കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിലവിൽ തീ നിയന്ത്രണ വിധേയമാണെങ്കിലും കൊച്ചിയിലെ അന്തരീക്ഷ മലിനീകരണത്തിന് യാതൊരു കുറവുമില്ല. ഈ ലേഖനമെഴുതുമ്പോൾ (മാർച്ച് 8, 3.00 PM) വൈറ്റിലയിലെ അന്തരീക്ഷ ഗുണനിലവാര തോത് അതീവഗുരുതരമാണ്. പിഎം2.5 കണികകളുടെ അളവ് 324 വരെ ഉയരുകയുണ്ടായി. ശരാശരി 158 വാല്യൂവിലാണ് പിഎം 2.5-ന്റെ അന്തരീക്ഷത്തിലെ സാന്നിധ്യം. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം ഇത് ഗുരുതരമായ സ്ഥിതിവിശേഷമാണ്.
തീപിടിത്തത്തെ തുടര്ന്ന് കൊച്ചി നഗരത്തിലും പരിസരങ്ങളിലും കനത്ത പുകയാണ് ഉണ്ടായത്. കിലോമീറ്ററുകൾ അകലേക്ക് വരെ പുക വ്യാപിച്ചിട്ടുണ്ട്. തീ വലിയതോതിൽ അണച്ചിട്ടുണ്ടെങ്കിലും, കനത്ത പുകയും മീഥെയ്ൻ വാതകവും പ്രദേശത്തെ മൂടുന്നത് തുടരുന്നു.
മാലിന്യ കൂമ്പാരത്തിന് തീപിടിച്ചതിന്റെ കാരണം ഇതു വരെയും വ്യക്തമായിട്ടില്ല. ഇതിൽ ചില അട്ടിമറി സാധ്യതകൾ ശക്തമായിത്തന്നെ നിലനിൽക്കുന്നുണ്ട്. ഇത്രയും വലിയൊരു തീപ്പിടിത്തമുണ്ടാകണമെങ്കിൽ ഏക്കറുകൾ വലിപ്പമുള്ള മാലിന്യ പ്ലാന്റിന്റെ പല ഭാഗങ്ങളിൽ ഒരേസമയം തീയിടേണ്ടതായി വരും. അങ്ങനെ സംഭവിച്ചിരിക്കാമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. മാലിന്യത്തിന്റെ കൈകാര്യവുമായി ബന്ധപ്പെട്ട് കരാറെടുത്ത ഒരു കമ്പനിക്ക് ഇതിൽ പങ്കാളിത്തമുണ്ടാകാമെന്നും ആരോപണമുയരുന്നു. ആ സാധ്യതകളെ കുറച്ചുകാണിക്കുക എന്ന ലക്ഷ്യം ഈ ലേഖനത്തിനില്ല. മറിച്ച്, ഇത്തരം പ്ലാന്റുകളിൽ തീപ്പിടിത്തമുണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച് ആലോചിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ഭാവിയിൽ ഇത്തരം സംഭവങ്ങൾ നടക്കാതിരിക്കാൻ ജനകീയമായ ഒരു ജാഗ്രത ഉയര്ന്നുവരേണ്ടതുണ്ട്.
‘ടൈം ബോംബുകൾ’
ഇത്തരം മാലിന്യങ്ങളിലുള്ള ജ്വലന സാധ്യതയുള്ള വാതകങ്ങളാണ് തീപ്പിടുത്തത്തിലേക്ക് നയിക്കുന്നതെന്ന് നിരവധി പഠനങ്ങൾ വന്നിട്ടുണ്ട്. സമാനമായ രീതിയിൽ മാലിന്യക്കൂമ്പാരങ്ങൾക്ക് തീ പിടിക്കുന്ന അവസ്ഥ ഇന്ത്യയിൽ പലതവണ ഉണ്ടായിട്ടുണ്ട്. ബ്രഹ്മപുരത്തു തന്നെ ഇതിനു മുൻപും ഇത്തരത്തിൽ പലതവണ തീപ്പിടിത്തമുണ്ടായിട്ടുണ്ട്. ഉപഗ്രഹങ്ങൾ വഴി എമിഷൻസ് നിരീക്ഷിക്കുന്ന ജിഎച്ച്ജിസാറ്റ് (GHGSat) പറയുന്നതനുസരിച്ച് ഇത്തരം ലാൻഡ്ഫിൽ സൈറ്റുകളിൽ നിന്ന് കൂടുതൽ മീഥെയ്ൻ വാതകം സൃഷ്ടിക്കുന്ന രാജ്യം ഇന്ത്യയാണ്. കാർബൺ ഡൈഓക്സൈഡ് കഴിഞ്ഞാൽ പിന്നെ ഏറ്റവും വലിയ ഹരിതഗൃഹ വാതകമാണ് മീഥെയ്ൻ. ഇതും കാലാവസ്ഥാ വ്യതിയാനത്തിന് ആക്കംകൂട്ടുന്നുണ്ട്. മാത്രമല്ല ഇത് എളുപ്പത്തിൽ ചൂട് പിടിക്കുന്ന വാതകം കൂടിയാണ്. അടുത്തിടെ, ദേശീയ ഹരിത ട്രൈബ്യൂണൽ ഇത്തരം മാലിന്യ കൂമ്പാരങ്ങൾ ‘ടൈം ബോംബുകൾ’ പോലെയാണെന്നാണ് വിശേഷിപ്പിച്ചത്.
ഇന്ത്യയിൽ ഇതുവരെ പലയിടത്തുമുള്ള മാലിന്യ സംസ്കരണ പ്ളാന്റുകളിലെ തീപ്പിടിത്തത്തിന്റെ കാരണങ്ങളിലേക്ക് ഇറങ്ങിച്ചെന്നാൽ മീഥെയ്ൻ സാന്നിധ്യം തന്നെയാണ് കൂടുതലും കണ്ടെത്തിയിട്ടുള്ളത്. മാലിന്യ പ്ളാന്റുകളിലേക്ക് എത്തുന്ന ഫ്രെഷ് മാലിന്യത്തിൽ 20 ശതമാനത്തോളം ഓക്സിജൻ ഉണ്ടാകും. എന്നാൽ ഈ മാലിന്യങ്ങൾ വിഘടിക്കുന്ന ഘട്ടത്തിൽ ഏകദേശം മൂന്ന് മാസത്തോളം എടുക്കുന്ന ഈ കാലയളവിൽ ഓക്സിജന്റെ അളവ് പൂർണമായും ഇല്ലാതാകുകയും കാർബൺ ഡൈ ഓക്സൈസ്, മീഥെയ്ൻ വാതകങ്ങൾ പുറന്തള്ളപ്പെടുകയും ചെയ്യും.
മാലിന്യം നിക്ഷേപിക്കാനും ഒതുക്കാനും മൂടാനും സാധാരണയായി സ്വീകരിക്കുന്ന അപ്രായോഗിക രീതികൾ കാരണം, മാലിന്യത്തിന്റെ വിഘടനം വലിയ അളവിൽ വായുരഹിതമായ സാഹചര്യത്തിലാണ് നടക്കുന്നത്. ഇതാണ് വലിയ അളവിൽ മീഥേൻ, കാർബൺ ഡൈ ഓക്സൈഡ് എന്നിവയുടെ ഉത്പാദനത്തിന് കാരണമാകുന്നത്. അതുകൊണ്ട് തന്നെ മീഥെയ്ൻ സാന്നിധ്യമാണ് തീപ്പിടിത്തത്തിന് കാരണമാകുന്നതെങ്കിൽ തീ നിയന്ത്രണ വിധേയമാക്കുന്നതിൽ ബുദ്ധിമുട്ടുകളുണ്ടാകും. കാരണം ഇത്രയും വലിയ മാലിന്യക്കൂമ്പാരത്തിനിടയിൽ നിന്ന് തീപ്പിടിത്തത്തിന്റെ ഉറവിടം കണ്ടെത്താൻ പ്രയാസമായിരിക്കും എന്നതു തന്നെ. ഇതല്ലാതെ മറ്റ് കാരണങ്ങളിലേക്ക് വന്നാൽ ഇത്തരം സൈറ്റുകളിൽ പുകവലിക്കുന്ന ആളുകൾ, മാലിന്യ പുനരുപയോഗം ചെയ്യുന്നവർ എന്നിവരും തീപിടിത്തത്തിന് കാരണക്കാരാകുന്നുണ്ട്.
പ്ലാസ്റ്റിക് കുപ്പികൾ
അതുപോലെ തന്നെയാണ് ഇത്തരം പ്ളാന്റുകളിലേക്ക് എത്തുന്ന പ്ളാസ്റ്റിക് മാലിന്യങ്ങളും. ഇതും എളുപ്പത്തിൽ തീ പിടിക്കാൻ കാരണമാകുന്നുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്യാൻ കഴിയുന്നവയാണെങ്കിലും ഇവ എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ളവയാണെന്നാണ് വിദഗ്ദ്ധർ ചൂട്ടിക്കാട്ടുന്നത്. പോളിയെത്തിലീൻ ടെറഫ്താലേറ്റ് പ്ലാസ്റ്റിക് ആണിത്. പിഇടി (PET) എന്നറിയപ്പെടുന്ന ഇവ ഉപയോഗിച്ചാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാനീയ കുപ്പികൾ, പാക്കേജിംഗ് തുടങ്ങിയവ നിർമ്മിക്കുന്നത്. എന്നാൽ റീസൈക്കിൾ പ്ളാന്റുകളിലേക്ക് എത്തുന്ന ഇവയിൽ മിക്കവാറും വളരെ ചെറിയ ശതമാനം പ്ളാസ്റ്റിക് മാത്രമേ പുനരുപയോഗം ചെയ്യപ്പെടുന്നുള്ളു. ബാക്കിയുള്ളവ ഇത്തരം മാലിന്യ സംസ്കരണ പ്ളാന്റുകളിലേക്ക് എത്തുകയാണ്പതിവ്. അതുമല്ലെങ്കിൽ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും.
