വ്യായാമം ചെയ്യാനൊന്നും നേരമില്ല എന്ന് പറയുന്നവർക്ക് വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന 30 കാര്യങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഇവ നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കി നോക്കൂ, വ്യത്യാസം തിരിച്ചറിയൂ.
1. പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. ഇത് പഴങ്ങളുടെയും പച്ചക്കറികളുടെയും മിശ്രിതമായാൽ നന്ന്.
2. പ്രഭാത ഭക്ഷണത്തിന് ഓട്സ് ഉൾപ്പെടുത്താവുന്നതാണ്.
3. ഭക്ഷണം എല്ലായ്പോഴും അറിഞ്ഞ് കഴിക്കാൻ ശ്രദ്ധിക്കുക. വയർ നിറഞ്ഞിട്ടും വീണ്ടും കഴിച്ചുകൊണ്ടേയിരിക്കുന്നത് പൊണ്ണത്തടിക്ക് കാരണമാകും എന്ന് മനസ്സിലാക്കി വേണം കഴിക്കാൻ. ടിവിയുടെ മുമ്പിലിരുന്നും ഫോൺ നോക്കിക്കൊണ്ടുമൊക്കെ കഴിക്കുന്നത് ഒഴിവാക്കുക. ഇത് ചിലപ്പോഴെങ്കിലും നിയന്ത്രണമില്ലാതെ കഴിക്കുന്നതിന് കാരണമാകാം.
4. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവയൊക്കെ പരമാവധി ഒഴിവാക്കുക. ഇത്തരം ഭക്ഷണങ്ങൾ രുചികരമാണെങ്കിലും ആരോഗ്യത്തിന് വളരെ ദോഷം സൃഷ്ടിക്കുന്നു. കഴിക്കണമെന്ന് തോന്നിയാൽ മാസത്തിൽ ഒന്നായി ചുരുക്കുക.
5. ഒലിവ് ഓയിലിൽ തയ്യാറാക്കിയെടുത്ത ഭക്ഷണം മികച്ച ഹെൽത്തി ഓപ്ഷൻ ആണ്. ആ വിധത്തിൽ പാകം ചെയ്തെടുത്ത ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
6. ഇടയ്ക്കിടക്ക് ഭക്ഷണം കഴിക്കുമ്പോൾ എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. പകരം നട്സ് കഴിക്കാവുന്നതാണ്.
7. ഓഫീസിലും അപ്പാർട്മെന്റിലും മറ്റും ലിഫ്റ്റ് ഉണ്ടെങ്കിൽ അവയുടെ സഹായം തേടാതെ സ്റ്റെയർ കേസ് ഉപയോഗിക്കാം. വ്യായാമം ചെയ്യാൻ സമയമില്ലാത്തവർക്ക് ഇത് മികച്ച വ്യായാമമാണ്.
8. നിങ്ങളുടെ പ്രധാന ആഹാരത്തിനു മുമ്പ് രണ്ടു ഗ്ലാസ് വെള്ളം കുടിക്കുക. ഇത് വയർ നിറഞ്ഞിരിക്കുന്ന പ്രതീതി നിങ്ങളിൽ സൃഷ്ടിക്കും. തന്മൂലം അധികം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം.
കുടവയർ കുറയ്ക്കാൻ രണ്ട് ചേരുവകൾ മാത്രമുള്ളൊരു സൂപ്പർ ഡ്രിങ്ക്
9. കറുവപ്പട്ടയോ പെരുംജീരകമോ ഇട്ട് തിളപ്പിച്ച വെള്ളം ചെറു ചൂടോടെ കുടിച്ചാൽ ആരോഗ്യത്തിനും ഗുണപ്രദമാകും.
10. നിങ്ങൾ ഇടയ്ക്കിടെ കുടിക്കാറുള്ള ചായയും കാപ്പിയും മാറ്റി ആ സമയങ്ങളിൽ ഗ്രീൻ ടീ പോലുള്ള ഏതെങ്കിലും ഹെൽത്ത് ഡ്രിങ്ക്സ് കുടിക്കാവുന്നതാണ്.
11. രാത്രി ഉറങ്ങുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. എട്ട് മണിക്ക് മുമ്പായി കഴിക്കുന്നതാണ് ഉചിതമായ സമയം. ഇനി അഥവാ അതിനു ശേഷം വിശക്കുകയാണെങ്കിൽ ഒരു ആപ്പിൾ കഴിക്കുകയോ അല്ലെങ്കിൽ പാട കളഞ്ഞ ഒരു ഗ്ലാസ് പാൽ കുടിക്കുകയോ ആവാം.
12. നിങ്ങൾക്ക് ഡാൻസ് ഇഷ്ടമാണോ? എങ്കിൽ ഒരു വ്യായാമത്തിനും പോകേണ്ട. വീട്ടിലിരിക്കുമ്പോൾ തന്നെ നിങ്ങൾക്ക് ഇഷ്ടമുള്ള പാട്ട് വെച്ച് അതിനനുസരിച്ച് ചുവട് വെച്ച് നോക്കൂ…
13. നടന്ന് പോകാവുന്ന ദൂരങ്ങൾക്ക് വണ്ടി ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുക. ചെറിയ ദൂരങ്ങൾ നടന്ന് തന്നെ പോകാം.
