കുവൈറ്റിലെ സ്വദേശി ജനസംഖ്യ 15 ലക്ഷം
അതോറിറ്റിയുടെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2022ല്‍ കുവൈറ്റികളുടെ എണ്ണത്തില്‍ 0.019% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. രാജ്യത്തെ മൊത്തം പൗരന്മാരുടെ എണ്ണം 1.5 ദശലക്ഷമായി ഉയര്‍ന്നപ്പോള്‍ കുവൈറ്റിലെ മൊത്തം ജനസംഖ്യ 4.7 ദശലക്ഷത്തിലെത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കുവൈറ്റില്‍ താമസിക്കുന്ന 17 വിദേശ രാജ്യക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. എന്നാല്‍ എത്യോപ്യ, അഫ്ഗാനിസ്ഥാന്, ഇറാന് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണത്തില്‍ കുറവുണ്ടായതായും കണക്കുകള്‍ ഉദ്ധരിച്ച് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കുവൈറ്റ് ഇതര ജനസംഖ്യ 3.2 ദശലക്ഷത്തിലെത്തി.
കുവൈറ്റ് തൊഴില്‍ മേഖലയിലും കൂടുതല്‍ ഇന്ത്യക്കാര്‍
15 വയസ്സിനു മുകളില്‍ പ്രായമുള്ള കുവൈറ്റ് പൗരന്മാരില് 35 ശതമാനം പേരും വിദ്യാര്‍ത്ഥികളോ മുഴുവന്‍ സമയ വീട്ടുജോലിക്കാരോ വരുമാനമുള്ള വിരമിച്ചവരോ ആയതിനാല്‍ ഇവര്‍ക്ക് തൊഴില്‍ വിപണിയില്‍ പങ്കാളിത്തമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുവൈറ്റ് പൗരന്മാരില് 32 ശതമാനം പേര് മാത്രമാണ് രാജ്യത്തെ വിവിധ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്നത്. തൊഴില്‍ വിപണിയിലെ ജീവനക്കാരുടെ വലുപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍, തൊഴില്‍ വിപണിയില്‍ ഏറ്റവുമധികം ആളുകള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. തൊട്ടുപിന്നാലെ ഈജിപ്തുകാര്‍, ഫിലിപ്പിനോകള്‍, ബംഗ്ലാദേശികള്‍. അതേസമയം, കുവൈറ്റ് തൊഴില്‍ വിപണിയിലെ തൊഴിലാളികളുടെ ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ സിറിയന്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരാണ് ഏറ്റവും കുറവ്.
കുവൈറ്റിലെ ആകെ ജനസംഖ്യ 47 ലക്ഷം
കുവൈറ്റിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 2.05 ദശലക്ഷമാണെന്നും അവരില്‍ 24 ശതമാനം സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി. പൊതു-സ്വകാര്യ മേഖലകളിലെ മൊത്തം തൊഴിലാളികളുടെ എണ്ണത്തില്‍ 22 ശതമാനവുമായി കുവൈറ്റ് പൗരന്മാര് മൂന്നാം സ്ഥാനത്താണ്. ഇന്ത്യക്കാരും ഈജിപ്തുകാരുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. സര്‍ക്കാര്‍ മേഖലയിലെ മൊത്തം തൊഴിലാളികളുടെ ഏറ്റവും ഉയര്‍ന്ന ശതമാനം കുവൈറ്റ് പൗരന്മാരാണ്. അതേസമയം സ്വകാര്യ മേഖലയില്‍ കുവൈറ്റ് പൗരന്മാര് നാലാം സ്ഥാനത്താണ്.
കുവൈറ്റ് ജനസംഖ്യയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍:
-4.7 ദശലക്ഷം ആളുകളാണ് കുവൈറ്റിലെ ആകെ ജനസംഖ്യ
– അവരില്‍ 1.5 ദശലക്ഷം കുവൈറ്റ് പൗരന്മാര്
– 3.2 ദശലക്ഷം പ്രവാസികള്‍
– കുവൈറ്റ് തൊഴില്‍ മാര്‍ക്കറ്റില്‍ 2.05 ദശലക്ഷം തൊഴിലാളികള്‍
– സര്‍ക്കാര്‍ മേഖലയില്‍ 4923000 തൊഴിലാളികള്‍
– കുവൈറ്റില്‍ 7727000 ഗാര്‍ഹിക തൊഴിലാളികള്‍
– 74 ശതമാനം പ്രവാസികളും തൊഴില്‍ വിപണിയില്‍ ജോലി ചെയ്യുന്നവരാണ്
പുതിയ നിയമഭേദഗതി ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാവും
കുവൈറ്റിലെ പ്രവാസി ജനസംഖ്യ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജനസംഖ്യാ ഘടനയുമായി ബന്ധപ്പെട്ട നിയമത്തില്‍ കുവൈറ്റ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുതിയ ഭേദഗതികള്‍ കൊണ്ടുവന്നിരുന്നു. ഓരോ രാജ്യക്കാരുടെയും ജനസംഖ്യയ്ക്ക് അനുസരിച്ച് പുതിയ പ്രവാസി റിക്രൂട്ട്മന്റ് നയം നടപ്പിലാക്കുന്നത് ഉള്‍പ്പെടെയുള്ള ഭേദഗതികളാണ് പുതുതായി അധികൃതര്‍ കൊണ്ടുവന്നിരിക്കുന്നത്. രാജ്യത്ത് ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമം നടപ്പിലാക്കുമ്പോള്‍ പ്രവാസികളായ തൊഴിലാളികളുടെ ദേശീയത കൂടി പരിഗണിച്ചുവേണം തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നും നിയമം അനുശാസിക്കുന്നു. ഒരു രാജ്യത്തു നിന്നുള്ള കൂടുതല്‍ പ്രവാസികള്‍ നിലവില്‍ കുവൈറ്റില്‍ ഉണ്ടെങ്കില്‍ ആ രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്മെന്റിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇപ്രകാരം ഒരോ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും റിക്രൂട്ട്മെന്റ് പരിധി നിശ്ചയിക്കണം. വിദ്യാഭ്യാസം, പ്രായം, തൊഴിലുകളുടെ സ്വഭാവം, തൊഴില്‍ വിപണിയുടെ ആവശ്യകത മുതലായവ ഘടകങ്ങള്‍ കൂടി പരിഗണിച്ചാവും ഇത്തരമൊരു റിക്രൂട്ടിംഗ് നയം രൂപീകരിക്കുക. ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ ഉള്ളവരെന്ന നിലയില്‍ ഇത് ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാവും.