ഇടുക്കി, എറണാകുളം, പത്തനംതിട്ട, പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുള്ള ഊരാളി, മണ്ണാൻ, മുതുവ, കാടർ ഗോത്രവിഭാഗങ്ങളിൽ പെട്ടവരാണ് പ്രധാനമായും കണ്ണാടിപ്പായ നെയ്തെടുക്കുന്നത്. ഉള്ളാടൻ, മലയരയൻ, മലയൻ, ഹിൽ പുലയ എന്നിവരുൾപ്പെടെയുള്ള മറ്റ് തദ്ദേശീയ സമൂഹങ്ങൾ, വളരെ ചുരുക്കമാണെങ്കിലും കണ്ണാടിപ്പായ നെയ്ത്ത് ചെയ്യുന്നുണ്ട്. പായ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്രത്യേകയിനം മുള വർഗം ഇടുക്കിയിലെ ഉൾക്കാടുകളിൽ മാത്രാണ് കണ്ടുവരുന്നത്. ആദിവാസികൾക്ക് അവ കണ്ടാൽ പെട്ടെന്ന് തന്നെ തിരിച്ചറിയാനാകും. “മുളയുടെ ചീന്ത് നാല് തവണ ചീന്തിക്കളഞ്ഞു ലഭിക്കുന്ന വളരെ കനം കൂറഞ്ഞതും, നല്ല വെളുത്ത നിറമുള്ളതുമായ പാളികളാണ് ഉപയോഗിക്കുക. മുളയുടെ മുട്ടുകൾ തമ്മിൽ നല്ല രീതിയിൽ തന്നെ അകലം ഉള്ളതിനാൽ ഈ ചീന്തുകൾ ഉപയോഗിച്ച് വളരെ മനോഹരമായി കണ്ണാടിപ്പായ നിർമ്മിക്കാനാകുമെന്ന്മെന്ന് കേരള ഫോറെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എ വി രഘു പറയുന്നു.
ഇടുക്കി കുറ്റിക്കാനത്തെ മാർ ബസിലിയസ് എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടന്ന മുപ്പത്തിയഞ്ചാമത് സ്റ്റേറ്റ് സയൻസ് കോൺഗ്രസിലെ പ്രധാന ആകർഷണം കണ്ണാടിപ്പായ ആയിരുന്നു. വിദ്യാർഥികൾ കണ്ണാടിപ്പായയുടെ കരകൗശലഭംഗിയിൽ പ്രത്യേക താല്പര്യം പ്രകടിപ്പിച്ചു. പേര് സൂചിപ്പിക്കുന്നത് പോലെ മുളയുടെ “ഞുഞ്ഞീറ്റ” എന്ന പ്രത്യേകയിനം ഉപയോഗിച്ച് കണ്ണാടി പോലെ തിളങ്ങുന്ന ഡിസൈനുകളും മാതൃകകളും നിർമ്മിക്കുന്നതിനാൽ കണ്ണാടിപ്പായ പ്ലാസ്റ്റിക് പായകളിൽ നിന്നും വ്യത്യസ്തമാണ്. ഉത്സവപ്പറമ്പുകളിലും മറ്റും സാധാരണമായി കണ്ടുവരുന്ന ഈറ്റപ്പായയിൽ നിന്നും കണ്ണാടിപ്പായ വ്യത്യസ്തമാണ്. വ്യത്യസ്തവും സമാനതകളില്ലാത്തതിനാലും, ഒരു പ്രദേശത്ത് നിന്നു മാത്രമായി പ്രത്യേകമായി ഉത്ഭവിക്കുന്നതിനാലുമാണ് കണ്ണാടിപ്പായ ജിഐ ടാഗിന് അർഹമാകുന്നത്. പ്രത്യേക ഭൂമിശാസ്ത്രപരമായ ഉത്ഭവവും, അതുമായി ബന്ധപ്പെട്ട ഗുണങ്ങളും വ്യത്യസ്തതയും നിലനിർത്തുന്ന ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന ഒരു അടയാളമാണ് ജിഐ ടാഗ് (ജിയോഗ്രാഫിക്കൽ ഐഡന്റിഫിക്കേഷൻ ടാഗ്). മിനുസമുള്ളതും തിളക്കമുള്ളതുമായ മുളയിൽ നിന്ന് നിർമ്മിക്കുന്ന കണ്ണാടിപ്പായക്ക് ജിഐ ടാഗ് ലഭിക്കുന്നതോടെ രാജ്യാന്തര വിപണിയിൽതന്നെ കണ്ണാടിപ്പായക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതാണ്.
