വ്രതാരംഭം സ്ഥിരീകരിക്കുന്നത് എങ്ങനെ?
പരമ്പരാഗതമായി റമദാനിലെ ആദ്യ ദിവസം തീരുമാനിക്കുന്നത് ചന്ദ്രക്കലയെ നഗ്നനേത്രങ്ങളാല്‍ കാണുന്നതിലൂടെയാണ്. ഇസ്ലാമിക കലണ്ടറിലെ ഒമ്പതാം മാസമാണ് റമദാന്. സൗദി അറേബ്യയിലെ മക്കയില്‍ ചന്ദ്രദര്‍ശന സമിതി ആദ്യ ഔദ്യോഗിക പ്രഖ്യാപനം നടത്തും. അതിന്റെ അടിസ്ഥാനത്തിലാണ് യുഎഇയില്‍ വ്രതാരംഭം തീരുമാനിക്കപ്പെടുന്നത്. ഇസ്ലാമിലെ ഏറ്റവും പവിത്രമായ നഗരമായി മക്ക കണക്കാക്കപ്പെടുന്നു. മുഹമ്മദ് നബിയുടെ ജന്മസ്ഥലവും, മുഹമ്മദ് നബിക്ക് ഖുര്‍ആന്‍ അവതരിച്ച സ്ഥലവും കൂടിയാണ് മക്ക. ഇതുകൊണ്ടാണ് യുഎഇ ഉള്‍പ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങള്‍ തങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്കായി സൗദി അറേബ്യയുടെ ആഹ്വാനം പിന്തുടരുന്നത്. റമദാന് ഒരു സമ്പൂര്‍ണ്ണ ചന്ദ്രചക്രം നീണ്ടുനില്‍ക്കും. ഇത് സാധാരണയായി 29 അല്ലെങ്കില്‍ 30 ദിവസമാണ്. ചന്ദ്രന്റെ കാഴ്ചയാണ് ദൈര്‍ഘ്യം നിര്‍ണ്ണയിക്കുന്നത്.
റമദാന് വ്രതാരംഭം മാര്‍ച്ച് 23ന്?
ജ്യോതിശാസ്ത്ര പഠനം വലിയ രീതിയില്‍ പുരോഗമിച്ച ഇന്നത്തെ കാലത്ത് ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കി മാസങ്ങളുടെ തീയതികളും ദൈര്‍ഘ്യവും പ്രവചിക്കാന്‍ കഴിയും. അറബ് യൂണിയന് ഫോര്‍ അസ്ട്രോണമി ആന്‍ഡ് സ്പേസ് സയന്‍സസിലെ അംഗവും എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഇബ്രാഹിം അല്‍ ജര്‍വാന്റെ അഭിപ്രായത്തില്‍ ഈ വര്‍ഷം റമദാന് വ്രതാരംഭം മാര്‍ച്ച് 23 നായിരിക്കും. റമദാന് 29 ദിവസം നീണ്ടുനില്‍ക്കുമെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. പ്രവചനങ്ങള്‍ യുഎഇ അധികാരികള്‍ സ്ഥിരീകരിക്കുകയും മാര്‍ച്ച് 23 ന് റമദാന് ആരംഭിക്കുകയും ചെയ്താല്‍, ആദ്യ ദിവസം പുലര്‍ച്ചെ 4.52 മുതല്‍ വൈകുന്നേരം 6.35 വരെ 13 മണിക്കൂറും 43 മിനിറ്റും നോമ്പെടുക്കും. വേനല്‍ക്കാലം പുരോഗമിക്കുകയും ദിവസങ്ങള്‍ നീണ്ടുനില്‍ക്കുകയും ചെയ്യുന്നതിനാല്‍, ദിവസം കഴിയുന്തോറും വ്രതത്തിന്റെ സമയ ദൈര്‍ഘ്യം വര്‍ദ്ധിക്കും. റമദാന് അവസാനത്തോടെ 14 മണിക്കൂറും 26 മിനിറ്റുമായി മാറും. ഇത് ദുബായിലെ പ്രാര്‍ത്ഥന സമയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്കുകള്‍. മറ്റ് എമിറേറ്റുകളില്‍ സൂര്യോദയ, സൂര്യാസ്തമയ സമയങ്ങളിലും ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാം.
