നായത്തുടൽ കഴുത്തിൽ മുറുക്കി തൂപ്പുകാരൻ ബലാൽസംഗം ചെയ്തു; ദയാവധം പോലും നിഷേധിക്കപ്പെട്ട് പതിറ്റാണ്ടുകൾ; അരുണ ഷാൻബാഗ് എന്ന നഴ്സിന്റെ ദുരിതജീവിതം
ദയാവധത്തിന് പോലും അനുമതിയില്ലാതെ ജീവിതത്തിനും മരണത്തിനും ഇടയിൽ ജീവിച്ച് നരകിക്കേണ്ടി വന്ന പെൺകുട്ടി. തന്റെ വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ നായത്തുടലിൽ തളച്ചിട്ട് ഒരു തൂപ്പുകാരൻ അതിക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയ അരുണ ഷാൻബോഗിനെക്കുറിച്ച് അറിയാത്തവർ ചുരുക്കമായിരിക്കും. ദയാവധം സംബന്ധിച്ച കോടതി കേസുമായി ബന്ധപ്പെട്ട് അരുണ രാമചന്ദ്ര ഷാൻബോഗ് എന്ന ഇന്ത്യൻ നഴ്സ് മാധ്യമങ്ങളിലും മറ്റും ശ്രദ്ധകേന്ദ്രമായിരുന്നു.
1973-ൽ മുംബൈയിലെ പരേലിലുള്ള കിംഗ് എഡ്വേർഡ് മെമ്മോറിയൽ ഹോസ്പിറ്റലിൽ ജൂനിയർ നഴ്സായി ജോലി ചെയ്യുമ്പോഴായിരുന്നു അരുണ ഹോസ്പിറ്റലിലെ തൂപ്പുകാരനായ സോഹൻലാൽ ഭർത്ത വാൽമീകിയാൽ ലൈംഗികമായി ആക്രമിക്കപ്പെടുന്നത്.
അരുണയുടെ ജീവിതവഴിയിലൂടെ
കർണ്ണാടകയിലെ ഉത്തർ കന്നഡയിലെ ഹൽദിപൂരിൽ 1948-ൽ ഒരു കൊങ്കണി ബ്രാഹ്മണ കുടുംബത്തിലാണ് അരുണ ഷാൻബോഗ് ജനിക്കുന്നത്. പഠിക്കാൻ ഏറെ മിടുക്കിയായിരുന്ന അരുണ ഏറെ ആഗ്രഹിച്ചാണ് ഒരു നഴ്സ് ആകുന്നത്. അതിനായി പതിനെട്ട് വയസ്സിൽ അവൾ മുംബൈലെത്തി. പഠനം പൂർത്തിയാക്കിയ ശേഷം അധികം വൈകാതെ തന്നെ മുംബൈയിലെ കിങ് എഡ്വേർഡ് മെമ്മോറിയൽ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുമ്പോൾ അതേ ഹോസ്പിറ്റലിൽ ഡോക്ടറായിരുന്ന സന്തീപ് സർദേശായി എന്ന ചെറുപ്പക്കാരനുമായി അരുണ പ്രണയത്തിലായി. തുടർന്ന് അദ്ദേഹവുമൊത്ത് അരുണയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ അത്ര ശുഭകരമായി പോകാൻ സോഹൻലാൽ ഭർത്ത വാൽമീകി സമ്മതിച്ചില്ല.
1973-ലായിരുന്നു ആ സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വസ്ത്രം മാറാനായി അരുണ ബേസിമെന്റിലെ റൂമിലെത്തി. അവിടെ പതിയിരുന്ന അപകടം അരുണ അറിഞ്ഞിരുന്നില്ല. ഹോസ്പിറ്റലിലെ തൂപ്പുകാരനായ സോഹൻലാൽ ഭർത്ത വാൽമീകി അവിടെ ഒളിച്ചിരിപ്പുണ്ടായിരുന്നു. വസ്ത്രം മാറുന്നതിനിടെ അരുണയെ ആക്രമിക്കുകയും ലൈംഗികമായി കീഴ്പ്പെടുത്തുകയും ചെയ്തു. നായയുടെ കഴുത്തിലിടുന്ന ചങ്ങല അരുണയുടെ കഴുത്തിൽ വരിഞ്ഞ് മുറുക്കി ശ്വാസംമുട്ടിച്ചാണ് സോഹൻലാൽ അരുണയെ കീഴ്പ്പെടുത്തിയത്. തൽഫലമായി സെർവിക്കൽ കോർഡിന് പരിക്ക് സംഭവിച്ച് മാസ്തിഷ്കത്തിലേക്കുള്ള ഓക്സിജൻ നിലയ്ക്കുകയും കോർട്ടിക്കൽ അന്ധത സംഭവിക്കുകയും ചെയ്തു. അരുണ വർഷങ്ങൾ നീണ്ട അബോധാവസ്ഥയിലേക്ക് വീണു.
