മോദി എന്ന നാമം ഓര്‍മിക്കാന്‍ ഇന്ത്യക്കാര്‍ക്ക് ഒരു കാരണം കൂടി കിട്ടിയിരിക്കുന്നു. രാഹുല്‍ ഗാന്ധിയ്ക്ക് തടവുശിക്ഷ വാങ്ങികൊടുത്ത സമുദായനാമം. പ്രധാനമന്ത്രി മോദി മുതല്‍ ബാങ്ക് തട്ടിപ്പുകാരന് നീരവ് മോദി വരെ നീളുന്ന പട്ടികയിലേക്കാണ് ആ കടന്നുവരവ്. സത്യത്തില്‍ മോദി എന്ന പേരില്‍ ഒരു സമുദായം അല്ലെങ്കില്‍ ജാതി രാജ്യത്തുണ്ടോ? ഇല്ല എന്നാണ് ഉത്തരം. എന്നാല്‍ ഉത്തരേന്ത്യയില്‍ രാജസ്ഥാന്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വ്യവസായികള്‍ സര്‍നെയിമായി ഈ പേര് ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ച് ബനിയ സമുദായക്കാര്‍. കച്ചവടത്തിലൂടെ വന്‍ സമ്പന്നരായി മാറിയ ഒരു സമൂഹമാണിവരുടേത്. ലളിത് കുമാര്‍ മോദി എന്ന കുശാഗ്രബുദ്ധിയായ വിവാദ കച്ചവടക്കാരനും ഈ സമുദായത്തില്‍ നിന്നാണ് വരുന്നത്. ഗുജറാത്തില്‍ മോധ് ഗഞ്ചി എന്ന ജാതിക്കാരും തങ്ങളുടെ പേരിന്റെ വാലായി മോദി ഉപയോഗിക്കുന്നുണ്ട്. ഈ മോധ് ഗഞ്ചി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാതിപ്പേര് കൂടിയാണ്. സമുദായ-ജാതി സമവാക്യങ്ങളിലൂടെ ഭരണമുറപ്പിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മോദി എന്ന ജാതിപ്പേരിന് പ്രാധാന്യം നല്‍കുന്നതും ഇതാണ്.
മോധേശ്വരി ദേവിയുടെ മോധ് ഗഞ്ചി അഥവാ മോദി സമുദായം
ചരിത്രപരമായി ഗുജറാത്തില്‍ പാചക എണ്ണ ഉല്‍പ്പാദിപ്പിച്ച് വില്‍പ്പന നടത്തുന്ന വ്യവസായികളാണ് മോധ് ഗഞ്ചി വിഭാഗക്കാര്‍. നിലവില്‍ പലചരക്ക് വ്യാപാരം മുതല്‍ പല വ്യവസായ മേഖലകളിലും ഇവരുടെ സാന്നിധ്യമുണ്ട്. ഗുജറാത്തിലെ ആരാധനാദേവിയായ മോധേശ്വരി ദേവിയുടെ അനുയായികളെന്ന അര്‍ത്ഥത്തിലാണ് ജാതി പേരിന് മുന്നില്‍ ഇവര്‍ മോധ് എന്ന് ചേര്‍ത്തിരിക്കുന്നത്. മോദി എന്ന് പേരിനൊപ്പവും ചേര്‍ക്കുന്നു. ഹിന്ദുമതവിശ്വാസ പ്രകാരം മോധേശ്വരീദേവിയെക്കുറിച്ചുള്ള ഐതിഹ്യം വൈശ്യരെയും ബ്രാഹ്മണരെയും അസുരന്മാരില് രക്ഷിക്കാന്‍ പിറവികൊണ്ട മഹാശക്തിയെന്നാണ്. അസുരന്മാരുടെ ഉപദ്രവത്തെക്കുറിച്ച് പരാതി പറയാന്‍ വൈശ്യരും ബ്രാഹ്മണരും പാര്‍വതി ദേവിയെ സമീപിക്കുന്നു. അസുരന്മാരുടെ ഹീനകൃത്യങ്ങള്‍ കേട്ട് കോപത്താല്‍ ജ്വലിച്ച പാര്‍വതീദേവിയുടെ വായില്‍നിന്ന് പുറത്തുവന്ന അഗ്നിനാളം ദൈവികശക്തിയ്ക്ക് പിറവി കൊടുക്കുന്നു. വായിലെ ജ്വാലയില്‍ നിന്ന് പിറവികൊണ്ട ആ ശക്തിയാണ് മോധേശ്വരി ദേവി എന്നാണ് കഥ. നിലവില്‍ ഗുജറാത്തിലെ പിന്നാക്കവിഭാഗത്തിലാണ് ഈ വിഭാഗക്കാര്‍ ഉള്‍പ്പെടുന്നത്.
മോദി സമുദായം പിന്നാക്കക്കാരാണോ? ചില വസ്തുതകള്‍
സത്യത്തില്‍ മോധ് ഗഞ്ചി അഥവാ മോദി സമുദായം പിന്നാക്കകാരാണോ? മോദിയുള്‍പ്പെടുന്ന ഈ ജാതിവിഭാഗത്തെ അടുത്തുനിന്ന് പരിശോധിക്കുകയാണെങ്കില്‍ അദ്ദേഹം അവകാശപ്പെടുന്ന ആ പിന്നാക്കപദവിയെ നമുക്ക് സംശയിക്കേണ്ടിവരും. വിശ്വാസപരമായി പരിശോധിച്ചാല്‍ മോധേശ്വരി ദേവി സഹായിക്കുന്നത് ആരെയാണ്? വൈശ്യരെയും ബ്രാഹ്മണരെയും. കുറച്ചുകൂടി മുന്നോട്ട് പോയാല്‍ ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിലേക്ക് എത്തും. തൊഴിലാണ് ജാതി തരംതിരിവിന്റെ മാനദണ്ഡങ്ങളില്‍ പ്രധാനമെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. ഇതുപ്രകാരം വ്യാപാരം മൂന്നാം വര്‍ണ്ണമായ വൈശ്യര്‍ക്ക് അനുവദിച്ച് നല്കിയിട്ടുള്ളതുമാണ്. വ്യാപാരത്തിലുള്ള മോധ് ഗഞ്ചികളുടെ പങ്കാളിത്തം അവരുടെ വൈശ്യപദവിയുടെ അടയാളമാണ്. ഗുജറാത്തില്‍ അവരെ ‘ഹീന’ജാതിയായല്ല കണക്കാക്കുന്നത്. ഈ സമുദായത്തിന്റെ സസ്യാഹാരസ്വഭാവം അവരുടെ ശൂദ്രപാരമ്പര്യത്തേക്കാള് വൈശ്യപാരമ്പര്യത്തെയാണ് സൂചിപ്പിക്കുന്നത്. മോധ് ഗഞ്ച് പരമ്പരാഗതമായി സാക്ഷരരാണ്. വ്യാപാരികള്‍ അങ്ങനെയായിരിക്കും. ഇതും അവര്‍ പിന്നാക്കക്കാരല്ല എന്നുള്ളതിന്റെ മറ്റൊരു സൂചനയാണ്. കാഞ്ച ഐലയ്യയുടെ ശുദ്രന്മാരെക്കുറിച്ചുള്ള ലേഖനത്തില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ജാതി നിയമപ്രകാരം പഠനമോ വായനയോ എഴുത്തോ ശൂദ്രര്‍ക്ക് അനുവദനീയമല്ല. ഇത്തരമൊരു വിലക്കിനെ ആരെങ്കിലും മറികടന്നാല്‍ പ്രാകൃതമായ ശിക്ഷാവിധികളാണ് കല്‍പ്പിക്കപ്പെട്ടിരുന്നത് എന്നും അദ്ദേഹം പറഞ്ഞ് വെയ്ക്കുന്നു. മറ്റൊന്ന് ബ്രാഹ്മണിക്കല്‍ മനസ്സുകള്‍ ഹീനമായ തൊഴിലായി പരിഗണിച്ചിരുന്ന ഒന്നാണ് കാര്‍ഷിക മേഖല. മോധ് ഗഞ്ചിക്കാര്ക്ക് കാര്‍ഷികവൃത്തിയുമായി യാതൊരു ബന്ധവുമില്ല എന്നത് ചേര്‍ത്ത് വായിക്കണം.
