സി എസ് വെങ്കിടേശ്വരൻ
സംസാരിക്കാൻ തുടങ്ങിയതോടെ സിനിമ ഒരു ആഗോളീയവിനോദകല എന്നതിനോടൊപ്പം, അല്ലെങ്കിൽ അതിനെക്കാളുപരി, ഒരു ‘ദേശീയ’കല കൂടിയായി മാറി: ദൃശ്യത്തിന്റെ സാർവജനീനതയിൽനിന്ന് വാക്കിന്റെ ഭാഷാതിർത്തികളിലേക്ക് അത് ഒതുങ്ങാനും ഒരുങ്ങാനും തുടങ്ങി. സംഭാഷണത്തിന്റെ വരവ് അതാത് ഭാഷകളുടെ അതിർത്തികളെ സിനിമയുടെ പ്രേക്ഷകവിപണിയുടെ അതിർത്തിയും മുഖ്യ അഭിസംബോധനാമണ്ഡലവുമാക്കി മാറ്റി.
ഭാഷയുടെ (ഭാഷാതിർത്തികളുടെ, ഭാഷാഭിമാനത്തിന്റെ) അടിത്തറയിൽ പണിത ദേശരാഷ്ട്രങ്ങൾക്ക് ആ ഭാഷയിൽ ദൃശ്യപരമായി സ്വയം ഭാവന ചെയ്യാനും ഒരു ജനതയായി തങ്ങളെത്തന്നെ കാണാനും കാണിക്കാനുമുള്ള മാധ്യമമായി സിനിമ. ഭാഷയുടെ കെട്ടുപാടുകളില്ലാത്ത നിശ്ശബ്ദസിനിമയ്ക്ക് ലോകം മുഴുവൻ അതിന്റെ വേദിയായിരുന്നു എങ്കിൽ സംസാരിക്കുന്ന സിനിമ പ്രാഥമികമായും ആ ഭാഷയിൽ വസിക്കുന്നവരെയാണ് മുന്നിൽ കണ്ടത്. നോവലുകളും പത്രങ്ങളും മറ്റും വഴി വരമൊഴി വരച്ച രാഷ്ട്രഭൂപടങ്ങളെ വാമൊഴി ചൊല്ലിയും ആടിയും പൊലിപ്പിച്ചെടുത്തു.
ചാർലി ചാപ്ലിൻ
ശരീരചലനങ്ങളുടെ പെരുപ്പിക്കലാണ് നിശ്ശബ്ദസിനിമയുടെ ഊർജകേന്ദ്രം: പറയാവുന്നതും പറയേണ്ടതുമായ എല്ലാം അഭിനേതാക്കളുടെ ശരീരനിലകളിലൂടെയും ചലനങ്ങളിലൂടെയും, ശരീരവും വസ്തുലോകവും തമ്മിലുള്ള പലതരം കെട്ടിമറിച്ചിലുകളിലൂടെയുമാണ് നിശ്ശബ്ദസിനിമ പ്രകാശിപ്പിക്കുന്നത്; ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന കാർഡുകളുടെയും (ചിലയിടത്തെങ്കിലും സന്നിഹിതനായിരുന്ന) അവതാരകന്റെയും പരിമിതമായ വിവര/ശബ്ദ അകമ്പടിയാണ് അതിനുണ്ടായിരുന്നത്.
അതുകൊണ്ടുതന്നെ ഭാഷാതീതമായ ഒരു വിനിമയശൈലി, ചലന/ചിഹ്ന/ആംഗ്യഭാഷ, അത് ക്രമേണ വികസിപ്പിച്ചെടുത്തു; ബസ്റ്റർ കീറ്റൺ, ചാർലി ചാപ്ലിൻ തുടങ്ങിയവരുടെ ചിത്രങ്ങൾ കാണുമ്പോൾ അവർ സ്വന്തം ശരീരത്തെ ആ കഥയിലേക്ക് അല്ലെങ്കിൽ തിരശ്ശീലയിലേക്ക് എടുത്തെറിയുന്നപോലെയാണ് തോന്നുക. ഐസൻസ്റ്റൈനും സിഗാ വെർതോവും മറ്റും ദൃശ്യങ്ങളെത്തന്നെ ആഖ്യാനപ്രവാഹത്തിലേക്ക് എടുത്തെറിഞ്ഞു.
ബസ്റ്റർ കീറ്റൺ
ഗുരുത്വാകർഷണ നിയമങ്ങളെ ലംഘിച്ചുകൊണ്ട് കഥാപാത്ര ശരീരങ്ങൾ തിരയിടത്തിൽ നൃത്തം ചെയ്യുന്ന, കൂത്താടുന്ന, അവസ്ഥ. സ്ഥലകാലസന്ദർഭ നിയമങ്ങളെയെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് വിസ്മയകരമായ ചേരുവകളുടെ നവനവോന്മേഷശാലിയായ ദൃശ്യസങ്കലനങ്ങൾ സൃഷ്ടിക്കപ്പെടുന്ന അവസ്ഥ.
അങ്ങനെ കഥാപാത്രങ്ങളുടെ ശരീരചലനങ്ങൾ, ശരീരങ്ങളും വസ്തുലോകവും തമ്മിലുള്ള കെട്ടിമറിച്ചിലുകൾ, പലതരം ദൃശ്യച്ചേരുവകൾ അതിലൂടെയുള്ള സംഘർഷങ്ങൾ എന്നിവയെ ആശ്രയിച്ചിരുന്ന സിനിമയുടെ ദൃശ്യവിനിമയഭാഷയിലേക്ക് സംഭാഷണങ്ങൾ കടന്നുവന്നപ്പോൾ അത് ദൃശ്യത്തോടൊപ്പം അല്ലെങ്കിൽ ദൃശ്യത്തെക്കാളുപരി വചനത്തിന് പ്രാമുഖ്യം നൽകി; സിനിമയ്ക്ക് സാഹിത്യത്തിന്മേലുണ്ടായിരുന്ന ആശ്രയം പലപ്പോഴും ആശ്രിതത്വമായി മാറി; ഭാഷയുടെ ധ്വനിയും വ്യംഗ്യവും പറച്ചിലിന്റെ ഏറ്റക്കുറച്ചിലുകളും ശബ്ദവിന്യാസങ്ങളും മറ്റും മുഖ്യ വിനിമയപ്രകാശനോപാധികളായി മാറി; സംഭാഷണത്തിന്റെ ദൈർഘ്യം ഷോട്ടിന്റെ ദൈർഘ്യത്തെയും എഡിറ്റിങ്ങിന്റെ താളത്തെയും ദിശയെയും നിർണയിക്കാൻ തുടങ്ങി; അതോടെ സിനിമയിൽ ശരീരത്തിനുണ്ടായിരുന്ന പ്രാമുഖ്യം ചലനത്തിൽനിന്ന് രൂപത്തിലേക്കും പ്രകടനത്തിൽനിന്നും അഭിനയത്തിലേക്കും ദൃശ്യത്തിൽനിന്ന് വാക്കിലേക്കും ചുവടുമാറി.
