പരാതി പരിഹരിക്കാന്‍ സമിതികള്‍
കാലതാമസം ഒഴിവാക്കാന്‍ നടപടി
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി പുതിയ ബില്‍. വ്യവസായങ്ങള്‍ക്ക് തടസ്സംനില്ക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ ശിക്ഷാ നടപടി ഉള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്നതാണ് ഈ ബില്‍. അടുത്ത നിയമസഭാ സമ്മേളനത്തില്‍ത്തന്നെ ബില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
വ്യവസായികളുടെ പരാതി പരിഹരിക്കാന്‍ സംസ്ഥാന-ജില്ലാതല സമിതികള്‍ ഉണ്ടാകും. ഇവരെടുക്കുന്ന തീരുമാനം എല്ലാ വകുപ്പുകളും അംഗീകരിക്കേണ്ടിവരും. ഇതോടെ വ്യവസായരംഗത്തെ പരാതികള്‍ക്ക് പരിഹാരമാകും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ത്തന്നെ ബില്‍ പാസ്സാക്കാന്‍ സാധിക്കും. വിവിധ വകുപ്പുകളെക്കുറിച്ചുള്ള പരാതികള്‍ക്കും ഇതോടെ പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നത്, മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുക എന്നതാണ് പുതിയ നീക്കത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പലവകുപ്പുകളില്‍നിന്നുള്ള അനുമതി പല ഘട്ടങ്ങളായി ലഭിക്കുമ്പോള്‍ അതിന് കാലതാമസം നേരിടുന്നു എന്ന പരാതി വ്യവസായികള്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ ഒരു നിശ്ചിത മുതല്‍മുടക്കിന് മുകളിലേയ്ക്കുള്ള വ്യവസായങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി ജില്ലാ-സംസ്ഥാന തല സമിതികള്‍ രൂപവത്കരിക്കാന്‍ ഉദ്ദേശിക്കുന്നത്.
സമിതികള്‍ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാ വകുപ്പുകളും അംഗീകരിക്കണം എന്നതാണ് വ്യവസ്ഥ. വ്യവസായത്തിന് തടസ്സംനില്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയുന്ന തരത്തിലുള്ള വ്യവസ്ഥകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്തുക.
Content Highlights: New Law to make the state industry friendly