നാനൂറ്റി അമ്പത്തൊന്ന് പേരെ തൂക്കിക്കൊന്ന ആരാച്ചാര്‍ക്ക് ജനിക്കേണ്ടിയിരുന്ന മകന്, അവനും അച്ഛനെ പോലെ പ്രഗല്ഭനായ ഒരു ആരാച്ചാരാകുമായിരുന്നു. മകനു പകരം കൊല്‍ക്കത്തയിലെ ആരാച്ചാര്‍ കുടുംബത്തില്‍ ജനിച്ചത് ഒരു പെണ്‍കുട്ടി. കെ. ആര്. മീരയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത ‘ആരാച്ചാര്‍’ എന്ന നോവല്‍ ആ പെണ്‍കുട്ടിയെക്കുറിച്ചാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തൂക്കുകയര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചു. തൂക്കിക്കൊലയ്ക്ക് ബദല്‍മാര്‍ഗം തേടാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതായിരുന്നു വിഷയം. കുറ്റത്തിന് ഏറ്റവും വലിയ ശിക്ഷയായി മരണം വേണ്ട എന്നും, മറ്റുള്ളവരെ കുറ്റങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന് മരണശിക്ഷ തന്നെ വേണമെന്നുമുള്ള വാഗ്വേദങ്ങള്ക്കിടയിലാണ് മരണശിക്ഷയ്ക്ക് ഇന്ത്യ പുതിയ മാര്‍ഗം അന്വേഷിക്കുന്നത്.
ശിക്ഷയാണെങ്കില്‍ പോലും മാന്യമായും വേദനയില്ലാതെയും മരിക്കാന്‍ മനുഷ്യര്‍ക്ക് അവകാശമുണ്ട്. ഈ തിരിച്ചറിവില്‍ ലോകത്തെ പല പരിഷ്കൃത രാഷ്ട്രങ്ങളും അവരുടെ വധശിക്ഷാ രീതികള്‍ മാറ്റിയിട്ടുണ്ട്. അന്തസ്സുള്ളതും വേദന കുറഞ്ഞതുമായ വധശിക്ഷാ രീതി നടപ്പിലാക്കണമെന്ന് ഇന്ത്യയിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സമിതി രൂപവത്കരിക്കാമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. തൂക്കിലേറ്റുന്നതിന് പകരം പ്രാവര്‍ത്തികമാക്കാവുന്ന മാര്‍ഗങ്ങളെക്കുറിച്ച് അഭിപ്രായം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ ആവശ്യപ്പെടുകയും ചെയ്തു.
തൂക്കിലേറ്റുമ്പോള്‍ അന്തസോടെയുള്ള മരണം എന്ന മനുഷ്യന്റെ മൗലിക അവകാശം നഷ്ടമാകുന്നുവെന്നാണ് വിഷയത്തിൽ പഠനങ്ങൾ നടത്തിയവരുടെ വിലയിരുത്തൽ. തൂക്കിലേറ്റപ്പെടുന്നവര് കൂടുതല്‍ വേദന അനുഭവിക്കേണ്ടിയും വരുന്നു. അതിനാല്‍ തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കണമെന്ന് 2017-ല്‍ അഡ്വ. ഋഷി മല്‍ഹോത്ര ഫയല്‍ ചെയ്ത പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിര്‍ദേശം. തൂക്കിക്കൊലയ്ക്ക് പകരം വിഷം കുത്തിവെപ്പ്, വൈദ്യുതാഘാതം, വെടിവെക്കല്‍, ഗ്യാസ് ചേംബര്‍ പോലുള്ള ബദല്‍ മാര്‍ഗങ്ങള്‍ നടപ്പിലാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം അടുത്ത ആഴ്ചയോടെ അറിയിക്കണമെന്ന് സുപ്രീം കോടതി അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെട്ടു. വിഷം കുത്തിവെക്കുന്നതും വെടിക്കുന്നതും വേദന കുറയാന്‍ സഹായിക്കില്ലെന്നും വധശിക്ഷയ്ക്ക് തൂക്കുകയര്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളുവെന്നും 2018-ല്‍ കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചതാണ്. എന്നിരുന്നാലും കുറ്റവാളിക്കും അന്തസ്സോടെയും കുറഞ്ഞ വേദനയോടെയും മരിക്കാനുള്ള അവകാശം സംരക്ഷിക്കാനുള്ള മാര്‍ഗം തേടുകയാണ് രാജ്യം. വേദന കുറഞ്ഞതും മനുഷ്യന്റെ അന്തസ്സിന് കോട്ടം വരുത്താതുമായ ഏതെങ്കിലും വധശിക്ഷാരീതികള്‍ ശാസ്ത്രം നിര്‍ദേശിക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചു.