സംഭാഷണത്തെ കേന്ദ്രത്തിൽ നിർത്തുന്ന അല്ലെങ്കിൽ അതിന്റെ അകമ്പടിയോടെയുള്ള പുതിയ അഭിനയശൈലികളും ആഖ്യാനരീതികളും പ്രചാരത്തിൽ വന്നു. (ഉച്ചഭാഷിണി വന്നപ്പോൾ സംഗീതക്കച്ചേരികൾക്ക് സംഭവിച്ചതിനുസമാനമായ ഒരു മാറ്റമാണത്: തുറന്നരശിൽ ഉറക്കെ പാടുന്നതിനുപകരം വളരെ സൗമ്യമായും താഴ്ന്ന ശ്രുതിയിലും മറ്റും പാടിഫലിപ്പിക്കാനുള്ള സാധ്യത വികസിച്ചതോടെ അത് സ്വരവിന്യാസങ്ങളെയും രാഗവിസ്താരത്തെയും പാടുന്ന രീതികളേയും എല്ലാം മാറ്റി) ദൃശ്യത്തിനുണ്ടായിരുന്ന, അല്ലെങ്കിൽ ദൃശ്യത്തിനുവേണ്ടിയിരുന്ന ധ്വനനശേഷിക്കും ആഘാതമൂല്യത്തിനും പകരം അല്ലെങ്കിൽ ഒപ്പം നിൽക്കുന്ന രീതിയിൽ സംഭാഷണങ്ങളുടെ സ്ഥാനം വളർന്നു.
ശബ്ദത്തിന്റെ കടന്നുവരവും സിനിമയിൽ അതുനേടിയ ആധിപത്യവും ഭാഷാടിസ്ഥാനത്തിലുള്ള ദേശരാഷ്ട്രഭാവനയോട് ഒത്തുപോകുന്നതും അതിനെ പലരീതിയിലും പൊലിപ്പിക്കുന്നതും ആഘോഷിക്കുന്നതുമായിത്തീർന്നു എന്നത് യാദൃച്ഛികമല്ല.
ശബ്ദത്തിന്റെ കടന്നുവരവും സിനിമയിൽ അതുനേടിയ ആധിപത്യവും ഭാഷാടിസ്ഥാനത്തിലുള്ള ദേശരാഷ്ട്രഭാവനയോട് ഒത്തുപോകുന്നതും അതിനെ പലരീതിയിലും പൊലിപ്പിക്കുന്നതും ആഘോഷിക്കുന്നതുമായിത്തീർന്നു എന്നത് യാദൃച്ഛികമല്ല.സിനിമയുടെ ചരിത്രം തന്നെ രാഷ്ട്രസങ്കൽപ്പങ്ങളുടെ ചരിത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒന്നാണ്: അതിന്റെ ലാവണ്യവ്യവഹാരങ്ങളിലും പ്രയോഗങ്ങളിലും വന്ന വിച്ഛേദങ്ങൾ പലതും ദേശീയസിനിമകളുമായി ബന്ധപ്പെട്ടാണ് വികസിച്ചത് എന്നുകാണാം: റഷ്യൻ മൊണ്ടാഷ്, ജർമൻ എക്സ്പ്രഷണിസം, ഇറ്റാലിയൻ നിയോറിയലിസം, ഫ്രഞ്ച് ന്യൂവേവ് എന്നിങ്ങനെ പോകുന്നു അത്.
2
ഇന്ത്യപോലുള്ള ബഹുഭാഷാസംസ്കാരങ്ങളിൽ ഭാഷയും സിനിമയും തമ്മിലുള്ള ബന്ധം അതീവസങ്കീർണമായിരുന്നു. ദേശീയപ്രസ്ഥാനത്തിലെന്നപോലെ രാഷ്ട്രവും ദേശവും ഉപദേശീയതകളും തമ്മിലുള്ള ചില സംഘർഷങ്ങൾ സിനിമയിലുമുണ്ടായിരുന്നു.
ഇന്ത്യപോലുള്ള ബഹുഭാഷാസംസ്കാരങ്ങളിൽ ഭാഷയും സിനിമയും തമ്മിലുള്ള ബന്ധം അതീവസങ്കീർണമായിരുന്നു. ദേശീയപ്രസ്ഥാനത്തിലെന്നപോലെ രാഷ്ട്രവും ദേശവും ഉപദേശീയതകളും തമ്മിലുള്ള ചില സംഘർഷങ്ങൾ സിനിമയിലുമുണ്ടായിരുന്നു.
ഒരുവശത്ത് ഇന്ത്യൻ രാഷ്ട്രം, സ്വാതന്ത്ര്യസമരം, ദേശീയപ്രസ്ഥാനം എന്നിവയുണർത്തിയ രാഷ്ട്രദേശീയബോധം; മറുവശത്ത് ഇന്ത്യ എന്ന ബഹുലതയ്ക്കകത്തെ നാട്ടുരാജ്യങ്ങളുടെയും ദേശങ്ങളുടെയും ഭാഷാസാംസ്കാരിക ദേശീയതകൾ; അവയ്ക്കകത്തുതന്നെ വിവിധ മതങ്ങളുടെയും ഭാഷകളുടെയും ജാതികളുടെയും ഒക്കെ അടിസ്ഥാനത്തിലുള്ള സംഘ/സമുദായബോധവും അഭിമാനവും മറ്റും അടിസ്ഥാനമാക്കിയ സാംസ്കാരികസ്വത്വങ്ങൾ.
ലംബമാനവും തിരശ്ചീനവുമായ ഈ അടരുകളെയും വിഭാഗങ്ങളെയുമെല്ലാം ഏതൊക്കെ, എങ്ങനെയൊക്കെയുള്ള ചേരുവകളിൽ സമന്വയിപ്പിക്കാം എന്നതും അവയെ എല്ലാം ഒരൊറ്റ ഇന്ത്യ എന്ന ദേശീയവികാരത്തിലേക്ക് എങ്ങനെ ഏകോപിപ്പിക്കാം ഉദ്ഗ്രഥിക്കാം എന്ന പ്രശ്നവും സിനിമകൾ പലതലങ്ങളിൽ അഭിസംബോധന ചെയ്യുന്നതുകാണാം.
