എന്തൊക്കെയാണ് പാരാഗ്ലൈഡിങ് വഴിയുണ്ടാകാനിടയുള്ള അപകടങ്ങൾ?
ഉയരമുള്ള വസ്തുക്കളിലോ മലകളിലോ മരങ്ങളിലോ ഒക്കെ കുടുങ്ങുന്നതാണ് പാരാഗ്ലൈഡിങ്ങിൽ സ്ഥിരമായി സംഭവിക്കാറുള്ള അപകടം. കാറ്റിന്റെ ദിശയനുസരിച്ചാണ് പാരാഗ്ലൈഡറിനെ നിയന്ത്രിക്കുന്നത് എന്നതിനാൽത്തന്നെ ഇത്തരം അപകടങ്ങൾക്ക് സാധ്യതയുണ്ട്. വളരെ എക്സ്പീരിയൻസ്ഡായ ഒരു പൈലറ്റിന് മാത്രമേ പാരാഗ്ലൈഡറുകളെ ഏത് കാറ്റിലും ശരിയായി നിയന്ത്രിക്കാനാകൂ. അടുത്തുള്ള അപകടസാധ്യതകളിൽ വ്യക്തമായ ധാരണ പൈലറ്റിനുണ്ടായിരിക്കണം. അത്തരം അപകടങ്ങളുടെ അടുത്തേക്കൊന്നും പാരാഗ്ലൈഡർ എത്താതിരിക്കാൻ നല്ല ജാഗ്രത പുലർത്തുകയും വേണം. വർക്കലയിൽ എന്ത് സാഹചര്യത്തിലാണ് അപകടം നടന്നത് എന്നറിയാതെ നാമൊരു വിലയിരുത്തലിന് മുതിരുന്നത് അബദ്ധമായിരിക്കും.
സുരക്ഷിതമായ പാരാഗ്ലൈഡിങ്ങിന് ആദ്യമേ ചെയ്യേണ്ട കാര്യം പറക്കുന്ന ആകാശത്ത് തടസ്സങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കുകയാണ്. ഇലക്ട്രിക് കമ്പികളോ പോളുകളോ ഒന്നും അവിടെ പാടില്ല. മോശമായ കാലാവസ്ഥയിൽ ഒരിക്കലും പറക്കാൻ പാടില്ല. പറന്ന് എവിടെയെങ്കിലും ചെന്നുചേരും. വീഴുന്നിടത്തെ സാഹചര്യങ്ങൾ പോലെ അപകടങ്ങളുമുണ്ടാകും. എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിൽ പറക്കാൻ നിയമംമൂലം അനുവദിക്കുന്നില്ല.
പറക്കലിൽ ശരിയായ നില കിട്ടാതെ ആകാശത്തു നിന്ന് താഴെ വീണും അപകടങ്ങളുണ്ടാകാം. മോശം കാലാവസ്ഥയാണ് മറ്റൊന്ന്. ഇടിമിന്നൽ തട്ടിയാലും അപകടങ്ങളുണ്ടാകും. വലിയ കാറ്റുകളിൽ പെട്ടാൽ പാരാഗ്ലൈഡർ വളരെ ഉയരത്തിലേക്ക് പറന്നും അപകടമുണ്ടാകാം.
പൈലറ്റിന്റെ പ്രശ്നങ്ങൾ
പാരാഗ്ലൈഡിങ് പൈലറ്റുമാർക്ക് പലതരം അബദ്ധങ്ങൾ സംഭവിക്കാം. അതിൽ മിക്കതും അനുഭവപരിചയം ഇല്ലാത്തതു കൊണ്ടുണ്ടാകുന്നത്. പാരാഗ്ലൈഡിങ് രംഗത്ത് അറിയപ്പെടുന്ന ഒരു പ്രശ്നവും ഈ എക്സ്പീരിയൻസുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്റർമീഡിയറ്റ് സിൻഡ്രോം എന്നാണതിനു പറയുക. ഇത്തരം പ്രശ്നങ്ങളുള്ള പൈലറ്റുമാരുണ്ടാകും. ഇവർ തുടക്കക്കാരാകില്ല. എന്നാലോ വളരെ പരിചയസമ്പത്തുള്ളവരുമാകില്ല. ഇങ്ങനെ മധ്യത്തിൽ നിൽക്കുന്ന പൈലറ്റുമാർക്ക് പലപ്പോഴും അപകടങ്ങൾ സംഭവിക്കാം. നേരത്തെ പരീക്ഷിച്ച് വിജയിച്ചിട്ടില്ലാത്ത ചില പരിപാടികൾ അവർ പറക്കലിനിടയിൽ നടത്തിയേക്കാം. കാലാവസ്ഥ അനുകൂലമല്ലെങ്കിൽ റിസ്കെടുക്കാനും ഇത്തരം പൈലറ്റുമാര് ചിലപ്പോൾ തയ്യാറാകും.
സുരക്ഷയെ സംബന്ധിച്ച് അബദ്ധധാരണ സൂക്ഷിക്കുന്നത് വലിയ പ്രശ്നമാണ്. ഇത്തരം ധാരണകൾ ഇങ്ങനെ ഇന്റർമീഡിയറ്റ് സിൻഡ്രോം സൂക്ഷിക്കുന്നവർക്കുണ്ടാകും.
പാരാഗ്ലൈഡർ അപകടത്തിലായാൽ എന്തു ചെയ്യും?
സാധ്യമായ എല്ലാ സന്നാഹങ്ങളോടും കൂടിയാണ് പാരാഗ്ലൈഡിങ് പൈലറ്റുകൾ പറക്കാൻ തയ്യാറെടുക്കുക. പാരച്യൂട്ട് നിർബന്ധമായും കരുതും. എന്നാൽ വർക്കലയിൽ സംഭവിച്ചതു പോലെയുള്ള അപകടങ്ങളിൽ പാരച്യൂട്ട് കൊണ്ട് പ്രയോജനമൊന്നുമില്ല.
മൂന്ന് തരം പാരച്യൂട്ടുകളാണ് പാരാഗ്ലൈഡറിൽ ഉണ്ടാവുക. ഇതിൽ മെയിൻ വിങ് ഏതെങ്കിലും കാരണവശാൽ തകരാറിലായാൽ മെയിൻ റിസർവ്വ് ഉപയോഗിക്കാം. അതും തകരാറിലായാൽ എമർജൻസി റിസർവ്വ് ഉപയോഗിക്കുന്നു.