കേരള പൊലീസിൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്ത് വന്നത്. പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ബിജുവിനാണ് മിടുക്കി കുട്ടിയുടെ സല്യൂട്ടി കിട്ടിയത്.
പൊതുവെ പൊലീസ് എന്ന് പറഞ്ഞാൽ കൊച്ചു കുട്ടികൾക്ക് ഏറെ പേടിയാണ്. പക്ഷെ ഈ വീഡിയോയിലെ മിടുക്കിയ്ക്ക് പൊലീസ് മാമനെ ഒരു പേടിയുമില്ല. കേരള പൊലീസിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പൊലീസ് ജീപ്പിൻ്റെ അടുത്ത് കാര്യമായി ഒരാളുമായി സംസാരിച്ച് നിന്ന പൊലീസുകാരൻ്റെ അടുത്തേക്ക് ഒരു കൊച്ചു മിടുക്കി ഓടി വരുന്നത് കാണാം. പ്രതീക്ഷിക്കാതെ എത്തിയ കുഞ്ഞ് അതിഥിയെ നോക്കുന്ന പൊലീസുകാരൻ കണ്ട് കാഴ്ച അദ്ദേഹത്തിൻ്റെ മനസ് നിറയ്ക്കുന്നതായിരുന്നു. പൊലീസ് മാമനെ നോക്കി രസകരമായി ഒരു സല്യൂട്ടാണ് അവൾ നൽകിയത്. ഉടൻ തന്നെ ആ സല്യൂട്ട് സ്വീകരിച്ച് തിരിച്ച് ആ കുഞ്ഞിന് ഒരു സല്യൂട്ട് നൽകാനും പൊലീസുകാരൻ മറന്നില്ല.
പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ബിജുവാണ് വീഡിയോയിലുള്ള പൊലീസുകാരൻ. സന്തോഷത്തോടെ പൊലീസ് മാമൻ്റെ സല്യൂട്ടും സ്വീകരിച്ച് തിരിച്ച് ഓടിവരുന്ന നേഹക്കുട്ടി പൊലീസുകാരുടെ മാത്രമല്ല സോഷ്യൽ മീഡിയയുടെ മുഴുവൻ ഹൃദയം കവർന്ന് കളഞ്ഞു എന്നതാണ് യാഥാർത്ഥ്യം. കുഞ്ഞുമോളുടെ സ്നേഹ അഭിവാദ്യം എന്ന തലക്കെട്ടോടു കൂടിയാണ് കേരള പൊലീസ് വീഡിയോ പങ്കുവെച്ചത്. എത്ര മനോഹരമായ കാഴ്ചയെന്ന് വീഡിയോയ്ക്ക് താഴെ പലരും കമൻ്റുകളുമിട്ടിട്ടുണ്ട്.
Also Read: വിശന്ന് വലഞ്ഞ പക്ഷികളോട് ആ കുഞ്ഞ് ചെയ്തത് കണ്ടോ? കൈയ്യടിച്ച് സോഷ്യൽ മീഡിയ
ജനങ്ങൾക്ക് വേണ്ടി രാപ്പകൽ ഇല്ലാതെ സേവനം നടത്തുന്ന പൊലീസ് സേനയ്ക്ക് മുഴുവനാണ് ഈ കുഞ്ഞ് മോളുടെ അഭിവാദ്യം. ഏറെ രസകരമായ വീഡിയോയ്ക്ക് താഴെ നിരവധി ആളുകൾ കമൻ്റുകളുമായി എത്തിയിട്ടുണ്ട്. മൂന്ന് ലക്ഷത്തിൽ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. എന്തായാലും മാനസിക സമ്മർദ്ദം നിറഞ്ഞ ജീവിത യാത്രക്കിടയിൽ ഇത്തരത്തിലുള്ള കുഞ്ഞ് വീഡിയോകൾ എപ്പോഴും ഒരു ആശ്വാസമാണ്. രസകരമായ പല സന്ദേശങ്ങളും ബോധവത്കരണ പരിപാടികളുമൊക്കെ കേരള പൊലീസിൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്ക് വയ്ക്കാറുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക