കോഴിക്കോട്: മരംമുറിക്കേസില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയുണ്ടാകുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്. ഐ.എഫ്.എസ്. റാങ്കിലുളളവര്‍ക്കെതിരായ നടപടി സംബന്ധിച്ചുളള തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാതൃഭൂമി ന്യൂസിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മരംമുറിക്കേസില്‍ വകുപ്പുതല അന്വേഷണം പൂര്‍ത്തിയായികഴിഞ്ഞു, ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. വയനാട്ടില്‍ നിന്ന് മരംമുറിച്ചാല്‍ അത് കടത്തിക്കൊണ്ടുവരുന്നതിനുളള ഒരു വഴി ലക്കിടി ചെക്പോസ്റ്റാണ്. എന്നാല്‍ മരംകടത്തി എന്നുപറയുന്ന ദിവസങ്ങളില്‍ ലക്കിടി ചെക്പോസ്റ്റില്‍ പരിശോധനകള്‍ നടന്നതായി റെക്കോഡുകളില്‍ കാണുന്നില്ല. അന്ന് ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥര്ക്കെതിരേ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സമാനമായ സംഭവമാണ് അടിമാലിയിലും ഉണ്ടായത്. അവിടെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. മറ്റൊന്ന് ഉദ്യോഗസ്ഥന്മാര് പരസ്പരം ഭീഷണിപ്പെടുത്തിയെന്നാണ്. അത് അന്വേഷിച്ച് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുളളതാണ് അതില്‍ വനംവകുപ്പ് നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.’ വനംമന്ത്രി പറഞ്ഞു.
നടപടികള്‍ വേഗത്തില്‍ കൈക്കൊളളാന്‍ സാധിക്കാത്തതിനുളള കാരണവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ‘ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്കുളള ശിക്ഷാനടപടികള്‍ വനംവകുപ്പിന് ചെയ്യാന്‍ സാധിക്കില്ല. ശിക്ഷാനടപടികള്‍ സംബന്ധിച്ച വകുപ്പിന്റെ ശുപാര്‍ശ വനംവകുപ്പ് മന്ത്രി കണ്ടതിന് ശേഷം ചീഫ് സെക്രട്ടറിക്ക് അയക്കണം. അവിടെ നിന്ന് മുഖ്യമന്ത്രിക്ക് പോയാല്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കൂ. അതുകൊണ്ടുമാത്രമാണ് നടപടികള്‍ വൈകുന്നത്.’ മന്ത്രി പറഞ്ഞു. തന്നെ വന്നുകാണുന്നത് കുറ്റകൃത്യം ചെയ്യാനുളള ലൈസന്‍സ് അല്ലെന്ന് വ്യക്തമാക്കിയ ശശീന്ദ്രന് കുറ്റകൃത്യത്തില്‍ പെട്ടവര്‍ക്ക് ശിക്ഷ ലഭിക്കുക തന്നെ ചെയ്യുമെന്നും വ്യക്തമാക്കി.
Content Highlights:Tree Felling Case: Action will be taken against Top Officials – A.K.Saseendran