ഇടുക്കിയിലെ വെണ്മണിയിലെ പലപ്ലാവ് ഊരിലെ ആദിവാസി സ്ത്രീകൾ കണ്ണാടിപ്പായ നിർമ്മിക്കുന്നതിൽ പ്രത്യേക വൈഭവമുള്ളവരാണ്. എന്നാൽ പ്ലാസ്റ്റിക് പായകളുടെ ആഗമനത്തോടെ ഈ ഉൽപ്പന്നങ്ങൾക്ക് ആളുകൾക്കിടയിൽ ഉള്ള സ്വീകാര്യത കുറഞ്ഞിട്ടുണ്ടെന്ന് പറയുന്നു കേരള കാർഷിക സർവകലാശാലയിലെ ഐ പി ആർ സെല്ലിലെ മുൻ മേധാവി സി ആർ എൽസി.
വരുമാനക്കുറവ് എന്ന പ്രശ്നം!
ഊരിലെ സ്ത്രീകൾക്ക് കണ്ണാടിപ്പായ നെയ്യാൻ വശമുണ്ടെങ്കിലും ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം വളരെ കുറവാണ്. ഇക്കാരണത്താൽ തന്നെ ആദിവാസി സ്ത്രീകളിൾക്ക് ഈ ജോലി തുടരാൻ ബുദ്ധിമുട്ട് വരുന്നു. ഒരു പായയ്ക്ക് ഏകദേശം എണ്ണായിരത്തോളം രൂപ നിർമ്മാണച്ചെലവ് വരുന്നതിൽ ലാഭം വളരെ പരിമിതമാണ്. മാത്രമല്ല അത്യാവശ്യം വലിയ ഒരു പായ മെടയാൻ 35 ദിവസം വരെയെടുക്കും. ചെറിയ പായയാണെങ്കിൽ 15 ദിവസം ആവശ്യമാണ്. ഉൾക്കാടുകളിൽ പോയി പ്രത്യേകയിനം മുള കണ്ടെത്തി അവ നാല് തവണ ചീകി ഉള്ളിലെ കനം കുറഞ്ഞതും മിനുസമുള്ളതുമായ മുള വീട്ടിയെടുത്ത് ചീകിമിനുക്കി തയ്യാറാക്കണം. പൂർണമായും കൈകൊണ്ടാണ് കണ്ണാടിപ്പായ നെയ്തെടുക്കുന്നത്.
“പൊതുവെ സ്ത്രീകളാണ് ഈ ജോലി ചെയ്ത് വരുന്നത്. എന്നിരുന്നാലും പുരുഷന്മാർ ഈ ജോലി ചെയ്യുന്നില്ലെന്നില്ല. മധ്യവയസ്കരായ സ്ത്രീകളാണ് ഇതിൽ ഭൂരിഭാഗവും. അവർ ഈ കൈത്തൊഴിൽ അവരുടെ പൂർവികരിൽ നിന്നും സ്വയത്തമാക്കിയതാണ്. ഗോത്രവർഗക്കാരുടെ സംസ്കാരത്തിന്റെ ഭാഗം കൂടിയാണിത്. യുവതലമുറ ഈ ജോലിയിലേക്ക് വരാൻ മടിക്കുന്നുണ്ട്. ഇത് പഠിച്ചെടുക്കാൻ നല്ല ബുദ്ധിമുട്ടാണ് എന്നത് ഒരു കാരണമാണ്. മാത്രമല്ല ഈ തൊഴിലിൽ നിന്നുള്ള പരിമിതമായ വരുമാനം അവരെ ഈ കൈത്തൊഴിൽ തിരഞ്ഞെടുക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്,” ഡോ രഘു അഭിപ്രായപ്പെട്ടു.
