സമാധാനത്തിനുള്ള നോബൽ പുരസ്കാരത്തിന് പരിഗണിക്കുന്നവരുടെ പട്ടികയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉണ്ടെന്ന തരത്തിൽ വാർത്തകൾ വന്നത് കഴിഞ്ഞ ദിവസമാണ്. യുക്രൈൻ -റഷ്യ യുദ്ധപശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ പ്രശംസിച്ച് നൊബേൽ സമ്മാന സമിതി ഉപനേതാവ് അസ്ലേ തോജെ രംഗത്തെത്തിയതോടെയാണ് ഇത്തരത്തിൽ വാർത്ത പ്രചരിച്ചത്. മോദി സമാധാനത്തിനുള്ള നൊബേൽ പട്ടികയിൽ മുൻപന്തിയിലുണ്ടെന്ന് തോജെ പറഞ്ഞതായി ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ഈ വാർത്ത നിഷേധിച്ച് തോജെ തന്നെ പിന്നീട് രംഗത്ത് വരികയായിരുന്നു. ‘ഈ വാർത്ത വ്യാജമാണ്, ഇതിന് ആരും ഓക്സിജനും ഊർജ്ജവും നൽകരുതെ’ന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതേസമയം ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ പുരസ്കാരത്തിനായുള്ള സമയപരിധി അവസാനിക്കുമ്പേോൾ 305 നോമിനേഷനുകളാണ് ലഭിച്ചതെന്ന് നോർവീജിയൻ നോബൽ കമ്മിറ്റി അറിയിച്ചു. നാല് വർഷത്തിനിടെ സമിതിക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ നോമിനേഷനാണിത്. 212 വ്യക്തികളും 93 സംഘടനകളുമാണ് ഇക്കുറി സമാധാനത്തിനുള്ള നോബൽ പുരസ്കാരത്തിനായി മത്സരിക്കുന്നത്.
ഏറെ അഭിമാനകരമായ പുരസ്കാരമായി പരിഗണിക്കുമ്പോഴും നോബൽ പുരസ്കാരങ്ങളുടെ ചരിത്രം പരിശോധിച്ചാൽ പലപ്പോഴും നിരവധി വിവാദങ്ങളും അതിനെ ചുറ്റിപ്പറ്റി കാണാൻ കഴിയും. സമാധാനത്തിനുള്ള നൊബേൽ പുരസ്കാര വിവാദങ്ങൾ പലപ്പോഴും അക്കാദമിക് സമൂഹത്തിന് പുറത്താണ് വലിയ തോതിൽ ചർച്ചയായിട്ടുള്ളത്. രാഷ്ട്രീയപ്രേരിതമാണെന്നതു മുതൽ ശരിയായിട്ടുള്ള വ്യക്തികൾക്കോ സംഘടനകൾക്കോ അല്ലാ പുരസ്കാരം നൽകിയത് എന്നു വരെയുള്ള ആരോപണങ്ങൾ സമാധാനത്തിനുള്ള നോബൽ പുരസ്കാരവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഇടവരുത്തിയിട്ടുണ്ട്.
1935 ൽ ജർമ്മൻ പത്രപ്രവർത്തകനായിരുന്ന കാൾ വോൺ ഒസൈറ്റ്സ്കിക്ക് നൽകിയ പുരസ്കാരം വലിയ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. 1921-ൽ ജർമ്മൻ ഗവൺമെന്റ് മേജർ ബ്രൂണോ ഏണസ്റ്റ് ബുക്രൂക്കറുടെ നേതൃത്വത്തിൽ അർബെറ്റ്സ്-കമാൻഡോസ് (വർക്ക് സ്ക്വാഡുകൾ) സ്ഥാപിച്ചിരുന്നു. ഔദ്യോഗികമായി സിവിലിയൻ പ്രോജക്ടുകളെ സഹായിക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഒരു ലേബർ ഗ്രൂപ്പ് എന്ന നിലയിലാണ് ഇവ പ്രവർത്തിച്ചിരുന്നതെങ്കിലും വാസ്തവത്തിൽ, വെർസൈൽസ് ഉടമ്പടി പ്രകാരം നിശ്ചയിച്ചിട്ടുള്ള സൈനിക ശക്തിയുടെ പരിധി മറികടക്കാൻ ജർമ്മനി അവരെ ഉപയോഗിക്കുകയായിരുന്നു.
ഇതിനെക്കുറിച്ച് ഒസൈറ്റ്സ്കി തന്റെ മാഗസിനിലൂടെ പരമ്പരകൾ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ഇദ്ദേഹത്തെ 1931-ൽ രാജ്യദ്രോഹത്തിനും ചാരവൃത്തിക്കും ശിക്ഷിച്ചു. എന്നാൽ പിന്നീട് മാപ്പ് നൽകി വിട്ടയയ്ക്കുകയും ചെയ്തിരുന്നു. നാസികൾ അധികാരത്തിൽ വന്നതിനു ശേഷവും ജർമ്മൻ മിലിറ്ററിസത്തിനെതിരായ വിമർശനങ്ങൾ അദ്ദേഹം തുടർന്നേ കൊണ്ടെയിരുന്നു. ഒടുവിൽ 1933 ൽ അദ്ദേഹം വീണ്ടും അറസ്റ്റിലാകുകയും ഓൾഡൻബർഗിനടുത്തുള്ള എസ്റ്റർവെഗൻ കോൺസെൻട്രേഷൻ ക്യാമ്പിലടയ്ക്കുകയും ചെയ്തു. ഇവിടെ കിടക്കുന്ന സമയത്താണ് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിക്കുന്നത്.
ഒസൈറ്റ്സ്കിക്ക് പുരസ്കാരം നൽകുന്ന ചടങ്ങിൽ നിന്ന് നോർവെയിലെ രാജാവായിരുന്ന ഹാക്കോൺ ഏഴാമൻ വിട്ടു നിന്നു. മാത്രമല്ല പുരസ്കാരത്തിൽ പ്രതിഷേധിച്ച് പുരസ്കാര കമ്മറ്റിയിൽ ഉണ്ടായിരുന്ന രണ്ട് അംഗങ്ങൾ രാജി വയ്ക്കുകയും ചെയ്തിരുന്നു. നോർവ്വെയിലെ യാഥാസ്ഥിതിക പത്രങ്ങളെല്ലാം തന്നെ ഒരു കുറ്റവാളിക്ക് അവാർഡ് നൽകുന്നതിനെ അപലപിച്ച് ലേഖനങ്ങളെഴുതി. നോർവേയിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്നും പുരസ്കാരം സ്വീകരിക്കുന്നതിൽ നിന്നും ഭരണകൂടം അദ്ദേഹത്തെ വിലക്കിയിരുന്നു. അതേ സമയം ജയിലിൽ കിടന്നു കൊണ്ട് കത്ത് മുഖേന അദ്ദേഹം ആ പുരസ്കാരം സ്വീകരിച്ചു.
വടക്കൻ വിയറ്റ്നാമീസ് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ലേ ദഖ് തോ(Lê Đức Thọ) അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഹെന്റി എ കിസ്സിങർ എന്നിവർക്കായിരുന്നു 1973-ലെ സമാധാനത്തിനുള്ള പുരസ്കാരം ലഭിച്ചത്. പാരീസ് ഉടമ്പടി പ്രകാരം വിയറ്റ്നാം യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനും അമേരിക്കൻ സേനയെ തിരികെ വിളിച്ച് വിയറ്റ്നാമിൽ ഒരു സമാധാന അന്തരീക്ഷം കൊണ്ടു വന്നതിനുമായിരുന്നു ഇരുവർക്കും പുരസ്കാരം നൽകിയത്. പക്ഷേ വെടിനിർത്തലുണ്ടായിട്ടും, അമേരിക്ക പിൻവാങ്ങിയിട്ടും യുദ്ധം തുടർന്നു. അതുകൊണ്ടു തന്നെ യഥാർത്ഥ സമാധാനം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് ലേ ദഖ് തോ പുരസ്കാരം നിരസിക്കുകയായിരുന്നു. മാത്രമല്ല പാരീസ് സമാധാന ഉടമ്പടി പ്രകാരമുള്ള കാര്യങ്ങൾ പൂർണ തോതിൽ നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
