ബ്രഹ്മപുരത്തെ തീപ്പിടിത്തം ആറിത്തണുത്തെങ്കിലും, കൊച്ചിക്കാരുടെ ജീവിതത്തിൽ ഇപ്പോഴും സംഭവം എരിഞ്ഞ് കത്തുകയാണ്. കുഞ്ഞുങ്ങളും ഗർഭിണികളും വയോധികരും അടങ്ങുന്ന സമൂഹത്തിന് കൊച്ചിയിൽ ജീവിക്കാൻ അനുയോജ്യമാണോ എന്ന ചോദ്യത്തിന് പ്രസക്തി അവസാനിക്കുന്നില്ല. സിദ്ധാന്തങ്ങൾ പലതുവെച്ച് അടച്ചാലും ഓട്ട, ഓട്ടയായിത്തന്നെ നിലനിൽക്കുന്നു. ഇവിടെ ജോലിയും കുടുംബവുമായി കഴിയുന്നവർ തങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെട്ട് കൂടും കുടുക്കയും എടുത്ത് ദിക്കറിയാതെ ഓടണോ, അതോ പരിഹാരമുണ്ടാകുമെന്ന് സ്വയം ആശ്വസിച്ച്, കുടുംബത്തെ ആശ്വസിപ്പിച്ച് ഒന്നുമറിയാത്ത പോലെ ഇനിയും പുകയണോ എന്നാലോചിച്ച് കുഴങ്ങി.
പുകഞ്ഞുകൊണ്ടിരുന്ന കൊച്ചിയെ തണുപ്പിക്കാൻ ഫയർ ഫോഴ്സ് അധികൃതരും സിവിൽ ഡിഫെൻസ് വോളന്റിയർസും നടത്തിയ പരിശ്രമങ്ങൾ എത്രത്തോളം ജനശ്രദ്ധയിൽ എത്തിച്ചാലും മതിയാകില്ല. ഇവർക്കൊപ്പം നാം മറന്നുകൂടാത്ത മറ്റൊരു കൂട്ടരുണ്ട്. യാതൊരുവിധ പ്രതിഫലമോ വേതനമോ ലഭിക്കാഞ്ഞിട്ടും ജനങ്ങൾ നട്ടംതിരിയുന്നത് കണ്ട് രക്ഷിക്കാനോടിയെത്തിയ ഒരുകൂട്ടം മനുഷ്യരാണ് സിവിൽ ഡിഫെൻസ് വോളന്റിയർസ്. ഒട്ടേറെ പേർ എല്ലാ ജില്ലകളിൽ നിന്നും വന്ന് കൊച്ചിക്കാർക്ക് കട്ട സപ്പോർട്ട് നൽകിയെങ്കിലും ഈ കൂട്ടത്തിൽ ജനശ്രദ്ധ ലഭിക്കാത്ത, എന്നാൽ ശ്രദ്ധിക്കപ്പെടേണ്ടവരുമായ ഒരു മൂവർ സംഘമുണ്ട്. മൂലമറ്റത്ത് നിന്നും വന്ന മൂന്ന് ചേച്ചിമാർ. നല്ല അസ്സൽ വൈബ് ഉള്ള മിടുക്കി അമ്മമാർ എന്ന് പറയുന്നതാവും കൂടുതൽ ചേർച്ച. രാജമ്മ, ലീലാമ്മ, സുമതി! കക്ഷികൾ ഒരേ നാട്ടിൽ ഉള്ളവർ തന്നെ, പണ്ട് മുതലേ നല്ല ‘തിക്ക് ബഡീസ്’!
സിവിൽ ഡിഫൻസിലേക്ക് ഇറങ്ങി തിരിച്ചിട്ട് മൂന്ന് വർഷം കഴിയുന്നു!