മരണം എന്ന ശിക്ഷ
ഫ്രാന്‍സില്‍ വിപ്ലവം പിറവിയെടുത്ത വര്‍ഷം, 1789, അതേ വര്‍ഷമാണ് വിപ്ലവത്തിന്റെ തലയറുക്കാന്‍ ഗില്ലറ്റിന് എന്ന ഉപകരണത്തിന്റെയും പിറവി. ഗില്ലറ്റിന് വരുന്നതിന് മുമ്പുവരെ വാളും കോടാലിയും ഉപയോഗിച്ച് പ്രാകൃത രീതിയിലായിരുന്നു വധശിക്ഷ നടപ്പാക്കിയിരുന്നത്. വേദന കുറഞ്ഞ മരണം നടപ്പിലാക്കുക എന്ന ഉദ്ദേശ്യത്തോടെ ഡോ. ജോസഫ് ഇഗ്നേയിസ് ഗില്ലറ്റിന് നിര്‍മിച്ചതായിരുന്നു ഗില്ലറ്റിന് മെഷീന്. അടിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ തല വെക്കാനുള്ള മരപ്പലകയും അതിന് തൊട്ടുമുകളില്‍ ഉയരത്തില്‍ കെട്ടിത്തൂക്കിയ മൂര്‍ച്ചയും ഭാരവുമുള്ള ഒരു ബ്ലേയ്ഡും, ഇത്രയും മാത്രമായിരുന്നു ഗില്ലറ്റിന്. വിപ്ലവത്തില്‍ പങ്കെടുത്തെന്ന് സംശയിക്കുന്ന എല്ലാവരെയും ലൂയിസ് 16-ാമന്റെ അനുയായികള്‍ ഗില്ലറ്റിന് നല്കി. വിപ്ലവം വിജയിച്ചപ്പോള്‍ ലൂയിസ് 16-ാമനും ഭാര്യ മേരി അന്റോണിറ്റയും രാജാവിനെ ഭരണത്തില്‍ നിയന്ത്രിച്ചിരുന്ന മാക്സിമിലിയന്‍ റോബെസ്പെറിയും അതേ ഗില്ലറ്റിന് മുന്നിലേക്ക് ആനയക്കപ്പെട്ടു.
മറ്റു രാഷ്ട്രങ്ങളിലേക്ക് വിപ്ലവം എത്തുന്നതിന് മുമ്പേ എത്തിയത് ഗില്ലറ്റിനായിരുന്നു. വേദന കുറഞ്ഞ മരണത്തിന് സഹായിക്കുമെന്ന് കരുതിയിരുന്ന ഗില്ലറ്റിന് യഥാര്‍ഥത്തില്‍ ഇരട്ടി വേദനയാണ് നല്‍കിയിരുന്നതെന്ന് പിന്നീട് കണ്ടുപിടിക്കപ്പെട്ടു. ഗില്ലറ്റിനെതിരേ നടന്ന വ്യാപക പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അത് പിന്‍വലിച്ചു.
