കുടല് ആരോഗ്യം ശരിയല്ലാത്തത് തന്നെയാണ് പലപ്പോഴും മലബന്ധത്തിനുള്ള പ്രധാന കാരണമാകുന്നത്. ഇതിന് പരിഹാരമായി ആയുര്‍വേദം വിവരിയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. ഇത്തരം ചില ആയുര്‍വേദ പരിഹാരങ്ങളെക്കുറിച്ചറിയൂ. ഇവ മലബന്ധം മാറ്റുക മാത്രമല്ല, നല്ല ആരോഗ്യത്തിന് ഉത്തമവുമാണ്.
ഇരട്ടിമധുരം
ഇരട്ടിമധുരം ഏറെ ഗുണങ്ങളുള്ള ഒരു ആയുര്‍വേദ ചേരുവയാണ്. ലിക്കോറൈസ് എന്ന ഇതിന് വീക്കം തടയാനും ദഹനം മെച്ചപ്പെടുത്താനുമുള്ള ശേഷിയുണ്ട്. ഇത് പൊടിച്ച് ഉപയോഗിയ്ക്കാം.
ഒരു ടീസ്പൂണ്‍ ഇരട്ടിമധുരം പൊടിച്ചത് ഒരു ടീസ്പൂണ്‍ ശര്‍ക്കരയും ചേര്‍ത്ത് ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് കുടിയ്ക്കാം. ഇത് നല്ല ശോധന നല്കുന്നു. വയറിന്റെ ആരോഗ്യത്തിന് ഉത്തമവുമാണ് ഈ പ്രത്യേക കൂട്ട്.
പെരുഞ്ചീരകം
പെരുഞ്ചീരകം മലബബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. വറുത്തു പൊടിച്ച ഒരു ടീസ്പൂണ്‍ പെരുഞ്ചീരകപ്പൊടി ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിയ്ക്കാം. ഇത് ഗ്യാസ്ട്രിക് എന്‍സൈമുകളുടെ ഉല്പാദനത്തിന് സഹായിക്കുന്നു.
ഇതിലൂടെ ദഹനം മെച്ചപ്പെടുത്തുന്നു. കുടല് ആരോഗ്യത്തിന് ഇതേറെ നല്ലതാണ്. ഏതെങ്കിലും പ്രത്യേക ഭക്ഷണം കഴിയ്ക്കുമ്പോള്‍ മലബന്ധവും ഗ്യാസ് പ്രശ്നങ്ങളുമുള്ളവരുണ്ട്. ഇവര്‍ ആ ഭക്ഷണത്തില്‍ അല്പം പെരുഞ്ചീരകം ചേര്‍ക്കുന്നത് നല്ലതാണ്.
ത്രിഫല
ത്രിഫല ഇത്തരത്തില്‍ ഒന്നാണ്. പല ആയുര്‍വേദ ഔഷധങ്ങളിലേയും പ്രധാന ചേരുവയാണ് ത്രിഫല. ഇത് മലബന്ധത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണ്. ഇതിലെ ഗ്ലൈക്കോസൈഡിന് ലാക്സേറ്റീവ് ഗുണമുണ്ട്.
ത്രിഫല ടീ തയ്യാറാക്കി കുടിയ്ക്കാം. അത് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിയ്ക്കാം. നാലില്‍ ഒരു ടീസ്പൂണ്‍ ത്രിഫല, നാലില്‍ ഒരു ടീസ്പൂണ്‍ എലയ്ക്ക, അര ടീസ്പൂണ്‍ മല്ലി എന്നിവ ഒരുമിച്ച് പൊടിച്ച് ഇത് ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് കുടിയ്ക്കുന്നത് മലബന്ധത്തിനുള്ള നല്ലൊരു പരിഹാരവഴിയാണ്.