ഏതൊരു നാടിന്റെയും സ്വത്വബോധത്തെയും ദേശഭാവനയെയും ദേശീയബോധത്തെയും സ്വാധീനിക്കുന്നതും അതിനെ നിർവചിക്കാനും ആഘോഷിക്കാനും ഉതകുന്ന ഉപാധികളും മാധ്യമങ്ങളുമായി തീരുന്നതും അതിന്റെ ഭാഷ, സംസ്കാരം, (ചില സാഹചര്യങ്ങളിൽ മതം/വിശ്വാസങ്ങൾ), ആ ജനത പങ്കിടുന്ന പൊതുവായ ചരിത്രസ്മരണകൾ, ആ സമൂഹം ഒന്നിച്ചും ഒന്നിക്കാനുമായി കണ്ട സ്വപ്നങ്ങൾ, അനുഭവിച്ച സഹനങ്ങൾ, നടത്തിയ സമരങ്ങൾ, തുടങ്ങിയവയായിരിക്കും.
ഇവയെല്ലാംതന്നെ സിനിമയുടെ ഭാവനാദേശത്തിൽ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെട്ടു; പ്രത്യക്ഷമായും പരോക്ഷമായും ആഖ്യാനവൽക്കരിക്കപ്പെട്ടു. അതിൽ ദേശസ്നേഹത്തോടൊപ്പം മതവും ഭക്തിയും ഐതിഹ്യങ്ങളും ഇടകലർന്നു; ഭക്തകവികളും ദേശാഭിമാനികളും നാട്ടുവീരന്മാരും സ്വാതന്ത്ര്യപ്പോരാളികളും എല്ലാവരും പങ്കാളികളായി.
3
ആദ്യകാലത്തെ മറ്റു ഇന്ത്യൻ സിനിമകളിൽനിന്ന് മലയാളസിനിമയെ വ്യത്യസ്തമാക്കുന്ന പല ഘടകങ്ങളിൽ ചിലത്, പുരാണചിത്രങ്ങളുടെയും ദേശസ്നേഹം പ്രമേയമാക്കുന്ന ചിത്രങ്ങളുടേയും അഭാവമാണ്. തുടക്കം മുതൽ തന്നെ സാമൂഹ്യപ്രമേയങ്ങൾക്കും മനുഷ്യകേന്ദ്രിതമായ ഭൗതികപ്രശ്നങ്ങൾക്കും കുടുംബത്തിനകത്തെ പ്രതിസന്ധികൾക്കും ആയിരുന്നു മലയാളസിനിമയിൽ പ്രാധാന്യം.
ജീവിതനൗകയിൽ നിന്ന്
മറ്റ് ഇന്ത്യൻ ഭാഷാസിനിമകളിൽ 1940കൾ തുടങ്ങി പുരാണചിത്രങ്ങളുടേയും തുടർന്ന് ഭക്തകവികളുടെ ജീവിതത്തെ അവലംബിച്ചുള്ള സിനിമകളുടെയും ഒരു പരമ്പരതന്നെ ഉണ്ടായപ്പോൾ മലയാളത്തിൽ അതിന് അനുരണനങ്ങളോ അനുകരണങ്ങളോ ഉണ്ടായില്ല.
കബീർ, സൂർദാസ്, മീരാബായ്, തുക്കാറാം, അവ്വയാർ, തുളസീദാസ്, വിദ്യാപതി, ബസവണ്ണ, നന്തനാർ തുടങ്ങി ഭക്തകവികളെക്കുറിച്ച് വളരെ ജനപ്രിയമായ ചിത്രങ്ങൾ എല്ലായിടത്തും നിർമിക്കപ്പെട്ടപ്പോൾ കേരളത്തിൽ അത്തരമൊരു ശ്രമമേ ഉണ്ടായില്ല.
ഉദാഹരണത്തിന് എഴുത്തച്ഛനെയോ പൂന്താനത്തെയോ അർണോസ് പാതിരിയെയോ മൊയിൻകുട്ടി വൈദ്യരെയോ കുറിച്ച് അല്ലെങ്കിൽ നാരായണഗുരുവിനെയോ അയ്യങ്കാളിയെയോകുറിച്ചുള്ള ചിത്രങ്ങൾപോലും ആലോചനയിൽ വന്നില്ല. അതുപോലെത്തന്നെയാണ് പ്രത്യക്ഷത്തിൽ ദേശസ്നേഹത്തെയും സ്വാതന്ത്ര്യസമരത്തെയും പ്രമേയമാക്കുന്ന ചിത്രങ്ങളുടെ കാര്യവും.
വേലുത്തമ്പി ദളവപോലുള്ള അപൂർവം ചരിത്രസിനിമകളൊഴിച്ചാൽ ഈ ധാര മലയാളസിനിമയിൽ വളരെ ദുർബലമായിരുന്നു.
ആദ്യകാല മലയാളസിനിമയിൽ ഈ രണ്ടു വികാരങ്ങളെയും ദേശസ്നേഹം, ഭക്തി ആഘോഷിച്ചതും ആവിഷ്കരിച്ചതും ഗാനങ്ങളായിരുന്നു. സിനിമാഗാനങ്ങൾ ദേശസ്നേഹത്തെയും ഭക്തിയെയും ഉച്ചത്തിൽത്തന്നെ ഘോഷിച്ചു. സാമൂഹ്യപ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന പല ചിത്രങ്ങളിലും പ്രാർഥനകളും ദേശസ്നേഹം കൊണ്ടാടുന്ന ഗാനങ്ങളും കാണാം.
