ക്ഷയരോഗം അഥവാ ട്യൂബർകുലോസിസ് (TB) ഇന്ന് ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നു. ഓരോ വർഷവും ദശലക്ഷത്തിലധികം ആളുകൾ ക്ഷയരോഗ ബാധിതരാകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 2021 ൽ 10.6 മില്യൺ ആളുകൾ ക്ഷയരോഗ ബാധിതരായി. അതെ വർഷം തന്നെ 1.6 മില്യൺ പേര് ക്ഷയരോഗം മൂലം മരണപ്പെട്ടു എന്നും WHO റിപ്പോർട്ട് പറയുന്നു. നിർഭാഗ്യകരമെന്ന് പറയട്ടെ, ക്ഷയരോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഒട്ടും പിന്നിലല്ല. വർഷം തോറും ഏകദേശം 2.69 മില്യൺ ക്ഷയരോഗികൾ രാജ്യത്തുണ്ടാകുന്നു എന്നാണ് കണക്കുകൾ പറയുന്നത്. TB മൂലം 4.5 ലക്ഷത്തോളം ആളുകൾ മരണപ്പെടുകയും ചെയ്യുന്നു. രാജ്യത്തെ ആകെ ജനസംഖ്യയുടെ ഏതാണ്ട് നാല്പത് ശതമാനത്തോളം രോഗബാധിതരാണെന്നത് ഞെട്ടിക്കുന്നു!
പൾമണറി, എക്സ്ട്രാ പൾമോണറി എന്നിങ്ങനെ രണ്ട് രൂപങ്ങളിൽ ക്ഷയരോഗം പ്രകടമാകാം എന്ന് Dr. AMBARISH JOSHI (Sr. Consultant – Pulmonary & Sleep Medicine, Primus Superspeciality Hospital, New Delhi) പറയുന്നു. പൾമണറി ടിബിയുടെ ലക്ഷണങ്ങളിൽ ചുമ, പനി, നെഞ്ചുവേദന, ശ്വാസതടസ്സം, രക്തസ്രാവം, ഭാരക്കുറവ്, വിശപ്പ് എന്നിവ ഉൾപ്പെടുന്നു. എന്നാൽ ഈ ലക്ഷണങ്ങൾ മാത്രം കൊണ്ട് TB ആണെന്ന് ഉറപ്പിക്കാനാവില്ല. കഫം പരിശോധിക്കുന്നതിലൂടെ രോഗനിർണ്ണയം നടത്താനാകും. ക്ഷയരോഗം ഒരു പകർച്ചവ്യാധിയാണ്. ആക്റ്റീവ് പൾമണറി ടിബി ഉള്ള ആളിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം മറ്റുള്ളവരിലേക്ക് പകരാം.
ക്ഷയരോഗം എങ്ങനെ തടയാം?
ക്ഷയരോഗത്തെ ചെറുക്കുക എന്നത് ഒരു ശ്രമകരമായ ദൗത്യമാണ്. എന്നാൽ രോഗത്തെ മനസിലാക്കിയാൽ പ്രതിരോധവും എളുപ്പമാകും. രോഗം ഗുരുതരമായ അവസ്ഥയിലേയ്ക്ക് നീങ്ങാതിരിക്കാൻ കൃത്യസമയത്തെ ചികിത്സയും പ്രധാനമാണ്.