കാത്തുവെച്ച പകയും പ്രതികാരവും
സോഹൻലാലിന് അരുണയോട് കടുത്ത വിദ്വേഷവും പകയുമുണ്ടായിരുന്നു. സോഹൻലാലിനെതിരായി അരുണ പല തവണ ഹോസ്പിറ്റൽ അധികൃതരോട് പരാതിപ്പെട്ടതായിരുന്നു പകയുടെ പിന്നിലെ കാരണം. ഒരു താത്കാലിക ജീവനക്കാരനായ സോഹൻലാൽ ഇതിനെ സംബന്ധിച്ച് അരുണയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുക പതിവായിരുന്നു. ഹോസ്പിറ്റലിലെ മാനേജ്മെന്റ് അംഗവും ഡോക്ടറും കൂടിയായ സന്തീപുമായി വിവാഹം ഉറപ്പിച്ചതിന്റെ അഹങ്കാരത്തിലാണ് അരുണ തനിക്കെതിരായി നീങ്ങുന്നത് എന്നാണ് സോഹൻലാൽ പറഞ്ഞ ന്യായം.
മുറിയിൽ സോഹൻലാലിനെ കണ്ട് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അരുണ ഭയം പുറത്ത് കാണിക്കാതെ നിന്നു. എന്നാൽ അരുണക്ക് മറുത്തൊന്ന് പ്രതികരിക്കാൻ കഴിയുന്നതിന് മുന്നേ സോഹൻലാൽ അരുണയുടെ മുഖത്തടിക്കുകയും നായയെ പൂട്ടുന്ന ചങ്ങല ഉപയോഗിച്ച് അരുണയുടെ കഴുത്ത് വലിഞ്ഞുമുറുക്കുകയും ചെയ്തു. തുടർന്ന് ബോധം നഷ്ടപ്പെട്ട അരുണയെ അതിക്രൂരമായി അയാൾ ബലാത്സംഗം ചെയ്തു. ആക്രമിക്കപ്പെടുന്ന സമയം മുഴുവൻ ചങ്ങല കഴുത്തിൽ മുറുകിയിരുന്നത് മാസ്തിഷ്കത്തിലേക്കുള്ള ഓക്സിജൻ നിലക്കാൻ ഇടയാക്കുകയും പിന്നീട് ഒരിക്കലും എഴുന്നേൽക്കാൻ കഴിയാത്തവിധം അരുണയെ തളർത്തുകയും ചെയ്തു.
ആക്രമണത്തിനൊടുവിൽ സോഹൻലാൽ അരുണയുടെ കഴുത്തിലെ സ്വർണ മാലയും വാച്ചും ബാഗിലെ പണവും അപഹരിച്ചു. അടുത്തദിവസം രാവിലെ ബേസ്മെന്റ് തൂത്തു വൃത്തിയാക്കാനെത്തിയ ജീവനക്കാർ അരുണയെ അബോധാവസ്ഥയിൽ കണ്ടെത്തുകയും ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ അതേ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയ അരുണ അബോധാവസ്ഥയിൽ തുടർന്നു. പോലീസിൽ വിവരം അറിയിച്ച അധികൃതർ അരുണ റേപ്പ് ചെയ്യപ്പെട്ടു എന്ന വിവരം മനഃപൂർവം പോലീസിൽ നിന്നും മറച്ചുവച്ചു. മോഷണശ്രമത്തിനിടെ നേഴ്സ് ആക്രമിക്കപ്പെട്ടു എന്ന രീതിയിലാണ് അവർ വിവരങ്ങൾ കൈമാറിയത്. എന്നാൽ ഇതിനെതിരെ ആശുപത്രിയിലെ നഴ്സുമാർ ഡ്യൂട്ടി മുടക്കി സമരത്തിലേക്ക് തിരിഞ്ഞു. തങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള വ്യാകുലതയും അരുണക്ക് നീതി ലഭിക്കാനുമായിരുന്നു അവരുടെ പ്രതിഷേധം.
