ഗര്‍ഭസ്ഥശിശുക്കൾ ജനിച്ചുവീഴുമ്പോഴേക്ക് ഭാരതീയ സംസ്കാരത്തെ അറിഞ്ഞിരിക്കണമെന്ന താൽപര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ആർഎസ്എസ്. രാമന്, ഹനുമാന്, ശിവാജി, സ്വതന്ത്ര സമരസേനാനികള്‍ എന്നിവരുടെ ജീവിതത്തെപ്പറ്റിയും ത്യാഗങ്ങളെ പറ്റിയും ഗര്‍ഭിണികളെ പഠിപ്പിക്കണമെന്നും അങ്ങനെ ഗര്‍ഭസ്ഥശിശു ഭാരതീയ സംസ്കാരത്തെക്കുറിച്ച് പഠിക്കുമെന്നുമാണ് ഞായറാഴ്ച ഡല്‍ഹി ജവര്‍ഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ഒരു ശില്പശാലയില് ആര്‍എസ്എസ് അവകാശവാദം ഉന്നയിച്ചത്.
ആര്‍എസ്എസിന്റെ വനിതാ വിഭാഗമായ രാഷ്ട്ര സേവികാ സമിതിയുടെ ‘സംവര്ദിനീ ന്യാസ്’ എന്ന ഉപവിഭാഗം ആരംഭിച്ച ‘ഗര്‍ഭ സന്‍സ്കാര്‍’ കാമ്പയിനിന്റെ ഭാഗമായി ജെഎന്‍യുവില്‍ സംഘടിപ്പിച്ച ശില്പശാലയില് 12 സംസ്ഥാനങ്ങളില്‍ നിന്ന് സംഘടനയെ അനുകൂലിക്കുന്ന എണ്‍പതോളം ഗൈനക്കോളജി ഡോക്ടര്‍മാരും ആയുര്‍വേദ ഡോക്ടര്‍മാരും പങ്കെടുത്തു. ‘ഗര്‍ഭ സന്‍സ്കാര്‍’ പരിശീലിക്കുന്നതിലൂടെ കുട്ടിയുടെ ജനിതക ഘടനയില്‍പ്പോലും മാറ്റം വരുത്താന്‍ പറ്റുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.
മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടിരുന്ന ജെഎന്‍യു വൈസ് ചാന്‍സിലര്‍ ശാന്തിശ്രീ ധൂലിപാഡി പണ്ഡിറ്റ് പരിപാടിയില്‍ നിന്ന് മാറിനിന്നു.
ഗര്‍ഭസ്ഥ ശിശുവിനെ ‘പാഠം പഠിപ്പിക്കുന്ന’ ഗര്‍ഭ സന്‍സ്കാര്‍
‘ഭാരതത്തിന്റെ സംസ്കാര സമ്പന്നത ഉള്‍ക്കൊള്ളുന്ന ശിശുക്കള്‍’ എന്ന ആശയം ഇത് ആദ്യമായല്ല ആര്‍എസ്എസ് അവതരിപ്പിക്കുന്നത്. കുട്ടികളെ ഗര്‍ഭാവസ്ഥയില്‍ തന്നെ സംസ്കാരം പഠിപ്പിക്കണമെന്ന ആശയം ആര്‍എസ്എസ് വളരെക്കാലം മുമ്പു തന്നെ അവതരിപ്പിക്കുന്ന ഒന്നാണ്. അന്നുതൊട്ടേ വിവാദങ്ങളും വിമര്‍ശനങ്ങളും നേരിടുന്നുമുണ്ട് അവർ.
2014-നു ശേഷം ഗർഭസ്ഥ ശിശുക്കളെ പഠിപ്പിക്കുന്നതിനായി പ്രായോഗിക പദ്ധതികളും വിവിധ ഹിന്ദുത്വവാദി സംഘടനകൾ 2018 ജൂലായില്‍ ഉത്തര്‍പ്രദേശിലെ മീററ്റില്‍ ആര്‍എസ്എസ് നേതാവ് വിനോദ് ഭാരതിയും, ഡോ. നീരജ് സിംഗലും ചേര്‍ന്ന് ‘വേദാന്ത് ഗര്‍ഭ് വിഗ്യാന്‍ ഏവം സന്‍സ്കാര്‍ കേന്ദ്ര’ എന്ന പേരില്‍ ഗര്‍ഭിണികളെ പരിശീലിപ്പിക്കാന്‍ കേന്ദ്രം തുടങ്ങിയിരുന്നു. ഗര്‍ഭ സന്‍സ്കാര്‍ ഒരു ശാസ്ത്ര ശാഖയായി വേദാന്ത കാലം മുതല്‍ നിലനിന്നുവരുന്നതാണെന്നായിരുന്നു അവരുടെ വാദം. ഗര്‍ഭസ്ഥ ശിശുക്കളെ സംസ്കാരം പഠിപ്പിക്കാന്‍ ഗുജറാത്തിലെ ‘ഗര്‍ഭ് വിഗ്യാന്‍ അനുസന്ദന്’ എന്ന കേന്ദ്രത്തില്‍ ആളുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നുണ്ടെന്നത് പലര്‍ക്കും വിശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടായിരിക്കും.
ആയുര്‍വേദത്തെ കൂട്ടുപിടിച്ച് ‘കുറവുകളൊന്നുമില്ലാത്ത’ സന്തതി പരമ്പരകളെ ഉണ്ടാക്കാമെന്നായിരുന്നു വിനോദ് ഭാരതിയുടെയും ഡോ. നീരജ് സിംഗലിന്റെയും അവകാശവാദം. ജനിതക പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും ഉന്നത ഗുണങ്ങള്‍ വഹിക്കുന്ന ജനിതക ശ്രേണി സൃഷ്ടിക്കാനും ഗര്‍ഭ സന്‍സ്കാര്‍ എന്നതായിരുന്നു ഇവരുടെ പരസ്യവാക്യം.
ദമ്പതികള്‍ യോഗയും പ്രത്യേക പഥ്യവും കഷായങ്ങളും പ്രാര്‍ഥനകളും ഉള്‍പ്പെടുത്തിയ ജീവിതശൈലി സ്വീകരിക്കുന്നതാണ് സംസ്കാര സമ്പന്നരായ കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നതിന്റെ ആദ്യപടി. സ്ത്രീകള്‍ ഗര്‍ഭിണിയാകുന്നത് മുതല്‍ ഒമ്പത് മാസം സന്‍സ്കാര്‍ വിധിയും പരിശീലിക്കണം. പതിവ് പോലെ ഹിന്ദു ഐതിഹ്യങ്ങളും പുരാണങ്ങളുമാണ് തങ്ങളുടെ വാദത്തിനായി ഇവര്‍ ഉപയോഗിക്കുന്നത്. ഐതിഹങ്ങളിലെ പുഷ്പകവിമാനത്തെ ഉദാഹരിച്ച് ഭാരതത്തില്‍ പുരാതനകാലം മുതലേ വിമാനങ്ങള്‍ ഉണ്ടായിരുന്നു എന്ന വാദത്തിന് സമാനമായ വാദങ്ങള്‍ ഇവിടെയും ഇവര്‍ നിരത്തുന്നു. പുരാണകാലത്തെ ജനിതക എന്‍ജിനിയറിങ് രീതിയാണ് ഗര്‍ഭ സന്സ്കാറെന്ന് സ്ഥാപിക്കാന്‍ ഐതിഹ്യ കഥകളെയാണ് കൂട്ടുപിടിക്കുന്നത്. പല പുരാണകഥാപാത്രങ്ങളുടെയും ജനനം ഈ തരത്തിലായിരുന്നെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ ദമ്പതികളെ പദ്ധതിയിലേക്ക് ആകര്‍ഷിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്.