അഭയദേവ്, തിക്കുറിശ്ശി സുകുമാരൻ നായർ, പി ഭാസ്കരൻ തുടങ്ങിയവരുടെ ഗാനങ്ങൾ പലരീതിയിൽ ദേശത്തെയും അധഃസ്ഥിത വർഗങ്ങളെയുംകുറിച്ച് പാടി. ഈ ജനുസ്സിലുള്ള ചില പാട്ടുകളാണ് താഴെ പരാമർശിക്കുന്നത്: വെള്ളിനക്ഷത്രം (1949 സംവിധാനം ഫെലിക്സ് ബേയ്സ്) എന്ന ചിത്രത്തിൽ അഭയദേവ് എഴുതിയ ഒരു ഗാനം മത ഐക്യത്തെക്കുറിച്ചും ഗാന്ധിയെക്കുറിച്ചും അഭിമാനം സ്ഫുരിക്കുന്ന ഒന്നാണ്: ‘തൃക്കൊടി തൃക്കൊടി തൃക്കൊടി/ വാനിലുയരട്ടെയിതൃക്കൊടി അപമാനമേലാതെ മമ മാതൃഭൂവിന്റെ/ അഭിമാനമിതൃക്കൊടി/ അമലാഭമെന്നെന്നുമവനിക്കുനന്മയ്ക്കു/ വഴികാട്ടിടും തൃക്കൊടി ഹിന്ദു മുസ്ലിം ക്രിസ്ത്യ ഭേദം കളഞ്ഞേകമനമാക്കീടും തൃക്കൊടി/ ഇന്ത്യയുടെ ആത്മചൈതന്യപ്രഭാവത്തെ വെളിവാക്കിടും തൃക്കൊടി/ ശ്രീഗാന്ധിദേവന്റെ ആദര്ശമായ് ലോകത്തിനാനന്ദസന്ദേശമായ്/ ഖ്യാതി വിതറിസ്സകലകാന്തി ചിതറി/ഭുവനശാന്തിയരുളി/ തൃക്കൊടി തൃക്കൊടി തൃക്കൊടി…’
1950ൽ ഇറങ്ങിയ പ്രസന്ന (സംവിധാനം ശ്രീരാമുലു നായുഡു) എന്ന ചിത്രത്തിൽ അഭയദേവ്
അഭയദേവ്
തമിഴിൽ എഴുതിയ തമിഴ് ഗാനം സ്വാതന്ത്ര്യലബ്ധിയെ ആഘോഷിക്കുന്ന ഒന്നാണ്: ‘ഭാരതമാതാ പരിപൂര്ണ സ്വതന്തിരം /ഏയ്തിനടെ/നം ഭാരതമാത പരിപൂര്ണസ്വതന്തിരം /ഏയ്തിനടെ, ജയഭാരതമാത പരിപൂര്ണസ്വതന്തിരം/ഏയ്തിനടെ…” അതേ ചിത്രത്തിൽത്തന്നെ അഭയദേവ് രചിച്ച് പാശ്ചാത്യ ഈണത്തിൽ എം എൽ വസന്തകുമാരി പാടുന്ന മറ്റൊരു ഗാനം ജാതിയതാമൃഗത്തെയും വർഗീയതാമദത്തെയും രൂക്ഷമായി വിമർശിക്കുന്ന ഒന്നാണ്:
‘ജാതിവൈരം നീതിരഹിതമിതരുതേ നാട്ടാരേ കരുതുക / ഒന്നായൊരു ജാതിയായ് കഴിയണം ചിരം നാം…’ ഇതേ പാട്ടിൽ വർഗീയതയ്ക്കെതിരായി തുറന്നടിയ്ക്കുന്ന വരികളുമുണ്ട്: ‘ഒരു മാനസമായ് നാം മാനവരാകെ മാറും ദിനം കാണുവതെന്നു നാടേ/ സഹജനനിണമണിയാൻ സകലതുമടിപണിയാൻ കൊതിയിനി വെടിയൂ നീ വർഗീയതേ വർഗീയതേ’. അത് നേതാക്കളെക്കുറിച്ചുള്ള വിമർശനത്തിലേക്കും വ്യാപിക്കുന്നു: ‘നേതാ മതവിരോധ ദാതാ/ ഇനിമേൽ ജനഹിതൈക ഹോതാ/ ആ മോഹവലയിൽ വീഴാതെ നാം താഴാതെ നാം തൻ പാവനനാട്ടിനെ തകർക്കാൻ / വാശിയിലോടുമീ ജാതീയതാമൃഗത്തോടെതിരിടാൻ/കൂടുക തോഴരേ വർഗീയതാ മദത്തോടെതിരിടാൻ / ഓതുവിനോതുവിൻ ഒരു ജാതിയിഹ മനുജർ നാം’
സ്ത്രീ (1950/സംവിധാനം ആർ വേലപ്പൻ നായർ) എന്ന ചിത്രത്തിൽ തിക്കുറിശ്ശിയുടെ ഈ ഗാനം കേരളത്തിന്റെ പ്രകൃതിഭംഗിയെയും കേരളം എന്ന ഉദ്യാനത്തിന്റെ പുഷ്പവൈവിധ്യത്തെയും കുറിച്ചുള്ളതാണ്:
‘ഹാ… പരശുരാമഭൂമീ ജയ/ കേരളാംബജനനി/ പ്രകൃതിദേവതാപുതുമ വിതറുമാ മനോഭിരാമ/ വിഭവകോടിചൂടിരമാ വാസാസുകൃത പനസചൂതകേരതരുനികര/ വിലസിതാ നിരുപമ മഹിതാ… / അമരനാടുപോലെന്നാട് / മഹിമ നേടും മലനാട് / അരിയകേരളം മാവേലി അരചനാണ്ട മലയാളം/ മാമരംതന് തൂമരന്ദം തൂകും കായ്കനി മരതകപ്പുല്പ്പരവതാനിയണിയും പൂവനി/ പാട്ടുപാടിപ്പാഞ്ഞൊഴുകും കാനനതടിനീ / പാടമാകെപ്പാർക്കിലാഹാ നിറയെ നെന്മണി…
യാചകൻ (1951)ൽ ബോധേശ്വരൻ എഴുതി
ബോധേശ്വരൻ
എസ് എൻ ചാമി സംഗീതം നൽകിയിട്ടുള്ള ഗാനം കേരളചരിത്രത്തെയും സംസ്കാരത്തെയും പ്രകൃതിയെയും കുറിച്ചുള്ള ഒരു സ്തുതിതന്നെയാണ്: “ജയജയകോമളകേരളധരണീ /ജയജയമാമകപൂജിതജനനീ / ജയജയപാവനഭാരതഹരിണീ / ജയജയധര്മ്മസമന്വയരമണീ/ ജയ ജയ ജയ ജയ ജയ ജയ ജനനീ/ ജനനീമാമകകേരളധരണീ / ചേരപുരാതനപാവന ചരിതേ/ ആര്യകുലോല്ക്കടഭാർഗവനിരതേ / ദ്രാവിഡപരിവൃഡവനിതേമഹിതേ / ദ്രാവിഡസംസ്കൃതവംശോജ്ജ്വലിതേ/ പ്രേമദമാകും പ്രമദവനം താന്/ ശ്യാമളസുന്ദരമെന്നുടെ രാജ്യം/ മലയജസുരഭിലമാരുതനേല്ക്കും/ മലയാളം ഹാ മാമകരാജ്യം”