സർക്കാരിന്റെ പിന്തുണ
ആദിവാസി സമൂഹങ്ങളിലെ പ്രത്യേക ഗോത്രവിഭാഗങ്ങളിൽ നിലനിന്ന് പോരുന്ന ഈ കരകൗശല വിദ്യ വേറിട്ടതും പൈതൃകങ്ങളുടെ മുതൽക്കൂട്ടുമാണ്. ഈ മേഖലയിൽ ഒരു കൈത്താങ്ങ് എന്ന നിലയിൽ സർക്കാരിന്റെ കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതിൽ 85 ലക്ഷം കണ്ണാടിപ്പായ നിർമ്മിക്കുന്നതിനായി പ്രത്യേക മെഷീനറി സ്ഥാപിച്ച് നിർമ്മാണ ജോലി കൂടുതൽ എളുപ്പമാക്കാനാണ് മാറ്റിവെച്ചിരിക്കുന്നത്. അതിനുള്ള യന്ത്രം ഉടൻതന്നെ വെൺമണി ഊരിൽ എത്തിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ഈ രീതിയിൽ യന്ത്രമുപയോഗിച്ചുള്ള നിർമ്മാണരീതി സ്ത്രീകൾക്ക് ആയാസം കുറയ്ക്കും. കുറഞ്ഞ സമയത്തിൽ, കുറഞ്ഞ ചെലവിൽ കണ്ണാടിപ്പായ നിർമ്മിക്കാൻ ഇത് സഹായകമാകുമെന്നാണ് പ്രത്യാശയെന്ന് ഡോ. രഘു പറയുന്നു.
ജിഐ ടാഗ് ലഭിക്കുന്നതോടെ കേരളത്തിലെ ആദിവാസി സമൂഹം നിർമിക്കുന്ന കണ്ണാടിപായകൾക്ക് രാജ്യാന്തര വിപണിയിലേക്കുള്ള മികച്ച പ്രവേശനമാണ് ലഭിക്കുക. കരകൗശല വസ്തു എന്നതിനേക്കാളുപരി കണ്ണാടിപ്പായക്ക് ആരോഗ്യഗുണങ്ങളും ഏറെയാണ് എന്ന് എൽസി പറയുന്നു. ചൂടുകാലത്ത് ചെറിയ തണുപ്പും, ശൈത്യകാലത്ത് ചെറിയ ചൂടും നൽകാൻ കണ്ണാടിപ്പായകൾക്കാവും. മാത്രമല്ല പ്ലാസ്റ്റിക്കു പായകൾ ചർമ്മത്തിന് അത്ര നല്ലതല്ല എന്നുണ്ട്. മുളകൊണ്ടുള്ള പായകൾ ചാർമത്തിന് ഒരു കേടും ഉണ്ടാക്കില്ല.
കണ്ണാടിപ്പായയിൽ നെയ്തെടുക്കുന്ന ചതുരാകൃതിയിലുള്ള ഡിസൈനുകളാണ് കണ്ണാടി എന്ന പേരുവരാൻ കാരണം. അതിൽ ഉപയോഗിക്കുന്ന മുളക്കീറിന്റെ പ്രത്യേകത കൊണ്ടും വ്യത്യസ്തമായ ഡിസൈനുകൾ കൊണ്ടും വ്യത്യസ്ത ആംഗിളുകളിൽ പ്രകാശ പ്രതിഫലനം നടക്കുന്നത് കണ്ണാടിപ്പായയുടെ മികച്ച സവിശേഷത തന്നെയാണ്.
കുറഞ്ഞ വരുമാനം മൂലം ആദിവാസി സ്ത്രീകൾ ഈ കലയിൽ നിന്നും പിന്തിരിയുന്നത് തടയാനാണ് ജിഐ രജിസ്ട്രിയിൽ കൊണ്ടുവന്ന് ഈ കരകൗശല ഉത്പന്നത്തെ സംരക്ഷിക്കാൻ തീരുമാനിച്ചത്. അതിനായുള്ള അപേക്ഷ സമർപ്പിക്കുന്നതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആദിവാസി ഊരിലെത്തി പായ നെയ്തെടുക്കുന്ന സ്ത്രീകളെ സന്ദർശിച്ച് നിർമ്മാണ രീതിയും ഉത്പന്നവും പരിശോധിച്ച് അപേക്ഷയിലെ വസ്തുതകൾ സ്ഥിരീകരിക്കും. ഇതോടെ ജോഗ്രഫിക്കൽ ഐഡന്റിഫിക്കേഷൻ ഓഫ് ഗുഡ്സ് ( രെജിസ്ട്രേഷൻ ആൻഡ് പ്രൊട്ടക്ഷൻ) ആക്ട് 1999 പ്രകാരം ജിഐ ടാഗ് ലഭിക്കുകയും ചെയ്യും.
ഇടുക്കി, എറണാകുളം, പത്തനംതിട്ട, പാലക്കാട്, തൃശൂർ ജില്ലകളിലുള്ള ആദിവാസി ഗോത്രക്കാരാണ് പ്രധാനമായും ഈ തൊഴിൽ ചെയ്യുന്നത്.