1975 ൽ വടക്കൻ വിയറ്റ്നാം ദക്ഷിണ വിയറ്റ്നാമിനെ ആക്രമിക്കുന്ന സമയത്തും രാജ്യം പിന്നീട് ഏകീകരിക്കുന്ന സമയത്തും തോ വിയറ്റ്നാം സർക്കാരിന്റെ ഭാഗമായിരുന്നു. മാത്രമല്ല 25,000-ത്തിലധികം സാധാരണക്കാരെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും 75,000 വീടുകൾ നശിപ്പിക്കുകയും 670,000-ലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്ത വിയറ്റ് കോംഗ് ആക്രമണമായ ടെറ്റ് ആക്രമണസമയത്തും അദ്ദേഹം സർക്കാരിന്റെ ഭാഗമായിരുന്നു. ഇത് തോയ്ക്കെതിരെ വിവാദങ്ങൾ അഴിച്ചു വിട്ടു. അതുപോലെ തന്നെ കിസ്സിംഗറിനെതിരെയും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നു. കംബോഡിയയിലെ നോർത്ത് വിയറ്റ്നാമീസ് ആർമി ട്രൂപ്പിനുമെതിരായ രഹസ്യ ബോംബാക്രമണം, ചിലിയൻ ഭരണകൂടത്തിന് കീഴിലുള്ള ഫ്രഞ്ച് പൗരന്മാരുടെ മരണം, സൈപ്രസിലെ തുർക്കി അധിനിവേശത്തെ പിന്തുണച്ചത് എല്ലാം തന്നെ വലിയ വാർത്താപ്രാധാന്യം നേടി. അതുകൊണ്ടു തന്നെ ഇവർക്ക് നൽകിയ പുരസ്കാരത്തെ ”നോബൽ വാർ പ്രൈസ്” എന്നാണ് ന്യൂയോർക്ക് ടൈംസ് അന്ന് വിശേഷിപ്പിച്ചത്.
യുദ്ധവിരുദ്ധ സംഘടനകൾ പ്രതിഷേധം നടത്തുമെന്ന ആശങ്കയിൽ ഓസ്ലോയിൽ നടന്ന പുരസ്കാര ചടങ്ങിൽ കിസ്സിംഗർ പങ്കെടുത്തില്ല. മാത്രമല്ല ഇൻഡോ-ചൈനയിൽ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്ത യുഎസ് സൈനികർക്കുള്ള സ്കോളർഷിപ്പ് ഫണ്ടിലേക്ക് സമ്മാനത്തുക സംഭാവന ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സൈഗോൺ വടക്കൻ വിയറ്റ്നാമീസ് സേനയുടെ കീഴിലായതിനാൽ, 1975 ൽ മെഡൽ തിരികെ നൽകാമെന്ന് അദ്ദേഹം അറിയിച്ചെങ്കിലും നോബൽ കമ്മിറ്റി അത് അംഗീകരിച്ചില്ല.
2009 ലെ നോബൽ പുരസ്കാരം അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ബരാക്ക് ഒബാമയ്ക്ക് ആയിരുന്നു. അന്താരാഷ്ട്ര തലത്തിൽ അമേരിക്കയുടെ നയതന്ത്രം മെച്ചപ്പെടുത്തിയതിനും ജനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒബാമയുടെ മികച്ച ശ്രമങ്ങൾക്കായിരുന്നു പുരസ്കാരം. പക്ഷേ ആ പുരസ്കാരം വിവിധ കോണുകളിൽ നിന്ന് പ്രതിഷേധങ്ങൾ ക്ഷണിച്ചു വരുത്തി. പ്രസിഡന്റ് എന്ന നിലയിലെ ആദ്യ ടേമിൽ തന്നെ പുരസ്കാരം നൽകിയത് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ഒരാരോപണം. മാത്രമല്ല ഈ അവാർഡിന് അദ്ദേഹത്തിന് അർഹതയില്ലെന്നും വളരെ നേരത്തെ ആയിപ്പോയി അവാർഡ് നൽകിയതെന്ന രീതിയിലുമുള്ള പ്രതിഷേധങ്ങളും ഒബാമയ്ക്കെതിരെ ഉയർന്നിരുന്നു. മാത്രമല്ല ആ വർഷത്തെ സമാധാനത്തിനുള്ള നോബൽ പുരസ്കാരത്തിനുള്ള നോമിനേഷൻ സ്വീകരിക്കുന്ന അവസാന തീയതിയ്ക്ക് 12 ദിവസം മുമ്പാണ് ഒബാമ പ്രസിഡന്റായി ചുമതലയേറ്റതെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാണിച്ചു.
നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഗീർ ലണ്ടെസ്റ്റാഡ് അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പിൽ എഴുതിയത് ഒബാമയ്ക്ക് പുരസ്കാരം നൽകിയതിൽ ഖേദിക്കുന്നു എന്നാണ്. ഈ പുരസ്കാരം ഒബാമയെ ശക്തിപ്പെടുത്തുമെന്ന് കരുതി പക്ഷേ അതുണ്ടായില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല ബുഷ് ഭരണകൂടത്തോടുള്ള പ്രതീകാത്മകമായ തിരസ്കരണം എന്ന നിലയിലാണ് ഒബാമയ്ക്ക് പുരസ്കാരം നൽകിയതെന്ന് വാദിക്കുന്ന വിമർശകരും ഉണ്ട്.
ഇത് കൂടാതെ 1994ൽ ഫലസ്തീൻ പ്രസിഡന്റായിരുന്ന യാസർ അറാഫാത്ത്, ഇസ്രായേൽ മുൻ പ്രധാനമന്ത്രിമാർ ആയിരുന്ന ഷിമോൺ പെരെസ്, യിഷാക് റാബിൻ, 2002ൽ മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ, 2004ൽ കെനിയൻ സാമൂഹിക, പരിസ്ഥിതി, രാഷ്ട്രീയ പ്രവർത്തകയും സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ വനിതയുമായ വംഗാരി മതായ്, 2012 ൽ യൂറോപ്യൻ യൂണിയൻ, 2016ൽ കൊളംബിയൻ പ്രസിഡന്റായിരുന്ന ജുവാൻ മാനുവൽ സാന്റോസ് തുടങ്ങിയവർക്കൊക്കെ നൽകിയ പുരസ്കാരങ്ങൾ വിവാദങ്ങളിൽപ്പെട്ടിരുന്നു. അതേസമയം ആർക്കും സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കാത്ത ഒരു വർഷവും ഉണ്ടായിരുന്നു. 1939ൽ സ്വീഡിഷ് പാർലമെന്റിലെ ഫാസിസ്റ്റ് വിരുദ്ധ അംഗം എറിക് ഗോട്ട്ഫ്രിഡ് ക്രിസ്റ്റ്യൻ ബ്രാൻഡ് ജർമ്മൻ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറെ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്തു. പക്ഷേ ആ നോമിനേഷൻ പിന്നീട് റദ്ദാക്കപ്പെട്ടു. ആ വർഷം സമാധാനത്തിനുള്ള നോബൽ പുരസ്കാരം ആർക്കും നൽകിയില്ല.
സമാധാനത്തിനുള്ള നോബൽ പുരസ്കാരത്തെകുറിച്ച് പറയുമ്പോൾ മഹാത്മ ഗാന്ധിയുടെ പേര് കൂടി പരാമർശിക്കാതെ പോകാൻ കഴിയില്ല. അദ്ദേഹത്തിന് ഒരിക്കലും നോബൽ സമ്മാനം ലഭിച്ചിട്ടില്ലെങ്കിലും 1937നും 1948നും ഇടയിൽ അഞ്ച് പ്രാവശ്യമാണ് ഗാന്ധിജി നോമിനേഷനിൽ വന്നത്. സമാധാന പുരസ്കാരത്തിനുള്ള ഷോർട്ട്ലിസ്റ്റിലും ഗാന്ധിജി ഉൾപ്പെട്ടിരുന്നു. എന്നാൽ നോമിനേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതിക്ക് രണ്ട് ദിവസം മുമ്പ്, 1948 ജനുവരി 30ന് അദ്ദേഹം കൊല്ലപ്പെട്ടു. പുരസ്കാരം പ്രഖ്യാപിച്ചതിനു ശേഷം പുരസ്കാര ജേതാവ് മരിച്ചാൽ മാത്രമേ മരണാനന്തര ബഹുമതിയായി അത് നൽകാനാകൂ എന്നായിരുന്നു കമ്മിറ്റിയുടെ തീരുമാനം. അതോടെ ആ വർഷവും ആർക്കും പുരസ്കാരം നൽകിയില്ല. സമാധാന നോബൽ പുരസ്കാരത്തിന്റെ 106 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ചയാണ് മഹാത്മാഗാന്ധിക്ക് ഒരിക്കലും സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകിയില്ല എന്നത് എന്നാണ് ഇതേക്കുറിച്ച് നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഗീർ ലണ്ടെസ്റ്റാഡ് പിന്നീട് പ്രതികരിച്ചത്.