ബ്രിട്ടനില്‍ എ.ഡി. പത്ത് മുതല്‍ മരണശിക്ഷ നടപ്പിലാക്കിയത് തൂക്കുകയറിലൂടെയാണ്. വില്യം ഒന്നാമന്റെ കാലത്ത് വധശിക്ഷ കുറഞ്ഞെങ്കിലും ഹെന്റി എട്ടാമന് തന്റെ നരവേട്ടയ്ക്ക് ആയുധമാക്കിയത് തൂക്കുകയറായിരുന്നു. 1700-കളില്‍ ബ്രിട്ടനില്‍ മരം മുറിക്കുന്നതും മുയല്‍ക്കൂട് മോഷ്ടിക്കുന്നതും പോലും ബ്രിട്ടനില്‍ തൂക്കുകയര്‍ ലഭിക്കാവുന്ന ശിക്ഷയായിരുന്നു.
അമേരിക്കയിലെ വധശിക്ഷാ നിയമത്തില്‍ ബ്രിട്ടന്റെ സ്വാധീനം ചെറുതല്ല. അമേരിക്കയിലേക്ക് കുടിയേറിയ യൂറോപ്പുകാര്‍ അവരുടെ പല നിയമങ്ങളും കൂടെക്കൂട്ടിയിരുന്നു. വെര്‍ജീനിയയില്‍ ക്യാപ്റ്റന്‍ ജോര്‍ജ് കെന്‍ഡലിനെ തൂക്കിലേറ്റിയതായിരുന്നു അമേരിക്കയില്‍ നിയമവിധേയമായി നടന്ന ആദ്യത്തെ വധശിക്ഷ. എന്നാല്‍ തൂക്കുകയര്‍ മരണവേളയില്‍ വേദന കുറയ്ക്കാന്‍ സഹായിക്കില്ലെന്ന് കണ്ട് അമേരിക്ക അവ ഉപേക്ഷിച്ച്, മറ്റു മാര്‍ഗങ്ങള്‍ സ്വീകരിച്ചു.
വധശിക്ഷ ഇന്ത്യയില്‍
രാജ്യങ്ങളിലും ഗോത്ര സമൂഹങ്ങളിലുമെല്ലാം കാലങ്ങളായി നടപ്പിലാക്കിയിരുന്ന ശിക്ഷാരീതിയാണ് വധശിക്ഷ. വധശിക്ഷ നിയമാനുസൃതമായി നടപ്പിലാക്കിയത് ബി.സി 18-ാം നൂറ്റാണ്ടില്‍ ബാബിലോണ്‍ ഭരിച്ച ഹമുറാബി രാജാവിന്റെ കാലത്താണെന്നാണ് കരുതപ്പെടുന്നത്. 25 കുറ്റകൃത്യങ്ങള്‍ക്ക് മരണമായിരുന്നു ശിക്ഷ. ഏഥന്‍സിന്റെയും റോമിന്റെയും നിയമാവലികളിലും പിന്നീട് മരണശിക്ഷ കടന്നുകൂടി. മോഷണം, രാജ്യദ്രോഹം, മതനിന്ദ, മന്ത്രവാദം, ബലാത്സംഗം എന്നിങ്ങനെ ചെറുതും വലുതുമായ വിവിധ കുറ്റങ്ങള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. പണ്ടുകാലത്ത് കുരിശിലേറ്റിയും ചുട്ടെരിച്ചും കല്ലെറിഞ്ഞും വെള്ളത്തില്‍ മുക്കിയും വന്യമൃഗങ്ങള്ക്കിട്ടുകൊടുത്തും പ്രാകൃത രീതിയിലായിരുന്നു വധശിക്ഷ നടപ്പിലാക്കിയിരുന്നത്.