മോദിയും ഒബിസി പദവി എന്ന തിരഞ്ഞെടുപ്പ് തന്ത്രവും
മോധ് ഗഞ്ചി അഥവാ മോദി എന്ന ഒ.ബി.സി വിഭാഗത്തില്‍പ്പെടുന്ന വ്യക്തിയെന്ന പ്രഖ്യാപനങ്ങളിലൂടെ ഒരു പിന്നാക്കപ്രതിനിധിയെന്ന സൂചനകള്‍ നല്‍കിക്കൊണ്ടാണ് 2014-ല്‍ നരേന്ദ്രമോദിയെ ബിജെപി പ്രധാനമന്ത്രിയാകുന്നത്. പിന്നാക്ക പ്രതിനിധിയെന്ന പ്രഖ്യാപനമാണ് അവിടെ ശ്രദ്ധിക്കപ്പെടേണ്ടത്. ഇന്ത്യന്‍ ജനസംഖ്യയുടെ പകുതിയിലധികം വരുന്ന ഒബിസിക്കാരിലൊരുവന് എന്ന പ്രതീതിയാണ് അതിന്റെ ലക്ഷ്യം. ഇനി മോധ് ഗഞ്ചിക്ക് ഒബിസി പദവി കിട്ടിയതും ജാതിപ്പേര് രാഷ്ട്രീയ ആയുധമായതും നോക്കാം.
മണ്ഡല് കമ്മിറ്റി ശിപാര്‍ശകള്‍ ആദ്യമായി നടപ്പാക്കിയപ്പോള്‍ മോധ് ഗഞ്ചുകളെ ഒ.ബി.സി വിഭാഗത്തിനുള്ളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 1994-ലാണ് ഗുജറാത്ത് സംസ്ഥാനസര്‍ക്കാര്‍ അവര്‍ക്ക് ഒ.ബി.സി പദവി നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇവരെ 1999-ലാണ് തങ്ങളുടെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. അതിനുശേഷം 2 വര്‍ഷം കഴിഞ്ഞാണ് മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. 2002, 2007, 2012 കാലങ്ങളില്‍ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിലൊരിക്കല്‍ പോലും ഒ.ബി.സിക്കാരനാണ് താനെന്ന് മോദി പ്രഖ്യാപിച്ചില്ല. അന്ന് ഉപയോഗിച്ചത് ബനിയ ഐഡന്റിറ്റിയാണ്. രാജ്യത്തെ ഏറ്റവും പ്രബലരായ വ്യാവസായിക-വ്യാപാര സമുദായമായ ബനിയകളാകട്ടെ വലിയൊരളവുവരെ അദ്ദേഹത്തെ തങ്ങളുടെ സ്വന്തം ആളായി ആശ്ലേഷിക്കുകയും ചെയ്തിരുന്നു. ഒ.ബി.സി പദവിയെ ഇത്തരത്തില്‍ തന്ത്രപരമായി പ്രയോജനപ്പെടുത്തിയ ഒരേയൊരു ബി.ജെ.പി നേതാവ് നരേന്ദ്രമോദി മാത്രമല്ല. ഒരു ബനിയ ജാതിയില്‍ ജനിച്ച ബീഹാറിലെ ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്ന സുശീല്‍ കുമാര്‍ മോദിയും ഇപ്പോള്‍ ഒ.ബി.സി പട്ടികയിലാണ് ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നത്.
പട്ടിണിപ്പാവങ്ങളുടെ ജാതിക്കാരനെന്ന ഐഡന്റിറ്റി
മുന്‍പ് പറഞ്ഞത് പോലെ 2014-ലെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണകാലത്താണ് മോദി തന്റെ ജാതിയെക്കുറിച്ച് ചിന്തിച്ചതെന്ന് തോന്നുന്നു. അത് മുഖ്യ പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിനെതിരേ ഉപയോഗിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. അമേത്തി മണ്ഡലത്തിലെ പ്രചാരണത്തിനിടെ രാജീവ് ഗാന്ധിയുടെ രക്ഷസാക്ഷിത്വത്തിനെതിരേ മോദി ഒരു പരാമര്‍ശം നടത്തി. തൊട്ടുപിന്നാലെ ഈ നീചവും താഴ്ന്നതുമായ രാഷ്ട്രീയത്തിന് വോട്ടര്‍മാര്‍ മറുപടി നല്‍കുമെന്ന് പ്രിയങ്കാ ഗാന്ധി തിരിച്ചടിച്ചു. പ്രിയങ്ക ഗാന്ധിയുടെ ഇത്തരമൊരു പ്രസ്താവനയ്ക്കായി നരേന്ദ്രമോദിയും ബിജെപിയും കാത്തിരിക്കുകയായിരുന്നു. അടുത്ത ദിവസത്തെ മറുപടി അതാണ് പറയുന്നത്. ഉത്തര്‍പ്രദേശിലെ ഡൊമാരിയഗഞ്ചില്‍ നടന്ന പൊതുയോഗത്തില്‍ അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: “അതെ, ഞാന്‍ ഒരു താഴ്ന്ന ജാതിയിലാണ് ജനിച്ചത്, പക്ഷേ എന്റെ സ്വപ്നം ഒറ്റ ഇന്ത്യയാണ്, ശ്രേഷ്ഠമായ ഇന്ത്യയാണ്. എനിക്കെതിരെ എത്ര അധിക്ഷേപങ്ങള്‍ വേണമെങ്കിലും ചൊരിയൂ, മോദിയെ തൂക്കിക്കൊല്ലട്ടെ, പക്ഷേ എന്റെ താഴ്ന്ന ജാതിയിലെ സഹോദരങ്ങളെ അപമാനിക്കരുത്.”
