Jul 11, 2021, 04:29 PM IST
പോത്തന്‍കോട് (തിരുവനന്തപുരം): കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കോവിഡ് രോഗി മരിച്ചതറിയാതെ ആരോഗ്യസ്ഥിതി അറിയാനായി ഉദ്യോഗസ്ഥര്‍ വിളിച്ചത് മൂന്ന് തവണ. കോവിഡ് ചികിത്സയിലിരിക്കെ മരിച്ച പോത്തന്‍കോട് പണിമൂല അയനത്തില്‍ അനില്‍ കുമാറിന്റെ ആരോഗ്യ വിവരങ്ങളാണ് മൂന്ന് തവണ ആരോഗ്യവകുപ്പ് അധികൃതര്‍ വിളിച്ചന്വേഷിച്ചത്.
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചതെങ്കിലും ആരോഗ്യ വകുപ്പിന്റെ കോവിഡ് മരണ പട്ടികയില്‍ അനിലിന്റെ പേരില്ല. അനില്‍കുമാര്‍ കോവിഡ് മൂലമാണ് മരിച്ചതെന്ന് സ്ഥിരീകരിക്കുന്ന ഒരു രേഖയും ബന്ധക്കളുടെ കൈവശവുമില്ല. എന്നാല്‍ മരണ സമയത്ത് അനില്‍കുമാര്‍ കോവിഡ് പോസിറ്റീവായിരുന്നു.
അനില്‍കുമാറിന് കോവിഡ് വന്നത് ഏപ്രില്‍ 28നാണ്. കടുത്ത ചുമയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ അനിലിന്റെ രക്തത്തില്‍ ഓക്സിജന്‍ അളവ് കുറവാണെന്ന് കണ്ട് അഡ്മിറ്റ് ചെയ്തു. എന്നാല്‍ പിന്നീട് ആരോഗ്യസ്ഥിതി മോശമാവുകയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തെങ്കിലും മെയ് ആറിന് ചികിത്സയിലിരിക്കെ മരണപ്പെട്ടു.
മരണം കോവിഡ് മൂലമാണെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ കണക്കില്‍ ഈ മരണം ഉള്‍പ്പെട്ടിട്ടില്ല എന്നാണ് കുടുംബം പറയുന്നത്. മരിച്ചതിന് ശേഷവും അനില്‍കുമാറിന്റെ ആരോഗ്യ സ്ഥിതി അന്വേഷിച്ച് ആരോഗ്യ വകുപ്പില്‍ നിന്നും മൂന്ന് തവണ ഫോണ്‍ വന്നതായി അനില്‍കുമാറിന്റെ ഭാര്യ മായ പറയുന്നു. അതുകൊണ്ടുതന്നെ മരണപ്പെട്ടയാളുടെ വിവരം ആരോഗ്യ വകുപ്പിന്റെ കൈവശമില്ല എന്ന് വ്യക്തമാണ്.
അനില്‍കുമാറിന്റെ മരണത്തോടെ ആശ്രയം നഷ്ടമായ ഭാര്യയും ഏഴാം ക്ലാസില്‍ പഠിക്കുന്ന ഏകമകള്‍ അനാമികയുടെയും ജീവിതം ദുരിതത്തിലായി. കോവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ധനസഹായത്തിന് തീരുമാനിച്ചാലും അത് കിട്ടുമോയെന്ന ആശങ്കയിലാണ് അനില്‍കുമാറിന്റെ ഭാര്യ മായ.
© Copyright Mathrubhumi 2021. All rights reserved.