കോഴിക്കോട്: സിനിമയില്‍ തിരക്കുകുറഞ്ഞ കോവിഡ് കാലത്ത് നടന് ജോയ് മാത്യു പലചരക്കുകട തുടങ്ങിയോ? പ്രതിസന്ധിയില്‍ പ്രിയതാരത്തിന് പണംനല്‍കി സഹായിക്കണോ? സോഷ്യല്‍ മീഡിയയില്‍ തമാശയ്ക്ക് പോസ്റ്റുചെയ്ത ഫോട്ടോമൂലം ആരാധകരുടെ സ്നേഹാന്വേഷണങ്ങളില്‍ വീര്‍പ്പുമുട്ടുകയാണ് ജോയ് മാത്യു. നിലമ്പൂരിലും ഗൂഡല്ലൂരിലുംമറ്റും ചിത്രീകരിച്ച ‘ക്യാബിന്’ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഒരു പലചരക്കുകടയ്ക്കുമുന്നില് നടന് കൈലാഷുമൊത്ത് നില്ക്കുമ്പോള് എടുത്ത ഫോട്ടോയാണത്. അതും രണ്ടുവര്‍ഷംമുമ്പ്.
അത് സോഷ്യല്‍ മീഡിയിലിട്ടപ്പോള്, ‘സിനിമകള്‍ നിന്നു. പണിയില്ലാതായി, ശത്രുക്കളായ സുഹൃത്തുക്കള്‍ക്ക് സന്തോഷമായി. അങ്ങനെയാണ് പലചരക്കുകട തുടങ്ങിയത്. പഴയ നീലത്താമര ഫെയിം പയ്യന് കൈലാഷ് സഹായിയായുണ്ട്…’ എന്നൊക്കെ അടിക്കുറിപ്പുകൂടിയിട്ടു. കണ്ടപ്പോള്‍ പലരും അത് സത്യമെന്ന് കരുതി. കടയില്‍ എന്തൊക്കെയുണ്ട് എന്ന് കുശലംചോദിച്ച് വിളിച്ച എഴുത്തുകാരിയോട് മാല, വള, പൊട്ട് , കണ്മഷി ഒക്കെയുണ്ട് എന്നുപറഞ്ഞപ്പോള്‍ അവരും അത് വിശ്വസിച്ചു. പ്രതിസന്ധിയില്‍ പണം നല്കി സഹായിക്കാന്‍ അക്കൗണ്ട് നമ്പര്‍ ചോദിച്ച് വിളിച്ചവര്‍ വേറെ. ‘പുതിയസംരംഭ’ത്തിന് പൂര്‍ണവിജയം ആശംസിച്ചവരുമേറെ.
ഇനി ചിത്രം പോസ്റ്റ്ചെയ്തതിന്റെ ഫ്ളാഷ് ബാക്ക്: സുഹൃത്തായ കൈലാഷിന്റെ ജന്മദിനത്തില് ആശംസനേരാന്‍ ജോയ് മാത്യു മറന്നു. അതിന്റെ പരിഭവംമായ്ക്കാന് പിറ്റേന്ന് ഇട്ട പോസ്റ്റാണ് പഴയ ഈ ഫോട്ടോ. ആ രംഗം സിനിമയിലുള്ളതല്ല. ലൊക്കേഷനിലെ ഒരു ചെറിയ ഒഴിവുസമയ ഷോപ്പിങ്വേള. കളിയാണിതെന്ന് കൈലാഷിന് മനസ്സിലായി. ‘കടയിലെ പയ്യന്’ ജോയ് മാത്യു ഓഫര്‍ചെയ്ത കോയിക്കോടന്‍ ബിരിയാണി ഹോം ഡെലിവറി ആക്കിത്തരാമോ എന്നൊക്കെ ചോദിച്ച് കൈലാഷ് കുസൃതിയും സ്നേഹവും ചാലിച്ച മറുപടിയാണിട്ടത്.
മലയാളിക്ക് നര്‍മം അല്പം സമയമെടുത്തുമാത്രമേ മനസ്സിലാവൂ എന്നതാണ് തനിക്കുലഭിച്ച സന്ദേശങ്ങളും പോസ്റ്റിലെ കമന്റുകളും സൂചിപ്പിക്കുന്നതെന്ന് ജോയ് മാത്യു പറഞ്ഞു. ഒരു കിടിലന്‍ കുസൃതിയൊപ്പിച്ചതിലെ രസത്തോടെ മലാപ്പറമ്പിലെ വീട്ടിലിരുന്ന് നടന് താടിതടവി പൊട്ടിച്ചിരിക്കുന്നു.