രാജ്യത്ത് സ്ത്രീ സംഘടനകളുടെ വളരെ കാലമായുള്ള ആവശ്യമാണ് തുല്യ ജോലിക്ക് തുല്യം വേതനം എന്നത്. മികച്ച വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ഉണ്ടായിട്ടും തൊഴിൽകമ്പോളത്തിൽ കടുത്ത വിവേചനമാണ് കാലങ്ങളായി സ്ത്രീകൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഗ്രാമ നഗര വ്യത്യാസമില്ലാതെ ഇന്നും തുല്യ ജോലിക്ക് കുറഞ്ഞ വേതനമാണ് സത്രീകൾക്ക് ലഭിക്കുന്നതെന്നാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ‘വിമൻ ആൻഡ് മെൻ ഇൻ’ (women and men in 2022) എന്ന റിപ്പോർട്ടിലാണ് ജോലിസ്ഥലത്ത് സ്ത്രീകൾക്ക് പുരുഷൻമാരെ അപേക്ഷിച്ച് കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്ന് ചൂട്ടിക്കാട്ടുന്നത്. പക്ഷേ ആശാവഹമായ കാര്യം എന്തെന്നാൽ ഗ്രാമങ്ങളിൽ ഈയൊരു വിവേചനം അതായത് കൂലിയിലെ അസമത്വം വലുതായിക്കൊണ്ടിരിക്കുമ്പോഴും നഗരങ്ങളിലേക്ക് വരുമ്പോൾ തുല്യ ജോലിക്ക് തുല്യ വേതനമെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മെച്ചപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.
2022 എപ്രിൽ -ജൂൺ മാസത്തിൽ നടത്തിയ പുതിയ സർവ്വേ പ്രകാരം രാജ്യത്തെ ഗ്രാമീണ മേഖലയിൽ പുരുഷൻമാരുടെ ശമ്പളവുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകൾക്ക് ലഭിക്കുന്ന ശമ്പളം 50 ശതമാനം മുതൽ 93.7 ശതമാനം വരെയാണ്. അതായത് ഒരു ജോലിക്ക് 100 രൂപ പുരുഷന് ലഭിക്കുമ്പോൾ അതേ ജോലിക്ക് സ്ത്രീകൾക്ക് 50 രൂപ മുതൽ 93.7 രൂപ വരെ കിട്ടുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. അതേസമയം നഗര പ്രദേശങ്ങളിലേക്ക് എത്തുമ്പോൾ ഇത് 50 ശതമാനം മുതൽ 100.8 ശതമാനം വരെ ആകുന്നുണ്ട്. അതായത് പുരുഷൻ 100 രൂപ ശമ്പളം വാങ്ങുമ്പോൾ 100.8 രൂപ വരെ സ്ത്രീകൾക്ക് ലഭിക്കുന്നുണ്ട്. വേതനത്തിലെ ഈ താരതമ്യം കാണിക്കുന്നത് മിക്ക സംസ്ഥാനങ്ങളിലെയും ഗ്രാമീണമേഖലയിൽ കൂലിയിൽ അസമത്വം കൂടുതലാണെന്നാണ്. പക്ഷേ കഴിഞ്ഞ കുറെ വർഷങ്ങളായി നഗരങ്ങളിൽ ഈ അസമത്വം കുറഞ്ഞു വരുന്നതായും സർവ്വെ കണ്ടെത്തിയിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പുരോഗതിയിൽ മുന്നിൽ നിൽക്കുന്ന കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഈ അസമത്വം കൂടുതലെന്നതാണ് വിരോധാഭാസം. പുരുഷൻമാർക്ക് കൂടുതൽ കൂലി കിട്ടുന്ന സംസ്ഥാനം കേരളമാണ്. അതേസമയം വേതനത്തിലെ തുല്യതയില്ലായ്മ കൂടുതൽ പ്രകടമാകുന്നതും ഇവിടെയാണ്. ഗ്രാമീണ മേഖലയിൽ തൊഴിലെടുക്കുന്ന ഒരു പുരുഷന് കേരളത്തിൽ കിട്ടുന്ന കൂലി 842 രൂപയാണ്. അതേസമയം അതേ ജോലിക്ക് ഒരു സ്ത്രീക്ക് ലഭിക്കുന്നത് വെറും 434 രൂപയാണ്. വ്യക്തമായി പറഞ്ഞാൽ പുരുഷന് ലഭിക്കുന്ന കൂലിയുടെ പകുതി മാത്രമേ സ്ത്രീ തൊഴിലാളിക്ക് ലഭിക്കുന്നുള്ളൂ. ഗ്രാമ, നഗര പ്രദേശങ്ങളിൽ അവസ്ഥ സമാനമാണ്.
