മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തി ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് പാസാക്കുന്നത് 2019-ലാണ്. സംവരണത്തിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ പോയി. സര്‍ക്കാര്‍ സംവരണവിഷയത്തില്‍ അനുകൂല നിലപാടായിരുന്നു എടുത്തിരുന്നത്. 2022-ല്‍ സുപ്രീംകോടതി സംവരണം ശരിവെച്ചു. സാമ്പത്തിക സംവരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുമ്പോള്‍ ദളിത് ക്രൈസ്തവ/മുസ്ലീം സംവരണം ചര്‍ച്ചയാകുന്നത്. സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ മുന്നില്‍ നിന്ന കേന്ദ്ര സര്‍ക്കാര്‍ ദളിത് ക്രൈസ്തവ/മുസ്ലീം സംവരണത്തില്‍ അത്ര അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്.
ക്രൈസ്തവ, മുസ്ലീം മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്ത ദളിത് വിഭാഗത്തില്‍ നിന്നുള്ളവരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം വര്‍ഷങ്ങളായി ഈ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉന്നയിക്കുന്നുണ്ട്. തങ്ങള്‍ നരിടുന്ന അസമത്വങ്ങളില്‍ നിന്ന് മോചനം ലഭിക്കുമെന്നും മെച്ചപ്പെട്ട സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളുമാണ് വിശ്വാസത്തെക്കാള്‍ മതപരിവര്‍ത്തനത്തിന് സ്വാധിനിക്കുന്ന ഘടകങ്ങള്‍. പ്രത്യേകിച്ച് ഹിന്ദുമതത്തില്‍ നിന്ന് മറ്റു മതങ്ങളിലേക്ക് മാറാനുള്ള കാരണം കീഴ്ജാതി-മേല്‍ജാതി എന്ന വേർതിരിവാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തൊട്ടുകൂടായ്മയും മറ്റുമായി ഈ വേർതിരിവ് രൂക്ഷമായിതന്നെ നിലനില്‍ക്കുന്നുണ്ട്. വിഷയത്തെ കുറിച്ച് പഠിക്കാനും സംവരണം ആവശ്യമുണ്ടോ എന്നറിയാനും സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ മൂന്നംഗ സമിതിയെ കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന രവീന്ദ്ര കുമാര്ജയിന്, യുജിസി അംഗം ഡോ. സുഷമാ യാദവ് എന്നിവരടങ്ങുന്ന സമിതിക്ക് രണ്ടുവര്‍ഷത്തെ സമയമാണ് നല്‍കിയത്.
ദളിത് ക്രൈസ്തവരെ എസ്.സി. വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സിഎസ്ഐ സഭ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത് ഈയടുത്താണ്. കേരളത്തിലെ ദളിത് ക്രൈസ്തവ വിഭാഗം സംവരണാനുകൂല്യം ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടുണ്ട്. പട്ടികജാതിയില്‍ നിന്ന് ക്രിസ്തുമതം സ്വീകരിച്ചവര്‍ക്ക് ഉദ്യോഗത്തില്‍ ഒഎക്സ് വിഭാഗത്തിലും തൊഴിലധിഷ്ഠിത കോഴ്സുകളില്‍ എസ്ഐയുസി നാടാര്ക്കൊപ്പവും ഉന്നത വിദ്യാഭ്യാസത്തില്‍ മറ്റ് പിന്നാക്ക ക്രിസ്ത്യനിലും ഉള്‍പ്പെടുത്തി സംവരണം അനുവദിക്കുന്നുണ്ടെന്ന് 2016-ല്‍ വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. എന്നാല്‍ ഇവിടെയും ദളിത് ക്രിസ്ത്യാനികളുടെ അവസ്ഥ അത്ര മെച്ചമല്ല.
ദളിത് ക്രൈസ്തവ സംവരണം സംബന്ധിച്ച ഹര്‍ജികള്‍ 20 വര്‍ഷത്തിന് മുകളിലായി സുപ്രീം കോടതിയുടെ പരിഗണനയിലും ഉള്ള വിഷയമാണ്. 2007-ല്‍ സുപ്രീം കോടതി മുന്‍ചീഫ് ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മിഷന് ദളിത് വിഭാഗങ്ങളില്‍ നിന്ന് ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ദളിത് ക്രൈസ്തവരുടെ ദേശീയ കൗണ്‍സിലും മറ്റും സുപ്രീം കോടതിയെ സമീപിക്കുന്നത് ഈ ശുപാര്‍ശയെ തുടര്‍ന്നാണ്. ക്രൈസ്തവ, മുസ്ലിം മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്ത ദളിത് വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണമെന്ന രംഗനാഥ മിശ്ര കമ്മിഷന് ശിപാര്‍ശ സ്വീകാര്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഈയടുത്താണ് വ്യക്തമാക്കിയത്.
ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദളിത് വിഭാഗത്തിനോട് സ്വീകരിക്കുന്ന നിലപാടല്ല മറ്റുള്ളവരോട് കാണിക്കുന്നത്. ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നതോടെ ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ അത്രയും കാലം അനുഭവിച്ചുവന്ന വിവേചനം ഇല്ലാതാകുന്നുണ്ടെന്ന് സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ക്രൈസ്തവ മതം സ്വീകരിച്ച് പേര് മാറ്റി കഴിഞ്ഞാല്‍ ദളിതര്‍ നേരിടുന്ന അസമത്വങ്ങള്‍ ഇല്ലാതാകുമെന്നാണ് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വാദമുന്നയിച്ചത്. ഭരണഘടനയുടെ 341-ാം അനുച്ഛേദനം അനുസരിച്ച് രാഷ്ട്രപതിയുടെ വിവിധ സമയങ്ങളിലെ ഉത്തരവുകള്‍ പ്രകാരം നിലവില്‍ ഹിന്ദു, ബുദ്ധ, സിഖ് മതങ്ങളിലുള്പ്പെട്ടവര്ക്കാണ് പട്ടികജാതി പദവി അനുവദിക്കുന്നത്.
ഇതിനിടയില്‍ ദളിത് ക്രൈസ്തവര്‍ക്ക് സംവരണം വേണോ വേണ്ടയോ എന്ന വിഷയത്തില്‍ നേരിട്ട് ഇടപെടാനുള്ള ആര്‍എസ്എസിന്റെ തീരുമാനം പുതിയ ചര്‍ച്ചകള്‍ക്ക് വേദിയായിരിക്കുകയാണ്. ദളിത് വിഭാഗത്തില്‍ നിന്ന് മുസ്ലിം, ക്രൈസ്തവ മതങ്ങളിലേക്ക് പരിവര്‍ത്തനം നടത്തിയവര്‍ക്ക് സംവരണം കൊടുക്കണോ എന്ന കാര്യത്തില്‍ ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആര്‍എസ്എസ്) മാധ്യമവിഭാഗമായ വിശ്വ സംവാദ് കേന്ദ്ര രണ്ടുദിവസത്തെ സമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുകയാണ്. കെ.ജി. ബാലകൃഷ്ണന് കമ്മിറ്റി വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ കാത്തിരിക്കാന്‍ ആര്‍എസ്എസ് തയ്യാറാകാത്തത് എന്തുകൊണ്ടായിരിക്കും, പെട്ടെന്ന് വിഷയം ഏറ്റെടുക്കാന്‍ കാരണമെന്താകും തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇത് വഴിവെച്ചു.
നോയ്ഡയില് മാര്‍ച്ച് നാലിന് നടക്കാന്‍ പോകുന്ന സമ്മേളനത്തില്‍ നിയമ, വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരും നയതന്ത്രപ്രതിനിധികളും പങ്കെടുക്കുമെന്നാണ് വിവരം. സമ്മേളനത്തിന് ശേഷം ദളിത് ക്രൈസ്തവ/മുസ്ലിം വിഭാഗത്തിന്റെ സംവരണ വിഷയത്തില്‍ ആര്‍എസ്എസ് എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിയേണ്ടിയിരിക്കുന്നു.
സച്ചാര്‍ കമ്മിറ്റിയുടെയും മിശ്ര കമ്മിഷന്റെയും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ പട്ടികജാതിയിലെ പരിവര്‍ത്തിത മുസ്ലിം/ക്രൈസ്തവര്‍ക്ക് സംവരണം കൊടുക്കണമോയെന്ന സംശയം രാജ്യത്തെ ജനങ്ങള്‍ക്കിടയിലുണ്ടെന്ന് സമ്മേളനത്തിന്റെ കോഓര്‍ഡിനേറ്റര്‍ പ്രവേശ് ചൗധരി പറഞ്ഞു. ഹിന്ദുമതത്തില്‍ നിന്ന് മാറി മുസ്ലിം/ക്രിസ്തുമതം സ്വീകരിച്ചാലും പട്ടികജാതിയില്‍ നിന്നുള്ളവരുടെ സാമൂഹിക സ്ഥിതിയില്‍ വ്യത്യാസം വരുന്നില്ലെന്ന് രാജ്യത്തെ ഒരു വിഭാഗം കരുതുന്നുണ്ടെന്നും എന്നാല്‍ വലിയൊരു വിഭാഗം കരുതുന്നത് ഹിന്ദു മതത്തില്‍ വിശ്വസിക്കുന്ന പട്ടികജാതിക്കാര്‍ക്ക് മാത്രമേ സംവരണം നല്കാവു എന്നാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിന്റെ രണ്ടുവശങ്ങളും ചര്‍ച്ചചെയ്യേണ്ടത് അത്യാവശ്യമാണെന്നും ചര്‍ച്ചയില്‍ നിന്നെടുക്കുന്ന തീരുമാനത്തില്‍ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വത്തിലേക്ക് തിരിച്ച് മതം മാറുന്നവര്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്നാണ് വിശ്വഹിന്ദ് പരിഷത്തിന്റെ നിലപാട്. മുസ്ലിം മതത്തിലേക്കോ ക്രൈസ്തവ മതത്തിലേക്കോ പരിവര്‍ത്തനം ചെയ്യുന്ന പട്ടികജാതിക്കാര്‍ക്ക് സംവരണം നല്‍കരുതെന്നാണ് തങ്ങളുടെ ആദ്യത്തെ നിലപാടെന്ന് വിഎച്ച്പി നേതാവ് വിജയ് ശങ്കര്‍ തിവാരി പറഞ്ഞിരുന്നു. എന്നാല്‍ ഹിന്ദുമതത്തിലേക്ക് മടങ്ങി വരുന്നവര്‍ക്ക് (ഘര്‍ വാപസി) പരിഗണന നല്‍കാമെന്ന തീരുമാനത്തിലാണ് അവര്‍ ഇപ്പോള്‍.
മതപരിവര്‍ത്തനം നടത്തിയ പട്ടികജാതിക്കാര്‍ക്ക് സംവരണം നല്‍കുന്നത് പണ്ടുമുതലേ സംഘപരിവാര്‍ എതിര്‍ത്തിട്ടുണ്ട്. എതിര്‍പ്പില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ലെങ്കിലും തീവ്രനിലപാടില്‍ അയവ് വരുത്താന്‍ സാധ്യതയുണ്ടോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കുന്നത്. മതപരിവര്‍ത്തനം നടത്തിയ ആദിവാസി വിഭാഗങ്ങള്‍ക്കുള്ള സംവരണം നിര്‍ത്തലാക്കാനുള്ള ശ്രമങ്ങള്‍ സമരങ്ങളിലൂടെയും ബിജെപി എംപിമാര്‍ വഴിയും സംഘപരിവാര്‍ നടത്തിയിട്ടുണ്ട്. രാഷ്ട്രീയ നേട്ടം മുന്നില്‍ക്കണ്ട് പ്രത്യേക സംവരണം ഏര്‍പ്പെടുത്തുന്നത് രാഷ്ട്രത്തിന്റെ ഐക്യത്തിന് ദോഷമാകുമെന്ന് അഖില ഭാരതീയ പ്രതിനിധി സഭ 1961-ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ കാലം മുതല്‍ പരിവര്‍ത്തിത മുസ്ലിം/ക്രൈസ്തവര്‍ക്ക് സംവരണം നല്‍കരുതെന്ന കാര്യത്തില്‍ ആര്‍എസ്എസിന്റെ കടുംപിടിത്തം ഇതുവരെ മാറിയിട്ടില്ല.
1990-കളില്‍ ബുദ്ധമതം സ്വീകരിച്ചവര്‍ക്ക് സംവരണം നല്‍കുന്നത് പോലെ തങ്ങള്‍ക്കും നല്‍കണമെന്ന ക്രൈസ്തവരുടെ ആവശ്യത്തെ എബിപിഎസ് എതിര്‍ത്തു. ഹിന്ദുമതത്തില്‍ ജാതിയുടെ പേരില്‍ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ ഇല്ലാതാക്കാനാണ് സംവരണങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് എബിപിഎസ് പ്രതികരിച്ചു. ആര്‍എസ്എസും വിഎച്ച്പിയും ബജ് റംഗ് ദളും ബിജെപിയും കൂടി 2008-ല്‍ ഒറീസയിലെ കണ്ഡമലില്‍ ദളിത് മുസ്ലിമുകള്‍ക്കും ദളിത് ക്രിസ്ത്യാനികള്‍ക്കും നേരെ അഴിച്ചുവിട്ട കലാപത്തില്‍ നിരവധി നിരപരാധികളാണ് കൊല്ലപ്പെട്ടത്. സമൂഹത്തിന് മുന്നില്‍ മെച്ചപ്പെട്ട സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ക്രിസ്തുമതം സ്വീകരിച്ചവരായിരുന്നു കണ്ഡമലിലെ ദളിതരും ആദിവാസികളും. പ്രദേശത്തെ ഉന്നതവിഭാഗം ഇവരെ ഹിന്ദുക്കളെന്ന് വിളിച്ചത് അവഗണിച്ചതായിരുന്നു കലാപത്തിനുള്ള കാരണം.