അതേ ചിത്രത്തിൽ അഭയദേവും കേരളത്തിന്റെ പ്രകൃതിരമണീയതയെ മറ്റൊരു ഗാനത്തിൽ ആഘോഷിക്കുന്നുണ്ട്: “ കോമളകേരളമേ സസ്യശ്യാമളപൂവനമേ/ സുന്ദരചന്ദനശീതള/ മാമലനിര ചൂടീ വാരിധിയെത്തലോടീ/ ചോലകളാല് മധുരഗീതികകള് പാടും/ പൊന്മയമധുകാലമോഹനതനുവാര്ന്നെന് / ജന്മദവസുധേ നീ ജയ ജനനീ / ജീവിതമലരാലേ ചേവടി വഴിപോലെ/ പൂജചെയ്വൂ സകല ചാരുകലാനിലയേ…”
ഈ ചിത്രങ്ങളിൽ കേരളഭൂമിയോടുള്ള അഭിനിവേശത്തോടൊപ്പം മനുഷ്യവിമോചനത്തെയും അധഃസ്ഥിതവർഗത്തിന്റെ ഉണർച്ചയെയുംകുറിച്ചുള്ള സ്വപ്നങ്ങളുമുണ്ട്: നവലോകം (1951 സംവിധാനം വി കൃഷ്ണൻ) എന്ന ചിത്രത്തിൽ പി ഭാസ്കരൻ
പി ഭാസ്കരൻ
കേരളഭൂമിയെ വാഴ്ത്തുന്നു: ‘മലയാള മലർവാടിയേ സുന്ദരമാം /മലര്മാസ മധുവാണി മാതാ നീയേ…/ ജീവിതകേദാരം നീയേ മാതാ/ മമ ജനനി നീയേ മോഹനഭൂവേ…” അതേ ചിത്രത്തിൽ കൊടിപിടിച്ച് മുന്നേറുന്ന ഒരു ജാഥയുടെ രംഗത്തിൽ നമ്മൾ കേൾക്കുന്ന പാട്ട് കർഷകരുടെ കഷ്ടപ്പാടിനെക്കുറിച്ചും ഒരേ രക്തവും ശക്തിയും ചിത്തവുമായ അവരെ ഉണർച്ചയിലേക്ക് ആഹ്വാനം ചെയ്യുന്നതുമായ ഒന്നാണ്:
‘സഹജരേ സഹജരേ സഹജരേ, / ആർത്തലച്ചു കയറുക ഒത്തു നാം കുതിക്കുക / ചങ്ങലതകർത്തിടും തരംഗമാല പോലവേ / വീര്യമൊത്തു ശൗര്യമൊത്തു വീറൊടൊത്തു കയറുക/ പാരിനാകെ പ്രാണവായു വീശിടുന്ന കർഷകാ/ പച്ചവയലിലുച്ചവെയിലിലുരുകിടുന്ന കർഷകാ/ വരിക ധീരസോദരാ/ അവമതികൾ നാം അനുവദിക്കയോ!/ അക്രമങ്ങളേ നാം സഹിക്കയോ!/ കുതറി ആർത്തു മുന്നിലേറുക/ രക്തമൊന്നു ശക്തിയൊന്നു ചിത്തമൊന്നു നമ്മളിൽ/ ദുഷ്ടനാമധർമ്മമിന്നു ഞെട്ടിടട്ടെ ഭൂമിയിൽ/ വരിക ധീരസോദരാ വരിക ധീരസോദരാ…”
അച്ഛൻ (1952/ സംവിധാനം എം ആർ എസ് മണി) എന്ന ചിത്രത്തിൽ അഭയദേവ് മണ്ണിനെ പൊന്നാക്കുന്ന, അർഹിക്കുന്ന കൂലിക്കായി പോരാടുന്ന തൊഴിലാളിയെക്കുറിച്ച് പാടുന്നു: ‘നാമേ മുതലാളി നമുക്കിനി/ നാമേ തൊഴിലാളി/ ഈ ജീവിതമാകും സംസാരത്തില്/ മുന്നേറും പടയാളി/ ഓരോരോ ചെഞ്ചോരതന് തുള്ളിയും/ ചുടുവേര്പ്പിന് നീരാക്കി മാറ്റുന്നു നാം/ മണ്ണിനെ പൊന്നാക്കുവാന്/ ആരുമേ പിച്ചക്കാശു നീട്ടണ്ട/ കരുത്തിന്റെ നീരോട്ടം സിരകളിലുള്ളൊരു/ കാലം വരെ/ നാമേ മുതലാളി…/ കായശക്തിയില് കലാസിദ്ധിയില് കുറവില്ലാരോടും/ കഴിവിന് മൂല്യം ചോദിപ്പൂ/ നാം തെണ്ടാതാരോടും/ നാമേ മുതലാളി… കൂറോടെ തന് ജോലിചെയ്തതിന് ശേഷം കൈനീട്ടും/ കൂലി കുറച്ചാല് തരാതിരുന്നാല്/ അതിനായ് പടവെട്ടും / നാമതിനായ് പടവെട്ടും/ നാമേ മുതലാളി…’
വിശപ്പിന്റെ വിളിയിലും (1952/ സംവിധാനം: മോഹൻ റാവു) ഇതേമട്ടിലുള്ള ഒരു ഗാനം അഭയദേവ് എഴുതിയിട്ടുണ്ട്: ‘നിത്യസുന്ദര സ്വർഗം തുറന്നിതാ/ സത്യധര്മ്മനിരതര്ക്കു പൂകുവാന്/ പാപിയാം പണക്കാരന് വരുന്നു സ്വർഗം പൂകാന്/ പാവമൊട്ടകം സൂചിക്കുഴയില് കടക്കുമോ/ വിശ്വസ്തനായി നടിച്ചുനീയെന്നുടെ/ വിത്തങ്ങളെല്ലാം കവര്ന്നതില്ലേ/ പട്ടിണിത്തീയില് ഞാന് നീറുന്നതു കണ്ടു/ പട്ടണിഞ്ഞാര്ത്തു സുഖിച്ചതില്ലേ…” ജനങ്ങളെ പോരാട്ടത്തിനായി ആഹ്വാനം ചെയ്യുന്നതാണ് കേരളകേസരിയിൽ തുമ്പമൺ പത്മനാഭൻ കുട്ടി രചിച്ച ഗാനം (1951 / വി കൃഷ്ണൻ / ഗാനങ്ങൾ, സംഗീതം ജ്ഞാനമണി): ‘നേരിടുവിൻ പോരാടാം പോരാടാം/ ഉണർന്നുപോയി ജനങ്ങളെല്ലാം/ വരുന്നുകാലം നീചന്മാരെ/ നാടിനുവേണ്ടി ത്യാഗങ്ങൾ/ സഹിച്ചിടേണ്ടും നാട്ടാരെ/ തിരിഞ്ഞവർക്കായിയേകിടാൻ/ പകർന്നു നൽകും ധാന്യങ്ങള്/ കവർന്നെടുക്കും പൗരന്മാരെ/ വരുന്നിതാ ഞാൻ പോരാടാൻ/ കഴിഞ്ഞകാലം നിങ്ങൾക്കായ് ഒഴിഞ്ഞുനല്കി പാവങ്ങൾ/ ഇന്നു ഞങ്ങളോ നിങ്ങൾ കാട്ടുമീ / ദുർനയങ്ങളെ വീറോടെ എതിർത്തുമാറ്റും നാടാകെ /ഉയർത്തിനാട്ടും ജയക്കൊടി…’