തമിഴ്നാട്ടിലേക്ക് വരുമ്പോഴും കൂലിയിൽ ഈ വലിയ വ്യത്യാസം പ്രകടമാകുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിൽ പുരുഷന് 556 രൂപ ലഭിക്കുമ്പോൾ സ്ത്രീകൾക്ക് ലഭിക്കുന്നത് 297 രൂപ മാത്രമാണ്. നഗരങ്ങളിലും കൂലിയിൽ ഈ അസമത്വം പ്രകടമാണ്. ആന്ധ്രയിലേക്ക് വരുമ്പോൾ ഗ്രാമ പ്രദേശങ്ങളിൽ പുരുഷന് ലഭിക്കുന്ന കൂലിയുടെ പകുതി മാത്രമേ സ്ത്രീക്ക് ലഭിക്കുന്നുള്ളൂ എങ്കിലും നഗരങ്ങളിൽ സ്ത്രീകൾ ഏകദേശം പുരുഷൻ വാങ്ങുന്ന കൂലിയുടെ അടുത്ത് എങ്കിലും എത്തുന്നുണ്ട്. അതായത് 558 രൂപ കൂലിയായി പുരുഷന് ലഭിക്കുമ്പോൾ 405 രൂപ സ്ത്രീകൾക്ക് ലഭിക്കുന്നുണ്ട്. അതേസമയം മൊത്തത്തിലുള്ള കണക്ക് പരിശോധിക്കുമ്പോൾ ഈ മൂന്ന് സംസ്ഥാനങ്ങളിലും പുരുഷന് വാങ്ങുന്ന കൂലിയുടെ 60 ശതമാനത്തിലും താഴെയാണ് സ്ത്രീകൾക്ക് ലഭിക്കുന്ന കൂലി.
ഉത്തർപ്രദേശ്, ആസ്സാം, വെസ്റ്റ് ബംഗാൾ, മഹാരാഷ്ട്ര, കർണാടക, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലയിൽ 70 ശതമാനത്തിലും താഴെയാണ് സ്ത്രീകൾക്ക് ലഭിക്കുന്ന കൂലി. അതേസമയം ഹരിയാന, പഞ്ചാബ്, ഹിമാചൽപ്രദേശ്, രാജസ്ഥാൻ എന്നിവയാണ് നിലവിൽ വേതനത്തിലെ അസമത്വം കുറച്ചു കാണിക്കുന്ന സംസ്ഥാനങ്ങൾ. പുരുഷൻ ഒരു ദിവസം 400 രൂപ ശമ്പളം വാങ്ങുമ്പോൾ സ്ത്രീ തൊഴിലാളികൾ ഏകദേശം അതിനടുത്തായുള്ള കൂലി വാങ്ങുന്നുണ്ട്. അതായത് പുരുഷന്റെ കൂലിയുമായി താരതമ്യം ചെയ്താൽ 85 ശതമാനം കൂലി അവർക്ക് ലഭിക്കുന്നുണ്ട്. ഗുജറാത്ത്, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും സ്ത്രീ തൊഴിലാളികൾക്ക് പുരുഷന് ലഭിക്കുന്ന വേതനത്തിന്റെ അത്ര തന്നെ കൂലി ലഭിക്കുന്നുണ്ട്. അതായത് കൂലിയിലെ അസമത്വം കുറവുള്ള സംസ്ഥാനങ്ങളാണ് ഇവയെല്ലാം. പക്ഷേ ഈ സംസ്ഥാനങ്ങളിലെല്ലാം തന്നെ പൂരുഷന് ലഭിക്കുന്ന കൂലി താരതമ്യേന വളരെ കുറവാണെന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടാണ് ഇവിടങ്ങളിൽ സ്ത്രീകൾക്ക് മാന്യമായ കൂലി ലഭിക്കുന്നതും അസമത്വം കുറവ് കാണിക്കുന്നതും.
പല സംസ്ഥാനങ്ങളിലെ നഗര പ്രദേശങ്ങളിലും ഈയൊരു സംഗതി കാണുന്നുണ്ട്. അതായത് പുരുഷൻമാർ ഉയർന്ന കൂലി വാങ്ങുന്നയിടത്ത് കൂലിയിലെ അസമത്വം കൂടുന്നു, അതേസമയം പുരുഷൻമാർക്ക് കൂലി കുറവുള്ള ഇടങ്ങളിൽ ഈ അസമത്വം ചുരുങ്ങിവരുന്നു. നഗരങ്ങളുടെ കാര്യം എടുത്താലും കേരളം തന്നെയാണ് വേതനത്തിലെ അസമത്വം ഏറ്റവും കൂടുതലുള്ള സംസ്ഥാനം. പുരുഷൻമാരുടെ കൂലി കൂടുതൽ തന്നെയാണ് ഇവിടെയും കാരണം. കേരളം പോലെ തന്നെ തമിഴ്നാടും കർണാടകയും സമാന രീതിയിലാണ് ഉള്ളത്. അതേസമയം ഗ്രാമങ്ങളിലെ പോലെ തന്നെ ഹരിയാന, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നഗരങ്ങളിലും കൂലിയിലെ അസമത്വം കുറവാണ്. നേരത്തെ പറഞ്ഞപോലെ പുരുഷൻമാരുടെ കൂലിക്കുറവ് തന്നെയാണ് ഈ സ്ഥിതി വിശേഷത്തിന് കാരണം. 2011-12 കാലത്തെ റിപ്പോർട്ടുമായി താരതമ്യം ചെയ്യുമ്പോൾ 11 സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ കൂലിയിലെ അസമത്വം വളരെ വർധിച്ചതായി കാണാം.