തിരുവനന്തപുരം: മലയാളം മഹാനിഘണ്ടു (ലെക്സിക്കണ്‍) മേധാവിയായി ചട്ടങ്ങള്‍ ലംഘിച്ച് സംസ്കൃത അധ്യാപികയ്ക്ക് നിയമനം നല്കി. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആര്. മോഹനന്റെ ഭാര്യ ഡോ. പൂര്‍ണിമ മോഹനെയാണ് ഈ തസ്തികയില്‍ നിയമിച്ചത്.
മലയാളഭാഷയില്‍ ഉന്നതപ്രാവീണ്യവും ഗവേഷണബിരുദവും പത്തുവര്‍ഷത്തെ മലയാള അധ്യാപനപരിചയവുമാണ് മഹാനിഘണ്ടു എഡിറ്ററുടെ യോഗ്യത. ചട്ടങ്ങള്‍ പാലിക്കാതെയുള്ള നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്കി.
കാലടി സംസ്കൃത സര്‍വകലാശാലയിലെ സംസ്കൃതവിഭാഗം അധ്യാപികയായ പൂര്‍ണിമ മോഹന്‍ ഈ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതകള്‍ ഇല്ലെന്ന് പരാതിയില്‍ പറയുന്നു. ലെക്സിക്കണ്‍ മേധാവിയുടെ ചുമതല വഹിച്ചിരുന്ന മലയാളം പ്രൊഫസറെ ചുമതലയില്‍നിന്ന് നീക്കിയാണ് വിവാദനിയമനം.
മലയാള പണ്ഡിതരായിരുന്ന ഡോ. ശൂരനാട് കുഞ്ഞന്‍പിള്ള, ഡോ. ആര്.ഇ. ബാലകൃഷ്ണന്, ഭാഷാശാസ്ത്ര പണ്ഡിതനായ ഡോ. സോമശേഖരന്‍നായര്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന മലയാളം പ്രൊഫസര്‍മാരെയാണ് ഇതുവരെ ലെക്സിക്കണ്‍ എഡിറ്റര്‍മാരായി നിയമിച്ചത്. മുതിര്‍ന്ന മലയാളം പ്രൊഫസര്‍മാരെ ഒഴിവാക്കിയാണ് മറ്റൊരു ഭാഷയില്‍ പ്രാവീണ്യമുള്ള വ്യക്തിക്ക് നിയമനം നല്‍കിയതെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി ചെയര്മാന് ആര്.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജര്‍ഖാനും ആരോപിച്ചു.