അതേ ചിത്രത്തിലെ മറ്റൊരു ഗാനം നെൽകൃഷിയെയും അധ്വാനത്തെയും ഉൽപ്പാദനത്തെയും കുറിച്ചുള്ളതാണ്: ‘വേനൽക്കാലം പോയേ മഴ പെയ്യും കാലമായേ/ പണി ചെയ്യും ലോകം പരിമോദം നേടുകയായേ/ പുകഴ് പാടുകയായേ/ ക്ഷേമമേ നാട്ടിനെന്ന പോലെ നന്മകളാലെ/ പാഴ് നിലങ്ങളെല്ലാം വിളവേറും ഭൂമിയാകാൻ / ഇനി വേലചെയ്യാം അതിലെല്ലാം നെൽകൃഷി ചെയ്യാം/ എളിയോർക്കാനന്ദം ഏകും കാലമിതെ/ കറ്റകൊയ്തു കൂട്ടിടാം പുൽക്കുടിലുതോറുമേ …/ പുതുനെല്ലിൻ മണമേന്തി തെന്നലെങ്ങും വീശുമെ/ കുളിർകാറ്റിൽ ശുകജാലം ജയഗാനം പാടുമെ/ താനേ സൗഭാഗ്യം കേരളം കൊണ്ടാടുമേ /ഫലമേ ആനന്ദം കാലം മോഹനമേ…’
ഉദ്ഘോഷണങ്ങളും ഉദ്ബോധനങ്ങളും ആഘോഷങ്ങളും മാത്രമല്ല, നമ്മൾ നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ കാതലിനെയും ഉദ്ദേശ്യത്തെയും കുറിച്ച് ആശങ്കകളുയർത്തുന്ന ഗാനങ്ങളും അക്കാലത്തെ സിനിമകളിൽ കാണാം.
ഉദ്ഘോഷണങ്ങളും ഉദ്ബോധനങ്ങളും ആഘോഷങ്ങളും മാത്രമല്ല, നമ്മൾ നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ കാതലിനെയും ഉദ്ദേശ്യത്തെയും കുറിച്ച് ആശങ്കകളുയർത്തുന്ന ഗാനങ്ങളും അക്കാലത്തെ സിനിമകളിൽ കാണാം.
അത്തരത്തിലുള്ള ഒന്നാണ് തൊഴിലാളിയുടെ അവസ്ഥയെക്കുറിച്ചും നേടിയ സ്വാതന്ത്ര്യത്തിന്റെ ജനകീയരാജ്യനീതിയെയും ഏഴകളുടെ ഭാവിയെയുംകുറിച്ചുള്ള അഭയദേവ് രചിച്ച ‘യാചക’നിലെ (1951/ സംവിധാനം ആർ വേലപ്പൻ നായർ) ഗാനം: “ജനകീയരാജ്യനീതിയില് തൊഴിലാളിയിന്നും ഏഴയോ/ സ്വാതന്ത്ര്യ സൂര്യജ്യോതിയിൽ /ഇരുളോ പുലരുവതെങ്ങും ഇന്നുമീ ഭേദഭാവമോ / ഗതി ഏഴകള്ക്കെന്നുമേവമോ/ രാഷ്ട്രപിതാവിന് ഭാവനയിൽ കണ്ട രാമരാജ്യം ഇതുതാനോ/ ജയിലേറിയും ഉയിരേകിയും/ ജയം നേടിയ ജനത/ തെരുവീഥിയില് മരുവീടുകില് അതു/ നീതിയോ മനുജാ…
മാനവികതയെക്കുറിച്ചുള്ള തീവ്രമായ അഭിലാഷങ്ങൾ, പുരോഗമനസാഹിത്യപ്രസ്ഥാനം ഉണർത്തിവിട്ട തൊഴിലാളിവർഗ ആദർശങ്ങൾ, ഇന്ത്യൻ പീപ്പീൾസ് തിയറ്റർ സംഘടന നാടകവേദിയിൽ പ്രചോദിപ്പിച്ച പുതിയ റിയലിസ്റ്റ്, തമിഴ്‐പാഴ്സി നാടകശൈലിക്കെതിരെ കേരളത്തിൽ നാടകരംഗത്ത് ഉയർന്നുവന്ന തനതു രംഗലാവണ്യബോധം, സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് വിമോചനാശയങ്ങൾക്ക് മുൻകൈയുണ്ടായിരുന്ന രാഷ്ട്രീയസാമൂഹ്യാന്തരീക്ഷം ഇവയെല്ലാം തന്നെ മലയാളസിനിമയുടെ പ്രമേയ ആഖ്യാന അവതരണ അഭിനയ ശൈലികളെ ആഴത്തിൽ സ്വാധീനിച്ചിരുന്നു.
ആദ്യകാലസിനിമകളുടെ അതായത് വിഗതകുമാരൻ തുടങ്ങി കേരളസംസ്ഥാന രൂപീകരണം വരെയുള്ള കാലഘട്ടത്തിലേത് പേരുകൾപോലും സാമൂഹികവികാരങ്ങളെ സൂചിപ്പിക്കുന്നവയാണ്: ഒരുകൂട്ടം സിനിമകളുടെ പേരുകൾ അവ മുന്നിൽ കാണുന്ന ആദർശങ്ങളെയും സ്വപ്നലോകത്തെയും ജീവിതാവസ്ഥയെയും കുറിച്ചുള്ളവയാണ്: വെള്ളിനക്ഷത്രം/1949, സ്ത്രീ/1950, ജീവിതനൗക/1951, നവലോകം/1951, കേരളകേസരി/1951, യാചകൻ/1951, വിശപ്പിന്റെ വിളി/1952, വേലക്കാരൻ/1953, ലോകനീതി/1953, ശരിയോ തെറ്റോ/1953, ആശാദീപം/1953, പൊങ്കതിർ/1953, അവകാശി/1954, മനഃസാക്ഷി/1954, കിടപ്പാടം/1955, കാലം മാറുന്നു/1955, രാരിച്ചൻ എന്ന പൗരൻ/1956, ആത്മാർപ്പണം/1956, അവർ ഉണരുന്നു/1956.