രണ്ടാം ലോകയുദ്ധത്തിന് ശേഷം പരിഷ്കൃത രാഷ്ട്രങ്ങള്‍ വധശിക്ഷയുടെ കാര്യത്തില്‍ പുനരാലോചന നടത്തി. പല രാജ്യങ്ങളും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റങ്ങള്‍ക്കും മാത്രം വധശിക്ഷ നല്‍കാമെന്ന തീരുമാനത്തിലെത്തി. ചിലരാജ്യങ്ങള്‍ വധശിക്ഷ പൂര്‍ണമായി നിര്‍ത്തലാക്കി. ന്യൂസിലാന്‍ഡ്, കാനഡ എന്നിങ്ങനെ 142 രാജ്യങ്ങളില്‍ വധശിക്ഷയ്ക്ക് നിരോധനമുണ്ട്. യൂറോപ്യന്‍ യൂണിയനും ഓസ്ട്രേലിയയുമെല്ലാം വധശിക്ഷയെ എതിര്‍ക്കുന്നവരില്‍ പെടുന്നു. ഇന്ത്യ, അമേരിക്ക, ചൈന പോലുള്ള രാഷ്ട്രങ്ങള്‍ പക്ഷേ വധശിക്ഷ വേണമെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ വധശിക്ഷാ വിരുദ്ധ പ്രമേത്തിനെതിരേ ഇന്ത്യ വോട്ടു ചെയ്യുകയുമുണ്ടായി. കല്ലെറിഞ്ഞും ശിരച്ഛേദം ചെയ്തും വിഷം കുത്തിവെച്ചും വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളുണ്ട്. ഇന്ത്യയില്‍ തൂക്കിലേറ്റിയാണ് വധശിക്ഷ നടപ്പിലാക്കുന്നത്.
റാഷ ഏലിയാസ് രഘുരാജ് സിങ് ആയിരുന്നു സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റപ്പെട്ട പ്രതി. 1947 സെപ്റ്റംബര്‍ ഒമ്പതിനായിരുന്നു അത്. 2020 മാര്‍ച്ചിലായിരുന്നു ഇന്ത്യയില്‍ ഏറ്റവും അവസാനമായി മരണശിക്ഷ നടപ്പിലാക്കിയത്. ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ നാലുപ്രതികളെ മാര്‍ച്ച് 20-ന് പുലര്‍ച്ചെ 5.30-ന് മരണംവരെ തൂക്കിലേറ്റി. ഇന്ത്യ സ്വാതന്ത്രമായതിന് ശേഷം ആദ്യമായിട്ടായിരുന്നു നാലുപേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത്. ഇന്ത്യയില്‍ വധശിക്ഷയ്ക്ക് തൂക്കുകയര്‍ ഉപയോഗിക്കുന്നത് ബ്രിട്ടീഷ് കോളനിഭരണത്തിന്റെ പിന്തുടര്ച്ച പറ്റിയാണ്. സ്വാതന്ത്ര്യത്തിന് ശേഷം 755 പേരെയെങ്കിലും ഇതുവരെ തൂക്കിലേറ്റിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2022 ഡിസംബറിലെ ഒരു കണക്കനുസരിച്ച് 539 പേരാണ് ഇന്ത്യയിലെ വിവിധ ജയിലുകളില്‍ തൂക്കുകയര്‍ കാത്തു കിടക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 165 പേരെയാണ് ഇന്ത്യയില്‍ വധശിക്ഷയ്ക്ക് വിധിച്ചത്. രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.
തൂക്കുകയര്‍ മുറുക്കണോ മുറിക്കണോ?
വധശിക്ഷ കാത്തു കഴിയുന്നവരെ തൂക്കിലേറ്റുന്നതിന് ബദലായി വേദന കുറഞ്ഞ മാര്‍ഗങ്ങളില്‍ ശിക്ഷ നടപ്പാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി 2017-ലാണ് സുപ്രീം കോടതിയിലെത്തുന്നത്. കഴിഞ്ഞ ദിവസം അതിന്റെ വാദം കേള്‍ക്കവേയാണ് ബദല്‍ മാര്‍ഗങ്ങളെ പറ്റി കോടതി ചോദിക്കുന്നത്. തൂക്കിലേറ്റുമ്പോള്‍ പലപ്പോഴും 40 മിനിറ്റുവരെയുള്ള വേദനാജനകമായ കാത്തിരിപ്പിനൊടുവിലായിരിക്കും മരണമെത്തുന്നത്. കഴുത്തൊടിഞ്ഞും നാക്കും കണ്ണും തള്ളിയും മരണവെപ്രാളത്തില്‍ വ്യക്തികള്‍ മലമൂത്രവിസർജ്ജനം പോലും ചെയ്തുപോകും. കുറ്റവാളികളാണെങ്കില്‍ പോലും അന്തസ്സോടെ മരിക്കാനുള്ള അവകാശമാണ് ഇവര്‍ക്ക് തൂക്കിക്കൊലയിലൂടെ നഷ്ടമാകുന്നത്.
