കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ കൊമ്മേരിയിലെ ഫാമില്‍ 34 ആടുകള്‍ക്ക് ബാക്ടീരിയ പടര്‍ത്തുന്ന ജോണീസ് ഡിസീസ് ബാധിച്ചതിനെത്തുടര്‍ന്ന് ഇവയെ കൊന്നുകളയാന്‍ മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്കി.
എന്നാല്‍ ഇവയെ സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന് ജില്ലാപഞ്ചായത്ത് യോഗം മൃഗസംരക്ഷണവകുപ്പിനോട് അഭ്യര്‍ഥിച്ചു. പ്രസിഡന്റ് പി.പി. ദിവ്യ മൃഗസംരക്ഷണ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി ജെ. ചിഞ്ചുറാണിക്ക് കത്തയയ്ക്കുകയും ചെയ്തു.
ബാക്ടീരിയ പരത്തുന്ന രോഗമാണ് ജോണീസ് ഡിസീസ്. പ്രത്യക്ഷത്തില്‍ ലക്ഷണങ്ങളില്ല. രോഗം കലശലായാല്‍ വയറിളക്കം കൂടി ആരോഗ്യം ശോഷിക്കും. മറ്റുള്ളവയിലേക്ക് പകരുമെന്നതിനാലാണ് കൊന്നുകളയാന്‍ നിര്‍ദേശിക്കുന്നത്. മരുന്ന് കണ്ടുപിടിച്ചിട്ടുമില്ല. ചില ഹോമിയോ മരുന്നുകള്‍ ഫലപ്രദമാണെന്ന് കണ്ടതിനെത്തുടര്‍ന്ന് ഇത് പരീക്ഷിക്കാന്‍ അനുവദിക്കണമെന്നഭ്യര്‍ഥിച്ച് ഫാം അധികൃതരും ഡയറക്ടര്‍ക്ക് കത്തയിച്ചിട്ടുണ്ട്.
ആകെ 80 ആടുകളാണ് ഫാമില്‍. ഇതില്‍ ഒരു മുട്ടനാടിനും 33 പെണ്ണാടിനുമാണ് രോഗം വന്നത്. കഴുത്തില്‍ ചുവന്ന റിബണ്‍ കെട്ടി ഇവയെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ജില്ലാ രോഗനിയന്ത്രണ ഓഫീസര്‍ കഴിഞ്ഞ മാസം 14-ന് ആടുകളുടെ രക്തം പരിശോധിച്ചിരുന്നു. രോഗം കണ്ടതിനെത്തുടര്‍ന്ന് 22-ന് വീണ്ടും പരിശോധിച്ചു. അതിലും സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് കൊല്ലാന്‍ നിര്‍ദേശിച്ചത്. പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഫാം സന്ദര്‍ശിച്ചിരുന്നു. ആരോഗ്യത്തോടെ നില്ക്കുന്ന് ആടുകളെ ഇല്ലാതാക്കേണ്ട കാര്യമില്ലെന്ന് യോഗത്തില്‍ പ്രസിഡന്റ് വിശദീകരിച്ചു. മറ്റ് അംഗങ്ങളും ഇതിനോട് യോജിച്ചു. പക്ഷേ, ഇത്തരം രോഗമുള്ളവയെ കൊല്ലണമെന്നാണ് മൃഗവകുപ്പിന്റെ പ്രോട്ടോകോള്‍.
Content highlight: Johne’s disease in goats