മുകളിൽ സൂചിപ്പിച്ച ചിത്രങ്ങൾ സമൂഹത്തെയും ലോകത്തെയും കുറിച്ചാണെങ്കിൽ മറ്റൊരു കൂട്ടം ചിത്രങ്ങളുടെ കേന്ദ്രത്തിലുള്ളത് കുടുംബമാണ്. അവയുടെ പേരുകൾ സൂചിപ്പിക്കുന്നത് തുടക്കം മുതൽതന്നെ മലയാളസിനിമയിൽ കുടുംബത്തിനും രക്തബന്ധങ്ങൾക്കും ഉള്ള പ്രാമുഖ്യത്തെയാണ്: വിഗതകുമാരൻ/1928, ബാലൻ/1938, ചേച്ചി/1950, രക്തബന്ധം/1951, മരുമകൾ/1952, അമ്മ/1952, അച്ഛൻ/1952, സ്നേഹസീമ/1954, പുത്രധർമ്മം/1954, അനിയത്തി/1955, കൂടപ്പിറപ്പ്/1956.
കേരളം എന്ന ബഹുഭാഷാവിപണി
അതുകൊണ്ടുതന്നെയായിരിക്കണം മലയാളത്തിലെ ആദ്യസിനിമ ഒരു സാമൂഹ്യകഥയും രണ്ടാമത്തേത് ഒരു ചരിത്രാഖ്യായികയും (മാർത്താണ്ഡവർമ്മ) പിന്നീടുവന്നവയിൽ ബഹുഭൂരിപക്ഷവും സാമൂഹ്യകുടുംബകഥകളുമായത്. ഈ രീതിയിലുള്ള പ്രമേയപരമായ വ്യതിരിക്തത/വ്യക്തിത്വം എന്നത് മലയാളസിനിമയുടെ മാത്രം ബോധപൂർവമുള്ള തിരഞ്ഞെടുപ്പോ രാഷ്ട്രീയാഭിമുഖ്യമോ മാത്രമായി കാണേണ്ടതില്ല.
തീർച്ചയായും അത്തരം സിനിമകൾക്ക് കേരളത്തിനകത്ത് ഒരു പ്രേക്ഷകവിപണി ഉണ്ടായിരുന്നു എന്നുമാത്രമല്ല അത്തരത്തിലുള്ള പ്രമേയസ്വീകരണത്തിനും പരീക്ഷണങ്ങൾക്കും പ്രേരണ നൽകുന്ന രീതിയിലുള്ള കലാവ്യവഹാരങ്ങളുടെയും ലാവണ്യചിന്തയുടേതുമായ ഒരു അന്തരീക്ഷവും അന്ന് മലയാളത്തിൽ നിലനിന്നിരുന്നു: സാഹിത്യത്തിലും നാടകരംഗത്തും കലയിലുമെല്ലാം ആധുനികതയുടെ വിച്ഛേദങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരുന്നു. സ്വാഭാവികമായും അതിന്റെ തുടർച്ച/പടർച്ച എന്നരീതിയിൽ അത്തരം ഭാവനകൾ സിനിമാരംഗത്തേക്കും സംക്രമിച്ചതിൽ അത്ഭുതമില്ല.
ഭക്തി/ദേശസ്നേഹസിനിമകൾ മലയാളത്തിൽ അധികം ഉണ്ടാവാതിരുന്നതിന്റെ മറ്റൊരു കാരണം കേരളത്തിൽ നിലനിന്നിരുന്ന (ഇന്നും നിലനിൽക്കുന്ന) പ്രേക്ഷകവിപണിയുടെയും രുചിശീലങ്ങളുടെയും താൽപ്പര്യങ്ങളുടെയും സവിശേഷതയാകാം. കേരളത്തിലെ സിനിമാപ്രേക്ഷകസമൂഹം തുടക്കം മുതൽ തന്നെ ഒരു ബഹുഭാഷാസംസ്കാരത്തിനകത്താണ് രൂപം കൊണ്ടത്. മലയാളസിനിമയുടെ പ്രദർശന/പ്രേക്ഷകവിപണിയെ ഭാഷാബദ്ധമായി ഒറ്റപ്പെട്ടതും സ്വയം പൂർണവുമായ ഒന്നായും കാണുന്നത് തെറ്റായിരിക്കും.
രാരിച്ചൻ എന്ന പൗരനിൽ നിന്ന്
എക്കാലത്തും നമ്മുടെ പ്രദർശനശാലകളെയും പ്രേക്ഷകസമൂഹത്തെയും രസിപ്പിച്ചിരുന്നതിൽ നിർണായകസാന്നിധ്യങ്ങളായിരുന്നു തമിഴ്/ഹിന്ദി സിനിമകൾ. അവയും മലയാളം സിനിമയും കൂടിയടങ്ങുന്നതാണ് മലയാളിയുടെ സിനിമാസ്വാദനഭൂമിക. അത് എക്കാലത്തും അങ്ങനെയായിരുന്നുതാനും.
മലയാളിയുടെ സിനിമക്കാഴ്ചയുടെ രുചിശീലങ്ങളെ രൂപപ്പെടുത്തുന്നതിലും നിലനിർത്തുന്നതിലും തമിഴ്ഹിന്ദി സിനിമകളുടെ പങ്ക് ഒരുകാലത്തും ചെറുതായിരുന്നില്ല. ഇത് പലപ്പോഴും ഓർക്കാതെ മലയാളസിനിമയെ ഒരു ഒറ്റക്കൽമാതൃകയിൽ സമീപിക്കുന്നത് അബദ്ധമായിരിക്കും, ഒരു വ്യവസായം എന്ന നിലയിൽ അതിന്റെ വികാസപരിണാമങ്ങളിൽ അയൽപക്ക സിനിമകളുമായുള്ള നീക്കുപോക്കുകളും മത്സരങ്ങളും നിർണായകമാണ്.
മലയാളത്തോടൊപ്പം തമിഴ്, ഹിന്ദി, ഇംഗ്ലീഷ് (അപൂർവമായി തെലുങ്കും) സിനിമകളും കേരളത്തിൽ തുടക്കം മുതൽതന്നെ പ്രദർശിപ്പിക്കപ്പെട്ടിരുന്നു.