ഇതിനു പകരമായി വിഷകുത്തിവെപ്പിലൂടെ അബോധവസ്ഥയിലാകുന്ന വ്യക്തി ഉറക്കത്തില്‍ മരിക്കുന്ന തരത്തില്‍ ശിക്ഷാരീതികള്‍ മാറണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. അമേരിക്കയിലെ പല ഐക്യനാടുകളിലും വിഷം കുത്തിവെപ്പാണ് വധശിക്ഷയ്ക്ക് ഉപയോഗിക്കുന്നത്. എന്നാല്‍ വിഷം കുത്തിവെപ്പ് വേദനാജനകമാണെന്ന് അമേരിക്കയിലെ ചില ജേണലുകളിൽ പഠനറിപ്പോര്‍ട്ട് വന്നതായി സുപ്രീം കോടതി പറഞ്ഞു. ഫ്ലോറിഡ, സൗത്ത് കരോളിന പോലുള്ള അമേരിക്കന്‍ നാടുകളില്‍ വൈദ്യുതിക്കസേരയാണ് വധശിക്ഷയ്ക്ക് ഉപയോഗിക്കുന്നത്. ജോര്‍ജിയ, നെബ്രാസ്ക എന്നിവിടങ്ങളില്‍ വൈദ്യുതിക്കസേരയിലെ വധശിക്ഷ ക്രൂരവും അസാധാരണവുമാണെന്ന് നിരീക്ഷിച്ച് ഒഴിവാക്കി.
അലബാമ, മിസിസ്സിപ്പി, മിസോറി തുടങ്ങിയ ഇടങ്ങളില്‍ കുത്തിവെപ്പ് രീതി നടപ്പിലാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ ഗ്യാസ് ചേംബറാണ് മരണശിക്ഷയ്ക്ക് ഉപയോഗിക്കുന്നത്. ചിലയിടങ്ങളില്‍ വെടിവെപ്പും മരണശിക്ഷ നടപ്പിലാക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ഇവയിലേതെങ്കിലും ഇന്ത്യയില്‍ നടപ്പിലാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വെടിവെപ്പ് പ്രാകൃത രീതിയാണെന്ന് നിരീക്ഷിച്ച കോടതി അത് നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. ഏതെങ്കിലും ഒരു പ്രത്യേക രീതിയില്‍ വധശിക്ഷ നടപ്പിലാക്കണമെന്ന് നിര്‍ദേശിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ കോടതി ശാസ്ത്രജ്ഞര്‍, നിയമ സര്‍വകലാശാലകളിലെ വിദഗ്ധര്‍, എയിംസിലെ ആരോഗ്യ വിദഗ്ധര്‍ എന്നിവരുടെ സഹായം തേടാമെന്ന് പറഞ്ഞിട്ടുണ്ട്. ഏത് മാര്‍ഗം സ്വീകരിച്ചാലും വധശിക്ഷയ്ക്ക് വിധേയമാകപ്പെടുന്നവരുടെ വേദന ഒരു പരിധി വരെയേ ശമിപ്പിക്കാന്‍ സാധിക്കുകയുള്ളു. ഒരു വ്യക്തിയുടെ മാന്യമായി മരിക്കാനുള്ള അവകാശം വധശിക്ഷ ഇല്ലാതാക്കുമെന്നതില്‍ തര്‍ക്കമില്ല. സമൂഹത്തിലേക്ക് മടക്കി അയക്കാന്‍ പറ്റാത്ത വ്യക്തികളെ 100, 200 വര്‍ഷം വരെ പരോളില്ലാത്ത ഏകാന്ത തടവുകള്‍ക്ക് അയക്കുന്ന രാഷ്ട്രങ്ങളുണ്ട്. ഇവയില്‍ ഏത് മാര്‍ഗം ഇന്ത്യ സ്വീകരിക്കുമെന്ന് ഇനി വരുന്ന നാളുകളില്‍ അറിയാം.