2018 വരെ പിഇടി പ്ലാസ്റ്റിക്ക് വലിയ തോതിൽ വാങ്ങിക്കൂട്ടിയിരുന്നത് ചൈനയായിരുന്നു, എന്നാൽ 2018-ന്റെ തുടക്കത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ചൈന നിരോധനം ഏർപ്പെടുത്തി. അതോടെ ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും റീസൈക്ളിംഗ് പ്ളാന്റുകളിൽ നിന്നുള്ള പ്ളാസ്റ്റിക് മാലിന്യങ്ങൾ കൂടി മാലിന്യ സംസ്കരണ പ്ളാന്റുകളിലേക്ക് എത്തിത്തുടങ്ങി. ആഗോളതലത്തിൽ പ്രതിവർഷം 82 ദശലക്ഷം മെട്രിക് ടൺ പിഇടി പ്ലാസ്റ്റിക് ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് അമേരിക്കയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് എനർജിയുടെ കീഴിലുള്ള നാഷണൽ റിന്യൂവബിൾ എനർജി ലബോറട്ടറി പറയുന്നത്.
ഇന്ത്യയിൽ മാത്രമല്ല കഴിഞ്ഞ അഞ്ച് വർഷമായി ലോകത്ത് എല്ലായിടത്തും മാലിന്യപ്ലാന്റ് തീപിടിത്തങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. കടലാസ്, പ്ലാസ്റ്റിക് തുടങ്ങിയ ജ്വലന വസ്തുക്കളുടെ സംയോജനം, ഉപേക്ഷിച്ച ലിഥിയം അയൺ ബാറ്ററികളിൽ നിന്നുള്ള തീപ്പൊരി, കാലാവസ്ഥ മാറ്റത്തിനനുസരിച്ച് താപനില വർദ്ധിക്കുന്നത് എന്നിവയൊക്കെ തന്നെ ഇതിന് കാരണമാകുന്നുണ്ട്.
ഇന്ത്യയിൽ വിഷവാതകങ്ങൾ പുറന്തള്ളുന്ന, മാലിന്യങ്ങൾ നിറഞ്ഞ് കവിഞ്ഞൊഴുകുന്ന മൂവായിരത്തോളം മാലിന്യകൂമ്പാരങ്ങളിൽ ഒന്ന് മാത്രമാണ് ബ്രഹ്മപുരം. ബ്രഹ്മപുരത്തെ പ്ലാസ്റ്റിക്ക് കൂമ്പാരത്തിന്റെ വലിപ്പം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മീഥേയ്ന്റെ പുറന്തള്ളൽ മാത്രമല്ല ഇവ ഉണ്ടാക്കുന്ന അപകടം. പതിറ്റാണ്ടുകളായി ഇവയിൽ നിന്നുള്ള അപകടകരമായ വിഷവസ്തുക്കൾ ഭൂമിയിലേക്ക് ഇറങ്ങി സമീപത്തുള്ള ആയിരക്കണക്കിന് ജലവിതരണസംവിധാനങ്ങളാണ് ഇവ കാരണം മലിനമാകുന്നത്. മാത്രമല്ല സമീപവാസികൾക്ക് ത്വക്ക് രോഗങ്ങളും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഇവ സൃഷ്ടിക്കുന്നുണ്ട്. 2019-ലെ ഒരു റിപ്പോർട്ടിൽ, റീസൈക്ലിംഗ് മേഖലയെ കൂടുതൽ മെച്ചപ്പെട്ടതാക്കുന്നതിനും രാജ്യത്ത് കൂടുതൽ കമ്പോസ്റ്റ് പ്ലാന്റുകൾ സ്ഥാപിക്കുന്നതും ഉൾപ്പെടെ, രാജ്യത്തിന്റെ ഖരമാലിന്യ മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ഇന്ത്യൻ സർക്കാർ ശുപാർശ ചെയ്തിരുന്നു. പക്ഷേ ഒന്നും എങ്ങും എത്തിയിട്ടില്ല എന്നാണ് അടിക്കടി ഉണ്ടാകുന്ന ഇത്തരം അപകടങ്ങൾ നൽകുന്ന സൂചന. വീടുതോറുമുള്ള മാലിന്യ ശേഖരണം, മാലിന്യ സംസ്കരണം എന്നിങ്ങനെയുള്ള ചില മെച്ചപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയിലെ മാലിന്യക്കൂമ്പാരങ്ങളുടെ വലുപ്പം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യത്തിൽ സംശയമില്ല.