14. ഓഫീസിൽ മണിക്കൂറുകളോളം ഒരേ ഇരിപ്പ് ഇരിക്കാതെ ഇടക്കിടക്ക് എഴുന്നേറ്റ് പത്ത് മിനിറ്റ് നടക്കാൻ ശ്രദ്ധിക്കുക.
15. വീട് വൃത്തിയാക്കുന്നതും തുടയ്ക്കുന്നതുമൊക്കെ വ്യായാമമാണ്. ഈ കാര്യങ്ങളും മുടങ്ങാതെ ചെയ്യാം.
16. മാനസിക പിരിമുറുക്കം ശരീരഭാരം വർദ്ധിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട് സ്ട്രെസ് ഒഴിവാക്കുക. മാനസിക പിരിമുറുക്കം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ നിന്ന് പരമാവധി വിട്ട് നിൽക്കുക.
17. ജ്യൂസുകൾ കഴിക്കുമ്പോൾ അതിൽ പഞ്ചസാര ചേർക്കുന്ന ശീലം ഉണ്ടെങ്കിൽ അത് ഒഴിവാക്കുക.
18. വളരെ വൈകി ഉറങ്ങുന്ന ശീലമുള്ളവരാണോ നിങ്ങൾ? വണ്ണം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമത്തെ ഇത് ദോഷകരമായി ബാധിക്കും. അതുകൊണ്ട് ആവശ്യത്തിനുള്ള ഉറക്കം ഉറപ്പാക്കുക.
19. ടിവി കാണുമ്പോൾ ഭക്ഷണം കഴിക്കുന്ന ശീലം ഉണ്ടെങ്കിൽ അത് ഒഴിവാക്കുക.
20. പ്രാണായാമം പരിശീലിക്കാം. നീന്തൽ, നടത്തം, ജോഗിങ് എന്നിവ താല്പര്യത്തോടെ ചെയ്ത നോക്കൂ.
കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് ഒരു ഹെല്‍ത്തി ഡയറ്റ് പ്ലാന്‍
21. ബേക്കറി പലഹാരങ്ങളും കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളും കഴിക്കുന്നത് പാടെ ഒഴിവാക്കുക.
22. മൈദ ചേർത്ത ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് തടി കൂടാൻ കാരണമാകും. അത് കൊണ്ട് ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക.
23. ശരീരത്തിൽ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് കുറയ്ക്കാൻ, ഇഞ്ചി, വെളുത്തുള്ളി, ജീരകം എന്നിവ നല്ലതാണ്. ഇവ ആഹാരത്തിൽ ചേർക്കാം.
24. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമായി മൂന്ന് നേരം വയർ നിറച്ച് കഴിക്കുന്നതിനു പകരം രണ്ടോ മൂന്നോ മണിക്കൂർ ഇടവിട്ട് ചെറിയ അളവിൽ കഴിച്ച് നോക്കുക. വ്യത്യാസം കാണാം.
25. പരമാവധി ഹോട്ടൽ ഭക്ഷണം കുറയ്ക്കാൻ ശ്രമിക്കുക. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിനും ഗുണപ്രദം.
26. മദ്യപിക്കുന്നവരാണോ നിങ്ങൾ? എന്നാൽ കേട്ടോളൂ, ഈ ശീലം വണ്ണം കൂട്ടാൻ കാരണമാകും. സ്വീറ്റ് വൈൻ, ബിയർ തുടങ്ങിയവ നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കും.
27. ഭക്ഷണം കഴിഞ്ഞ ഉടനെയുള്ള ഉറക്കം വേണ്ട. അതുപോലെ തന്നെ ഭക്ഷണം കഴിച്ച പാടെ വന്നിരുന്ന് ജോലി ചെയ്യുന്ന ശീലവും ഒഴിവാക്കുക. ചെറിയ സമയത്തെ ഇടവേള എടുത്ത ശേഷം തിരികെ ജോലിയിൽ പ്രവേശിക്കാം. ഈ സമയത്ത് അധികം സ്പീഡ് ഇല്ലാതെ ഒരല്പം നടക്കാം.
28. ധാരാളം ഇലക്കറികൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അച്ചാർ അധികം കഴിക്കേണ്ട.
29. ഇടക്കിടക്ക് ശരീരം സ്ട്രച്ച് ചെയ്യുന്ന ശീലം നല്ലതാണ്.
30. ജോലി തിരക്കൊക്കെ വിട്ട് വീട്ടിലെത്തിയാൽ ഒരല്പം നടക്കാൻ പോകാം. മനസ്സിനും ശരീരത്തിനും ഇത് കുളിർമയേകും.