2024-ലെ പൊതുതെരഞ്ഞെടുപ്പ് പ്രതിപക്ഷ പാർട്ടികളെ സംബന്ധിച്ച് അക്ഷരാർത്ഥത്തിൽ ജീവന്മരണ പോരാട്ടമാണ്. ഒരിക്കൽ കൂടി ബിജെപി അധികാരത്തിലെത്തിയാൽ അത് രാജ്യത്തിന്റെ രാഷ്ട്രീയചിത്രം തന്നെ മാറ്റി വരയ്ക്കും. എല്ലാ പ്രതിപക്ഷ രാഷ്ട്രീയ ആലോചനകളും ബിജെപിക്കെതിരെ ഏത് നയം സ്വീകരിക്കണമെന്നതിലേക്കാണ് ലക്ഷ്യം വെക്കുന്നത്. സിപിഐ എംഎൽ പാർട്ടി കോൺഗ്രസ് വേദിയിൽ പ്രതിപക്ഷ ഐക്യത്തിന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആഹ്വാനം ചെയ്ച് ഈയൊരു സാഹചര്യത്തിലാണ്. ഒന്നിച്ച് നിന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയെ നൂറ് സീറ്റിൽ താഴെ ഒതുക്കാമെന്നാണ് നിതീഷ് അന്ന് പറഞ്ഞത്. ബിഹാറിൽ ബിജെപിയെ പുറത്ത് നിർത്തി മഹാഗഢ്ബന്ധൻ അധികാരം പിടിച്ചെടുത്തത് പോലെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുകയാണെങ്കിൽ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ കേന്ദ്രഭരണം കൈപ്പിടിയിലാക്കാമെന്നാണ് നിതീഷ് സിപിഐ എംഎൽ പാർട്ടി കോൺഗ്രസ് വേദിയിൽ വ്യക്തമാക്കിയത്. പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് പറഞ്ഞ ബിഹാർ മുഖ്യമന്ത്രി പ്രധാനമായും മുന്നോട്ട് വച്ച ഒരു സ്ട്രാറ്റജി 2024-ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെയോ മറ്റാരെയെങ്കിലുമോ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടരുത് എന്നായിരുന്നു. മുമ്പായിരുന്നെങ്കിൽ പ്രധാനമന്ത്രിപദവിയിൽ കണ്ണുള്ള നിതീഷിന്റെ തരികിടയായി വിലയിരുത്തപ്പെടുമായിരുന്ന ഒരു പ്രസ്താവനയായിരുന്നു അത്. എന്നാൽ കോൺഗ്രസ്സിൽ നിന്ന് നിതീഷിന്റെ നിലപാടിനനുകൂലമായ സമീപനം വരുന്നുവെന്നത് ബിജെപി ഇനിയും അധികാരത്തിൽ വരരുതെന്ന് ആഗ്രഹിക്കുന്നവർക്കിടയിൽ ആശ്വാസമുണ്ടാക്കിയിട്ടുണ്ട്.
പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. 2024-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ഉണ്ടാകണമെന്നാണ് ഖാർഗെയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മാത്രമല്ല പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടാൻ പാർട്ടി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ചടങ്ങിൽ പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ 70-ാം ജന്മദിനത്തോടനുബന്ധിച്ച് ഡിഎംകെ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് ഖാർഗെ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്തത്. ചടങ്ങിൽ പങ്കെടുത്ത നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള സ്റ്റാലിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചു. ദേശീയരംഗത്തേക്ക് വരാൻ സമയമായെന്നും നിങ്ങൾ ഈ സംസ്ഥാനം നിർമ്മിച്ചതുപോലെ രാഷ്ട്രവും കെട്ടിപ്പടുക്കുക എന്നുമാണ് അദ്ദേഹം പറഞ്ഞത്. ഒപ്പം മല്ലികാർജുൻ ഖാർഗെയോട് ആരാണ് പ്രധാനമന്ത്രിയാകാൻ പോകുന്നതെന്ന് നമുക്ക് മറക്കാം. ആദ്യം നമുക്ക് തിരഞ്ഞെടുപ്പിൽ വിജയിക്കാം, പിന്നെ ആരു പ്രധാനമന്ത്രിയാകുമെന്ന് ചിന്തിക്കാം. പ്രധാനമന്ത്രി പ്രശ്നമല്ല, രാഷ്ട്രമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മറുപടിയായാണ് ആരു നയിക്കുമെന്നോ ആരു പ്രധാനമന്ത്രിയാകുമെന്നോ ഞങ്ങൾ പറഞ്ഞിട്ടില്ലെന്ന് ഖാർഗെ പ്രസ്താവിച്ചത്. ആര് പ്രധാനമന്ത്രിയാകുമെന്നതൊരു ചോദ്യമേയല്ലെന്നും തങ്ങൾ ഒറ്റക്കെട്ടായി പോരാടാൻ ആഗ്രഹിക്കുന്നുവെന്നുമാണ് ഖാർഗെ പറഞ്ഞത്. രാജ്യത്തെ ഛിദ്രശക്തികൾക്കെതിരെ സമാന ചിന്താഗതിക്കാരായ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണമെന്നും ഖാർഗെ കൂട്ടിച്ചേർത്തു. നിതീഷ് ഉയർത്തിയ സ്ട്രാറ്റജിയിലേക്കാണ് പ്രതിപക്ഷ പാർട്ടികൾ നടന്നടുക്കുന്നതെന്നു വേണം കരുതാൻ.