ഗര്‍ഭിണികളാകുന്നതിന് മൂന്ന് മാസം മുമ്പുതന്നെ ഗര്‍ഭ സന്‍സ്കാറിന്റെ പരിശീലന പരിപാടികള്‍ ആരംഭിക്കും. അമ്മമാരാകാന്‍ തയ്യാറെടുക്കുന്നവര്‍ സസ്യാഹാരം മാത്രം ഉള്‍പ്പെടുത്തിയ ഭക്ഷണക്രമം പാലിക്കണമെന്നതാണ് പരിശീലനത്തിന്റെ ആദ്യഘട്ടം. രണ്ടാംഘട്ടത്തില്‍ നാഡീ സിദ്ധി പരിശീലിക്കുന്നതിന് പ്രാണായാമങ്ങള്‍ ചെയ്യാന്‍ തുടങ്ങും. ഈ ഘട്ടത്തില്‍ മന്ത്രങ്ങളും, ഹനുമാന് ചാലിസകളും, ദുര്‍ഗാ ചാലിസകളും ശിവാജി, മഹാറാണ പ്രതാപ് എന്നിവരുടെ കഥകളും കേള്‍പ്പിക്കും.
ഗര്‍ഭിണികള്‍ മാംസാഹാരം കഴിക്കുന്നത് നിരുത്സാഹപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരു കൈപ്പുസ്തകം പുറത്തിറക്കിയ സംഭവം ഇതോട് ചേർത്തു വായിക്കേണ്ടതാണ്. ആ നടപടി വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഡോക്ടര്‍മാരടക്കം ആരോഗ്യമേഖലയിലെ പല പ്രമുഖരും കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഗര്‍ഭ് സന്‍സ്കാര്‍ കാമ്പയിനിന് ഇടവേള നല്കിയ ആര്‍എസ്എസ് വീണ്ടും സമാന ആശയവുമായി വന്നിരിക്കുകയാണ്.
ഇത്തവണ ജെഎന്‍യുവില്‍ ഗൈനക്കോളജി ഡോക്ടര്‍മാര്‍ അടങ്ങുന്ന വലിയൊരു വേദിയാണ് ആര്‍എസ്എസ് തങ്ങളുടെ ആശയം പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചത്. രാജ്യത്തിനാണ് പ്രാഥമിക പരിഗണന നല്‍കേണ്ടത് എന്ന് കുട്ടിക്കളെ ഗര്‍ഭാവസ്ഥയില്‍ തന്നെ പഠിപ്പിക്കണമെന്ന് സംവര്‍ദ്ധിനി ന്യാസിന്റെ ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയായ മാധുരി മറാത്തെ വേദിയില്‍ പറയുകയുണ്ടായി. ജിജ ഭായ് പ്രാര്‍ഥനയിലൂടെയാണ് ഛത്രപതി ശിവജിയെപ്പോലൊരു മകന് ജന്മം നല്‍കിയതെന്നും അവരെപ്പോലെ എല്ലാ സ്ത്രീകളും പ്രാര്‍ഥിച്ച് ഹിന്ദു രാജാക്കന്മാരുടെ ഗുണങ്ങളുള്ള മക്കളെ പ്രസവിക്കണമെന്നും മാധുരി പ്രസംഗത്തില്‍ പറഞ്ഞു.