കൊറോണകാലത്തിന് മുമ്പാണ് ചേച്ചിമാർ സിവിൽ ഡിഫെൻസിന്റെ പരിശീലനം കഴിഞ്ഞിറങ്ങിയത്. തൊടുപുഴ, മൂലമറ്റം, കട്ടപ്പന എന്നിവിടങ്ങളിലായിരുന്നു പരിശീലനം. തൊഴിലുറപ്പ് മേഖലയിലെ ജീവനക്കാരായിരുന്നു മൂവരും. നാട്ടിലെ കോമളം, അമ്പിളി, ശുഭ, ശിവദാസൻ ഒക്കെ ഇതുപോലെ ഈ ചേച്ചിമാരുടെ കൂടെ സിവിൽ ഡിഫെൻസ് വോളന്റിയർമാരായി പരിശീലനം കഴിഞ്ഞവരാണ്. “ഞങ്ങൾ പത്ത് പേരോളം വോളന്റിയർമാരായിട്ട് ഉണ്ട്. പക്ഷെ ബ്രഹ്മപുരത്തെ തീപിടിത്തതിനെ തുടർന്ന് മൂലമറ്റം ഫയർ സ്റ്റേഷനിൽ നിന്നും പന്ത്രണ്ടാം തിയതിയാണ് ബ്രഹ്മപുരത്ത് എത്താനായിട്ട് സാറന്മാർ വിളിച്ചുപറഞ്ഞത്. എനിക്കും ലീലാമ്മക്കും സുമതിക്കും മാത്രമേ അന്ന് ഒഴിവ് ഉണ്ടായിരുന്നുള്ളു, ശിവദാസൻ ചേട്ടൻ ഒക്കെ എപ്പോഴും സന്നദ്ധപ്രവർത്തനങ്ങൾക്ക് പോകാറുള്ളതാണ്. അദ്ദേഹത്തിന് ഹോസ്പിറ്റൽ കേസ് വന്നതുകൊണ്ട് വരാൻ പറ്റിയില്ല,” രാജമ്മ ചേച്ചി പറയുന്നു.
തൊഴിലുറപ്പ് മേഖലയിൽ ആയിരുന്നു ജോലിയെങ്കിലും രാജമ്മ ചേച്ചിയും ലീലാമ്മ ചേച്ചിയും ഇപ്പോൾ ഹരിത കർമ്മ സേനയിലാണ് ജോലി ചെയ്യുന്നത്. സുമതി തൊഴിലുറപ്പ് ജീവനക്കാരിയാണ്. ഹരിത കർമ സേനയിൽ നിന്നും ലഭിക്കുന്നത് തുച്ഛമായ വരുമാനമായതുകൊണ്ടുതന്നെ മൂവരും വീട്ടുജോലികൾക്കും പോകാറുണ്ട്. “വീട്ടുജോലി ചെയ്താണ് മക്കളേ ഞങ്ങൾ ജീവിതം മുമ്പോട്ട് കൊണ്ടുപോകുന്നത്. സിവിൽ ഡിഫെൻസിൽ ചേരാൻ കാരണം, ഞങ്ങൾക്ക് പൊതുവെ പൊതുസേവനങ്ങൾ ചെയ്യാൻ നല്ല ആവേശമാണ്. ഹരിത കർമസേനയുടെ ഭാഗമായി അംഗണവാടിയും മറ്റ് പരിസരങ്ങളും വൃത്തിയാക്കാൻ ഒക്കെ പോകാറുണ്ട്. പിന്നെ പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന പ്ലാസ്റ്റിക് സംസ്കാരണ ബോധവൽക്കരണ ക്ലാസുകൾ ഞങ്ങൾ വീടുകൾതോറും കയറിയിറങ്ങി പറഞ്ഞുകൊടുക്കും. പ്ലാസ്റ്റിക്കിന്റെ ദോഷങ്ങളെക്കുറിച്ച് എല്ലാവർക്കും നന്നായി അറിയാം. എന്നാൽ ഒന്നുമറിയാത്ത പോലെയാണ്,” ലീലാമ്മ ചേച്ചി.
എയ്ജ് ഈസ് ജസ്റ്റ് എ നമ്പർ!