ഇംഗ്ലീഷ് സിനിമകൾ കൂടുതലും നഗരങ്ങളിലും ഹിന്ദി സിനിമകൾ നഗരങ്ങളിലും പട്ടണങ്ങളിലും തമിഴ് സിനിമകൾ ഗ്രാമങ്ങളടക്കമുള്ള എല്ലായിടത്തും പ്രദർശിപ്പിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ വിവിധ ഭാഷകളിലുള്ള ചിത്രങ്ങൾ കാണുകയും അവയെ അവയുടെ സവിശേഷതയിൽ ആസ്വദിക്കയും ചെയ്തിരുന്ന ഒരു ബഹുഭാഷാവിപണിയായിരുന്നു കേരളം.
ഇംഗ്ലീഷ് സിനിമകൾ കൂടുതലും നഗരങ്ങളിലും ഹിന്ദി സിനിമകൾ നഗരങ്ങളിലും പട്ടണങ്ങളിലും തമിഴ് സിനിമകൾ ഗ്രാമങ്ങളടക്കമുള്ള എല്ലായിടത്തും പ്രദർശിപ്പിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ വിവിധ ഭാഷകളിലുള്ള ചിത്രങ്ങൾ കാണുകയും അവയെ അവയുടെ സവിശേഷതയിൽ ആസ്വദിക്കയും ചെയ്തിരുന്ന ഒരു ബഹുഭാഷാവിപണിയായിരുന്നു കേരളം. ഓരോ ഭാഷയിൽനിന്നുള്ള സിനിമകളിൽനിന്നും പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത് വ്യത്യസ്തങ്ങളായ ദൃശ്യആഖ്യാന അനുഭവങ്ങളായിരുന്നു എന്നുപറയാം.
ഇംഗ്ലീഷ് സിനിമകൾ കണ്ടിരുന്നത് ഒരു വരേണ്യ ഉപസമൂഹമായിരുന്നു എങ്കിൽ ഹിന്ദിതമിഴ് സിനിമകളുടെ കാര്യത്തിൽ അത്തരം വർഗഭേദങ്ങളില്ലായിരുന്നു. അശോക് കുമാർ, ദിലീപ് കുമാർ, രാജ് കപൂർ, മധുബാല, നൂതൻ, ജെമിനി ഗണേശൻ, എം ആർ രാധ, ശിവജി ഗണേശൻ, എം ജി ആർ, വൈജയന്തിമാല, രാഗിണി, സാവിത്രി, നാഗേഷ് തുടങ്ങിയ അഭിനേതാക്കൾ തിക്കുറിശ്ശി,
തിക്കുറിശ്ശി സുകുമാരൻ നായർ
സത്യൻ, പ്രേംനസീർ, കുമാരി, മുതുകുളം എന്നിവരെപ്പോലെ ഇവിടെ ജനപ്രിയരായിരുന്നു. പല ഭാഷകളിൽനിന്നുള്ള ഈ ചിത്രങ്ങൾ നമ്മുടെ പലവിധ തൃഷ്ണകളെയും സ്വപ്നങ്ങളെയുമാകാം തൃപ്തിപ്പെടുത്തിയിരുന്നത്: ആധുനികമായ വിദൂരനഗരദൃശ്യങ്ങൾ, ഭൂപ്രദേശങ്ങൾ (‘നല്ല സീനറി ഉണ്ട്’ എന്ന് സിനിമാസ്വാദകർ പണ്ട് പറഞ്ഞിരുന്നതോർക്കുക) അവിടെ അരങ്ങേറുന്ന പ്രണയലീലകൾ, ത്രസിപ്പിക്കുന്ന സംഘട്ടനരംഗങ്ങൾ, സാങ്കേതികവിസ്മയങ്ങൾ, തുടങ്ങി സംഗീതത്തിന്റെയും പാട്ടിന്റെയും വൈവിധ്യമാർന്ന ഒരു വലിയ വിരുന്നായിരുന്നു സിനിമ.
ഒരു തമിഴ് സിനിമയിൽനിന്ന് പ്രതീക്ഷിക്കുന്നതല്ല ഒരു ഹിന്ദിസിനിമയിൽനിന്നോ ഇംഗ്ലീഷ് സിനിമയിൽനിന്നോ മലയാളി പ്രതീക്ഷിക്കുന്നത്. അങ്ങനെ പല ഭാവനാലോകങ്ങളിലൂടെയും ജീവിതലോകങ്ങളിലൂടെയുമുള്ള സഞ്ചാരമാണ് മലയാളിക്ക് സിനിമ സാധ്യമാക്കിയത്. അതുകൊണ്ടുതന്നെ ഒരു സിനിമാപ്രേക്ഷകസമൂഹം എന്ന നിലയിൽ ദേശഭക്തി സിനിമകൾക്കും പുരാണകഥാചിത്രങ്ങൾക്കുമുള്ള താൽപ്പര്യത്തെ തമിഴ് ഹിന്ദി സിനിമകൾ തൃപ്തിപ്പെടുത്തിയിരിക്കണം.
മലയാളി പ്രേക്ഷകസമൂഹം അത്തരം സിനിമകളല്ല മലയാളത്തിൽനിന്ന് പ്രതീക്ഷിച്ചതും. അത്തരത്തിലുള്ള ഒരു വിപണി വിഭജനം മൂലമാകാം ദേശഭക്തി/പുരാണ ചിത്രങ്ങൾ മലയാളത്തിൽ നിർമിക്കപ്പെടാതിരുന്നതിനുള്ള കാരണം. ആ പ്രത്യേകവിപണിയെ, ഡിമാന്റിനെ തൃപ്തിപ്പെടുത്തിയിരുന്നത് കേരളത്തിലെ സിനിമാപ്രദർശനരംഗത്ത് എക്കാലത്തും സജീവ സാന്നിധ്യങ്ങളായിരുന്ന തമിഴ്/ഹിന്ദി സിനിമകളായിരിക്കാം എന്നർഥം.
അടിക്കുറിപ്പ്
മലയാളസംഗീതം എന്ന വെബ്സൈറ്റിൽനിന്നാണ് മുകളിൽ ഉദ്ധരിച്ചിട്ടുള്ള സിനിമാഗാനങ്ങളുടെ വരികൾ എടുത്തിട്ടുള്ളത്. മലയാളസിനിമയെക്കുറിച്ചുള്ള വിവരങ്ങൾ സമാഹരിക്കുന്നതിലും സംരക്ഷിക്കുന്നതിലും malayalasangeetham.info, m3db.com, https://www.malayalachalachithram.com തുടങ്ങിയ വെബ്സൈറ്റുകൾ / സന്നദ്ധസംഘങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന സ്തുത്യർഹമായ സേവനം ഇത്തരുണത്തിൽ ഓർക്കുന്നു.
(ദേശാഭിമാനി വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..