വയറ്റില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് പോകാന്‍ ബുദ്ധിമുട്ടുമാണ്. മാത്രമല്ല, വയറ്റില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പാണ് ഏറെ അനാരോഗ്യകരമായത്.
ചാടുന്ന വയറും തടിയും
ചാടുന്ന വയറും തടിയും പലപ്പോഴും നാം വരുത്തുന്ന തെറ്റുകള്‍ കൊണ്ട് തന്നെയാകും. ഭക്ഷണക്കൂടതലും വ്യായാമക്കുറവുമാണ് പ്രധാന പ്രശ്നങ്ങള്‍. പാരമ്പര്യം, രോഗം, സ്ട്രെസ് തുടങ്ങിയ മറ്റ് പല കാരണങ്ങളുണ്ടെങ്കില്‍ പോലും.
നാം വരുത്തുന്ന തെറ്റുകള്‍ പരിഹരിച്ചാല്‍ തന്നെ മേല്‍പ്പറഞ്ഞ രണ്ട് പ്രശ്നങ്ങള്‍ക്കും ഒരു പരിധി വരെ പരിഹാരമുണ്ടാക്കാം. ശരീരഭാരം കുറയ്ക്കാം, വയര്‍ കുറയ്ക്കാം. ആരോഗ്യവും ഒപ്പം സൗന്ദര്യവും നേടുകയും ചെയ്യാം.
പ്രാതല്‍
തടിയും വയറും കുറയാന്‍ നാം ശ്രദ്ധിയ്ക്കേണ്ട രണ്ട് പ്രധാന കാര്യങ്ങളുണ്ട്. ഇത് ഭക്ഷണക്കാര്യം തന്നെയാണ്. പ്രത്യേകിച്ചും പ്രാതലും അത്താഴവും. ഇതില്‍ വരുത്തുന്ന തെറ്റുകളാകും പലപ്പോഴും ചാടുന്ന വയറിനും കൂടുന്ന തടിയ്ക്കും പുറകിലെ പ്രധാന കാരണങ്ങള്‍.
പ്രാതല്‍ ഏറെ നേരത്തെ ഇടവേളയ്ക്ക് ശേഷം ശരീരത്തിന് ലഭിയ്ക്കുന്ന പ്രധാന ഭക്ഷണ വസ്തുവാണ്. ഇതിനാല്‍ തന്നെ ഇത് ഉപേക്ഷിയ്ക്കരുത്. പ്രാതല്‍ കഴിയ്ക്കാത്തത് തടി വര്‍ദ്ധിപ്പിയ്ക്കാനുള്ള പ്രധാന കാരണമാണ്.
എന്നാല്‍ പലരും നേരക്കുറവ് കൊണ്ടും മറ്റും രാവിലെയുള്ള ഭക്ഷണം തീരെ കുറയ്ക്കുന്നവരോ കഴിയ്ക്കാത്തവരോ ആണ്.
ബ്രേക്ഫാസ്റ്റ്
രാവിലെയുള്ള ഭക്ഷണം നാം കഴിയ്ക്കാതെയാകുമ്പോള് ശരീരം കൊഴുപ്പ് അന്നത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭരിച്ച് വയ്ക്കുന്നു. മാത്രമല്ല, ബ്രേക്ഫാസ്റ്റ് ഒഴിവാക്കുമ്പോള്‍ വിശപ്പ് കൂടുതലായി അനാരോഗ്യകരമായ കൊറിയ്ക്കാനും പിന്നീടുള്ള ഭക്ഷണം അമിതമായി കഴിയ്ക്കാനും ഇടയാകുന്നു. പ്രാതല്‍ കഴിച്ചാല്‍ മാത്രം പോരാ, ആരോഗ്യകരമായത് കഴിയ്ക്കുക.
പ്രത്യേകിച്ചും പ്രോട്ടീന്‍ ഉള്‍പ്പെട്ടവ കഴിയ്ക്കുന്നത് തടിയും വയറുമെല്ലാം കുറയ്ക്കാന്‍ പ്രധാനമാണ്. കാര്‍ബോഹൈഡ്രേറ്റുകളും മധുരവുമെല്ലാം നിയന്ത്രിച്ച് പ്രോട്ടീന്‍ അടക്കമുള്ളവ അടങ്ങിയ ആരോഗ്യകരമായ പ്രാതല്‍ ശീലമാക്കുക. മുട്ട, ചെറുപയര്‍, കടല എന്നിവയെല്ലാം പ്രാതലില്‍ ഉള്‍പ്പെടുത്താം.
ഡിന്നര്‍
ഡിന്നര്‍ ഇതുപോലെ ശ്രദ്ധിച്ചില്ലെങ്കില്‍ തടി കൂട്ടുന്ന മറ്റൊന്നാണ്. കഴിയ്ക്കുന്ന സമയം പ്രധാനം. ഏറ്റവും വൈകിപ്പോയാല്‍ എട്ടു മണിയോടെ അത്താഴം പൂര്‍ത്തിയാക്കുക. ഉറങ്ങാന്‍ കിടക്കുന്നതിന് 2 മണിക്കൂര്‍ മുന്‍പെങ്കിലും ഡിന്നര്‍ കഴിയ്ക്കണം എന്നു പറയാം. ഇത് ഭക്ഷണം പൂര്‍ണമായി ദഹിയ്ക്കാന്‍ സഹായിക്കും. ഇല്ലെങ്കില്‍ ഉറക്കവും ശരിയാകില്ല, ദഹനവും പൂര്‍ത്തിയാകില്ല. ഇത് രണ്ടും തടിയും വയറും കൂട്ടും.
ഇതു പോലെ അരവയര്‍ അത്താഴം എന്നത് പ്രാവര്‍ത്തികമാക്കുക. കൊഴുപ്പും അമിത ഭക്ഷണവും കാര്‍ബോഹൈഡ്രേറ്റുകളുമെല്ലാം തന്നെ അത്താഴത്തില്‍ നിന്ന് ഒഴിവാക്കുക. ഇതും തടിയും വയറും കുറയ്ക്കാന്‍ നല്ലതാണ്. സൂപ്പ്, സാലഡ് എന്നിവയെല്ലാം അത്താഴത്തിന്റെ ഭാഗമാക്കുന്നത് ഏറെ ഗുണം ചെയ്യും.