കോൺഗ്രസ് അധ്യക്ഷൻ 11 അംഗങ്ങളെ നാമനിർദേശം ചെയ്യുമ്പോൾ 12 അംഗങ്ങൾ തെരഞ്ഞെടുപ്പിലൂടെയാണ് പ്രവർത്തകസമിതിയിലെത്തുക. പാർട്ടി അധ്യക്ഷനും പാർലമെൻ്ററി പാർട്ടി നേതാവും ഉൾപ്പെടെ 25 അംഗങ്ങൾ ഉൾപ്പെട്ടതാണ് സിഡബ്ല്യൂസി. സമിതിയിലേയ്ക്ക് നാമനിർദേശം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ശശി തരൂർ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം, പാർട്ടി തീരുമാനം എന്താണെന്ന് അറിഞ്ഞ ശേഷം ഇക്കാര്യത്തിൽ തീരുമാനം മാറ്റിയേക്കുമെന്നും തരൂർ കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ വെച്ച് പറഞ്ഞിരുന്നു.
നിലവിൽ എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാൽ പ്രവർത്തകസമിതിയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ആരോഗ്യപ്രശ്നങ്ങളും പ്രായാധിക്യവും മൂലം പട്ടികയിൽ എകെ ആൻ്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും പേരുകൾ ഉണ്ടാകില്ല. ഈ സാഹചര്യത്തിൽ രമേശ് ചെന്നിത്തല പ്രവർത്തക സമിതി അംഗമായേക്കുമെന്നാണ് മാതൃഭൂമി റിപ്പോർട്ട്. മത്സരിക്കാനാണെങ്കിലും ചെന്നിത്തല സന്നദ്ധനാകുമെന്നാണ് കരുതുന്നത്. ഇതിനു പുറമെയാണ് ശശി തരൂരിൻ്റെയും കൊടിക്കുന്നിൽ സുരേഷിൻ്റെയും പേരുകൾ. അടുത്തിടെ തരൂരിൻ്റെ പൊതുസ്വീകാര്യത ഏറിയതും കോൺഗ്രസ്അധ്യക്ഷ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തിയതും തരൂരിനെ ഉൾപ്പെടുത്താൻ പാർട്ടിയെ സമ്മർദ്ദത്തിലാക്കുന്ന ഘടകങ്ങളാണ്. പാർട്ടിയ്ക്കുള്ളിലെ വിമതപ്രതിച്ഛായ ഇല്ലാതാക്കാൻ തരൂരും ശ്രമിക്കുന്നുണ്ട്. എന്നാൽ നേതൃത്വത്തിൻ്റെ ഭാഗമാകേണ്ടെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചാൽ തരൂരിന് തിരിച്ചടിയാകുകയും ചെയ്യും. കൂടാതെ സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കുമ്പോൾ കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും ഉൾപ്പെട്ട പട്ടികയിൽ തരൂരിനെ ചേർക്കുന്നത് എതിർപ്പിന് ഇടവെച്ചേക്കും.
അതേസമയം, ദീർഘകാലമായി പാർലമെൻ്റംഗമായിരുന്ന കൊടിക്കുന്നിൽ സുരേഷിനെ ദളിത് പ്രാതിനിധ്യം ഉറപ്പാക്കാനായിരിക്കും പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ദളിത് വിഭാഗത്തിൽ നിന്നായതിനാൽ ഇക്കാരണം കൊണ്ടുമാത്രം കൊടിക്കുന്നിലിനെ ഉൾപ്പെടുത്തണമെന്നില്ല. ഇതിനു പുറമെ മുതിർന്ന നേതാവ് കെ മുരളീധരനും സാധ്യത കൽപ്പിക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള അംഗങ്ങളുടെ എണ്ണം നാലായി ഉയർന്നേക്കില്ലെന്നാണ് കരുതുന്നത്. അതേസമയം, പ്രവർത്തകസമിതിയിലേയ്ക്ക് തെരഞ്ഞെടുപ്പ് വേണ്ടെന്നാണ് തീരുമാനമെങ്കിൽ സാമുദായിക സമവാക്യങ്ങൾ പരിഗണിച്ചായിരിക്കും തീരുമാനമുണ്ടാകുക.
അതേസമയം, കേരളത്തിൽ നിന്നുള്ള എഐസിസി അംഗങ്ങളുടെ പട്ടികയും പണിപ്പുരയിലാണ്. 68 പേർ പട്ടികയിൽ വേണ്ടെന്നും അംഗങ്ങളുടെ എണ്ണം 41 ആയി ചുരുക്കാനുമാണ് നിർദേശം. അതേസമയം, ഒഴിവാക്കപ്പടുന്നവർക്ക് വോട്ടവകാശമില്ലെങ്കിലും യോഗത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചേക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കേ ബിജെപിയ്ക്കെതിരെ പയറ്റേണ്ട തന്ത്രങ്ങൾ രൂപപ്പെടുത്തുകയാണ് കോൺഗ്രസ്. ഹിന്ദിഹൃദയഭൂമിയിലെ ഭൂരിപക്ഷ വോട്ടർമാരെയും രാജ്യത്തെ ദുർബലവിഭാഗങ്ങളെയും ഒപ്പം നിർത്തിയുള്ള തന്ത്രമായിരിക്കും കോൺഗ്രസ് രൂപപ്പെടുത്തുക.