തൃശ്ശൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ മാതൃകയില്‍ സംസ്ഥാനത്ത് വിദ്യാഭ്യാസ ശാക്തീകരണത്തിന് ഒരു നിധികൂടി രൂപവത്കരിക്കുന്നു. മുഖ്യമന്ത്രിയുടെ വിദ്യാഭ്യാസ ശാക്തീകരണനിധി അഥവാ ചീഫ് മിനിസ്റ്റേഴ്സ് എജ്യൂക്കേഷന്‍ എംപവര്‍മെന്റ് ഫണ്ട് (സി.എം.ഇ.എം.എഫ്.) എന്ന പേരിലായിരിക്കും അറിയപ്പെടുക. സംഭാവനകള്‍ക്ക് ആദായനികുതി ഇളവുണ്ടാകും.
ഓണ്‍ലൈന്‍ വിദ്യാഭ്യാസരംഗത്ത് പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് സൗകര്യമൊരുക്കാനായിരിക്കും നിധി ഉപയോഗിക്കുക. ഓണ്‍ലൈന്‍ പഠനത്തിനുള്ള പൊതുപ്ലാറ്റ്ഫോമായ ജി-സ്വീറ്റിന് ഇണങ്ങുന്ന മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, ടാബ്ലറ്റ് ഫോണ്‍ എന്നിവയെത്തിക്കും.
പാഠപുസ്തകം ലഭ്യമാക്കുന്ന ജാഗ്രതതന്നെ ഡിജിറ്റല്‍ ഉപകരണം ലഭ്യമാക്കാനും വേണമെന്നാണ് മാര്‍ഗരേഖ നിര്‍ദേശിക്കുന്നത്. സാമ്പത്തികശേഷി കുറഞ്ഞ കുട്ടികള്‍ക്ക് ഡേറ്റ റീചാര്‍ജ് പണം നല്‍കാനും നിധിയിലെ പണം ഉപയോഗിച്ചേക്കും. ഉപകരണങ്ങള്‍ കേടായാല്‍ അത് നന്നാക്കാനുള്ള പണം നല്‍കുന്നതും പരിഗണനയിലുണ്ട്.
കണക്ടിവിറ്റി ലഭ്യമാക്കല്‍, വൈദ്യുതിതടസ്സം ഒഴിവാക്കല്‍ തുടങ്ങിയ കാര്യങ്ങളിലും പണത്തിന്റെ ആവശ്യം വന്നാല്‍ നിധിയില്‍നിന്ന് ഉപയോഗപ്പെടുത്തും. കേരളത്തിലെ എല്ലാ വീടുകളും സന്ദര്‍ശിച്ച് ഫണ്ടിലേക്ക് ധനസമാഹരണം നടത്തണമെന്ന് മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ട്.