നമുക്ക് പ്രധാന ഭക്ഷണത്തിനൊപ്പം കറി അഥവാ ഗ്രേവി എന്നത് പലപ്പോഴും നിര്‍ബന്ധമാണ്. കറിയില്‍ വെള്ളം അധികമായാല്‍ സ്വാഭാവികമായി ഇതിന്റെ രുചിയും കാഴ്ചയും പോകുകയും ചെയ്യും. കറിയില്‍, ഗ്രേവിയില്‍ വെള്ളം അധികമായാല്‍ ഇതിന് കട്ടി കൂട്ടാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ
തണുപ്പു മാറ്റി ഉപയോഗിയ്ക്കുക
പലപ്പോഴും നാം ഫ്രീസറില്‍ നിന്നും ചേരുവകള്‍ നേരിട്ടെടുത്ത് കറിയില്‍ ചേര്‍ക്കും. ഇത് ചൂടാകുമ്പോള്‍ ഇതിലെ വെള്ളം കൂടി കറിയില്‍ ചേരുന്നു. എപ്പോഴും പാകം ചെയ്യുന്നതിന് മുന്‍പായി പുറത്ത് ഇവ എടുത്തു വച്ച് തണുപ്പ് മാറിയ ശേഷം കറിയില്‍ ചേര്‍ത്താല്‍ ഇതു വഴിയുണ്ടാകുന്ന കൂടുതല്‍ വെള്ളമെന്ന പ്രശ്നം ഇല്ലാതാകും. ഇതാണ് ആരോഗ്യകരമായ പാചക രീതിയും.
ഉദാരണത്തിന് ഫ്രോസണ്‍ ഗ്രീന്പീസുണ്ട്. ഇത് ഫ്രീസറില്‍ നിന്നും നേരിട്ടെടുത്ത് കറിയില്‍ ചേര്‍ത്താല്‍ ഇതിലെ വെള്ളം കൂടി കറിയിലാകും. ഇറച്ചിയെങ്കിലും മീനെങ്കിലും ഇത് തന്നെയാണ് അവസ്ഥ. ഇതിനാല്‍ ഇവ തണുപ്പു മാറ്റി ഉപയോഗിയ്ക്കുക.
സിം ആക്കി പാകം ചെയ്യുമ്പോള്‍
തീരെ കുറവ് തീയില്‍ പാകം ചെയ്താല്‍ വെളളം വറ്റാന്‍ കൂടുതല്‍ സമയമെടുക്കും. പ്രത്യേകിച്ചും കറി പാകത്തിന് വെന്ത ശേഷം കുറവ് തീയില്‍ വീണ്ടും പാകം ചെയ്താല്‍ കൂടുതല്‍ വെന്ത് സ്വാദും പോകും. പാകമായ ശേഷം വെള്ളമധികമെങ്കില് തീ കൂട്ടി വച്ചാല്‍ പെട്ടെന്ന് വെള്ളം വറ്റിക്കിട്ടും. തിളയ്ക്കുമ്പോഴേയ്ക്കും തീ കെടുത്തിയാലും കറി കട്ടിയാകില്ല. കറി കട്ടിയാകാന്‍ കുറവ് അല്പനേരം കൂടുതല്‍ പാകം ചെയ്യുക തന്നെ വേണം. ഗ്യാസ് സ്റ്റൗ സിം ആക്കി പാകം ചെയ്യുമ്പോള്‍ പാകമാകുന്നതിനൊപ്പം കറിയും കട്ടിയാകും.
നട്സ്
കറി കട്ടിയാകാന്‍ ഇതില്‍ ചേര്‍ക്കാവുന്ന ചില ചേരുവകളുണ്ട്. ബദാം, കശുവണ്ടിപ്പരിപ്പ് അരച്ചത് എന്നിവ ചപ്പാത്തിയ്ക്കുള്ള തരം കറികളില്‍ ചേര്‍ക്കാവുന്നതാണ്. നട്സ് അധികമുള്ള വെള്ളം വലിച്ചെടുക്കുകയും കറി കട്ടിയാക്കുകയും ചെയ്യുന്നു. തേങ്ങാ ചേര്‍ക്കാവുന്ന കറികളിലെങ്കില് ഇത് അല്പം കൂടുതല്‍ ചേര്‍ക്കാം. പരിപ്പ് ചേര്‍ത്തുണ്ടാക്കുന്ന കറികളിലെങ്കില് പരിപ്പ് വീണ്ടും വേവിച്ച് ചേര്‍ക്കാവുന്നതാണ്. ഇത് കറിയ്ക്ക് കട്ടി കൂട്ടും. ഉദാഹരണത്തിന് സാമ്പാറില്‍ വെള്ളം അധികമായാല്‍ പരിപ്പ് വീണ്ടും അല്പം കൂടി വേവിച്ച് ചേര്‍ത്താല്‍ മതിയാകും.
കോണ്‍ഫ്ളോര്‍
തക്കാളി ചേര്‍ക്കാവുന്ന കറികളെങ്കില്‍ തക്കാളി അരച്ച് ചേര്‍ക്കുന്നത് ഗുണം നല്‍കും. കടലമാവ്, കോണ്‍ഫ്ളോര്‍ എന്നിവ വെള്ളത്തില്‍ കലക്കി ചേര്‍ക്കുന്നത് നല്ലതാണ്. കടലമാവ് വറുത്ത ശേഷം ചേര്‍ക്കാം. ഗോതമ്പ് പൊടി, അരിപ്പൊടി, തേങ്ങയുടെ പൊടി കിട്ടുന്നുവെങ്കില്‍ ഇവ നെയ്യ്, ഒലീവ് ഓയില്‍, വെളിച്ചെണ്ണ എന്നിവയില്‍ ഏതിലെങ്കിലും ചേര്‍ത്ത് അല്പനേരം പാകം ചെയ്യുക. ഇത് പച്ചമണം മാറാന്‍ നല്ലതാണ്. ഇത് ചേര്‍ക്കാം.
കോണ്‍ഫ്ളോര്‍, കിഴങ്ങ്പൊടി, കൂവപ്പൊടി എന്നിവയില്‍ തണുത്ത വെള്ളമോ അല്ലെങ്കില്‍ കറിയില്‍ അധികമായി നില്ക്കുന്ന വെള്ളമോ ചേര്‍ത്തിളക്കി കറിയിലേയ്ക്കൊഴിയ്ക്കാം. ഇതെല്ലാം കട്ടി കൂട്ടാന്‍ സഹായിക്കും.