രാജമ്മ ചേച്ചിക്ക് 55 വയസ്സും ലീലാമ്മ ചേച്ചിക്ക് 50 വയസ്സും സുമതി ചേച്ചിക്ക് 45 വയസ്സുമാണ് പ്രായം, എന്നാൽ പ്രായം ഏൽക്കാത്ത ചുറുചുറുക്കാണ് ഈ പെൺപുലികൾക്ക്. എന്ത് കാര്യവും ചെയ്യാനുള്ള മനസ്സും ആവേശവുമാണ് ഇവരുടെ മെയിൻ. ബ്രഹ്മപുരത്ത് എത്തിയ സിവിൽ ഡിഫെൻസ് വോളന്റിയർമാരിൽ ഏറ്റവും മുതിർന്ന സ്ത്രീ രാജമ്മ ചേച്ചിയാണ്.
“ഞങ്ങൾ കണ്ണൂരിൽ നടന്ന മുളയുടെ കരകൗശല പരിശീലനം കഴിഞ്ഞെത്തിയ ഉടനെ ആയിരുന്നു ഫയർ സ്റ്റേഷൻ നിന്നും വിളി വന്നത്. നൈറ്റ് ഡ്യൂട്ടിയായിരുന്നു പറഞ്ഞിരുന്നത്. പിന്നെ ഒന്നും നോക്കിയില്ല ചാടിപ്പിടിച്ച് ഉച്ചക്ക് ഒന്നര മണിക്ക് മൂലമാറ്റത്തേക്ക് ബസിൽ പോയി. അവിടെ നിന്നും ഫയർ സ്റ്റേഷനിലെ ആംബുലൻസിൽ ആയിരുന്നു പിന്നെ ബ്രഹ്മപുരത്തേക്ക് പോയത്,” രാജമ്മ ചേച്ചി.
ഇവരെ കൂടാതെ തൊടുപുഴയിൽ നിന്നും രണ്ട് പേരും ഇടുക്കിയിൽ നിന്നും ഒരാളും വോളന്റിയർമാരായി ആംബുലൻസിൽ ഉണ്ടായിരുന്നു. വൈകിട്ട് നാലുമണിക്ക് ബ്രഹ്മപുരത്തെത്തിയിട്ട് അഞ്ച് മണിയോടെ ഡ്യൂട്ടിക്ക് കയറി.
“ഞങ്ങൾ യൂണിഫോമും ഗം ബൂട്ടും ഒക്കെ ധരിച്ചാണ് എത്തിയത്. ഞങ്ങൾ ചെല്ലുമ്പോഴും പുകഞ്ഞുകൊണ്ടിരിക്കുകയാണ് പ്ലാസ്റ്റിക്. ആ കാഴ്ച കണ്ട് ഞങ്ങൾ അന്തിച്ച് നിന്നുപോയി. വീട്ടിൽ നിന്ന് പുറപ്പെടുമ്പോഴേ ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ഒക്കെ ചെയ്യണം എന്ന് നിശ്ചയിച്ചിട്ട് തന്നെയാ ഇറങ്ങിയത്. ഒന്നിനും മടിച്ച് നിൽക്കാതെ ഇറങ്ങാൻ ഞങ്ങൾ തയ്യാറുമായിരുന്നു,” സുമതിച്ചേച്ചി.
“ഇപ്പോഴല്ലേ മനസിലായത് ഈ പ്ലാസ്റ്റിക് ഒക്കെ പോകുന്നത് എങ്ങോട്ടാണെന്ന്”
രാജമ്മ ചേച്ചി വാചാലയാണ്. തൊടുപുഴ ചുവയിൽ ഉള്ള സംസാരം രസകരമാണ്. “ഞാൻ വിചാരിച്ചത് വല്ല ഹോട്ടലിനോ ചായക്കടക്കോ ആണ് തീ പിടിച്ചത് എന്നല്ലേ. അവിടെ ചെന്നപ്പോൾ അല്ലെ, എന്റെ പൊന്നേ! വലിയ കൂമ്പരങ്ങളായി പ്ലാസ്റ്റിക്, കത്തിയെരിഞ്ഞതിന്റെ ചാരം, പുക, മണം, ചൂട് എന്റെ ദൈവമേ, ഒന്നും പറയണ്ട. അപ്പോഴല്ലേ മനസിലായത് ഈ പ്ലാസ്റ്റിക് മുഴുവൻ എങ്ങോട്ടാ ഈ പോകുന്നെ എന്ന്,” രാജമ്മ ചേച്ചി.