അന്വേഷണത്തിന്റെ ചൂടേറിയ നാളുകൾ
നഴ്സുമാരുടെ പ്രതിഷേധസമരത്തെ തുടർന്ന് പോലീസ് അധികൃതർ അന്വേഷണമാരംഭിച്ചു. സംശയത്തിന്റെ വിരലുകൾ ചൂണ്ടിയത് സോഹൻലാലിനെതിരെയായിരുന്നു. നവംബർ 29-ന് പൂനെയിൽവച്ച് സോഹൻലാൽ അറസ്റ്റിലായി. എന്നാൽ പോലീസ് അന്ന് സോഹൻലാലിന് എതിരായി ചുമത്തിയ കുറ്റം മോഷണശ്രമത്തിനിടെ സിസ്റ്റർ അരുണയെ കഴുത്ത് ഞെരിച്ചുകൊല്ലാൻ ശ്രമിച്ചു എന്ന് മാത്രമായിരുന്നു. ആശുപത്രി അധികൃതരോ മറ്റ് സഹപ്രവർത്തകരോ അരുണ റേപ്പ് ചെയ്യപ്പെട്ടതായി പോലീസിനെ അറിയിച്ചില്ല. കേസ് കോടതിയിലെത്തിയപ്പോൾ പ്രതിയായ സോഹൻലാലിന് കൊലപാതകശ്രമത്തിന് വെറും ഏഴ് വർഷത്തെ ശിക്ഷ മാത്രമാണ് ലഭിച്ചത്.
അരുണയെ ചേർത്ത് പിടിച്ച് സന്തീപ്
ആക്രമിക്കപ്പെടുമ്പോൾ സിസ്റ്റർ അരുണക്ക് വെറും 25 വയസ്സായിരുന്നു പ്രായം. സിസ്റ്റർ അരുണയുമായി വിവാഹം ഉറപ്പിച്ചിരുന്ന സന്തീപ് അരുണയെ കൂടുതൽ സ്നേഹിച്ചു. എന്നും അരുണയെ വന്ന് കണ്ടതിനുശേഷം മാത്രമായിരുന്നു അദ്ദേഹം ഡ്യൂട്ടിക്ക് കയറിയിരുന്നത്. അങ്ങനെ ആക്രമണം കഴിഞ്ഞ് 4 വർഷത്തോളം സന്തീപ് അരുണക്കൊപ്പം ചിലവഴിച്ചു. എന്നാൽ പിന്നീട് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹത്തിന് മറ്റൊരു വിവാഹം കഴിക്കേണ്ടി വന്നു.
നിലക്കാത്ത കരുതലുമായി ആശുപത്രി അധികൃതർ
വർഷങ്ങൾ ഏറെ കടന്ന് പോയി. സിസ്റ്റർ അരുണയുടെ കൂടെ ജോലി ചെയ്തവർ വിരമിച്ചിട്ടും ആശുപത്രി അധികൃതരും മറ്റ് സിസ്റ്റർമാരും അരുണയെ ശുശ്രുഷിക്കുന്നത് തുടർന്നു. മൂക്കിലൂടെയുള്ള കുഴൽ വഴി ദിവസവും രണ്ട് നേരം ഭക്ഷണം നൽകി ജീവൻ നിലനിർത്തി. മാധ്യമപ്രവർത്തകയും സാമൂഹ്യപ്രവർത്തകയുമായ പിങ്കി വിരാനിയാണ് അരുണയുടെ പരിതാപകരമായ സ്ഥിതി പുറംലോകത്ത് ചർച്ചയാക്കിയത്. പിങ്കി വിരാനി സോഹൻലാലിനെയും കണ്ടെത്താൻ ശ്രമിച്ചു. എന്നാൽ 1980-ന് ജയിൽവിട്ട സോഹൻലാൽ തന്റെ പേര് മാറ്റി ഡൽഹിയിലെ മറ്റൊരു ആശുപത്രിയിൽ ജോലി ചെയ്തിരുന്നതായി വിവരം ലഭിച്ചെങ്കിലും പോലീസോ കിങ് എഡ്വാർഡ് ഹോസ്പിറ്റൽ അധികൃതരോ സോഹൻലാലിന്റെ ഫോട്ടോ ഫയലിൽ സൂക്ഷിക്കാതിരുന്നതിനാൽ അന്വേഷണം വിഫലമായി.