2014-ല്‍ ഉത്തര്‍പ്രദേശില്‍ ബിജെപി ഭരണത്തില്‍ വന്നതിന് പിന്നാലെ സംഘ്പരിവാറും അനുബന്ധ സംഘടനകളും പലതരത്തില്‍ ദളിതര്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ വൈകാതെ അവര്‍ തന്ത്രം മാറ്റി. തിരിച്ച് മതം മാറുന്നവര്‍ക്ക് സംവരണാനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് ഒരു കോടതി ഉത്തരവിനെ മുന്‍നിര്‍ത്തി വിഎച്ച്പി ‘ഘര്‍ വാപസി’ എന്ന പേരില്‍ തിരിച്ചു മതം മാറാന്‍ വലിയ പ്രചരണമാണ് നടത്തിയത്. ക്രിസ്തുതത്തിലും മുസ്ലിം മതത്തിലും ഉന്നതവിഭാഗങ്ങളില്‍ നിന്ന് നേരിടുന്ന അടിച്ചമര്‍ത്തല്‍ കാരണമാണ് എല്ലാവരും ഹിന്ദുത്വത്തിലേക്ക് തിരിച്ച് വരുന്നതെന്ന തരത്തില്‍ പ്രചരിപ്പിക്കാനും സംഘ് പരിവാര്‍ ശ്രമിച്ചിരുന്നു. മതപരിവര്‍ത്തനത്തിന് തടയിടാനായി ചരിത്രത്തില്‍ ആദ്യമായി 2015-ല്‍ ആര്‍എസ്എസ് ജാതി വിവേചനത്തിനെതിരേ യുപിയിലെയും പഞ്ചാബിലെയും ഗ്രാമങ്ങളില്‍ സമ്മേളനങ്ങള്‍ പോലും നടത്തി. ‘ഒരു ഗ്രാമം, ഒരു കിണര്‍, ഒരു ശ്മശാനം’ എന്ന പേരില്‍ ജാതിവിവേചനത്തിനെതിരേ വലിയ പരിപാടികളാണ് സംഘടിപ്പിച്ചത്. ദളിതരുടെ വിശ്വാസം നേടിയെടുക്കാന്‍ ഡോ. ബി.ആര്. അംബേദ്കറെയും സംഘ്പരിവാര്‍ ഉപയോഗിച്ചു. സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നാണ് ആര്‍എസ്എസ് തങ്ങളുടെ പ്രചരണങ്ങള്‍ തുടങ്ങിയത്. അതിന് അവര്‍ കൂട്ടുപിടിച്ചത് ഉയര്‍ന്ന വിഭാഗത്തിലുള്ള ആളുകളെയും. ഉയര്‍ന്ന വിഭാഗത്തിലുള്ളവരുടെ സാന്നിധ്യവും സഹകരണവും ഉറപ്പാക്കികൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ആര്‍എസ്എസ് അവിടെ നടത്തിയത്. ഹിന്ദുവിഭാഗത്തിന്റെ മുഖ്യധാരയിലേക്ക് ഉന്നത വിഭാഗങ്ങളുടെ സഹകരണത്തോടെ ആര്‍എസ്എസ് ദളിതരെ കൊണ്ടുവരികയാണെന്ന് വരുത്തിച്ചു. 2016-ല്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ കീഴില്‍ നടത്തിയ സാമൂഹിക ക്യാമ്പയിനുകള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ടായി മാറുകയും ചെയ്തു.