പുകയും മണവും കണ്ടും അനുഭവിച്ചും പകച്ചുപോയ ചേച്ചിമാർക്ക് ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ ഓരോ ഡ്യൂട്ടി കൊടുത്തു. രാജമ്മ ചേച്ചിയും ലീലാമ്മ ചേച്ചിയും ഭക്ഷണവും വെള്ളവും മറ്റും കൊടുക്കുന്ന വിഭാഗത്തിൽ വൈകുന്നേരം ആറ് മണി മുതൽ ഡ്യൂട്ടി ആരംഭിച്ചു. സുമതി ചേച്ചിക്ക് ട്രാഫിക്കിൽ ആയിരുന്നു ഡ്യൂട്ടി.
“ഡ്യൂട്ടി ആരംഭിച്ചത് മുതൽ ഞങ്ങൾ ഭംഗിയായി വെള്ളവും ഭക്ഷണവും കൃത്യസമയങ്ങളിൽ ഉദ്യോഗസ്ഥർക്കും മറ്റ് വോളന്റിയർമാർക്കും എത്തിച്ചുകൊടുത്തു. രാത്രി മുഴുവൻ ജോലി ചെയ്തു. പിറ്റേന്ന് രാവിലെ എട്ട് മണിക്കാണ് വീട്ടിലേക്ക് തിരിച്ചത്. ഡ്യൂട്ടിയിൽ ആയിരുന്നതുകൊണ്ട് തന്നെ നേരം പോയത് അറിഞ്ഞില്ല,” സുമതി ചേച്ചി.
അതൊന്ന് കണ്ട് തന്നെ അറിയണം!
“പ്ലാസ്റ്റിക് നിന്ന് പുകയുന്നുണ്ട്. ചില സ്ഥലങ്ങളിൽ വെള്ളമൊഴിച്ച് തീ കെടുത്തിയിട്ടുണ്ട്, എന്നാൽ കാറ്റ് അടിക്കുമ്പോൾ തീ അണഞ്ഞതൊക്കെ വീണ്ടും ആളിക്കത്തുന്നുണ്ട്. ആകെ പുകയുടെയും പ്ലാസ്റ്റിക്കിന്റെയും മണം. ഫയർ സേഫ്റ്റി ഉദ്യോഗസ്ഥർ ചെയ്യുന്ന ജോലി ഒന്ന് കാണുക തന്നെ വേണം. അവർക്ക് വെള്ളമോ ഭക്ഷണമോ ഒന്നും വേണ്ട. കഴിയുന്ന സമയം മുഴുവൻ വലിയ പമ്പ് സെറ്റ് പിടിച്ച് നിന്ന് തീ കെടുത്താൻ നോക്കുന്നു. പലർക്കും പൊള്ളൽ ഒക്കെ ഉണ്ട്,” സുമതി ചേച്ചി.
ബ്രഹ്മപുരം നിന്ന് കത്തിയിട്ടും കൊതുകിന് ഒരു ക്ഷാമവും ഉണ്ടായിരുന്നില്ലെന്ന് രാജമ്മ ചേച്ചി. “വെള്ള കൊതുകുകൾ ആണ് ഉണ്ടായിരുന്നത്. ആ കൊതുകുകൾ ആണല്ലോ അസുഖം പരത്തുന്നത്. കയ്യിൽ ഒരു തോർത്ത് ഉണ്ടായിരുന്നു. അത് വച്ച് വീശി വീശിയാണ് ഞങ്ങൾ ഡ്യൂട്ടി ചെയ്തിരുന്നത്. എത്രയൊക്കെ ആട്ടിപ്പായിച്ചാലും മ്മ് മ്മ് മ്മ് എന്ന് മൂളി നമ്മുടെ പുറകെ ഉണ്ടായിരുന്നു കൊതുക്.”