അരുണയുടെ മരണശേഷം മുംബൈയിലെ പത്രപ്രവർത്തകനായ ധ്യാനേഷ് ചവാൻ സോഹൻലാലിനെ പാർപ്പി എന്ന ഗ്രാമത്തിൽ കണ്ടെത്തി. ആ സമയത്ത് വിവാഹിതനായി കുടുംബസമേതം അയാൾ ഒരു പവർസ്റ്റേഷനിലെ ക്ലീനറായി ജോലി ചെയ്യുകയായിരുന്നു. അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിൽ ക്രോധത്താൽ ചെയ്തതാണെന്നും അന്ന് എന്താ സംഭവിച്ചതെന്നതിനെകുറിച്ച് വ്യക്തമായി ഓർക്കുന്നില്ല എന്നുമാണ് പറഞ്ഞത്. എന്നാൽ ബലാത്സംഗം ചെയ്തത് നിഷേധിച്ചു. അത് ചെയ്തത് മറ്റൊരാളായിരിക്കണം എന്ന് അദ്ദേഹം പ്രതികരിച്ചു. സുഖമില്ലാത്ത അമ്മയെ കാണാൻ പോകാൻ ലീവ് ചോദിച്ചപ്പോൾ അതിന് വിസമ്മതിച്ച സിസ്റ്റർ അരുണ തന്റെ ജോലിസ്ഥാനം തരംതാഴ്ത്തുമെന്ന് പറഞ്ഞതിനാലാണ് പക വന്നതെന്ന് സോഹൻലാൽ പറഞ്ഞിരുന്നു. സോഹൻലാൽ പിന്നീട് എയ്ഡ്സ് ബാധിച്ച് മരിച്ചു എന്നാണ് റിപ്പോർട്ട്.
അരുണക്കായുള്ള ദയാവധ ഹർജി
അരുണയുടെ ദുരവസ്ഥയിൽ മനംനൊന്ത പിങ്കി വിരാനി സിസ്റ്റർ അരുണയുടെ ദയാവധത്തിനായുള്ള ഹർജി സമർപ്പിച്ചു. എന്നാൽ ഹർജി സുപ്രീം കോടതി 2011-ൽ തള്ളുകയായിരുന്നു. സിസ്റ്റർ അരുണയെ ശുശ്രുഷിച്ചിരുന്ന കിങ് എഡ്വാർഡ് മെമ്മോറിയൽ ഹോസ്പിറ്റൽ ജീവനക്കാരും സിസ്റ്റർമാരുമാണ് ദയാവധത്തെ എതിർത്തത്. എന്നാൽ മരുന്നുകൾ ക്രമേണ കുറച്ച് രോഗിയെ ശാന്തമായി മരിക്കുന്നതിനുള്ള രീതിയായ പാസ്സീവ് യൂത്തനേഷ്യ (passive euthanasia) അവലംബിക്കാൻ കോടതി അനുമതി നൽകി.
ഹർജി തള്ളിയ സുപ്രീം കോടതി വിധിയെത്തുടർന്ന്, ഹർജിയെ എതിർക്കുകയും അരുണയെ പരിചരിക്കുകയും ചെയ്തിരുന്ന ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫ് മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും കേക്ക് മുറിക്കുകയും ചെയ്തു. “അരുണയെ ഞങ്ങൾ വീട്ടിലെ കൊച്ചുകുഞ്ഞിനെ പോലെയാണ് പരിപാലിക്കുന്നത്. അവൾ തങ്ങൾക്ക് ഒരു പ്രശ്നവും സൃഷ്ടിക്കുന്നില്ല. അവളെ സ്നേഹിക്കുന്നവർക്ക് അവളുടെ ജീവനെടുക്കാൻ കഴിയില്ല,” എന്ന് പിന്നീട് സിസ്റ്റർ അരുണയെ പരിപാലിച്ചിരുന്ന ഒരു നേഴ്സ് പ്രതികരിച്ചിരുന്നു. ഒടുവിൽ 42 വർഷത്തെ അബോധാവസ്ഥയിലുള്ള ജീവിതത്തിന് ശേഷം 2015 മെയ് 18-ന് ന്യുമോണിയ ബാധിച്ച് സിസ്റ്റർ അരുണ മരണത്തിന് കീഴടങ്ങി. നീതി നിഷേധിക്കപ്പെട്ട് അരുണ തള്ളി നീക്കിയ നീണ്ട 42 വർഷങ്ങളുടെ ദുരിതപൂർണമായ ജീവിതം എന്നും നീറുന്ന ഒരു ഓർമ്മയാണ്.