മതപരിവര്‍ത്തനം നടത്തിയവര്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ നല്‍കരുതെന്നാണ് ബിജെപിയുടെയും നയമെങ്കിലും നിലവിലെ സാഹചര്യത്തില്‍ ആ വിഭാഗങ്ങളില്‍ നിന്ന് വോട്ട് ലഭിക്കുകയാണെങ്കില്‍ കളയാന്‍ അവര്‍ തയ്യാറാല്ല. അതുകൊണ്ട് വിഷയത്തെ അവര്‍ക്ക് ദോഷമാകാത്ത തരത്തിലാണ് അവതരിപ്പിക്കുന്നത്. പരിവര്‍ത്തിത മുസ്ലിമുകള്‍ക്കും ക്രൈസ്തവര്‍ക്കും സംവരണം നല്‍കുന്നത് ഇരുമതങ്ങളിലും ജാതിവ്യവസ്ഥ ഔദ്യോഗികമായി പരിചയപ്പെടുത്തുന്നതിന് തുല്യമാണെന്ന് ബിജെപി ആരോപിച്ചു. രണ്ടുമതങ്ങളുടെ അടിസ്ഥാനതത്ത്വങ്ങളെ സംവരണം ചോദ്യം ചെയ്യുമെന്നും ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും അപ്പുറമുള്ള കാര്യമാണിതെന്നും ബിജെപി പറഞ്ഞു. ബിജെപി രണ്ടാംവട്ടവും ഭരണത്തിലെത്തിയപ്പോള്‍ ഇതിനെക്കുറിച്ച് പഠിക്കാന്‍ കെജി ബാലകൃഷ്ണന് കമ്മിറ്റി നിയമിക്കാന്‍ തയ്യാറായി. പട്ടികജാതി പട്ടികയില്‍ പുതിയവരെ ഉള്പ്പെുത്തിയാല് മറ്റുള്ളവരെ ബാധിക്കുമോ, മറ്റ് മതങ്ങള്‍ സ്വീകരിച്ചവര്‍ക്ക് പട്ടികജാതി പദവിക്ക് അര്‍ഹതയുണ്ടോ അവര്‍ വിവേചനം നേരിടുന്നുണ്ടോ, ആചാരങ്ങളില്‍ എന്തെല്ലാം മാറ്റമുണ്ടായി തുടങ്ങിയ വിഷയങ്ങള്‍ കമ്മിഷന് പരിഗണിക്കും. ഇതിനു മുമ്പ് രംഗനാഥ മിശ്ര കമ്മിഷനും സച്ചാര്‍ കമ്മിഷനും സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുസ്ലിം വിഭാഗങ്ങളെയായിരുന്നു കൂടുതലും പരിഗണിച്ചത്. അതേസമയം പരിവര്‍ത്തനം നടന്നാലും ദളിത് മുസ്ലിമുകളുടെയും ദളിത് ക്രൈസ്തവരുടെയും സാമൂഹിക-സാമ്പത്തിക അവസ്ഥയ്ക്ക് മാറ്റം വരുന്നില്ലെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. പട്ടികജാതിക്കാരിലേത് പോലെ മതം പരിഗണിക്കാതെ തന്നെ പട്ടിക വര്‍ഗത്തിനും സംവരണം കൊടുക്കണമെന്ന് മിശ്ര കമ്മിറ്റിയും ശുപാര്‍ശ ചെയ്തിരുന്നു.
ഹിന്ദു വിഭാഗങ്ങളെയെല്ലാം ഒരു കുടക്കീഴില് കൊണ്ടുവരേണ്ടതിന്റെ ആവശ്യകത ആര്‍എസ്എസിന് നേരത്തെ തന്നെ അറിയാം. പ്രത്യേകിച്ച് 2024-ല്‍ തിരഞ്ഞെടുപ്പ് വാതിക്കലില്‍ വന്ന് നില്ക്കുമ്പോള് അത് അടിയന്തര പ്രധാന്യമുള്ള വിഷയവും ആകുന്നു. പശുവിന്റെ പേരിലും ജാതിയുടെ പേരിലും ദളിതരെ ആക്രമിക്കുന്നത് തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ മാറ്റിവെക്കാന്‍ സംഘ് പരിവാര്‍ ഈയിടെയായി ശ്രമിക്കാറുണ്ട്. അതുപോലെ താത്കാലികമായൊരു മൃദുസമീപനം ദളിത് മുസ്ലിം, ദളിത് ക്രിസ്ത്യാനികളോട് സ്വീകരിക്കാനായിരിക്കുമോ ആര്‍എസ്എസിന്റെ പുതിയ അജണ്ട? അതറിയണമെങ്കില്‍ നാലിന് നടക്കാനിരിക്കുന്ന സമ്മേളനം കഴിയണം. ഹിന്ദുകളെ ഒരുമിച്ച് നിര്‍ത്തുമെന്ന മന്ത്രമായിരിക്കുമോ ആര്‍എസ്എസ് അവിടെ ഉയര്‍ത്താന്‍ പോകുന്നതെന്ന് വൈകാതെ അറിയാം.