വ്രതത്തിന്റെ ആരംഭവും അവസാനവും
എല്ലാ ദിവസവും രാവിലെ സൂര്യോദയത്തിന് മുമ്പ്, നോമ്പെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ രാവിലത്തെ സുബഹി പ്രാര്‍ഥനയ്ക്കു മുമ്പ് ‘സുഹൂര്‍’ അഥവാ അത്താഴം കഴിക്കും. അങ്ങനെയാണ് നോമ്പ് തുടങ്ങുന്നത്. അതിനുശേഷം, സുബഹി നമസ്കാരത്തോടെ ആരംഭിക്കുകയും ദിവസം മുഴുവന്‍ ഉപവാസം തുടരുകയും ചെയ്യും. സൂര്യാസ്തമയ സമയത്ത് സന്ധ്യാ പ്രാര്‍ത്ഥനയ്ക്കുള്ള ബാങ്ക് വിളി മുഴങ്ങുന്നതോടെയാണ് നോമ്പ് തുറയുടെ അഥവാ ഇഫ്ത്താറിന്റെ സമയം. പരമ്പരാഗതമായി ഈത്തപ്പഴവും വെള്ളവും കഴിച്ചാണ് നോമ്പ് അവസാനിപ്പിക്കുക. ലഘു ഭക്ഷണത്തിന് ശേഷം സന്ധ്യാ പ്രാര്‍ഥന കൂടി കഴിഞ്ഞാണ് പ്രധാന ഭക്ഷണം കഴിക്കുക.
റമദാനില്‍ പരസ്പരം അഭിവാദ്യം ചെയ്യുമ്പോള്‍
‘റമദാന് കരീം’ എന്ന് പറഞ്ഞാണ് ഈ വിശുദ്ധ മാസ്ത്തില് ആളുകളെ അഭിവാദ്യം ചെയ്യുക. ഇതിനര്ഥനം സന്തുഷ്ടമായ റമദാന് ആശംസിക്കുന്നു എന്നാണ്. #RamadanKareem എന്ന ഹാഷ്ടാഗ് ഉപയോഗിച്ചും റമദാന് ആശംസകള്‍ ഓണ്‍ലൈനായി പങ്കുവയ്ക്കാം. ഗുഡ് മോണിംഗ് എന്ന് അര്‍ഥം വരുന്ന സബാഹുല്‍ ഖൈര്‍ പോലെ മറ്റ് സമയങ്ങളില്‍ പറയുന്ന ഉപചാര വാക്കുകകള്‍ പൊതുവെ റമദാനില്‍ പറയാറില്ല.
റമദാനിലെ ഉപവാസവും പ്രാര്‍ത്ഥനയും
പ്രായപൂര്‍ത്തിയായ മുസ്ലിംകള് റമദാനിലുടനീളം എല്ലാ ദിവസവും പ്രഭാതം മുതല്‍ പ്രദോഷം വരെ ഉപവസിക്കേണ്ടതുണ്ട് എന്നാണ് വ്യവസ്ഥ. രോഗികള്‍, പ്രായമായവര്‍, പ്രമേഹമുള്ളവര്‍, ഗര്‍ഭിണികള്‍, ആര്‍ത്തവമുള്ളവര്‍, മുലയൂട്ടുന്നവര്‍ എന്നിവര്‍ നോമ്പ് അനുഷ്ഠിക്കേണ്ടതില്ല. റമദാനില്‍ ദൂരയാത്ര ചെയ്യുന്നവരോ വ്രതമെടുത്താല്‍ എന്തെങ്കിലും അസ്വസ്ഥത അനുഭവിക്കുന്നവരോ പിന്നീടുള്ള ഘട്ടത്തില്‍ വ്യത്യസ്ത ദിവസങ്ങളില്‍ നോമ്പെടുത്താല്‍ മതിയാവും. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ നോമ്പെടുക്കേണ്ടതില്ലെങ്കിലും ഇക്കാലത്ത് കുട്ടികളില്‍ പലരും നോമ്പെടുക്കുന്നവരാണ്, ഭക്ഷണം, മദ്യപാനം, പുകവലി എന്നിവയില്‍ നിന്ന് വിട്ടുനില്ക്കുന്നതിനു പുറമേ, മുസ്ലീങ്ങള്‍ ലൈംഗിക ബന്ധത്തില്‍ നിന്നും പാപപൂര്‍ണമായ സംസാരത്തില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നു.
തറാവീഹ് നമസ്കാരം
മാസത്തില്‍, നോമ്പെടുക്കുന്ന മുസ്ലിംകള് ‘തറാവീഹ്’ പ്രാര്‍ത്ഥനയ്ക്കായി യുഎഇയിലെ പള്ളികളിലേക്ക് പോകും. റമദാനിലെ പ്രത്യേകതകളില്‍ ഒന്നാണ് ഈ നിശാ പ്രാര്‍ഥന. രാത്രിയിലെ ഇശാ നമസ്ക്കാരം കഴിഞ്ഞാണ് ഈ പ്രാര്‍ഥന കൂട്ടമായി നിര്‍വഹിക്കാറ്. ഈണത്തിലുള്ള ഖുര്‍ആന്‍ പാരായണമാണ് ഈ പ്രാര്‍ഥനയുടെ സവിശേഷത. ഇതിനായി പതിവ് ഇമാമുമാരില്‍ നിന്ന് വ്യത്യസ്തമായി ഖുര്‍ആന്‍ ഭംഗിയായി ഓതാന്‍ കഴിവുള്ളവരും ഖുര്‍ആന്‍ മനപ്പാഠമാക്കിയ ഹാഫിസുകളെയുമാണ് ഈ പ്രാര്‍ഥനയ്ക്കായി നിയോഗിക്കാറ്. റമദാന് അവസാനിക്കുന്നതോടെ തരാഴീഹ് പ്രാര്‍ഥനകളിലൂടെ ഖുര്‍ആന്‍ ഒരാവര്‍ത്തി പൂര്‍ണമായും പാരായണം ചെയ്യുന്ന രീതി യുഎഇയില്‍ മിക്ക പള്ളികളിലും ഉണ്ടാവാറുണ്ട്. തറാവീഹ് എന്ന അറബി പദത്തിന്റെ അര്‍ഥം വിശ്രമിക്കുക എന്നാണ്. വളരെ സാവധാനത്തില്‍, കൂടുതല്‍ സമയം എടുത്ത് നടത്തുന്ന പ്രാര്‍ഥന എന്ന നിലയ്ക്കാണ് ഈ നമസ്ക്കാരത്തിന് തറാവീഹ് എന്ന പേര് വന്നതെന്നാണ് കരുതപ്പെടുന്നത്. തറാവീഹ് പ്രാര്‍ഥനയ്ക്കു ശേഷം അര്‍ധ രാത്രി പിന്നിട്ടാല്‍ ഖിയാം ലൈല് എന്ന പേരില്‍ പ്രത്യേക പ്രാര്‍ഥനയും യുഎഇയിലെ മിക്കവാറും പള്ളികളില്‍ നടക്കാറുണ്ട്.
ജോലി സമയത്തില്‍ രണ്ട് മണിക്കൂര്‍ ഇളവ്
റമദാനില്‍ യുഎഇയിലുടനീളമുള്ള എല്ലാ ജീവനക്കാര്‍ക്കും, അവര്‍ നോമ്പെടുക്കുകയോ ഇല്ലയോ എന്നത് പരിഗണിക്കാതെ, ജോലി സമയത്തില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് മണിക്കാറാണ് ജോലി സമയത്തില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പളത്തില്‍ മാറ്റമില്ലാതെയാണിത്. റമദാനിലെ എല്ലാ വെള്ളിയാഴ്ചകളിലും ഈ വര്‍ഷം പൊതുമേഖലാ ജീവനക്കാര്‍ക്ക് 70 ശതമാനം സമയവും വിദൂരമായി ജോലി ചെയ്യാനും അനുമതിയുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ ആറ് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കുന്നുണ്ടെങ്കില്‍ അതിന് ഓവര്‍ ടൈം അലവന്‍സ് നല്‍കിയിരിക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. സ്കൂളുകള്‍ റമദാനില്‍ പ്രവര്‍ത്തിക്കുമെങ്കില്‍ പ്രവൃത്തി സമയങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂള്‍ ദിനം എപ്പോള്‍ തുടങ്ങണമെന്നും അവസാനിപ്പിക്കണമെന്നും തീരുമാനിക്കാനുള്ള സൗകര്യം ദുബായിലെ സ്വകാര്യ സ്കൂളുകള്‍ക്കുണ്ട്. ഇത്തവണ, വാര്‍ഷിക അവധിയുടെ ഭാഗമായി മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 9 വരെ അവധിയായതിനാല്‍ റമദാനില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ രണ്ടാഴ്ചത്തേക്ക് വീടുകളിലായിരിക്കും. പൊതു കോളേജുകളിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് റമദാനിലെ എല്ലാ വെള്ളിയാഴ്ചകളിലും ഓണ്‍ലൈന്‍ പഠനത്തിനും അനുമതി നല്‍കിയിട്ടുണ്ട്.
റമദാന് കാലത്തെ യുഎഇയിലെ ചില പെരുമാറ്റ മര്യാദകള്‍
റമദാനില്‍ എല്ലാവരും നോമ്പെടുക്കാറില്ലെങ്കിലും ഉപവാസം അനുഷ്ഠിക്കുന്നവരോടുള്ള ബഹുമാനാര്‍ത്ഥം അത്യാവശ്യ മര്യാദകള്‍ പാലിക്കേണ്ടത് പ്രധാനമാണ്. ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങള്‍ ചുവടെ.
– പൊതുസ്ഥലങ്ങളില്‍ ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ പുകവലിക്കുകയോ ചെയ്യരുത്. ഭക്ഷണം കഴിക്കുമ്പോള്‍, നിങ്ങളുടെ സഹപ്രവര്‍ത്തകരോ വഴിയാത്രക്കാരോ ഉപവസിക്കുന്നുണ്ടാകാം എന്ന വസ്തുത ശ്രദ്ധിക്കുക.
– വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ധരിക്കരുത്, പൊതുസ്ഥലങ്ങളില്‍ വച്ചുള്ള സ്നേഹ പ്രകടനങ്ങള്‍ ഒഴിവാക്കുക.
– ഉച്ചത്തില്‍ സംഗീതം പ്ലേ ചെയ്യുകയോ വിലയ ബഹളങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യരുത്.
– തെരുവില്‍ ഭിക്ഷാടനം നടത്തുന്നവര്‍ക്ക് പണം നല്‍കരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.
– നോമ്പെടുക്കുന്നവര്‍ക്ക് കൃത്യസമയത്ത് വീട്ടിലെത്താന്‍ കഴിയുന്ന രീതിയിലു അവര്‍ക്ക് പ്രയാസമില്ലാതെയും ബിസിനസ്, വര്‍ക്ക് മീറ്റിംഗുകള്‍ ക്രമീകരിക്കണം.
– ഇഫ്താര്‍ സമയത്തിന് ഒരു മണിക്കൂര്‍ മുമ്പുള്ള ട്രാഫിക് പരമാവധി ഒഴിവാക്കുക.
– സുരക്ഷിതമായി വാഹനമോടിക്കുക, ട്രാഫിക് നിയമങ്ങള്‍ പാലിക്കുക.
– ഇഫ്താറിനോ സുഹൂറിനോ വേണ്ടി കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം രാജ്യത്തുടനീളമുള്ള റമദാന് ടെന്റുകളും മജ്ലിസുകളും ആസ്വദിക്കാം.
– റമദാനിന്റെ ചൈതന്യത്തോടെ ജീവകാരുണ്യവും സൗഹൃദവും പുലര്‍ത്തുക. റമദാന് കെയര്‍ പാക്കേജുകളിലേക്ക് സംഭാവന ചെയ്യുക. സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി റമദാന് സമ്മാനങ്ങള്‍ പങ്കിടുക, ജീവകാരുണ്യത്തിന്റെയും പ്രാധാന്യം നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക. സംഭാവനകള്‍ നല്കുമ്പോള് അംഗീകൃത മാര്‍ഗത്തിലൂടെ മാത്രമേ അത് ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കുക.