World Tuberculosis Day: ക്ഷയരോഗത്തെ പേടിക്കുകയല്ല വേണ്ടത്, കരുതലും ചികിത്സയുമാണ് പ്രധാനം
‘STOP’ ട്യൂബർകുലോസിസ്
S- Stigmas: ക്ഷയരോഗത്തെ കുറിച്ച് ആളുകൾക്കിടയിൽ നിലനിൽക്കുന്ന ഭയവും നാണക്കേടും എല്ലാം രോഗികളുടെ എണ്ണം വർധിപ്പിക്കുന്നു. പലരും ഈ രോഗം മറ്റുള്ളവരോട് പറയാനും ചികിത്സ നേടാനുമൊക്കെ മടി കാണിക്കുന്നുണ്ട്. ഇത് രോഗം മറ്റുള്ളവരിലേക്ക് പകരാനും രോഗം മൂർച്ഛിക്കാനുമെല്ലാം കാരണമാകും. സമൂഹത്തിലെ ഒറ്റപ്പെടൽ, ജോലി നഷ്ടമാകുമെന്ന ചിന്ത, ദാമ്പത്യ പരാജയം, വിവേചനം തുടങ്ങിയവയെല്ലാം രോഗികൾ നേരിടുന്നുണ്ട്. രോഗം നിർണ്ണയിച്ച ശേഷവും ഏതാണ്ട് രണ്ട് ലക്ഷത്തിലധികം ആളുകൾ തുടർ ചികിത്സ നടത്താതിരിക്കുന്നത് ഈ ആകുലത കൊണ്ട് തന്നെയാണ്. അതിനാൽ സമൂഹത്തിൽ നിലനിൽക്കുന്ന ഭീതിക്കെതിരെ ജനങ്ങളിൽ അവബോധം വളർത്തേണ്ടത് അത്യാവശ്യം തന്നെ.
T- Treatment: ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് നേരത്തെ രോഗ നിർണ്ണയം നടത്തിയാൽ ചികിത്സ തേടാൻ വൈകരുത്. ഡോക്ടർ പറയുന്നിടത്തോളം കാലം പറയുന്ന രീതിയിൽ മരുന്നുകൾ കഴിക്കുക. മരുന്ന് മുടക്കുന്നതും ചികിത്സ വൈകിക്കുന്നതുമൊക്കെ രോഗം ഭേദമാക്കാൻ തടസ്സമാകും.
O- Outreach: ക്ഷയരോഗ നിവാരണത്തിനായി പ്രവർത്തിക്കുന്ന പല തരത്തിലുള്ള കമ്മ്യൂണിറ്റികൾ നിലവിലുണ്ട്. ജനങ്ങളിൽ അവബോധം വളർത്താൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കും. രോഗികൾക്ക് പിന്തുണ നൽകാനും ഈ പ്രോഗ്രാമുകൾ ലക്ഷ്യം വെയ്ക്കുന്നു.
P- Prevention: പ്രതിരോധമാണ് രോഗം തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗം. രോഗം പകരുന്നത് തടയാൻ സഹായിക്കുന്ന പ്രതിരോധ നടപടികൾ സ്വീകരിക്കുക എന്നതും പ്രധാനമാണ്.
കൗൺസിലിങ്
വർധിച്ച് വരുന്ന ക്ഷയരോഗ വ്യാപനം തടയാൻ കൗൺസിലിങ് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. രോഗം, മരുന്ന്, ചികിത്സ തുടങ്ങിയവയെ കുറിച്ചെല്ലാം ജനങ്ങളെ ബോധവാന്മാരാക്കാൻ ഇത്തരം പ്രോഗ്രാമുകളിലൂടെ സാധിക്കുന്നുണ്ട്. രോഗികൾക്ക് മാനസികമായ പിന്തുണ നൽകാനും കൗൺസിലിംഗ് ഏറെ സഹായിക്കുന്നുണ്ട്. രോഗികൾക്ക് മാത്രമല്ല, കുടുംബങ്ങൾക്കും ഇതേ കുറിച്ചുള്ള അറിവും പിന്തുണയുമെല്ലാം ആവശ്യമാണ്. ഇതെല്ലാം ഒരു നല്ല കൗൺസിലിംഗിലൂടെ ലഭിക്കുന്നു. ക്ഷയ രോഗാദി കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന കളങ്കങ്ങൾ ഇല്ലാതാക്കാനും ഇത്തരം സെഷൻസ് ഒരു പരിധി വരെ സഹായിക്കും.