കുവൈറ്റ് സിറ്റി> കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെയും ബാലവേദി കുവൈറ്റിന്റെയും ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ശാസ്ത്രമേള- 2023 ഏപ്രിൽ 28 വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ ഖൈത്താൻ കാർമൽ സ്കൂളിൽ നടക്കും.
ശാസ്ത്രമേളയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി രജീഷ് സി ശാസ്ത്രമേളയുടെ നടത്തിപ്പ് സംബന്ധിച്ചുള്ള വിശദീകരണം നൽകി. ട്രഷറർ അജ്നാസ് മുഹമ്മദ് സംസാരിച്ചു.
ശാസ്ത്രമേളയുടെ രക്ഷാധികാരികളായി ആർ നാഗനാഥൻ, ഹംസ പയ്യന്നൂർ, മാത്യു വർഗീസ്, ജോസഫ് പണിക്കർ, കെ വിനോദ്, സലിം നിലമ്പൂർ എന്നിവരേയും, സംഘാടക സമിതിയുടെ ജനറൽ കൺവീനറായി ശങ്കർ റാമിനെയും, കൺവീനർമാരായി ഹരി രാജ്, അരവിന്ദൻ എന്നിവരേയും തെരെഞ്ഞുടുത്തു. കൂടാതെ വിവിധ സബ്കമ്മിറ്റികളെയും എക്സിക്യു്ട്ടീവ് കമ്മിറ്റിയെയും തെരെഞ്ഞെടുത്തു.
ശാസ്ത്രമേളയിൽ സീനിയർ, ജൂനിയർ, സബ്ജൂനിയർ വിഭാഗങ്ങളിലായി സയൻസ് ഫെയർ, മാത്തമാറ്റിക്സ് ഫെയർ, സോഷ്യൽ സയൻസ് ഫെയർ, വർക്ക് എക്സ്പീരിയൻസ് ഫെയർ, ഐടി ഫെയർ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഇനങ്ങളിലായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക. അബ്ബാസിയ മേഖലാ സെക്രട്ടറി നവീൻ സ്വാഗതം പറഞ്ഞ യോഗത്തിന് സംഘാടക സമിതി ജനറൽ കൺവീനർ ശങ്കർ റാം നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..