ആ ദിവസം തന്നെ മോദിയുടെ ട്വീറ്റിലും പിന്നാക്ക വിഭാഗക്കാരനെന്ന പ്രസ്താവന ഇടം പിടിച്ചു. “ഞാന്‍ സാമൂഹികമായി പിന്നാക്കം നില്ക്കുന്ന ഒരു വിഭാഗത്തില്‍ നിന്നാണ് ഉയര്‍ന്നു വന്നത്, അതിനാല്‍ എന്റെ രാഷ്ട്രീയത്തെ അവര്‍ ‘താഴ്ന്ന രാഷ്ട്രീയം’ ആയി കാണുന്നു” എന്നായിരുന്നു അത്. താഴ്ന്ന ജാതിക്കാരുടെ നിസ്വാര്‍ത്ഥതയും ത്യാഗവും ധൈര്യവും രാജ്യത്തെ ഉയരങ്ങളിലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്, എന്നാല്‍ ചിലര്‍ അത് കാണുന്നില്ല എന്നായിരുന്നു അടുത്ത ട്വീറ്റ്. 2017-ല്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്തും സമാനമായ സംഭവം ഉണ്ടായി. നരേന്ദ്രമോദി ഒരു തരംതാഴ്ന്ന വ്യക്തിയാണ്, അദ്ദേഹം ഒട്ടും പരിഷ്കൃതനല്ല- എന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പ്രസംഗത്തിനിടെ പറഞ്ഞു. “മണിശങ്കര്‍ അയ്യര്‍ പറഞ്ഞു, ഞാന്‍ താഴ്ന്ന ജാതിയില്‍ പെട്ടയാളാണെന്ന്, അദ്ദേഹം ഞങ്ങളെ വൃത്തികെട്ട ഗട്ടര്‍ വേം (ഗണ്ടി നാലി കാ കീഡ) എന്ന് വിളിച്ചു. ഇത് ഗുജറാത്തിനും ഗുജറാത്തികള്‍ക്കും അപമാനമല്ലേ?” എന്ന ചോദ്യമെറിഞ്ഞായിരുന്നു മോദിയുടെ മറുപടി. രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെ ജാതിയാണ് തന്റെയും ജാതിയെന്നാണ് 2019ല്‍ മോദി പറഞ്ഞത്.
മോദി വിഭാഗത്തെ അധിക്ഷേപിച്ച രാഹുല്‍
താഴ്ന്ന ജാതിക്കാരനെന്ന ലേബല്‍ കിട്ടിയിടത്തെല്ലാം ഉപയോഗിച്ച ബിജെപിക്ക് രാഹുലിനെതിരായ വിധി ശരിക്കുമൊരു തുറുപ്പുചീട്ട് തന്നെയാണ്. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധി, മോദിമാരെല്ലാം കള്ളമാരാണെന്ന് പറഞ്ഞത് 2024-ലെ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. രാഹുലിന്റെ വാക്കുകള്‍ താഴ്ന്ന ജാതിക്കാര്‍ക്കെതിരെ നടത്തിയ അധിക്ഷേപമായും അത് നീതിന്യായ വ്യവസ്ഥ പോലും ശരിവച്ചെന്നും തന്നെയായിരിക്കും ബിജെപിയുടെ വാദം. ചുരുക്കി പറഞ്ഞാല്‍ ബനിയ ജാതിയിലെ തായ്വേരും ഒപ്പം ഒ.ബി.സി സര്‍ട്ടിഫിക്കറ്റും എന്ന കോമ്പിനേഷന്‍ തന്നെയായിരിക്കും അടുത്ത തിരഞ്ഞെടുപ്പിലും ബിജെപി ഇറക്കുക.