ഇന്ത്യൻ സമയം ഇന്ന് വൈകുന്നേരം 6:30നാണ് വിമാനം പറന്നുയരുക
ശതകോടീശ്വരനായ വിർജിൻ ഗാലക്റ്റിക് സ്ഥാപകൻ റിച്ചാർഡ് ബ്രാൻസണും സംഘവും ഇന്ന് ബഹിരാകാശത്തേക്ക് യാത്രയാകും. ഇന്ത്യൻ വംശജയായ സിരിഷ ബന്ദ്ല ഉൾപ്പടെയുള്ള ആറംഗ സംഘമാണ് വിഎസ്എസ് യൂണിറ്റി എന്ന ബഹിരാകാശ വാഹനത്തിൽ യാത്ര ചെയ്യുക. വിർജിൻ ഗാലക്റ്റിക്കിലെ സർക്കാർ കാര്യങ്ങളുടെയും ഗവേഷണ പ്രവർത്തനങ്ങളുടെയും വൈസ് പ്രസിഡന്റാണ് സിരിഷ.
ഇന്ത്യൻ സമയം ഇന്ന് വൈകുന്നേരം 6:30നാണ് വിമാനം പറന്നുയരുക. വിമാനം പറന്നുയരുന്നത് വിർജിൻ ഗാലക്റ്റികിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ തത്സമയം കാണാൻ സാധിക്കും.
ന്യൂ മെക്സിക്കോയിൽ നിന്നാണ് ദൗത്യം ആരംഭിക്കുക എന്ന് വിർജിൻ ഗാലക്റ്റിക് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 17 വർഷമായി താൻ ഈ നിമിഷത്തിനായി കാത്തിരിക്കുകയാണെന്ന് റിച്ചാർഡ് ബ്രാൻസൺ പറഞ്ഞു. മടങ്ങി വരുമ്പോൾ ഒരു വലിയ പ്രഖ്യാപനം ഉണ്ടാകുമെന്നും 71 കാരനായ വിർജിൻ ഗാലക്റ്റിക് സ്ഥാപകൻ പറഞ്ഞു.
“ഞങ്ങൾ തിരിച്ചെത്തുമ്പോൾ, കൂടുതൽ ആളുകൾക്ക് ബഹിരാകാശയാത്രികനാകാൻ അവസരം നൽകുന്ന ഞാൻ വളരെ ആവേശകരമായ ഒന്ന് പ്രഖ്യാപിക്കും,” ബ്രാൻസൺ സ്പേസ്പോർട്ട് അമേരിക്കയിൽ വെച്ച് നടന്ന ഒരു അഭിമുഖത്തിൽ പറഞ്ഞു.
ബ്ലൂ ഒറിജിന്റെ ബെസോസുമായി ഒരു മത്സരവുമില്ല
ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ ശതകോടീശ്വരനാകാൻ ബ്ലൂ ഒറിജിൻസിന്റെ ജെഫ് ബെസോസും താനും തമ്മിൽ മത്സരമാണെന്ന ആരോപണങ്ങൾ ബ്രാൻസൺ നിഷേധിച്ചു. “ഞാൻ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഒപ്പം പോകുന്നവർക്കും ആശംസകൾ നൽകുന്നു. അദ്ദേഹം വരുമ്പോൾ അദ്ദേഹത്തിന്റെ യാത്രയെ കുറിച്ചു അദ്ദേഹത്തോട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” ബ്രാൻസൺ പറഞ്ഞു. “ഞാൻ രണ്ടു മൂന്ന് ആഴ്ച മുൻപ് അദ്ദേഹത്തോട് സംസാരിച്ചിരുന്നു, ഞങ്ങൾ പരസ്പരം രണ്ടുപേരെയും ആശംസിച്ചു.” ബ്രാൻസൺ കൂട്ടിച്ചേർത്തു. ഈ മാസം 20നാണ് ബ്ലൂ ഒറിജിൻ സ്ഥാപകൻ ജെഫ് ബെസോസ് ബഹിരാകാശത്തേക്ക് യാത്ര ചെയ്യുക.
Read Also: QR code scanner: നിങ്ങളുടെ ഫോണിലെ ക്യാമറ ഉപയോഗിച്ച് എങ്ങനെ ക്യൂആർ കോഡ് സ്കാൻ ചെയ്യാം?