു. പിന്നീട് ജന്‍ സംഘ് മാറി ബിജെപിയായെങ്കിലും പശുവിഷയത്തില്‍ നിലപാട് മാറ്റിയിരുന്നില്ല. 2014-ല്‍ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയം ‘പിങ്ക് വിപ്ലവം’ ആയിരുന്നു. മാംസത്തിന് വേണ്ടി കന്നുകാലികളെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കശാപ്പു ചെയ്യുന്നുവെന്ന പ്രചാരണം മറ്റ് വിഷയങ്ങള്‍ക്കൊപ്പം പാര്‍ട്ടിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കാന്‍ കാരണമായി. ലോകത്തിൽ ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്തിരുന്ന ഇന്ത്യയ്ക്ക് ബിജെപി ഭരണത്തില്‍ വന്നതിന് പിന്നാലെ അതില്‍ നിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞു.
1966-ലുണ്ടായ കലാപത്തിന്റെ പാഠം ബിജെപി മറന്നിട്ടില്ല, കോണ്‍ഗ്രസും. തിരഞ്ഞെടുപ്പുകളില്‍ ഇപ്പോഴും പശുവികാരം കറവ വറ്റാത്ത വിഷയം തന്നെയാണ്. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ പശുവിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബിജെപി മറക്കാറില്ല. എന്നാല്‍ പഴയ അത്ര ശേഷി പശു രാഷ്ട്രീയത്തിനുണ്ടോ എന്നതില്‍ അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ സംശയം തോന്നിപ്പിക്കും. ഭരണം നിലനിര്‍ത്തണമെങ്കില്‍ പശുരാഷ്ട്രീയം മാത്രം മതിയാകില്ലെന്ന് സംഘപരിവാറിനറിയാം. അതിനാലാകണം അവര്‍ പശുവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അധികം വിവാദങ്ങള്‍ക്ക് അവസരം കൊടുക്കാത്തത്. അതേസമയം പശുരാഷ്ട്രീയം പൂര്‍ണമായി തള്ളിപ്പറഞ്ഞ് ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിനും സാധിക്കില്ല. ഇപ്പോള്‍ മുഖ്യചര്ച്ചാവിഷയമല്ലെങ്കിലും പശുരാഷ്ട്രീയം ഇന്ത്യയില്‍ നിന്ന് അത്രവേഗമൊന്നും തേഞ്ഞുമാഞ്ഞ് പോകില്ലെന്ന് സാരം.