ഭക്ഷണം കഴിക്കാൻ കഴിയാത്ത രീതിയിലാണ് എങ്ങും മണം തങ്ങി നിന്നിരുന്നത്. ചിലർ മാലിന്യത്തിൽ തന്നെയിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. മറ്റുചിലർ റോഡ് സൈഡിൽ. റോഡ് സൈഡിൽ ഡ്യൂട്ടി കഴിഞ്ഞ് തളർന്ന വോളന്റിയർമാർ കിടന്നുറങ്ങുന്നത് കാണാം, ചെറിയ പയ്യന്മാർ. ഉറക്കം ഉണർന്നാൽ തീയണക്കാനുള്ള പരിശ്രമം വീണ്ടും ആരംഭിക്കും.
ദുരന്തമുഖങ്ങളിൽ സഹായ സാന്നിധ്യമായി ചേച്ചിമാർ ഉണ്ടാകും!
ഉരുൾപൊട്ടൽ ഉണ്ടാകാറുള്ള പ്രദേശമാണ് ചേച്ചിമാരുടേത്. അതുകൊണ്ടുതന്നെ അത്തരം സംഭവങ്ങൾ ഉണ്ടായാൽ ചേച്ചിമാർ അവിടെയെല്ലാം ഓടിയെത്തും. മണ്ണ് മാറ്റി മനുഷ്യരെ പുറത്തെടുക്കാൻ സഹായിക്കും. സിവിൽ ഡിഫെൻസ് പരിശീലനം അതിനൊക്കെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് ചേച്ചിമാർ പറയുന്നു. കോവിഡ് കാലത്തും രോഗികളെ ആശുപത്രികളിൽ എത്തിക്കാനും മരുന്നുകൾ വാങ്ങി നൽകാനും ചേച്ചിമാരും മറ്റ് കൂട്ടുകാരും മുമ്പിലുണ്ടായിരുന്നു. എന്നാൽ മൂന്നുപേരും വലിയൊരു മിഷൻ എന്ന നിലയിൽ ആദ്യമായി പങ്കെടുക്കുന്നത് ബ്രഹ്മപുരത്താണ്.
പ്ലാസ്റ്റിക് ഉപയോഗിക്കുന്ന സമൂഹമേ നിങ്ങൾ ഇത് കാണണം!
“ബ്രഹ്മപുരത്തെ കാഴ്ച ഭയാനകമാണ്. നമുക്ക് പേടിയാകും 115 ഏക്കർ ആണെന്ന് വാർത്തയിൽ ഒക്കെ കണ്ടെങ്കിലും, അവിടെ ഉണ്ടായിരുന്ന കോർപ്പറേഷൻ ജീവനക്കാരനോട് ചോദിച്ചപ്പോൾ 130 ഏക്കറോളം വരുമെന്ന് പറഞ്ഞു. അത്രയും സ്ഥലങ്ങളിൽ മാലിന്യമാണ്. കണ്ടാൽ സഹിക്കില്ല. ഒരാൾക്കും ശ്വസിക്കാൻ കഴിയില്ല കത്തുന്ന ആ ഗന്ധം,” സുമതി ചേച്ചി.
ഹരിത കർമ്മസേനയിൽ ജോലി ചെയ്യുന്ന രാജമ്മ ചേച്ചിക്കും ലീലാമ്മ ചേച്ചിക്കും ചിലതുണ്ട് പറയാൻ “ഞങ്ങൾ പ്ലാസ്റ്റിക് ചോദിച്ച് വീടുകൾ തോറും കേറിയിറങ്ങി നടക്കും. മിക്കവാറും ആളുകൾ പ്ലാസ്റ്റിക് കവറുകൾ കഴുകി ഉണക്കാനുള്ള മടി കാരണം എടുത്തുവെക്കില്ല. ചിലർ മാസം തരേണ്ട 50 രൂപ തരാൻ ഉള്ള മടി കാരണം ഞങ്ങളെ പറഞ്ഞുവിടും. എന്തിനാ ഇങ്ങനെ പ്ലാസ്റ്റിക് കെട്ടിപൂട്ടി വെക്കണേ, പഞ്ചായത്തിന്റെ ഈ പദ്ധതിയോട് എല്ലാർക്കും സഹകരിച്ചാൽ നമ്മുടെ പരിസരത്തുനിന്നും പ്ലാസ്റ്റിക് നീക്കി കൃത്യമായി സംസ്കരിച്ചു സ്വസ്ഥമായി ജീവിച്ചാടെ,” ലീലാമ്മ ചേച്ചി ചോദിക്കുന്നു.
“പ്രാരാബ്ധങ്ങൾ ആണ് ഏറെയും. വീട്ടുജോലിയും പഞ്ചായത്തിന്റെ ജോലിയും മാത്രമേ ഉള്ളു. ഇപ്പോൾ ഹരിതകർമ സേനക്ക് വേണ്ടി കുറച്ച് ദിവസമായി പോകാൻ പറ്റുന്നില്ല, ശേഖരിക്കുന്ന പ്ലാസ്റ്റിക് നിറവും അതിന്റെ കനവും അനുസരിച്ച് തരം തിരിക്കണം, ഉപയോഗിച്ച പ്ലാസ്റ്റിക് മാലിന്യമല്ലേ, ഇപ്പോൾ അതിന്റെ മണവും പിടിക്കുന്നില്ല. പ്ലാസ്റ്റിക്കിൽ കയ്യിട്ടുള്ള ജോലിയും ആയത് കൊണ്ട് ശരീരത്തിൽ അലർജിയുമാണ്. മരുന്ന് കഴിക്കുന്നുണ്ട്. സുഖമായാൽ വീണ്ടും വീടുകൾ കയറിയിറങ്ങി പ്ലാസ്റ്റിക് എടുക്കും, തരം തിരിക്കും, സംസ്കാരണത്തിനായി അയക്കും. പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയരുത്, കത്തിക്കരുത്, വീട്ടിൽ കൂട്ടിയിടരുത്, അതത് പഞ്ചായത്തുകളിലെ ഹരിത കർമ സേനക്ക് കൈമാറുക, ബ്രഹ്മപുരത്തെ കാഴ്ച ഭയാനകമാണ് മക്കളെ,” രാജമ്മ ചേച്ചി പറയുന്നു.
തുച്ഛമായ വരുമാനമെങ്കിലും പെരുത്ത് വലിയ ഖൽബുള്ള ചേച്ചിമാർ!
വളരെ തുച്ഛമായ വരുമാനത്തിലാണ് രാജമ്മ, ലീലാമ്മ, സുമതി എന്നീ ചേച്ചിമാർ ജീവിക്കുന്നത്. എന്നാൽ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാനും, ദുരന്തഭൂമികളിൽ കരുത്തുറ്റ കൈകളാകാനും ചേച്ചിമാർക്ക് ഏറെ താല്പര്യമാണ്. കടമായി വാങ്ങിയ രൂപ കൊണ്ടാണ് രാജമ്മ ചേച്ചി മൂലമാറ്റത്തേക്ക് വണ്ടി കയറിയത്. ഞാൻ ചോദിച്ചു “ഇനിയും ഇതുപോലെ ഒരാവശ്യം വന്നാൽ ചേച്ചിമാർ പോകുമോ?”
ചേച്ചിമാർ ഒരേ സ്വരത്തിൽ പറഞ്ഞു “തീർച്ചയായും പോകും, പണം പ്രധാനം തന്നെയാണ്, ഞങ്ങൾ കൂലിപ്പണിയെടുത്തില്ലേൽ കുടുബം പട്ടിണിയാകും. എങ്കിലും ഞങ്ങളുടെ പണി ഉപേക്ഷിച്ചാണെങ്കിലും ഈ ഉള്ള ജീവിതം കൊണ്ട് മറ്റുള്ളവർക്ക് വേണ്ടി കഴിയുന്നതൊക്കെ ചെയ്യും. മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ കിട്ടുന്ന ആ സുഖമില്ലേ, അതാണ് കൂലി ഉപേക്ഷിച്ചുള്ള ഈ ജോലിക്കുള്ള കൂലി.”