മാത്രമല്ല തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ എഴുപതാം പിറന്നാൾ ആഘോഷത്തിൽ നിരവധി പ്രമുഖ പ്രതിപക്ഷ നേതാക്കളാണ് പങ്കെടുത്തത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, നാഷണൽ കോൺഫറൻസ് രക്ഷാധികാരി ഫാറൂഖ് അബ്ദുള്ള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തത് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ ഐക്യത്തിന്റെ പ്രകടനമായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഞായറാഴ്ച റായ്പൂരിൽ സമാപിച്ച കോൺഗ്രസിന്റെ 85 -ാം പ്ളീനറി സമ്മേളനവും പ്രതിപക്ഷ ഐക്യമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചത്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ച് വളരെ നിർണായകമാണെന്നും അതുകൊണ്ടു തന്നെ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തിനായി പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നുമാണ് പ്ളീനറി സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിൽ കോൺഗ്രസ് വ്യക്തമാക്കിയത്.
മതനിരപേക്ഷ, സോഷ്യലിസ്റ്റ് ശക്തികളുടെ ഐക്യം ആവശ്യമാണെന്നും സമാന ചിന്താഗതിക്കാരായ മതേതര ശക്തികളെ തിരിച്ചറിയാനും അണിനിരത്താനും എല്ലാ ശ്രമങ്ങളും നടത്തണമെന്നും പാർട്ടി പ്രമേയത്തിൽ പറഞ്ഞിട്ടുണ്ട്. നമ്മുടെ പ്രത്യയശാസ്ത്രത്തോട് യോജിക്കുന്ന മതേതര പ്രാദേശിക ശക്തികളെ ഉൾപ്പെടുത്തണം. എൻഡിഎയെ നേരിടാൻ പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യമുണ്ടെന്നും ഏതെങ്കിലും മൂന്നാം ശക്തിയുടെ ആവിർഭാവം ബിജെപിക്കും എൻഡിഎയ്ക്കും നേട്ടമുണ്ടാക്കുമെന്നുമാണ് കോൺഗ്രസ് പ്രമേയം പറഞ്ഞത്. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തി കേന്ദ്രഭരണം പിടിക്കണമെന്ന ആഹ്വാനത്തോടെയാണ് പ്ളീനറി സമ്മേളനം സമാപിച്ചത് തന്നെ. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ചോർച്ച തടഞ്ഞ് ഏകീകരിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. അതിന്റെ ഭാഗമായിട്ടാണ് മൂന്നാം മുന്നണി എന്ന നീക്കത്തെ മാറ്റി നിറുത്തി വിശാല മുന്നണിക്കായി മുൻകൈയെടുക്കുമെന്ന് പ്രമേയത്തിൽ പറഞ്ഞത്.
2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മത്സരമില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ കോൺഗ്രസ് നിതീഷിനൊപ്പം ചേർന്ന് പുതിയ തന്ത്രങ്ങൾ മെനയുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. അതേസമയം ഇന്നലെ ത്രിപുരയിൽ നിന്ന് എത്തിയ തെരഞ്ഞെടുപ്പ് ഫലങ്ങൾ വിശാല സഖ്യത്തിന് സാധുത നൽകുന്നതാണ്. ബിജെപിയെ സംബന്ധിച്ച് അവിടെ ഭരണം നിലനിർത്താൻ കഴിഞ്ഞു എന്നത് മാത്രമാണ് ആശ്വാസം നൽകുന്നതെങ്കിൽ ഇടത് – കോൺഗ്രസ് സഖ്യത്തിന് നിലവിൽ വലിയ സാധ്യതയുണ്ടെന്നാണ് ത്രപുര തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന.