ഒരു വിപ്ലവകാരി ജലത്തിൽ മീനെന്ന പോലെ ജനങ്ങൾക്കിടയിൽ ജീവിക്കണം -മാവോ സേതുങ്
കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് ചരിത്രങ്ങളെ എകെജിയോളം ത്രസിപ്പിച്ച നേതാക്കന്മാർ കുറവായിരുന്നു. ജനകീയത എന്ന വാക്കിന് എകെജി എന്ന മൂന്നക്ഷരത്തിൽ ചുരുക്കി ചേർക്കാൻ ആ മഹാവിപ്ലവകാരിക്ക് സാധിച്ചു. വ്യക്തിപരതയുടെ അനന്തസാധ്യതകളെ തീക്ഷ്ണസമരങ്ങളുടെ പരമ്പരയിലേക്ക്, ഒന്നൊടുങ്ങുമ്പോൾ മറ്റൊന്നിലേക്ക് എകെജിയെ നിരന്തരം സഞ്ചരിപ്പിച്ചു. എകെജി ജനതയുമായുള്ള തന്റെ ബന്ധത്തെ രാഷ്ട്രീയ പ്രത്യയശാസ്ത്രമായി ജീവിതത്തിലുടനീളം കണ്ടുപോന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ അതിന്റെ പൂർണ്ണ സംഘാടകൻ എന്ന സവിശേഷ സ്ഥാനത്ത് ആദ്യമെത്തുന്നത് എകെജിയാണ്.
ഒരാൾ ജീവിക്കുന്ന കാലഘട്ടത്തിൽ തനിക്ക് ചുറ്റുമുള്ള ജീവിതങ്ങൾക്ക് വേണ്ടി സ്വയം സമർപ്പിക്കുക… കേൾക്കുന്നതു പോലെ കാൽപ്പനികമല്ല ആ രാഷ്ട്രീയപ്രയോഗം. ആ ത്യാഗ നിർഭരതയുടെ മൂന്നക്ഷരമായി എകെജി മാറി. കേരളത്തിന്റെ ചരിത്രത്തിൽ സവിശേഷ മണ്ഡലങ്ങളിൽ എകെജിയുടെ സ്ഥാനം നമുക്ക് കാണാൻ സാധിക്കും. അത് ദേശീയ പ്രസ്ഥാനത്തിന്റെ അമരക്കാരനായി, കേരളത്തിൽ പടർന്നു പന്തലിക്കുന്ന നവോത്ഥാനത്തിന്റെ പിൻമുറക്കാരനായി, കോൺഗ്രസ് പാർട്ടിയുടെ അനുയായിയായി, അതിനുള്ളിലെ സോഷ്യലിസ്റ്റ് വിഭാഗത്തിന്റെ ഉറച്ച ശബ്ദമായി, അത്യന്തികമായി മനുഷ്യ വിമോചനത്തിന് മാർക്സിസമാണ് ശരിയെന്നു തിരിച്ചറിവ് വന്ന വിപ്ലവ പോരാളിയായി…
ചരിത്രം സ്വയം തിരിച്ചറിയുന്നതിന്റെ പല ദശകളിൽ നമുക്ക് എ കെ ജിയെ കാണാൻ സാധിക്കും. ചരിത്രത്തെ നയിച്ച പല വിപ്ലവകാരികളുടെയും ആദ്യ രാഷ്ട്രീയജീവിതം കോൺഗ്രസ്സിനോടോപ്പം ചേർന്നായിരിക്കും. എകെജിയും അങ്ങനെ തന്നെയായിരുന്നു. കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ള രാജിയെ വിമോചന രാഷ്ട്രീയത്തിലേക്കുള്ള സവിശേഷ സന്ധിയായിട്ടാണ് എകെജി വിലയിരുത്തുന്നത്. ‘എന്റെ അഗ്നി പരീക്ഷകൾ’ എന്ന അനുഭവക്കുറിപ്പിൽ ഇത് കുറേക്കൂടി വ്യക്തമാക്കുന്നുണ്ട്. 1935ഓടു കൂടി യുവജനതയിൽ സംഭവിക്കുന്ന കാലിക മാറ്റത്തെ എകെജി എടുത്തു പറയുന്നുണ്ട്. നെയ്ത്തുകാർ, ബീഡിത്തൊഴിലാളികൾ, റിക്ഷാ തൊഴിലാളികൾ തുടങ്ങിയ വിവിധ സംഘങ്ങൾ ജന്മിത്വത്തിനും മുതലാളിത്തത്തിനുമെതിരെ വിപ്ലവത്തിന്റെ ഉജ്ജ്വല ശബ്ദങ്ങളായ കാലം. കോൺഗ്രസിന്റെ പതിയെപ്പോക്കും, ജന്മിമാരോടും മുതലാളിമാരോടുമുള്ള അളവിൽ കവിഞ്ഞ മമതയും പലരെയും ആ പ്രസ്ഥാനത്തിൽ നിന്ന് അകറ്റി. ജന്മിത്തതിനെതിരെ സമരം നയിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന ഒരു ഘട്ടത്തിൽ എകെജിയെ കാണാൻ അതിസാധാരണക്കാരനായ ഒരു കർഷകൻ കടന്നുവരുന്നു. അയാളുടെ വാക്കുകളിൽ പ്രതീക്ഷ നിന്നു തിളക്കുകയായിരുന്നു. “നിങ്ങളുടെ ഉത്സാഹം കൊണ്ടെല്ലാം ഞങ്ങൾക്ക് ഗുണം കിട്ടുമെന്നാണ് പ്രതീക്ഷ. ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങൾ ചെയ്യുന്നു. ജന്മിത്വം നശിക്കട്ടെ എന്ന് വിളിച്ചു പറയുന്നത് കേൾക്കാൻ ഏറെ സന്തോഷമാണ്. അത് കേട്ടു കൊണ്ട് മരിക്കണമെന്നാണ് എന്റെ ആശ.” ഇത് ആ കാലഘട്ടത്തെ ജന്മിമാരെയാകെ അലോസരപ്പെടുത്തിയ മുദ്രാവാക്യം ആയിരുന്നു. കരക്കാട്ടിടത്തിൽ നായനാർ എന്ന ജന്മി പരസ്യമായി ഒരിക്കൽ എകെജിയോട് പറഞ്ഞത്, “മീറ്റിങ്ങുകളിലും പ്രസംഗങ്ങളിലും എന്തും വിളിച്ചോട്ടെ. പക്ഷേ ഇവിടത്തെ കൊച്ചു കുട്ടികൾ ജന്മിത്വം നശിക്കട്ടെയെന്ന് മുഖത്തുനോക്കി പറയുമ്പോൾ എങ്ങനെ സഹിക്കാനാണ്?” എന്നായിരുന്നു.
മുതലാളിമാർക്കെതിരെ തൊഴിലാളികൾക്കും കൃഷിക്കാർക്കുമിടയിൽ പുതിയ വർഗ്ഗബോധം രൂപപ്പെട്ടു. ആ ബോധത്തെ ഫലപ്രദമായി ഉപയോഗിക്കാനല്ല കോൺഗ്രസ് ശ്രമിച്ചത്. മറിച്ച് ആ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിനെതിരെ പ്രചാരവേല ചെയ്യുവാനാണ് അവർ ഒരുങ്ങിയത്. റഷ്യയിൽ ഒരാളുടെ ഭാര്യ എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും, സ്ത്രീകളെ പങ്കു വെക്കലാണെന്നും കോൺഗ്രസുകാർ പറഞ്ഞു പരത്തി. എകെജി ആ കാലയളവിൽ തന്നെ തന്റെ ഉള്ളിലെ തീ അണയാതെ കാത്തു. കോൺഗ്രസിനുള്ളിൽ വിപ്ലവശബ്ദമായി മാറിയ എകെജിയെ തളർത്താനാണ് പലരും ശ്രമിച്ചത്. കോൺഗ്രസ് നേതാവായ ഒരു വക്കീലിന്റെ വീട്ടിലെ അനുഭവം എ കെ ജി വിവരിക്കുന്നുണ്ട്. അവിടെ കൂടിയവരിൽ എകെജി ഒഴികെ മറ്റാരും സോഷ്യലിസ്റ്റായിരുന്നില്ല. ആ കോൺഗ്രസ് കൂട്ടായ്മ സോഷ്യലിസത്തെ അങ്ങേയറ്റം കളിയാക്കി. വക്കീലിന്റെ വീട്ടിലെ ഭക്ഷണ പാത്രത്തിൽ എകെജിയുടെ കണ്ണുനീർ വീണു എന്ന് അദ്ദേഹം വളരെ വൈകാരികമായി വിവരിക്കുന്നു. മറ്റുള്ളവരുടെ കുറ്റങ്ങൾ തുറന്നു പറയാതെ ഏവരെയും സന്തോഷിപ്പിക്കാൻ ശ്രമിക്കുന്ന നേതാവാണ് എകെജിയെന്ന വിമർശനം അക്കാലം തൊട്ടുതന്നെ ഉയർന്നു വന്നിരുന്നു. മരണം വരെ അദ്ദേഹം അത് നിഷേധിച്ചില്ല.
കാർഷിക ജനതയോട് കൂറ് കാണിച്ച എകെജി ഉൾപ്പെടെയുള്ള ചിലരുടെ രാഷ്ട്രീയ ബോധത്തെ കോൺഗ്രസ് സംശയിക്കുന്നതിന് ഇടയാക്കി. തൊഴിലാളികൾക്കും കർഷകർക്കും വേണ്ടി ശബ്ദിച്ചതിന് കോൺഗ്രസ് എകെജിയെ തള്ളിപ്പറഞ്ഞു. അതേത്തുടർന്ന് അദ്ദേഹം കോൺഗ്രസിൽ നിന്ന് രാജിവെച്ചു. കോൺഗ്രസിന്റെ സ്ഥിരം ശൈലിയായി എകെജി വിലയിരുത്തുന്നത് അന്യോന്യം മത്സരിക്കുകയും, അപവാദം പരത്തൽ ഒരു മത്സരം പോലെ കാണുകയും ചെയ്യുന്ന രാഷ്ട്രീയ കൂട്ടമായിട്ടാണ്.
ഇതിനെതിരെ ഉയരേണ്ട പുതിയ നേതൃത്വത്തെക്കുറിച്ച് അദ്ദേഹത്തിന് ആലോചനകൾ ഉണ്ടായി. ഓരോ വർഷവും സർവകലാശാല അടയിരുത്തി പുറത്തിറക്കുന്ന തൊഴിൽരഹിതരായ ബിരുദധാരികളെ സംഘടിപ്പിക്കാൻ എകെജി ശ്രമിച്ചു. സ്വന്തം വിദ്യാഭ്യാസം ആരെക്കൊണ്ടും തങ്ങൾ പട്ടിണിയാണെന്ന് പറയിപ്പിച്ചില്ല. പട്ടിണിയുടെ ഉത്തരവാദിത്വം സമുദായഘടനയുടേതാണെന്ന് എ കെ ജി അവരെ ബോധ്യപ്പെടുത്തി. പട്ടിണി നശിക്കട്ടെ എന്ന മുദ്രാവാക്യത്തോടെ അനവധി ചെറുസമ്മേളനങ്ങൾ തലശ്ശേരിയുടെ വിവിധ കേന്ദ്രങ്ങളിൽ എകെജി സംഘടിപ്പിച്ചു. ആ മുദ്രാവാക്യത്തിൽ പലരും ആകൃഷ്ടരായി. കൂത്തുപറമ്പിൽ നിന്നും പുറപ്പെട്ട പട്ടിണിക്കാരുടെ ജാഥ സബ് കലക്ടറെ കാണാൻ തീരുമാനിച്ചു. കല്യാശേരിയിൽ നിന്നും കെ പി ആർ ഗോപാലന്റെ നേതൃത്വത്തിൽ ഒരു സംഘം ഈ ജാഥക്കൊപ്പം ചേർന്നു. തലശ്ശേരി സബ് കലക്ടർ അനുഭാവം പ്രകടിപ്പിച്ചെങ്കിലും അന്തിമ തീരുമാനം മദ്രാസ് കലക്ടറുടെതാണെന്ന് അറിയിച്ചു. അതോടെ പൊതുയോഗം തലശ്ശേരി കടപ്പുറത്തേക്ക് മാറ്റി. ഈ വിഷമസന്ധിക്ക് പരിഹാരം കാണാൻ മദ്രാസിലേക്ക് ജാഥ നയിക്കാൻ ആ യോഗത്തിൽ തീരുമാനമായി.
1936 ജൂലായിൽ മദിരാശയിലേക്ക് നടത്തിയ കാൽനടജാഥ യുവാക്കളിൽ പുതിയ ഊർജ്ജം നൽകി. ഒട്ടനവധി ത്യാഗങ്ങളുടെ നേരനുഭവമായി മാറി. മറ്റുള്ളവർക്ക് കൽപ്പന കൊടുക്കുകയല്ല, മറ്റുള്ളവരെപ്പോലെ താനും പ്രവർത്തിക്കാൻ തയ്യാറാവുകയും പ്രവർത്തിക്കുകയുമാണ് വേണ്ടത്. അതിലൂടെ മാത്രമേ സഹപ്രവർത്തകരുടെ സ്നേഹം സമ്പാദിക്കാൻ സാധിക്കുവെന്നും ഇതൊരു പൊതു പ്രവർത്തനത്തിന്റെ അടിസ്ഥാന തത്വമാണെന്നും ആ സമരത്തിലൂടെ എകെജി നമ്മെ പഠിപ്പിച്ചു. 250 നാഴിക പിന്നിട്ട കാൽനടജാഥ, 500 പൊതുയോഗങ്ങളെ അഭിമുഖീകരിച്ചു. ഏതാണ്ട് രണ്ട് ലക്ഷത്തോളം ആളുകളുമായി സംസാരിച്ചു. 26000 ലഘുലേഖകൾ വിറ്റു. മാർക്സിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് ജനകീയ അടിത്തറ പാകിയതിൽ ഈ സമരത്തിന് വലിയ പങ്കുണ്ടായിരുന്നു. എകെജി സമരവും സമരാവേശവുമായി മാറുന്നത് അനുഭവങ്ങളുടെ തീചൂളകൾ കൊണ്ടാണ്. മുതലാളിമാർക്കും ജന്മികൾക്കും സഹായം ചെയ്തു കൊടുക്കുന്ന കോൺഗ്രസിന്റെ നയ പരിപാടികളാണ് കേരളത്തിന്റെ ജനനായകനെ നിർമ്മിച്ചത്. പട്ടിണി ജാഥ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടികൾ ഉണ്ടായ ആദ്യ വേരോട്ടങ്ങളുടെ ചരിത്ര മുഹൂർത്തം രേഖപ്പെടുത്തുന്നു. അതിലപ്പോഴും എകെജി എന്ന മൂന്നക്ഷരം ജന മഹാസാഗരം ഏറ്റു വിളിച്ചു കൊണ്ടിരിക്കും.