സാമ്പത്തിക ഭദ്രതയുളള കുടുംബങ്ങളില്‍ ‘ഓട്ടിസവും വൈകല്യവുമുള്ള കുട്ടികള്‍’ ജനിക്കുന്നത് കൂടുകയാണെന്ന് ശില്പശാലയില് പറഞ്ഞത് പക്ഷേ ഏതെങ്കിലും സംഘ് പരിവാര്‍ പ്രവര്‍ത്തകയല്ല. മറിച്ച് എയിംസിലെ എന്‍എംആര്‍ വിഭാഗം മേധാവി ഡോ. രമാ ജയസുന്ദര്‍ ആണ്. എയിംസ് പോലെ പ്രശസ്തമായ സ്ഥാപനത്തിലെ വ്യക്തിയില്‍ നിന്നാണ് അശാസ്ത്രീയവും നിരുത്തരവാദിത്തപരവുമായ ഒരു പ്രസ്താവന എന്നത് കാര്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഒപ്പം ‘സാമ്പത്തികഭദ്രതയുള്ള കുടുംബം’ എന്നതുകൊണ്ട് എന്താണ് ജയസുന്ദർ ഉദ്ദേശിച്ചിരിക്കുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ശ്രീരാമനെപ്പോലെ രാജ്യത്തെ രക്ഷിക്കുന്ന കുട്ടികളെ പ്രസവിക്കുന്ന അമ്മമാര്‍ക്ക് സന്തോഷമുണ്ടാകുമെന്ന് പറഞ്ഞത് മറ്റൊരു ഡോക്ടറായ രജനി മിത്തലാണ്. ഗര്‍ഭിണികള്‍ സംസ്കൃതം പഠിക്കുന്നതും ഗീതാ പാരായണം നടത്തുന്നതും നല്ലതാണെന്നും പരിപാടിയില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളിലൊന്നാണ്. കുട്ടിയുടെ ഡിഎന്‍എ പോലും മാറ്റാന്‍ ഗര്‍ഭ സന്സ്കാറിന് സാധിക്കുമെന്നും ശില്പശാലയില് പങ്കെടുത്തവര്‍ വാദിക്കുന്നുണ്ട്. ഗര്‍ഭപാത്രത്തിന്റെ ശുദ്ധീകരണം നടത്തുകയും ഗര്‍ഭ സന്‍സ്കാറിലൂടെ 1000 കുട്ടികളെ ജനിപ്പിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ശില്പശാല സംഘടിപ്പിച്ചവര്‍ പറയുന്നു.
ഇതില്‍ ഏറ്റവും അപകടകരമായ പ്രസ്താവന ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗത്തെപ്രതിയുള്ള ആകുലതകളും പ്രതീക്ഷകളുമാണ് കുട്ടികള്‍ വളരുമ്പോള്‍ സ്വവര്‍ഗാനുരാഗികളായി മാറാന്‍ കാരണമെന്നതാണ്. ആദ്യത്തെ കുട്ടി ആണാണെങ്കില്‍ രണ്ടാമത്തെ കുട്ടി പെണ്ണാകണമെന്ന് ആഗ്രഹിക്കുന്ന അമ്മമാരാണ് കൂടുതലെന്നും അവര്‍ക്ക് ആണ്‍കുട്ടിയുണ്ടായാല്‍ അവര്‍ സ്വവര്‍ഗാനുരാഗികളായി മാറുമെന്ന ശ്വേത ഡന്ഗ്ര എന്ന ഡോക്ടറുടെ വാദം ആരോഗ്യമേഖലയിലുള്ളവരെ പോലും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകാണും.
അശാസ്ത്രീയതയും അബദ്ധങ്ങളുമാണ് ശില്പശാലയുടെ മുഖ്യ ആകര്ഷണമെന്നത് ചുരുക്കം. എന്നാല്‍ ഡിഎന്‍എ ഘടനയില്‍ പ്രാര്‍ഥിച്ചാല്‍ മാറ്റം വരുമെന്നും സാമ്പത്തികമായി ഭേദപ്പെട്ടവരുടെ മക്കള്‍ക്ക് ഓട്ടിസം പോലുള്ള അവസ്ഥകള്‍ വരാന്‍ സാധ്യത കുറവാണെന്ന തരത്തിലുള്ള പ്രസ്താവനകള്‍ വന്നത് ശാസ്ത്രം പഠിച്ച് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നാണെന്നത് നമ്മുടെ ആരോഗ്യരംഗത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഗൗരവപൂർവ്വം ആലോചിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽച്ചൂണ്ടുന്നത്.