എന്താണ് ബിജെപിക്ക് അനുകൂലമായ ഘടകങ്ങള്‍?
2014ല്‍ നേരന്ദ്ര മോദി പ്രധാനമന്ത്രിയായതിന് പിന്നാലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആധിപത്യം പുലര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നുവന്നിരുന്നു. അതിനദ്ദേഹം ചെയ്തത് മുന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി തുടങ്ങിവെച്ച പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുക എന്നതായിരുന്നു. വേട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ഈ പ്രദേശത്ത് ധാരാളം ഫണ്ട് അനുവദിക്കുകയും ചെയ്തു. ഇത് ജനങ്ങള്‍ക്കിടയില്‍ ബിജെപിയെക്കുറിച്ച് മതിപ്പുളവാക്കാന്‍ കാരണമായി.
കോണ്‍ഗ്രസുമായി ഇടഞ്ഞ നേതാക്കളും ബിജെപിയും
കോണ്‍ഗ്രസ്സുമായി ഇടഞ്ഞുനില്‍ക്കുന്ന നേതാക്കന്മാരെ കൃത്യമായി ഉപയോഗിക്കാന്‍ സാധിച്ചു എന്നതാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആധിപത്യം ഉറപ്പിക്കാന്‍ ബിജെപിയെ സഹായിച്ച മറ്റൊരു ഘടകം. അസമിന്റെ നിലവിലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് വന്ന വ്യക്തിയാണ്. അദ്ദേഹത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചത് ബിജെപിയ്ക്ക് ഗുണം ചെയ്തു. അസമില്‍ അധികാരത്തില്‍ വരാന്‍ അത് പ്രയോജനപ്പെടുകയും ചെയ്തു. പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിനും വിജയിക്കുന്നതിനും അദ്ദേഹം നിര്‍വഹിച്ച പങ്ക് ചെറുതല്ല. മണിപ്പൂരിലെ നിലവിലെ മുഖ്യമന്ത്രി എന്‍ ബൈറൻ സിംഗ് (N Biren Singh), അരുണാചല്‍ പ്രദേശിന്റെ നിലവിലെ മുഖ്യമന്ത്രി പെമ കണ്ടു (Pema Kandu) എന്നിവര്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് വന്നവരാണെന്ന കാര്യം മറക്കരുത്. ഇവരുടെയെല്ലാം ജനസമ്മതി പ്രയോജനപ്പെടുത്താന്‍ ബിജെപിക്ക് സാധിച്ചു എന്നത് തന്നെയാണ് വിജയങ്ങളുടെ മുഖ്യ കാരണങ്ങളില്‍ ഒന്ന്.
ഗോത്രവിഭാഗങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ്
രാഷ്ട്രീയ സ്വയംസേവക സംഘം (ആര്‍എസ്എസ്) വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങളുമായി വലിയ ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. പതിറ്റാണ്ടുകളായി ഈ മേഖലയിലെ ആദിവാസികളുമായി ആര്‍എസ്എസിന് ബന്ധമുണ്ട്. ആദിവാസികളുടെ സംസ്കാരത്തെ പിന്തുണച്ചുകൊണ്ട് അവരുടെ പ്രീതി പിടിച്ചുപറ്റാനാണ് ആര്‍എസ്എസ് ശ്രമിച്ചത്. അതില്‍ അവര്‍ വിജയിക്കുകയായിരുന്നു. ബിജെപിയുടെ വിജയത്തിനുപിന്നില്‍ ആദിവാസികളുമായി ആര്‍എസ്എസ് സ്ഥാപിച്ച ബന്ധത്തിന് വലിയ പ്രാധാന്യമുണ്ട്. തദ്ദേശീയരായ ഈ ജനതയുടെ വോട്ടുകള്‍ നേടാന്‍ അത് സഹായിക്കുക കൂടി ചെയ്തു.
ഗോവധം ഉന്നയിക്കാതെ ബിജെപി
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗോത്ര-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കാണ് ഏറ്റവും സ്വാധീനമുള്ളത്. അതുകൊണ്ടുതന്നെ ഗോവധമടക്കമുള്ള ബിജെപിയുടെയും ഹിന്ദുത്വത്തിന്റെയും അജണ്ടകള്‍ ഈ സംസ്ഥാനങ്ങളില്‍ നടപ്പില്‍ വരുത്തിയാല്‍ അത് ഇലക്ഷനെ കാര്യമായി ബാധിക്കും. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കള്‍ ഗോവധത്തെ പ്രോത്സാഹിപ്പിക്കാനും ഗോമാസം കഴിക്കാനുമാണ് ജനങ്ങളോട് ആഹ്വാനം ചെയ്തത്. താന്‍ ബീഫ് കഴിക്കാറുണ്ടെന്ന് മേഘാലയയിലെ ബിജെപി അധ്യക്ഷന്‍ ഏണസ്റ്റ് മേവ്രിയുടെ പ്രസ്താവന ഇതിന് ഉദാഹരണമാണ്. രാജ്യത്ത് ബീഫ് നിരോധിക്കുന്ന ബിജെപി ക്രിസ്ത്യന്‍ വിരുദ്ധ പാര്‍ട്ടിയാണെന്ന് കാണിക്കാനാണ് എതിരാളികള്‍ ശ്രമിക്കുന്നത്. എന്നാല്‍ അതിനെ മറികടക്കാന്‍ ബിജെപിയുടെ തന്ത്രം കൂടിയാണിത്. അതുകൊണ്ടുതന്നെയാണ് ഗോവയിലടക്കം പയറ്റിതെളിഞ്ഞ അതേ വിദ്യ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി പുറത്തെടുക്കുന്നത്. ബിജെപി ക്രിസ്ത്യന്‍ വിരുദ്ധപാര്ട്ടിയല്ലെന്നും ഭക്ഷണത്തില്‍ ഇടപെടാന്‍ പാര്‍ട്ടി ശ്രമിക്കുന്നില്ലെന്നും തെളിയിക്കാനാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനടക്കം ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ധാരാളമായി ഗോമാംസം ഭക്ഷിക്കുന്നവരാണ്. അവരെ പിണക്കിയാല്‍ അത് പ്രതികൂലമായാണ് ബാധിക്കുക എന്ന തിരിച്ചറിവ് തന്നെയാണ് ബിജെപിയുടെ വിജയങ്ങളുടെ മറ്റൊരു കാരണം.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ അമിത് ഷാ
പാര്‍ട്ടി അധ്യക്ഷനായി ചുമതയേല്‍ക്കുമ്പോള്‍ അദ്ദേഹം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആധിപത്യം പുലര്‍ത്തേണ്ടതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. അതിനുവേണ്ടി കൃതമായ പ്ലാനുകള്‍ തയ്യാറാക്കുകയും അതിനനുസരിച്ച് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം ഏകോപിപ്പിക്കുകയും ചെയ്തു. 2023-ലെ നിയമസഭാ വിജയം ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന ഊര്‍ജ്ജം ചെറുതല്ല. 2024ലെ ഇലക്ഷനില്‍ കൂടുതല്‍ സീറ്റുകള്‍ നേടുന്നതായുള്ള പ്രവര്‍ത്തനങ്ങളാണ് ബിജെപി നടത്തുന്നത. സൂക്ഷമമായി ഇലക്ഷനെ നേരിടേണ്ടതെങ്ങനെ എന്നറിയാന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയം പരിശോധിച്ചാല്‍ മാത്രം മതിയാകും.