കോവിഡ് മൂലം നിർത്തിവെച്ച ഈ വർഷത്തെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാമതാണ്
ചെന്നൈ സൂപ്പർ കിങ്സ് ക്യപ്റ്റനും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ എം.എസ് ധോണി ഐപിഎല്ലിൽ നിന്നും വിരമിക്കുകയാണെങ്കിൽ താനും വിരമിക്കുമെന്ന് സുരേഷ് റെയ്ന. അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇരുവരും ഐപിഎല്ലിൽ മാത്രമാണ് ഇപ്പോൾ കളിക്കുന്നത്.
“എനിക്ക് ഇനിയും നാലോ അഞ്ചോ വർഷമോ ഉണ്ട്. ഈ വർഷം ഐപിഎൽ ഉണ്ട്. അടുത്ത വർഷം രണ്ടു ടീമുകൾ കൂടി വരും. പക്ഷേ ഞാൻ കളിക്കുന്നത് വരെ സിഎസ്കെക്ക് വേണ്ടി മാത്രമേ കളിക്കൂ. ഈ വർഷം ഞങ്ങൾക്ക് നന്നായി കളിക്കാൻ സാധിക്കുമെന്ന് കരുതുന്നു.” റെയ്ന ന്യൂസ് 24 സ്പോർട്സിനോട് പറഞ്ഞു.
“ധോണി ഭായ് അടുത്ത സീസണിൽ കളിക്കുന്നില്ലെങ്കിൽ ഞാനും കളിക്കില്ല. ഞങ്ങൾ 2008 മുതൽ സിഎസ്കെക്ക് വേണ്ടി കളിക്കുന്നുണ്ട്. ഈ വർഷം ഞങ്ങൾ ജയിക്കുകയാണെങ്കിൽ അടുത്ത വർഷം കളിക്കാനും ഞാൻ അദ്ദേഹത്തെ നിർബന്ധിക്കും. ഞാൻ എന്റെ പരമാവധി ശ്രമിക്കും. പക്ഷേ അദ്ദേഹം കളിക്കില്ലെങ്കിൽ ഞാൻ മറ്റേതെങ്കിലും ടീമിനു വേണ്ടി കളിക്കുമെന്ന് കരുതുന്നില്ല.” റെയ്ന [പറഞ്ഞു.
കോവിഡ് മൂലം നിർത്തിവെച്ച ഈ വർഷത്തെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാമതാണ്. ഈ സീസണിൽ വിജയിക്കുകയാണെങ്കിൽ 2022ൽ കളിക്കാൻ ധോണിയെ നിർബന്ധിക്കും എന്നാണ്റെയ്ന പറയുന്നത്. ഐപിഎല്ലിന്റെ ഈ സീസണിലെ ബാക്കി മത്സരങ്ങൾ സെപ്റ്റംബറിൽ യൂഎഇയിൽ ആരംഭിക്കാൻ ഇരിക്കുകയാണ്.
Read Also: ടീം ക്യാമ്പിൽ കോവിഡ്; ഇന്ത്യ – ശ്രീലങ്ക പരമ്പര നീട്ടിവെച്ചു
2008ൽ ഐപിഎൽ ആരംഭിച്ചത് മുതൽ റെയ്നയും ധോണിയും ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടിയാണു കളിക്കുന്നത്. ചെന്നൈ ടീമിന് വിലക്ക് നേരിട്ട 2016, 2017 സീസണുകളിൽ മാത്രമാണ് ഇരുവരും മറ്റു ടീമുകൾക്കായി കളിച്ചത്. ആ രണ്ടു വർഷം ധോണി റൈസിങ് പുണെ സൂപ്പർജയന്റ്സിനു വേണ്ടിയും റെയ്ന ഗുജറാത്ത് ലയൺസിനു വേണ്ടിയുമാണ് കളിച്ചത്.